നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) വളര്‍ച്ചയോടെ വലിയതോതില്‍ മാറ്റങ്ങള്‍ക്കാണ് തൊഴില്‍ വിപണി വിധേയമായത്. എഐ തങ്ങളുടെ ജോലി നഷ്ടപ്പെടുത്തുമോ എന്ന ആശങ്കയിലാണ് നിരവധി പേര്‍ കഴിയുന്നത്. അതേസമയം എഐ സാധ്യതയാണെന്നും തൊഴില്‍ നഷ്ടപ്പെടുത്തുകയല്ല, കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുകയാണ് എഐ ചെയ്യുകയെന്നും വാദിക്കുന്നവരുമുണ്ട്.

To advertise here,

ഈ സാഹചര്യത്തില്‍ ഭാവിയിലെ തൊഴിലുകളെ സംബന്ധിച്ച് സംസാരിക്കുകയാണ് പ്രമുഖ പ്രൊഫഷണല്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നിന്റെ സിഇഒ റയാന്‍ റൊസ്ലാന്‍സ്‌കി. ഭാവിയിലെ തൊഴിലിടങ്ങളില്‍ കോളേജ് ഡിഗ്രികള്‍ക്ക് വലിയ പ്രാധാന്യമുണ്ടാകില്ല എന്നാണ് അദ്ദേഹം പറയുന്നത്. ലിങ്ക്ഡ്ഇന്നിന്റെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഓഫീസില്‍ അനൗപചാരികമായി സംസാരിക്കുകയായിരുന്നു റയാന്‍. തൊഴിലുടമകള്‍ നിലവില്‍ തന്നെ അക്കാദമിക് യോഗ്യതകളെക്കാള്‍ ഉപരി സാഹചര്യങ്ങളോട് ഒത്തുപോകാനും സാങ്കേതികവിദ്യയെ അനായാസമായി ഉപയോഗിക്കാനുമുള്ള കഴിവുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'മനോഭാവത്തിലുള്ള മാറ്റമാണ് ഏറ്റവും ആവേശകരമായ കാര്യമെന്നാണ് ഞാന്‍ കരുതുന്നത്. തൊഴിലുകളുടെ ഭാവിയെന്നത് ഫാന്‍സി ഡിഗ്രികള്‍ ഉള്ളവര്‍ക്കോ മികച്ച കോളേജുകളില്‍ പോയവര്‍ക്കോ ഉള്ളതല്ല, മറിച്ച് സാഹചര്യങ്ങളോട് ഒത്തുപോകാനും മുന്നോട്ട് ചിന്തിക്കാനും പഠിക്കാനും പുതിയ ടൂളുകളെ ഉള്‍ക്കൊള്ളാനുമെല്ലാം തയ്യാറാകുന്നവര്‍ക്കുള്ളതാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഇത് എല്ലാവര്‍ക്കും തുല്യമായ അവസരം നല്‍കുന്ന കളിക്കളം ഒരുക്കുന്നു' -ലിങ്ക്ഡ്ഇന്‍ സിഇഒ പറഞ്ഞു.

എഐ മനുഷ്യര്‍ക്ക് പകരമാകുമെന്ന് താന്‍ കരുതുന്നില്ല, മറിച്ച് എഐയെ ഉള്‍ക്കൊള്ളുന്നവരാണ് അവര്‍ക്ക് പകരമാകുക എന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നും റയാന്‍ പറഞ്ഞു. സഹാനുഭൂതി, ആശയവിനിമയം, ഒത്തുപോകാനുള്ള കഴിവ്, ഒരാളുമായി സംഭാഷണം നടത്താനുള്ള കഴിവ് തുടങ്ങിയ മനുഷ്യരുടെ കഴിവുകളെ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.