കണ്ണൂർ: സർവകലാശാലയുടെ പിഎച്ച്.ഡി. പ്രവേശനപരീക്ഷാ നടത്തിപ്പിൽ വിവേചനമെന്ന് പരാതി. ഒരു അപേക്ഷകയ്ക്ക് മാത്രമായി ഓൺലൈനിൽ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. നേരിട്ട് നടത്തിയ പരീക്ഷ (ഓഫ് ലൈൻ) യ്ക്ക് പുറമെ ഓൺലൈൻ പരീക്ഷയും നടത്തുമ്പോൾ രണ്ടുതരം ചോദ്യപ്പേപ്പർ അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയത്തിന് ഏകീകൃത സ്വഭാവമുണ്ടാകില്ലെന്നും ആക്ഷേപമുണ്ട്.

To advertise here,

വിവിധ വിഷയങ്ങളിലായി നൂറുകണക്കിന് അപേക്ഷകരുണ്ടായിരുന്നതിൽനിന്ന് അർഹരായ 250 പേർക്ക് ജനുവരി 18-നായിരുന്നു പരീക്ഷ നടത്തിയത്. കണ്ണൂർ സർവകലാശാലയുടെ താവക്കര കാമ്പസ്, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവയായിരുന്നു പരീക്ഷാ കേന്ദ്രങ്ങൾ. നിരവധിപേർ ഓൺലൈനായി പരീക്ഷ നടത്തുമോയെന്ന് അന്വേഷിച്ചിരുന്നു. എന്നാൽ ഓഫ്ലൈനായി മാത്രമേ പരീക്ഷ നടത്തുകയുള്ളൂവെന്ന്‌ സർവകലാശാലയിൽനിന്ന് മറുപടി നൽകിയതായി പരാതിയുണ്ട്. എന്നാൽ മണിപ്പൂർ സ്വദേശിയായ ഒരു വിദ്യാർഥിക്ക് അനുമതി നൽകി. എന്നാൽ ഈ വിദ്യാർഥിക്ക് ഓൺലൈനായി പരീക്ഷയെഴുതാനായില്ല. പരീക്ഷയ്ക്ക് രണ്ടുദിവസം മുൻപാണ് അറിയിപ്പ് കിട്ടിയത്. അതിനാലാണ് വീണ്ടും പരീക്ഷയെഴുതാൻ അവസരമൊരുക്കുന്നതെന്നാണ് സർവകലാശാലയുടെ വിശദീകരണം. തിങ്കളാഴ്ചയാണ് പരീക്ഷ.

മണിപ്പൂർ സ്വദേശിയായ വിദ്യാർഥിയല്ലാതെ മറ്റാരും ഓൺലൈൻ പരീക്ഷയ്ക്ക് അവസരം ചോദിച്ച് രേഖാമൂലം സർവകലാശാലയെ സമീപിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.