
കഴിഞ്ഞവർഷം പഠിപ്പിക്കാനുണ്ടായിരുന്ന പുസ്തകങ്ങളിൽ സാമുവൽ ബെക്കെറ്റിന്റെ ഗോദോയെ കാത്ത് എന്ന നാടകവും മഹാഭാരതവും അധ്യാപനത്തിന്റെ രണ്ടവസ്ഥകളെ ചൂണ്ടിക്കാണിക്കുന്നതായി തോന്നിയിരുന്നു. രണ്ടാം ലോകയുദ്ധശേഷം തകർന്നു ക്ഷീണിച്ചുകഴിഞ്ഞ യൂറോപ്പിന്റെ പുതിയ സാമൂഹികമൂല്യങ്ങളും ഭാഷയുംതന്നെ അന്വേഷിക്കുന്ന നാടകമാണ് ഗോദോയെ കാത്ത്. വിദ്യാഭ്യാസരംഗത്ത് കോവിഡ് അടച്ചിടൽ കഴിഞ്ഞു തുറന്ന ലോകത്തിന്റെ വ്യത്യസ്തത, ഇന്റർനെറ്റ് ലോകത്തെ വിവരങ്ങളുടെ സാർവലഭ്യത, ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തീർത്തും നിഷ്ഫലമാക്കിക്കൊണ്ടിരിക്കുന്ന പഴയ മൂല്യനിർണയസമ്പ്രദായങ്ങൾ, സാങ്കേതിക, സാമ്പത്തിക കാരണങ്ങളാലുണ്ടാവുന്ന തലമുറകൾ തമ്മിലുള്ള തർക്കങ്ങൾ, എന്തൊക്കെയോ പുതുതായി ഉണ്ടാക്കിയെടുക്കേണ്ടതുണ്ട് എന്നുറപ്പ്. അതിനുള്ള ഊർജമോ വഴിയോ കാണുന്നില്ല താനും.
മഹാഭാരതത്തിൽ കുരുക്ഷേത്ര യുദ്ധത്തിന്റെ രംഗങ്ങൾ വരുന്നത് കുറെ കഴിഞ്ഞാണെങ്കിലും കാവ്യത്തിന്റെ തുടക്കംമുതൽ ആസന്നമായ നാശത്തിന്റെ ഭീഷണി ഉള്ളടങ്ങിയിട്ടുണ്ട് എന്നപോലെ അധ്യാപനത്തിലും ഇപ്പോൾ തോന്നാറുണ്ട്.
നയത്തിലെ ഭീമാബദ്ധങ്ങൾ
ഞാൻ പഠിപ്പിക്കുന്ന ഡൽഹി യൂണിവേഴ്‌സിറ്റി 2020 വിദ്യാഭ്യാസ നയം നടപ്പാക്കിയതിലെ ഭീമാബദ്ധങ്ങൾകൊണ്ടാണ് ഈയൊരവസ്ഥയിൽ എത്തിച്ചേർന്നിരിക്കുന്നത്. ഒരു സെമസ്റ്ററിൽ നാല് കോഴ്‌സുകൾ പഠിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് ഏഴാക്കി മാറ്റിയിരിക്കുന്നു. കോഴ്‌സുകളുടെ എണ്ണം കൂട്ടിയപ്പോൾ അധ്യയനസമയം മുൻപുണ്ടായിരുന്നതിന്റെ അറുപതു ശതമാനമായി കുറഞ്ഞു! ഒരു കോഴ്‌സിൽ രണ്ട് ഇന്റേണൽ അസസ്‌മെന്റ് ഉണ്ടായിരുന്നതിനു പകരം അത് നിരന്തര മൂല്യനിർണയം കൂടി ചേർത്ത് ഫലത്തിൽ മൂന്നാക്കി മാറ്റിയിരിക്കുന്നു. മുൻപുണ്ടായിരുന്ന എട്ടിനു പകരം ഇപ്പോൾ 21 ഇന്റേണൽ അസസ്‌മെന്റുകൾ!
നാലാംവർഷം എന്ന കടുംകൈ
ഡൽഹി സർവകലാശാലയിലെ 60 ശതമാനം വിദ്യാർഥികൾ നാലാം വർഷവും തുടരും എന്നാണ് വൈസ് ചാൻസലറുടെ പ്രസ്താവനയിൽനിന്ന് മനസ്സിലാവുന്നത്. എന്നു പറഞ്ഞാൽ 20 ശതമാനം പേർക്കുള്ള അധികസൗകര്യങ്ങൾ വേണം. ഒരു ലക്ഷത്തി മുപ്പതിനായിരം വിദ്യാർഥികൾ റെഗുലറായി പഠിക്കുന്ന സർവകലാശാലയിൽ ഈ എണ്ണം ഇരുപതിനായിരത്തിലധികം പേരാണ്. ഓപ്ഷൻ കോഴ്‌സുകൾ വെട്ടിക്കുറച്ചും അധ്യാപകരെക്കൊണ്ട് അധികസമയം ജോലി ചെയ്യിപ്പിച്ചും യുദ്ധകാലാടിസ്ഥാനത്തിൽ താത്‌കാലിക നിർമിതികളിലൂടെയും ഈ പ്രതിസന്ധിയെ തത്‌കാലം മാനേജ് ചെയ്യുമായിരിക്കാം. നാലാം വർഷബിരുദം എന്ന് പറയുമ്പോൾത്തന്നെ അറിയാവുന്ന ഒരു കാര്യം എങ്ങനെ ഇപ്പോൾ ഒരു അടിയന്തരാവസ്ഥയുടെ ഭാഗമായി എന്ന ചോദ്യം ബാക്കിയാവുന്നു.
കൊട്ടിഘോഷിക്കപ്പെട്ട നാലാംവർഷ ബിരുദത്തിന്റെ അടിസ്ഥാനംതന്നെ അമേരിക്കൻ സർവകലാശാലാവ്യവസ്ഥയിലേക്കുള്ള മാറ്റമായിരുന്നു. ഉപരിപഠനം, ഗവേഷണസാധ്യതകൾ, അക്കാദമിക സഹകരണം അങ്ങനെയുള്ള സാധ്യതകൾ ഉണ്ടാവുമെന്നായിരുന്നു ഭാവിച്ചിരുന്നത്. ഇപ്പോൾ വിദേശ വിദ്യാർഥികൾക്ക് അമേരിക്കയിൽ പോവേണ്ടാത്തവിധം അവിടത്തെ സർവകാലാശാലാ രംഗം നാശമായി. എത്ര ഹ്രസ്വദൃഷ്ടിയോടെയാണ് വിദ്യാഭ്യാസനയം കൊണ്ടുവന്നതെന്നതിനു നല്ല തെളിവാണ് ഈ അവസ്ഥ.
ലക്ഷ്യബോധമില്ലാതെ അധ്യാപനം
ക്ലാസ് റൂമിലും പുറത്തും ഉള്ള സംഭാഷണങ്ങൾക്ക് ഒരു വിലയും കൊടുക്കാതെ നാക് അക്രെഡിറ്റേഷൻ, എൻഎഫ്ആർഐ റാങ്കിങ് തുടങ്ങിയ പേരുകളിൽ അധ്യാപകരെ എവിടെയോ ഇരിക്കുന്ന ഏതോ ആൾക്കുവേണ്ടി രേഖകൾ ഉണ്ടാക്കുന്ന ഗുമസ്തരായി മനസ്സിലാക്കുന്ന രീതി, ഗുണത്തിലോ ആഴത്തിലോ ഒരു ശ്രദ്ധയുമില്ലാതെ സെമിനാർ, ഗവേഷണ പ്രബന്ധങ്ങൾ പടച്ചുവിടാൻ നിർബന്ധിക്കപ്പെടുന്ന വ്യവസ്ഥിതി ഇവയൊക്കെ ഗുണപരമായ അധ്യയനത്തിനുവേണ്ട സമയമോ ശ്രദ്ധയോ ഇല്ലാതാക്കുന്നു.
ബ്രിട്ടീഷ് കൊളോണിയൽ വ്യവസ്ഥിതിയുടെ പാരമ്പര്യത്തോടുള്ള വിധേയത്വത്തിന്റെയും ഇന്ത്യൻ ഉദ്യോഗസ്ഥസംവിധാനത്തിന്റെ അമ്പരപ്പിക്കുന്ന ഉത്തരവാദിത്വമില്ലായ്മയുടെയും അമേരിക്കൻ ലാഭേച്ഛയുടെയും ഒരു ഭീകരമായ അവിയൽ ആയി മാറിയിരിക്കുന്നു നമ്മുടെ ഉപരിവിദ്യാഭ്യാസ രംഗം. ബ്രിട്ടീഷ് വ്യവസ്ഥിതിയുടെ ശ്രദ്ധയോ ഇന്ത്യൻ രീതികളുടെ എല്ലാവരെയും ഉൾക്കൊള്ളാനുള്ള കഴിവോ അമേരിക്കയിൽ അധ്യാപകരുടെ തീരുമാനങ്ങളിലുള്ള വിശ്വാസമോ നാം സ്വാംശീകരിക്കാൻ ശ്രമിക്കുന്നുമില്ല
ഇതെല്ലം മൂന്നുവർഷംകൊണ്ട് കേരളത്തിലെയും പ്രശ്നങ്ങളാണ്. കൂടെ നമ്മുടെ നാട്ടിൽ പ്രകൃതിയായി മാറിക്കഴിഞ്ഞ ഡൊണേഷൻ എന്ന ഓമനപ്പേരിൽ വിദ്യാഭ്യാസരംഗത്ത് നടക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും സ്വയം ഭരണമെന്ന (autonomous) നാട്യത്തിൽ പൊതുസ്വത്ത് ഉപയോഗിച്ച് വളർന്ന സ്ഥാപനങ്ങളിൽ സ്വകാര്യകോഴ്‌സ് നടത്താനുള്ള സംവിധാനവുംകൂടി ആവുമ്പോൾ പൂർത്തിയായി. കേരളത്തിലെ കോളേജുകളിലെ കുറഞ്ഞുവരുന്ന പ്രവേശനത്തിലൂടെ ഈ പ്രതിസന്ധി നമ്മുടെ മുൻപിൽ വെളിപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
ഇപ്പോൾ ചോദിക്കേണ്ട ഒരു ചോദ്യം നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരുടേതാണ് എന്നാണ്. വിദ്യാർഥികളുടേതുമാത്രമായാൽ അവർ തൃപ്തിപ്പെടുത്തേണ്ട ഉപഭോക്താക്കളാവും. അധ്യാപകർക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടത് എന്നുപറഞ്ഞാൽ പുതിയ ലോകത്തോട് സംവദിക്കാൻ കാമ്പസുകൾക്ക് ആവില്ല. മാനേജ്‌മെന്റുകൾക്കോ സർക്കാർ ഭരണസംവിധാനത്തിനോ ആണ് ഊന്നലെങ്കിൽ അവിടെ അധികാരത്തിന്റെയും പണത്തിന്റെയും ഭാഷയിലാണ് കാര്യങ്ങൾ നടക്കുക.
സത്യത്തിൽ ഒരു വിദ്യാഭ്യാസസ്ഥാപനം ഇപ്പറഞ്ഞ എല്ലാവരുടേതുമാണ്. ഇന്നോളം സമാഹരിച്ചുവെച്ച അറിവിന്റെ വിതരണംപോലെത്തന്നെ കൈകൾ ഉണ്ടാക്കിത്തുടങ്ങിയിട്ടില്ലാത്ത ഭാവിയുടെ പുതിയ സങ്കല്പനവും ഈ സ്ഥാപനങ്ങളുടെ കടമയാണ്. അങ്ങനെയാണ് പഴയകാലത്തെക്കുറിച്ചുതന്നെയുള്ള അറിവുകൾ മാറിക്കൊണ്ടിരിക്കുന്നതും പുതിയ ലോകക്രമങ്ങൾ രൂപപ്പെടുന്നതും.
വിദ്യാർഥികളെ കേൾക്കുക
വിദ്യാർഥികളെ വ്യക്തികളെന്ന നിലയ്ക്ക് മാനിക്കാൻ, അവരുടെ പൗരത്വരൂപവത്‌കരണത്തെ ശ്രദ്ധിക്കാൻ കഴിഞ്ഞാൽ ഒരു ലെൻസ് സൂര്യകിരണങ്ങളെ ഒരുമിച്ചു കൊണ്ടുവരുംപോലെ വിദ്യാർഥികളുടെ പുതിയ ഊർജത്തെ ഒരുമിച്ചു കൊണ്ടുവന്ന് ഒരു ശക്തിയാക്കിമാറ്റാൻ സർവകലാശാലാ ഇടങ്ങൾക്ക് സാധിക്കും. മാർക്ക് നേടുന്നതും വിഷയം പഠിക്കുന്നതും പോലെത്തന്നെ സാമൂഹികവത്‌കരണവും പൗരത്വരൂപവത്‌കരണവും രാഷ്ട്രീയബോധവും സഹപാഠികളോടുള്ള ഇടപഴകലിൽക്കൂടി നേടിയെടുക്കേണ്ട സമയമാണ് കോളേജ് കാലം എന്ന ബോധം വിദ്യാർഥികൾക്കു വേണം.
ഒരുപാട് കാര്യങ്ങൾ അറിയുന്നു എന്നതുകൊണ്ടുമാത്രം അധ്യാപകർക്ക് പ്രത്യേകിച്ച് വളരെയൊന്നും ഇനി ചെയ്യാനില്ല. സെക്കൻഡിന്റെ ഒരംശംകൊണ്ട് ആ വിവരങ്ങൾ ആർക്കും കിട്ടും. വായനയിലും എഴുത്തിലും വിഷയത്തിന്റെ രീതിശാസ്ത്രങ്ങളിലും സ്കില്ലുകൾ ഉണ്ടാക്കിക്കൊടുക്കുക, ധാർമികവും സാമൂഹികവുമായ ഒരു കാഴ്ചപ്പാടിലേക്ക് അവരെ പ്രേരിപ്പിക്കുക, കാഴ്ചകളെ ക്യൂറേറ്റ് ചെയ്ത് അവരിലേക്കെത്തിക്കുക ഇതൊക്കെയാണ് ഇന്നത്തെ കാലത്തു അധ്യാപകർക്ക് ചെയ്യാനുള്ളത്.
ഇതിനാദ്യം വേണ്ടത് വിദ്യാർഥികളെ കേൾക്കുകയാണ്. അവർക്ക് താത്‌പര്യമില്ല എന്നു കൈകഴുകിയിട്ടു കാര്യമില്ല. താത്‌പര്യമുണ്ടാക്കലാണ് നമ്മൾ അധ്യാപകരുടെ ആദ്യ പണി. ചാറ്റ് ജിപിടിയും റീൽ കൾച്ചറും കണ്ട് അന്ധാളിച്ചിട്ടും അതിനെ തള്ളിപ്പറഞ്ഞിട്ടും കാര്യമില്ല. ഇവയുമായി സഹകരിച്ച് അവയെ ഉൾപ്പെടുത്തി എങ്ങനെ മുൻപോട്ട് പോവണമെന്നറിയില്ലെങ്കിൽ നമ്മെ യാഥാസ്ഥിതികവാദികളായി കാലമെണ്ണും.
ഗുണപരതയുള്ള ക്ലാസ് റൂം സംവാദങ്ങളെയും ആത്മാർഥമായ അന്വേഷണങ്ങളെയും പിന്തുണയ്ക്കുക, അതിന് സൗകര്യമൊരുക്കുക എന്നതാണ് തങ്ങളുടെ പണി; അല്ലാതെ കേറി ഭരിക്കുകയല്ല എന്ന് സ്ഥാപനമേധാവികളും സർക്കാരുകളും തിരിച്ചറിയണം. അഡ്മിഷനിലും അപ്പോയിൻമെന്റിലുമുള്ള കോഴ അവസാനിപ്പിക്കണം. പാർട്ടിസംഘടനാതാത്‌പര്യങ്ങൾ ഒഴിവാക്കണം. കൊല്ലം മുഴുവൻ നടക്കുന്ന പരീക്ഷകളും കോളേജിനവധികൊടുത്ത് നടക്കുന്ന പേപ്പർനോട്ട ക്യാമ്പുകളും പ്ലാനിങ്ങിലൂടെ നിഷ്പ്രയാസം മാറ്റാമെന്നിരിക്കെ, അതെങ്കിലും ചെയ്യാനുള്ള ഇച്ഛാശക്തി കാണിക്കണം.
കൊട്ടിഘോഷിക്കപ്പെട്ട നാലാംവർഷ ബിരുദത്തിന്റെ അടിസ്ഥാനംതന്നെ അമേരിക്കൻ സർവകലാശാലാവ്യവസ്ഥയിലേക്കുള്ള മാറ്റമായിരുന്നു
ആഗോളാടിസ്ഥാനത്തിൽത്തന്നെ വിജ്ഞാനവിതരണവും വിജ്ഞാനനിർമാണവും അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്നിലൂടെ കടന്നുപോകുകയാണ്. പുലരാനാണോ അസ്തമിക്കാനാണോ പോകുന്നതെന്നറിയാത്ത ഈ നേരത്ത് നമുക്കൊരു സാധ്യതയേയുള്ളൂപരസ്പരം കേൾക്കുക, ശ്രദ്ധിക്കുക. അങ്ങനെ സംഭാഷണങ്ങളുടെ ഇടങ്ങളായി സർവകലാശാലകളെ വളർത്തുക. ഇപ്പോഴുണ്ടായിരിക്കുന്ന വിള്ളലിൽനിന്ന് ഒരു തുടർച്ചയിലേക്കു അപ്പോൾ നാമെത്തും.
(ഡൽഹി സെയ്‌ന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനാണ് ലേഖകൻ)
Content Highlights: crisis-in-higher-education-kerala-india
Published: 05 Aug 2025, 09:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented