നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (എന്‍.സി.എച്ച്.എം. ജെ.ഇ.ഇ.) 2025 ഏപ്രില്‍ 27-ന് നടത്തും. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി (എന്‍.സി.എച്ച്.എം. ആന്‍ഡ് സി.ടി.) അഫിലിയേഷനുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നടത്തുന്ന മൂന്നുവര്‍ഷ/ ആറ് സെമസ്റ്റര്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ ബി.എസ്സി. പ്രോഗ്രാമിലെ പ്രവേശനത്തിനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.), പരീക്ഷ നടത്തുന്നത്.

To advertise here,

ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി നാലാംവര്‍ഷം പഠിക്കാനും ഓണേഴ്‌സ് ബിരുദം നേടാനും അവസരമുണ്ടാകാം. ബിരുദം നല്‍കുന്നത് ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയാണ്. 2025 ഏപ്രില്‍ 27-ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ, 200 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായി നടത്തും.

പാഠ്യപദ്ധതി:
ഹോസ്പിറ്റാലിറ്റി മേഖലയിലെ സൂപ്പര്‍വൈസറി തലങ്ങളില്‍ പ്രവര്‍ത്തിക്കാനാവശ്യമായ നൈപുണികളും അറിവും മനോഭാവവും പഠിതാക്കളില്‍ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്ന പാഠ്യപദ്ധതിയാണ് കോഴ്‌സിനുള്ളത്.

ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബെവറജസ് സര്‍വീസസ്, റൂംസ് ഡിവിഷന്‍, തുടങ്ങിയ ഓപ്പറേഷണല്‍ മേഖലകളിലെ അറിവും നൈപുണികളും വളര്‍ത്താനാവശ്യമായ ലബോറട്ടറി പരിശീലനം, ഹോസ്പിറ്റാലി മാര്‍ക്കറ്റിങ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, റവന്യു മാനേജ്‌മെന്റ്, ഫെസിലിറ്റി പ്ലാനിങ് മാനേജ്‌മെന്റ് തുടങ്ങിയ മാനേജീരിയല്‍ മേഖലകളുടെ പഠനം തുടങ്ങിയവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നു.

സ്ഥാപനങ്ങള്‍/ സീറ്റുകള്‍:
കേന്ദ്ര/ സംസ്ഥാനസര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 79 ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് പ്രോഗ്രാം നടത്തുന്നത്. മൊത്തം 12,635 സീറ്റുകള്‍. ഐ.എച്ച്.എമ്മിന് ചെന്നൈയിലും (347 സീറ്റ്) തിരുപ്പതിയിലും (60 സീറ്റ്) കാംപസുണ്ട്.

കേരളത്തില്‍ ഈ പരീക്ഷ വഴി പ്രവേശനം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍:

(i) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി, കോവളം, തിരുവനന്തപുരം (കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം - www.ihmctkovalam.ac.in
(ii) സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, കോഴിക്കോട് (സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനം - www.sihmkerala.com

ഈ സ്ഥാപനങ്ങളില്‍ യഥാക്രമം 298-ഉം 90-ഉം സീറ്റുകള്‍ ലഭ്യമാണ്. കേരളത്തില്‍ രണ്ടു സ്വകാര്യസ്ഥാപനങ്ങളിലും [മൂന്നാര്‍ കാറ്ററിങ് കോളേജ് - 120 സീറ്റ്, ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (വയനാട്- 120 സീറ്റ്)] പ്രോഗ്രാമുണ്ട്. രാജ്യത്ത് ഈ പ്രോഗ്രാമുള്ള സ്ഥാപനങ്ങളുടെ പൂര്‍ണ പട്ടിക ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.

യോഗ്യത:
ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച്, അതില്‍ ജയിച്ച്, ഏതെങ്കിലും സ്ട്രീമില്‍ പ്ലസ് ടു/ തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷ 2025-ല്‍ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 30.9.2025-നകം യോഗ്യത നേടിയതിന്റെ രേഖ നല്‍കണം. പ്രവേശനത്തിന് പ്രായപരിധിയില്ല. പ്രവേശന സമയത്ത് ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണം.

അപേക്ഷ:
അപേക്ഷ exams.nta.ac.in/NCHM/ -ലെ കാന്‍ഡിഡേറ്റ് ആക്റ്റിവിറ്റി ലിങ്ക് വഴി 2025 ഫെബ്രുവരി 15-ന് വൈകീട്ട് അഞ്ചുവരെ നല്‍കാം.