തിരുവനന്തപുരം: ആദ്യ വിജ്ഞാപനം വന്ന് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ (കെ.എ.എസ്.) രണ്ടാം വിജ്ഞാപനമായില്ല. ഒഴിവ് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാത്തതാണ് കാരണം. രണ്ടുവര്‍ഷത്തിലൊരിക്കല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച് നിയമനം നടത്തുമെന്നാണ് ചട്ടത്തില്‍ പറഞ്ഞിട്ടുള്ളത്. മാനദണ്ഡങ്ങള്‍ പുറത്തിറക്കി മൂന്നുമാസം കഴിഞ്ഞിട്ടും കെ.എ.എസ്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നടപ്പാക്കാനും സാധിച്ചിട്ടില്ല.

To advertise here,

2019 നവംബര്‍ ഒന്നിനാണ് കെ.എ.എസിന്റെ ആദ്യ വിജ്ഞാപനം പി.എസ്.സി. പ്രസിദ്ധീകരിച്ചത്. ആദ്യ റാങ്ക് പട്ടികയില്‍നിന്ന് 108 പേര്‍ക്ക് നിയമനശുപാര്‍ശ നല്‍കി.

ഡെപ്യൂട്ടേഷന്‍ റിസര്‍വായി 40ഓളം ഒഴിവ് കണ്ടെത്തിയെങ്കിലും ഇത് കെ.എ.എസില്‍ ഉള്‍പ്പെടുത്തി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സര്‍വീസ് സംഘടനകളുടെ സമ്മര്‍ദമാണ് വിജ്ഞാപനം വൈകാനുള്ള പ്രധാനകാരണം.

ഈ വര്‍ഷമെങ്കിലും വിജ്ഞാപനം വന്നില്ലെങ്കില്‍ പ്രായപരിധി പിന്നിടുന്ന വലിയവിഭാഗത്തിന് കെ.എ.എസിനുള്ള അവസരം നഷ്ടപ്പെടും. നിയമനം കിട്ടിയവര്‍ക്ക് ഒരുവര്‍ഷമാകുമ്പോള്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ച് സ്ഥലംമാറ്റം നടത്തുമെന്ന് ഉറപ്പുനല്‍കിയിരുന്നെന്ന് കെ.എ.എസ്. ഉദ്യോഗസ്ഥര്‍ പറയുന്നു. 2023 ജൂലായ് മൂന്നിനാണ് ആദ്യ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. ഒരുവര്‍ഷവും നാലുമാസവുമായിട്ടും സ്ഥലംമാറ്റത്തിന് നടപടി തുടങ്ങിയില്ല.