കുന്ദമംഗലം: അധ്യാപകപരിശീലന കോഴ്സായ ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ (ഡി.എൽ.എഡ്.)-ന്റെ സമയക്രമം താളംതെറ്റിയതിനാൽ നൂറുകണക്കിന് അധ്യാപകവിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് അവസരം നഷ്ടമാകുമെന്ന് ആശങ്ക. പ്ലസ്ടുഫലം മേയ് മാസത്തിൽ വന്നിട്ടും കോഴ്സ് ആരംഭിക്കുന്നത് അക്കാദമികവർഷത്തിന്റെ പകുതിയിലായതാണ് അധ്യാപകവിദ്യാർഥികളെ വലയ്ക്കുന്നത്.

To advertise here,

ബി.എഡ്. അടക്കമുള്ള മറ്റ് കോഴ്സുകളെല്ലാം ജൂണിൽ തുടങ്ങി, മാർച്ചിൽ അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ വിദ്യാഭ്യാസവകുപ്പിന് കീഴിലെ ഡി.എൽ.എഡ്. മാത്രമാണ് താളംതെറ്റിയനിലയിൽ പ്രവേശനവും പരീക്ഷയും ടീച്ചിങ് പ്രാക്ടീസുമെല്ലാം നടത്തുന്നതെന്നാണ് പരാതി. കൊറോണയ്ക്ക് മുമ്പുവരെ സാധാരണനിലയിൽ പോയിരുന്ന കോഴ്സാണിപ്പോൾ താളംതെറ്റിയിരിക്കുന്നത്.

മുമ്പ് കോഴ്സുകൾ മാർച്ച് മാസത്തിൽ അവസാനിക്കുകയും ജൂണിനുമുന്നേ പരീക്ഷാഫലം വരുകയും ചെയ്യുമായിരുന്നു. ഇതിനാൽ വിദ്യാർഥികൾക്ക് മറ്റ് കോഴ്സുകൾക്ക് ചേരാൻ അവസരം ലഭിച്ചിരുന്നു. ഇപ്പോൾ വൈകി ആരംഭിക്കുന്ന കോഴ്സ് രണ്ടുവർഷം പൂർത്തിയാക്കുമ്പോൾത്തന്നെ സെപ്‌റ്റംബറാകുന്നു. തുടർന്ന് പരീക്ഷകൾ ഒക്ടോബർ-നവംബർ മാസത്തിൽ നടക്കുകയും ഫലംവരുമ്പോൾ ഡിസംബർ ആവുകയും ചെയ്യും. പിന്നീട് ഈ കോഴ്സിന് ചേർന്ന വിദ്യാർഥികൾക്ക് അടുത്ത ജൂൺവരെ മറ്റൊരു കോഴ്സിനോ ജോലിക്കോ പോകാൻ പറ്റാത്ത അവസ്ഥവരുകയും ചെയ്യുന്നു.

വിഷയം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് അധ്യാപക വിദ്യാർഥികൾ പറയുന്നത്.നവകേരള സദസ്സിലും പരാതി നൽകിയെങ്കിലും മാറ്റമൊന്നും ഉണ്ടായിട്ടില്ല. ടീച്ചിങ് പ്രാക്ടീസുകൾക്ക് ആവശ്യമായ സമയക്രമീകരണം വരുത്തി ബാച്ചുകൾ അടുത്ത അക്കാദമികവർഷത്തിന്റെ ആരംഭത്തിനുമുമ്പായി അവസാനിപ്പിക്കാനുള്ള നടപടിവേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.