പഠിക്കുന്ന കാലം മുതല്‍ തന്നെ ആരാവാണം, എന്തുചെയ്യണം എന്നതിനെക്കുറിച്ച് ഓരോരുത്തർക്കും സ്വപ്‌നങ്ങളുണ്ടാവും. മികച്ച സ്ഥലത്ത് ജോലി ലഭിച്ചിട്ടും അത് ഒഴിവാക്കേണ്ടി വന്ന ശ്രാവണ്‍ ടിക്കുവിന്റെ അനുഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ശ്രാവണ്‍ ലിങ്ക്ഡ് ഇന്നില്‍ ഇതേക്കുറിച്ച് പങ്കുവെച്ച കുറിപ്പ് വൈറലായിരിക്കുകയാണ്. തൊഴിലിടം മാനസികമായ ബുദ്ധിമുട്ടുകളാണ് സമ്മാനിച്ചതെന്ന് എന്‍ജിനീയറായ ഇയാള്‍ പറയുന്നു.

To advertise here,

'ഒരു പ്രോജക്റ്റിനെക്കുറിച്ച് വ്യക്തത ചോദിച്ചതിന് ഞാന്‍ കരയേണ്ട അവസ്ഥയാണ് വന്നത്. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ആവശ്യമായ പിന്തുണയോ ഘടനാപരമായ സഹായമോ തനിക്ക് നല്‍കിയില്ലെന്ന് ടിക്കൂ വിശദീകരിച്ചു. കാര്യങ്ങള്‍ സ്വയം മനസിലാക്കണമെന്ന നയമായിരുന്നു കമ്പനിക്കുണ്ടായിരുന്നത്. ഇക്കാര്യത്തിൽ വ്യക്തത ചോദിച്ചപ്പോള്‍ അപമാനിതനായി- ടിക്കു പറയുന്നു.  

മാനേജര്‍ അസമയങ്ങളില്‍ വിളിക്കുകയും സമ്മര്‍ദ്ദം നല്‍കുകയും ചെയ്തു. ഇതിന് പുറമേ നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു.  ഒടുവില്‍ സമാധാനം തേടി എഞ്ചിനീയര്‍ രാജിവെച്ചപ്പോള്‍,  'മറ്റൊരു ജോലി കണ്ടെത്താന്‍ ആശംസകള്‍. അവിടെ എത്രനാള്‍ പിടിച്ചുനില്‍ക്കുമെന്ന് നമുക്ക് കാണാം എന്നായിരുന്നു മാനേജറിന്റെ മറുപടി. 'ആളുകള്‍ കമ്പനികളെയല്ല ഉപേക്ഷിക്കുന്നത്. അന്തസ്സിന് സുരക്ഷയില്ലാത്ത തൊഴില്‍ സാഹചര്യങ്ങളെയാണ് അവര്‍ ഉപേക്ഷിക്കുന്നത്. ടിക്കു പോസ്റ്റില്‍ പറയുന്നു

പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തി. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഇടങ്ങളില്‍ തൊഴില്‍ ചൂഷണങ്ങള്‍ നടക്കുന്നുണ്ടെന്ന് ഒരാള്‍ പറഞ്ഞു. ഇതിനെതിരെ ശബ്ദമുയര്‍ത്തിയാല്‍ പണി പോവുമെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു