9-ാം ക്ലാസിലെ പിടിഎ മീറ്റിങ്. രക്ഷിതാക്കളെല്ലാം പോയിക്കഴിഞ്ഞപ്പോൾ എല്ലാ അധ്യാപകരും നിരന്നിരിക്കുന്ന സ്റ്റാഫ് റൂമിലേക്ക് പ്രിൻസിപ്പൽ എഡ്വിൻ്റെ അമ്മയെ മാത്രം വിളിച്ചു.. 'എല്ലാത്തിലും ഇവൻ പിന്നിലാണ്, മറ്റു കുട്ടികൾക്ക് മോശം സ്വാധീനമാണ്, ഇവന് ഭാവിയില്ല...ഒടുവിൽ പ്രിൻസിപ്പൽ പറഞ്ഞു, അവസാനം ഇവനൊരു ക്രിമിനലായി മാറും!’

To advertise here,

ആലപ്പുഴക്കാരനായ എഡ്വിൻ നെറ്റോ ഈ അടുത്ത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലെ വരികളാണിത്. പ്രൊഡക്ട് ഡിസൈനിങ്, വിശ്വൽ ഡിസൈനിങ് മേഖലകളിൽ തത്പരരായവർക്ക് പരിചിതനാകാൻ ഇടയുള്ള ആലപ്പുഴക്കാരനായ എഡ്വിൻ റോയി നെറ്റോ ഇന്ന് ഗൂഗിളിന്റെ ലീഡ് ഡിസൈനറാണ്. നാല് വർഷം മുമ്പ് അറുപത് ലക്ഷത്തോളം കാഴ്ചക്കാരിലേക്കെത്തിയ മറ്റൊരു വൈറൽ വീഡിയോയിലൂടെയും പലർക്കും എഡ്വിൻ പരിചിതനായിരിക്കും.

 

എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഗൂഗിളിൽ ജോലി കിട്ടിയ സന്തോഷം അമ്മയോടും ഭാര്യയോടും പങ്കുവെക്കുന്നതായിരുന്നു അത്. വിദ്യാഭ്യാസ സമ്പ്രദായം ഇന്നും പലപ്പോഴും കുട്ടികളെ അളക്കുന്നത് ഒരേ സ്കെയിലിലാണ്, മാർക്ക് ലിസ്റ്റിൽ. ആ അളവുകോലിൽ ഒരിക്കലും മുൻപന്തിയിലെത്താതിരുന്ന ഒരാൾ എങ്ങനെ ഇഷ്ടമുള്ള തൊഴിലിലേക്കെത്തപ്പെട്ടു എന്നതിന് ഉദാഹരണമാണ് എഡ്വിൻ. അധ്യാപകരുടെ മുമ്പിലിരുന്ന് അമ്മ കരഞ്ഞ ആ ദിവസത്തെ പറ്റിയും എഡ്വിൻ ഓർക്കുന്നുണ്ട്. തളർന്നുപോകാനുള്ള എല്ലാ സാധ്യതയും ആ ദിവസം ഉണ്ടായിരുന്നെന്നും പോസ്റ്റിൽ പറയുന്നു.

പഠിച്ചത് സാധാരണ കോളേജിൽ, ഇപ്പോൾ ജോലി ഗൂഗിളിൽ: സ്‌കില്ലാണ് എഡ്വിന്റെ മെയിൻ

അധ്യാപകർ പറഞ്ഞത് വിശ്വസിച്ച് തന്റെ കൂട്ടുകാരുടെ രക്ഷിതാക്കൾ കൂട്ടുകൂടരുതെന്ന് വിലക്കിയത് ഉണ്ടാക്കിയ വിഷമത്തെക്കുറിച്ചും എഡ്വിൻ ഓർക്കുന്നു. കുട്ടികളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് അവരെ വളർത്തുകയല്ല, മറിച്ച് തകർക്കുകയാണ് ചെയ്യുന്നതെന്നാണ് എഡ്വിൻ്റെ പക്ഷം. മുൻകൂട്ടി നിശ്ചയിച്ച പോലെയാവില്ല കുട്ടികൾ വളരുന്നതെന്നും അപ്രതീക്ഷിതമാണ് കുട്ടികളെന്നും മൂന്ന് വയസ്സുള്ള മകന്റെ അച്ഛൻ കൂടിയായ എഡ്വിൻ പറയുന്നു.

ചുറ്റുമുള്ളവരോ അധ്യാപകരോ പ്രതീക്ഷ കാണാതെയിരുന്നപ്പോൾ സ്വന്തമായി നൽകിയ ഊർജ്ജം മാത്രമാണ് എഡ്വിന് തുണയായത്. താരതമ്യപ്പെടുത്തലുകൾ കൊണ്ട് ഭയപ്പെടുത്തി കുട്ടികളെ നന്നാക്കാമെന്നത് വെറും മിഥ്യാധാരണയാണെന്നും സ്നേഹത്തോടെയും പിന്തുണയോടെയും മാത്രമേ അവർക്ക് വളരാൻ കഴിയൂ എന്നും എഡ്വിൻ പോസ്റ്റിൽ പറയുന്നു.

‘ക്രിമിനലായില്ല’ എന്ന് പറഞ്ഞാണ് എഡ്വിന്റെ പോസ്റ്റ് അവസസാനിക്കുന്നത്. സ്കൂൾ കാലത്തെ ഇത്തരത്തിലുള്ള അനുഭവങ്ങൾ പങ്കുവെക്കുന്ന നിരവധി കമൻ്റുകളും പോസ്റ്റിൽ കാണാം. 

ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനിൽ ബി.എ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ ആണ് എഡ്വിൻ പഠിച്ചത്.