ന്യൂഡല്‍ഹി: സര്‍ക്കാര്‍ സര്‍വീസുകളിലെയും പൊതുമേഖലാ ബാങ്കുകളിലെയും നോണ്‍ഗസറ്റഡ് തസ്തികകളിലേക്കുള്ള എല്ലാ ജോലികള്‍ക്കും ഒറ്റ പരീക്ഷ മാത്രം മതിയെന്ന് കേന്ദ്ര ബജറ്റില്‍ നിര്‍ദേശം. യു.പി.എസ്.സി, എസ്.എസ്.സി തുടങ്ങിയ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ക്ക് പകരമായി നാഷണല്‍ റിക്രൂട്ട്മെന്റ് ഏജന്‍സി (എന്‍.ആര്‍.എ.) സ്ഥാപിക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി.

To advertise here,

സര്‍ക്കാര്‍ ജോലികളിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കാനായി 'കോമണ്‍ എലിജിബിലിറ്റി ടെസ്റ്റ്' എന്ന പേരില്‍ ഒറ്റ പരീക്ഷയാകും എന്‍.ആര്‍.എ നടത്തുക. ഒ.എം.ആര്‍ ഷീറ്റുകളില്‍ ഉത്തരം നല്‍കുന്നതിനു പകരം ടെസ്റ്റുകള്‍ മുഴുവനായും കംപ്യൂട്ടര്‍ അധിഷ്ഠിതമാക്കാനും ബജറ്റ് പ്രഖ്യാപനത്തില്‍  നിര്‍ദേശിക്കുന്നു.

ഉദ്യോഗാര്‍ഥികളുടെ സൗകര്യം മാനിച്ച് എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.

ഫലത്തില്‍, വിവിധ പ്രവേശന പരീക്ഷകള്‍ക്ക് നേതൃത്വം നല്‍കുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ മാതൃകയിലായിരിക്കും എന്‍.ആര്‍.എ പ്രവര്‍ത്തിക്കുക. പൊതുമേഖലയിലെ ജോലികള്‍ക്കായി ഒറ്റ പരീക്ഷ നടത്തുന്നതിലൂടെ സര്‍ക്കാരിനും ഉദ്യോഗാര്‍ഥികള്‍ക്കും സമയ, സാമ്പത്തിക നഷ്ടം കുറയ്ക്കാമെന്നും ധനമന്ത്രി പറഞ്ഞു.

Content Highlights:  Centre Proposes Single Exam For All Government Jobs, National Recruitment Agency