കൊച്ചി: നഗരമധ്യത്തിൽ യാത്രകളുടെ ഇടവേളയിൽ ഐടി ജോലി ലാപ്ടോപ്പിൽ സ്വസ്ഥമായി കുറച്ചുനേരം ചെയ്യണോ? വലിയ മുതൽ മുടക്കില്ലാതെ സംരംഭത്തിന് ഓഫീസ് തുടങ്ങണോ? അതിനെല്ലാമുള്ള ഇടം ഇനി കൊച്ചി നഗര മധ്യത്തിലുണ്ട്. ഒരു സമയം 582 പേർക്ക് ജോലി ചെയ്യാവുന്ന 48,000 ചതുരശ്ര അടി വിസ്തീർണമുള്ള ഇടമാണ് സജ്ജമായത്.

To advertise here,

എറണാകുളം സൗത്ത്‌ മെട്രോ സ്റ്റേഷൻ കെട്ടിടത്തിന്റെ മൂന്നുമുതൽ ഒൻപതുവരെയുള്ള നിലകളിലാണ് ശീതീകരിച്ച ഐ ബൈ ഇൻഫോ പാർക്ക് കോ-വർക്കിങ് സ്‌പെയ്‌സ്. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 28-ന് രാവിലെ ഒൻപതിന് നിർവഹിക്കും. കമ്പനികൾക്കു മാത്രമല്ല വ്യക്തികൾക്കും ഇവിടെ ഇടം കിട്ടും. ആവശ്യമനുസരിച്ച് ദിവസങ്ങളോ മാസങ്ങളോ ഇവിടെ പ്രവർത്തിക്കാൻ സൗകര്യമുണ്ടാകും. ഓഫീസ് പോഡുകൾ, കഫറ്റീരിയ, ഫോൺ ബൂത്തുകൾ, മീറ്റിങ് സ്‌പെയ്‌സുകൾ എന്നിവയ്ക്കൊപ്പം അതിവേഗ ഇന്റർനെറ്റ് ഉൾപ്പെടെയുള്ളവ ഉണ്ട്. ഒറ്റയ്ക്കിരുന്ന് ജോലിചെയ്യാനും സംഘമായി കാബിനിൽ ഇരുന്നു പ്രവർത്തിക്കാനും സൗകര്യമുണ്ട്.

തൊട്ടരികിലാണ് കൊച്ചി മെട്രോ റെയിൽ. എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ്, വാട്ടർ മെട്രോ, ബോട്ട് ജെട്ടി എന്നിവയും അടുത്തുണ്ട്. ഇതെല്ലാം എറണാകുളം സൗത്തിനെ ആകർഷണീയമാക്കുന്നു.

കോ-വർക്കിങ് സ്‌പെയ്‌സ് മഹാ നഗരങ്ങളിലെല്ലാം ഉണ്ട്. കൊച്ചി ഇൻഫോപാർക്കിലും നിലവിൽ കോ - വർക്കിങ് സ്‌പെയ്‌സ് ഉണ്ട്. എന്നാൽ, സൗത്ത് മെട്രോ സ്റ്റേഷനിലേതുപോലെ ഇത്രയും വിപുലമായ സൗകര്യങ്ങളോടെ ഒരിടം കേരളത്തിൽ വരുന്നത് ഇതാദ്യമാണ്.