കോഴിക്കോട്: സംസ്ഥാനത്തെ ആറ് സർക്കാർ ഡെന്റൽ മെഡിക്കൽ കോളേജുകളിൽ മൂന്നിടത്തും ഡോറ (ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ്) തസ്തികയില്ലാത്തതിനാൽ ശസ്ത്രക്രിയാറൂമിലും ക്ലിനിക്കുകളിലും കടുത്ത പ്രയാസം നേരിടുന്നു.
ദിവസേന 300-ലധികം രോഗികളെത്തുന്ന സംസ്ഥാനത്തെ പ്രധാനപ്പെട്ട ഡെന്റൽ കോളേജുകളായ കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിൽ ഒറ്റ ഡോറ തസ്തികപോലും ഇല്ല.തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലെ ഡെന്റൽ കോളേജുകളിൽ അഞ്ചുവീതം തസ്തികയാണുള്ളത്. പരിയാരം ഡെന്റൽ കോളേജിൽ നാല് തസ്തികയുണ്ടെങ്കിലും താത്കാലിക ജീവനക്കാരാണ്. ഈ രണ്ട് മെഡിക്കൽ കോളേജുകളിലും അഞ്ചു തസ്തികയാണ് വേണ്ടത്. ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ റഗുലേഷൻ പ്രകാരവും ആരോഗ്യ സർവകലാശാല ഇൻസ്പെക്ഷൻ പെർഫോമ പ്രകാരവും ഓരോ ഡെന്റൽ കോളേജിലും 50 ബി.ഡി.എസ്. സീറ്റുകൾക്ക് 10 ഡോറ തസ്തികകൾ വേണമെന്ന നിബന്ധനയുമുണ്ട്. എന്നാൽ ഇതൊന്നും പാലിക്കപ്പെടുന്നില്ല.
ഡെന്റൽ സർജന്റെ ആവശ്യാനുസരണം ശസ്ത്രക്രിയാ മുറികളിലും മറ്റു ക്ലിനിക്കൽ ചികിത്സകൾക്കും ആവശ്യമായ ഉപകരണങ്ങൾ നൽകുകയും അവ ശാസ്ത്രീയമായ രീതിയിൽ അണുവിമുക്തമാക്കുകയും ചെയ്യുന്നതാണ് ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റിന്റെ പ്രധാന ചുമതല.ആരോഗ്യവകുപ്പിനു കീഴിലുള്ള ഗവ. ഡെന്റൽ കോളേജുകളിൽ ഡോറ (പി.എസ്.സി. പ്രകാരം ചെയർസൈഡ് അസിസ്റ്റന്റ്) തസ്തിക സൃഷ്ടിക്കൽ സർക്കാരിന്റെ പരിഗണനയിലുണ്ടോയെന്ന് പി.ടി.എ. റഹീം എം.എൽ.എ. നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. തസ്തിക സൃഷ്ടിക്കുന്ന വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്നും അതിന്റെ ഭാഗമായി ധനകാര്യ വകുപ്പുമായി ആലോചിക്കുന്നുണ്ടെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോർജ് മറുപടി നൽകിയത്.
2023-ൽ പി.എസി.സി. പരീക്ഷ നടത്തി തയ്യാറാക്കിയ റാങ്ക് പട്ടികയിൽനിന്ന് 10 പേരെ മാത്രമാണ് നിയമിച്ചത്. തസ്തികകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് റാങ്ക് പട്ടികയിലുള്ളവർ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്. ഫയൽ ധനവകുപ്പ് തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
Content Highlights: dental operating room assistant vaccancies are not filled in kerala dental colleges
Published: 24 Feb 2024, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented