ബെംഗളൂരു: പ്രമുഖ ഐടി കമ്പനികള്‍ കൂട്ടപ്പിരിച്ചുവിടലുമായി മുന്നോട്ടുപോകുമ്പോള്‍ കൂടുതല്‍ നിയമനങ്ങളുമായി ഇന്‍ഫോസിസ്. കഴിഞ്ഞ മൂന്നുമാസം പുതിയ 8,200 നിയമനങ്ങളാണ് കമ്പനി നടത്തിയത്. അടുത്ത സാമ്പത്തിക വര്‍ഷം പകുതിയോടെ 12,000 നിയമനങ്ങള്‍കൂടി നടത്തും.
ലേഓഫിന്റെ ഭാഗമായി ടിസിഎസ് 12,000 പേരെ പിരിച്ചുവിടാന്‍ നടപടി ആരംഭിച്ചപ്പോഴാണ് വിപണിയിലെ സാന്നിധ്യം ശക്തമാക്കാന്‍ ഇന്‍ഫോസിസ് നിയമനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. തിരുവനന്തപുരത്തേക്ക് അടക്കമാണ് പുതിയ നിയമനങ്ങള്‍ നടത്തുന്നത്.
വിവിധ തസ്തികകളില്‍ പ്രവര്‍ത്തിക്കാന്‍ അനുയോജ്യരായ ഐടി പ്രൊഫഷണലുകളെ കണ്ടെത്താന്‍ സഹായിക്കുന്ന ജീവനക്കാര്‍ക്ക് പാരിതോഷികവും (റഫറല്‍ ബോണസ്) പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ റഫറന്‍സിലൂടെ നിയമനം നടന്നാല്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് പാരിതോഷികം ലഭിക്കുക.
രണ്ട്-മൂന്ന് വര്‍ഷം മുതല്‍ 13-15 വര്‍ഷം വരെ പ്രവൃത്തിപരിചയമുള്ളവരെയാണ് ഇത്തരത്തില്‍ നിയമിക്കുക. തിരുവനന്തപുരം കൂടാതെ ബെംഗളൂരു, ഡല്‍ഹി, പുണെ, ഹൈദരാബാദ്, ചെന്നൈ, നോയിഡ, കൊല്‍ക്കത്ത, മൈസൂരു, ഹുബ്ബള്ളി, ചണ്ഡീഗഢ് തുടങ്ങിയയിടങ്ങളിലേക്കാണ് പുതിയ നിയമനങ്ങള്‍.
ഡേറ്റാ അനലിസ്റ്റ്, ഡേറ്റാ സയന്റിസ്റ്റ്, സൊലൂഷന് ഡിസൈനര്‍, ബ്ലോക്ക് ചെയിന്‍ ഡിവലപ്പര്‍, ജാവ ഡിവലപ്പര്‍, എയ്റോ സ്പെയ്സ് എന്‍ജിനിയര്‍, നെറ്റ്വര്‍ക്ക് ഡിസൈനര്‍ തുടങ്ങിയ തസ്തികളിലേക്കാണ് കുടൂതല്‍ പേരെ നിയമിക്കുന്നത്.
ബിഇ, എംഇ, എംസിഎ, എംഎസ്സി യോഗ്യതയുള്ളവര്‍ക്ക് നിയമനനടപടികളില്‍ പങ്കെടുക്കാം. നടപ്പു സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ കമ്പനി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം ലാഭവളര്‍ച്ച രേഖപ്പെടുത്തി. 7,364 കോടി രൂപയാണ് അറ്റാദായം. വരുമാനം ഒന്‍പത് ശതമാനം വര്‍ധിച്ച് 44,490 കോടി രൂപയിലെത്തി. ഓഹരി ഒന്നിന് 23 രൂപ വീതം ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Infosys boosts hiring by 8200 in Q3, plans 12000 more next fiscal. Offering referral bonuses for IT professionals across India.
Published: 18 Oct 2025, 08:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented