എന്തുകൊണ്ടായിരിക്കും വിദേശ സർവകലാശാലകൾ കേരളത്തിലെ പുതുതലമുറയിലേക്ക് ഉറ്റുനോക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? വലിയ വിദേശ സർവകലാശാലകൾ പോലും അവരുടെ അഡ്മിഷന് വേണ്ടി കേരളത്തിലെത്തിലെത്തുന്നത് എന്തുകൊണ്ടായിരിക്കും? വിദേശവിദ്യാഭ്യാസ മേഖലയുമായി ഇടപെടുന്ന മാതാപിതാക്കളിൽ പലരും എന്നോട് ചോദിച്ചിട്ടുള്ള ചോദ്യങ്ങളാണിത്. ഞാൻ വളരെ ലളിതമായൊരുത്തരമാണ് അതിന് നൽകാറുള്ളത്, 'ആഗോള തൊഴിൽ വിപണിയിൽ മലയാളിക്കുള്ള ഡിമാൻഡ്'. പക്ഷെ ആ ഒരു ഉത്തരത്തിലേക്ക് എത്തിയതിന് പിന്നിൽ മലയാളിയുടെ കുടിയേറ്റ ചരിത്രം മുതൽ വിദേശരാജ്യങ്ങളിലെ എക്കാലവുമുള്ള സാധ്യതകൾ വരെയുണ്ടെന്നതാണ് യാഥാർഥ്യം.
ഇന്ത്യയെന്നും കേരളമെന്നും പേരിട്ട് വിളിക്കാൻ തുടങ്ങിയതിനൊക്കെ ഏറെക്കാലം മുമ്പ് വിദേശങ്ങളിലേക്ക് കുടിയേറിത്തുടങ്ങിയവരാണ് മലയാളികൾ. പുതിയ സാഹചര്യങ്ങളോട് വെറുതേ പൊരുത്തപ്പെടുകയല്ല മലയാളികൾ ചെയ്യുന്നത്. ഏത് പ്രതികൂല സാഹചര്യത്തെയും മറികടന്ന് വളരാനുള്ള ഊർജം മലയാളിക്കുള്ളിലുണ്ട്.
തലശ്ശേരിയിലെ തിരുവങ്ങാട് നിന്ന് കുടിയേറിയ മാതാപിതാക്കൾക്ക് 1923ൽ മലേഷ്യയിൽ ജനിച്ച ദേവൻ നായർ, 1981ൽ സിംഗപ്പൂരിന്റെ മൂന്നാമത്തെ പ്രസിഡന്റായി മാറി. അക്കാലത്തെ സാഹചര്യങ്ങൾ ആലോചിക്കുമ്പോൾ 'ആഗോള മലയാളി'യുടെ ആദ്യ വിജയഗാഥകളിലൊന്നാണത്. ഇതിന്റെ തുടർച്ചകളാണ് പിന്നീട് ലോകമാകെ നിറഞ്ഞ 'മലയാളി'! യുഎസ്, കാനഡ, യുകെ, അയർലൻഡ്, ജർമനി, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ഭരണസിരാകേന്ദ്രങ്ങളിൽ വരെ മലയാളി സാന്നിധ്യം കൂടി വരുന്നു.
ആഗോളതലത്തിൽ മലയാളികളില്ലാത്ത തൊഴിൽമേഖല ഇല്ലെന്ന് തന്നെ പറയാം. ഐടി, ആരോഗ്യരക്ഷ, ടൂറിസം, നിയമം, ഓട്ടോമൊബൈൽസ്, ബാങ്കിങ്, ഫിൻടെക്, ഹൈടെക് കൃഷി തുടങ്ങിയവ മുതൽ സൂക്ഷ്മബുദ്ധി കൂടി ഉൾച്ചേർന്ന തൊഴിൽമേഖലകളിലുൾപ്പെടെ എല്ലായിടങ്ങളിലുമുണ്ട് ഇന്ന് മലയാളികൾ.
തൊഴിലാളി എന്നതിൽ നിന്നുയർന്ന് തൊഴിലുടമകൾ ആകുന്നതും വലിയ ബിസിനസ് സാമ്രാജ്യങ്ങൾക്ക് തുടക്കമിടുകയും ചെയ്യുന്ന മലയാളിയേയും കാണാം. ലോകത്തിന് മുന്നിൽ തെളിയിച്ച, ഇപ്പോഴും തെളിയിച്ചു കൊണ്ടിരിക്കുന്ന ആ മികവാണ് മലയാളിയെ തേടി വിദേശ സർവകലാശാലകൾ കേരളത്തിലേക്കെത്തുന്നതിന്റെ കാരണങ്ങളിലൊന്ന്.
ഇനി ഇതിന്റെ മറ്റൊരു കാരണവും അറിയണം. വലിയ വികസനക്കുതിപ്പ് ആഗ്രഹിക്കുന്ന രാജ്യങ്ങളുണ്ട്. പക്ഷേ ഭൂവിസ്തീർണത്തിനനുസരിച്ചുള്ള ജനസംഖ്യാനുപാതം കുറവാണെന്നത് അവരെ പിന്നോട്ടടിക്കുന്നു. തൊഴിൽമേഖലയിൽ വൈദഗ്ധ്യമുള്ളവരെ അവിടെ കിട്ടാനില്ല എന്ന് മാത്രമല്ല, പലപ്പോഴും സാധാരണ തൊഴിലാളികളെ തന്നെയും ലഭിക്കുന്നില്ല. ഈ രാജ്യങ്ങളിൽ അവസരങ്ങൾ കൂടി വരികയാണ്. അവിടങ്ങളിൽ ഡിമാൻഡുള്ള നൂതന വിദ്യാഭ്യാസ യോഗ്യതകൾ അവിടങ്ങളിൽത്തന്നെ പഠിച്ച് സ്വന്തമാക്കുന്നത് ഈ മുന്നേറ്റം എളുപ്പമാക്കുന്നു. ഇതു മുന്നിൽക്കണ്ടു കൂടിയാണ് വിദേശ സർവകലാശാലകൾ കേരളത്തിലെ പുതുതലമുറയെ ഉറ്റുനോക്കുന്നത്.
പഠനസംബന്ധമായ സംശയങ്ങൾക്ക് : cmd@santamonicaedu.in
(സാന്റമോണിക്ക സ്റ്റഡി എബ്രോഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറാണ് ലേഖകൻ)
Content Highlights: Why International Universities are Targeting Kerala's Youth
Published: 06 May 2025, 03:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented