എൻജിനീയർമാരേക്കാൾ മുൻപ് ഇന്ത്യയിൽ പ്ലംബർമാർക്ക് ക്ഷാമം അനുഭവപ്പെടുന്ന കാലം അതിവിദൂരമല്ലെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധന്റെ വിലയിരുത്തൽ. കാനഡ ആസ്ഥാനമായുള്ള മാക്രോ ട്രെൻഡ്സ് റിസേർച്ച് സ്ഥാപനമായ പൈൻട്രീയുടെ സ്ഥാപകൻ റിതേഷ് ജെയിൻ ആണ് തന്റെ ലിങ്ക്ഡിൻ പോസ്റ്റിലൂടെ കൗതുകകരവും എന്നാൽ ഗൗരവമേറിയതുമായ നിരീക്ഷണം പങ്കുച്ചത്.
വികസിത രാജ്യങ്ങളിലെ ജനസംഖ്യാപരമായ മാറ്റങ്ങളും പ്രായമേറുന്ന ജനതയും സൃഷ്ടിക്കുന്ന തൊഴിൽ പ്രതിസന്ധി മറികടക്കാൻ ഇന്ത്യൻ ബ്ലൂ-കോളർ തൊഴിലാളികളെ വൻതോതിൽ വിദേശരാജ്യങ്ങൾ ആകർഷിക്കുന്നതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ പ്ലംബർമാർ, ഇലക്ട്രീഷ്യന്മാർ, പെയിന്റർമാർ, ഡ്രൈവർമാർ, നഴ്സുമാർ, എന്നിവർക്ക് കടുത്ത ക്ഷാമം നേരിടേണ്ടി വരുമെന്ന് പോസ്റ്റിൽ പറയുന്നു. വികസിത രാജ്യങ്ങൾ അവരുടെ ആഭ്യന്തര വിപണിയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഇത്തരം വൈദഗ്ധ്യമുള്ള തൊഴിലാളികളെ വൻതോതിൽ റിക്രൂട്ട് ചെയ്തേക്കാം എന്ന് സൂചിപ്പിക്കുന്നു. ‘ലോകത്ത് ഇപ്പോൾ വൈറ്റ് കോളർ ഉദ്യോഗസ്ഥർ ആവശ്യത്തിലധികമുണ്ട്, എന്നാൽ ബ്ലൂ കോളർ തൊഴിലാളികൾക്ക് കടുത്ത ക്ഷാമമാണ്’ - റിതേഷ് ജെയിൻ തന്റെ ലിങ്ക്ഡിൻ പോസ്റ്റിൽ പറയുന്നു.
യൂറോപ്പിലും മറ്റ് വികസിത സമ്പദ്‌വ്യവസ്ഥകളിലും ജനനനിരക്ക് കുറയുന്നതും പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്നതും തൊഴിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ലോകജനസംഖ്യയുടെ 60 ശതമാനത്തിലധികം പേരും നിലവിൽ ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ പ്രജനന നിരക്കില്ലാത്ത രാജ്യങ്ങളിലാണ് ജീവിക്കുന്നതെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ജർമ്മനിയിൽ 80 ശതമാനത്തിലധികം തൊഴിലുടമകളും ഇതേ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അമേരിക്കയിലും വരും വർഷങ്ങളിൽ ലക്ഷക്കണക്കിന് പ്ലംബർമാരുടെയും ഇലക്ട്രീഷ്യന്മാരുടെയും കുറവുണ്ടാകുമെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു.
'വ്യാപകമായ കുടിയേറ്റങ്ങളോട് പാശ്ചാത്യ രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെങ്കിലും തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കാൻ നിർമ്മാണ മേഖലയിലും പരിചരണ മേഖലയിലും കൃഷിയിലും ഏർപ്പെടാൻ വിദേശത്തുനിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളെ അവർക്ക് ആശ്രയിക്കേണ്ടി വരും. യുവജനസംഖ്യ കൂടുതലുള്ള ഇന്ത്യയിലേക്ക് തന്നെയായിരിക്കും ഈ രാജ്യങ്ങളെല്ലാം കണ്ണുവെക്കുന്നത്'- കുറിപ്പിൽ സൂചന നൽകുന്നുണ്ട്.
ആഗോളതലത്തിൽ ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികൾക്ക് ഡിമാൻഡ് കൂടുമ്പോൾ ഇന്ത്യയിലെ സ്ഥിതി തികച്ചും വിപരീതമാണെന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യമായി ചൂണ്ടിക്കാട്ടുന്നത്.. ഇന്ത്യയിൽ ദശലക്ഷക്കണക്കിന് യുവാക്കളാണ് എല്ലാ വർഷവും ഉന്നത ബിരുദങ്ങളുമായി പുറത്തിറങ്ങുന്നു. എന്നാൽ ഇവർക്കായി വൈറ്റ് കോളർ തൊഴിൽ വിപണിയിൽ ആവശ്യത്തിന് അവസരങ്ങളില്ലെന്നും പറയുന്നു.
വിവിധ തൊഴിൽ സർവേകൾ പ്രകാരം ഇന്ത്യയിലെ ബിരുദധാരികളായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനത്തിനടുത്താണ്. പഠിച്ചിറങ്ങുന്ന 14 യുവാക്കളിൽ ഒരാൾക്ക് മാത്രമാണ് ആദ്യ വർഷം സ്ഥിരവരുമാനമുള്ള ജോലി ലഭിക്കുന്നുവെന്ന കണക്കും പങ്കുവെച്ചിട്ടുണ്ട്.
"അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ പ്ലംബർമാരും നഴ്സുമാരും ഡ്രൈവർമാരുമെല്ലാം ഉയർന്ന ശമ്പളം തേടി വിദേശത്തേക്ക് കുടിയേറും. എന്നാൽ ഇവിടെ അവശേഷിക്കാൻ പോകുന്നത് ഇന്ത്യയിൽ തൊഴിലില്ലാത്തതും വിദേശരാജ്യങ്ങൾക്ക് ആവശ്യമില്ലാത്തതുമായ വലിയ ബിരുദങ്ങളുള്ള ഒരു കൂട്ടം യുവാക്കളായിരിക്കും’- പോസ്റ്റിൽ പറയുന്നു.
ഇന്ത്യയിലെ ബ്ലൂ-കോളർ ജോലികളിൽ ഭൂരിഭാഗവും ഇപ്പോഴും അസംഘടിത മേഖലയിലായതും കുറഞ്ഞ വേതനവും സുരക്ഷിതത്വമില്ലായ്മയും കാരണം പുതിയ തലമുറ ഈ മേഖലകളിലേക്ക് വരാൻ മടിക്കുന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
Content Highlights: India plumber shortage, blue collar jobs demand abroad, Ritesh Jain Pinetree, skilled labor migration from India, white collar vs blue collar jobs 2026, graduate unemployment rate India, global labor crisis, യൂറോപ്പിൽ ജോലി ഒഴിവുകൾ, പ്ലംബർമാരുടെ ക്ഷാമം
Published: 02 Jun 2026, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented