Sneha Sabu
'മാര്‍ക്വിസ് ഹു ഈസ് ഹു' എന്നൊരു പുസതകത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? യു.എസിലെ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ലോകമെമ്പാടുമുള്ള അതിപ്രശസ്തരുടെ ജീവചരിത്രം ഉള്‍പ്പെടുന്ന 120 വര്‍ഷത്തിന് മേലെ പഴക്കമുള്ള അമേരിക്കന്‍ പുസ്തകമാണത്. ആ പുസ്തകത്തില്‍ 2021-ല്‍ ഒരു കോട്ടയംകാരിയും ഉള്‍പ്പെട്ടു. കോട്ടയം കങ്ങഴ സ്വദേശി സ്‌നേഹസാബു.
കോവിഡ് മഹാമാരിക്കിടെ എല്ലാ മേഖലകളിലും അടച്ചിടല്‍ ഭീഷണി നേരിടുന്ന കാലത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് വേണ്ടി സ്‌നേഹ അവതരിപ്പിച്ച പാന്‍ഡമിക് പ്രയററ്റൈസേഷന്‍ മെട്രിക്‌സ് ഏറെ ശ്രദ്ധ നേടി. 60 പ്രാദേശിക കൗണ്‍സിലിലേക്കും ന്യൂ സൗത്ത് വെയ്ല്‍സ് ഈ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും വ്യാപിപ്പിച്ചത് സ്‌നേഹയുടെ മികവിനുദാഹരണമാണ്. നഗരാസൂത്രണമേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളുമാണ്ഇതിനോടകം തന്നെ അവരെത്തേടിയെത്തിയത്.
കേരളത്തില്‍ നിന്നും ഓസ്‌ട്രേലിയയിലെത്തി കുറഞ്ഞകാലം കൊണ്ട് സ്വന്തമായൊരു കരിയര്‍ മേഖല കെട്ടിപ്പടുത്ത കഥപറയുകയാണ് സ്‌നേഹസാബു
സ്‌നേഹ സാബു എങ്ങനെയാണ് ഓസ്‌ട്രേലിയയില്‍ ഇത്ര ഉയരത്തിലൊരു കരിയര്‍ സ്വന്തമാക്കിയത്?
കോട്ടയം കങ്ങഴയാണ് എന്റെ നാട്. ചെറിയൊരു ഗ്രാമം. ശരിക്ക് എന്റെ ജോലിക്ക് ഏറ്റവും സഹായകമായത് ആ ഗ്രാമീണജീവിതമാണ്. അറിയാനുള്ള ആഗ്രഹവും പ്രതിസന്ധികള്‍ വരുമ്പോള്‍ തളരാതെ മുന്നേറാനുള്ള ആര്‍ജവവും എനിക്ക് ലഭിച്ചത് അവിടെനിന്നാണ്. മാറ്റങ്ങള്‍ ഉള്‍കൊള്ളാനും അതിനനുസരിച്ച് ജോലിയില്‍ കരുത്താര്‍ജിക്കാനും കോട്ടയം എന്നെ പ്രാപ്തയാക്കി എന്നുവേണം പറയാന്‍.
പത്ത് വര്‍ഷത്തിലധികമായി ഓസ്ട്രേലിയന്‍ സര്‍ക്കാരിന് കീഴില്‍ ജോലി ആരംഭിച്ചിട്ട്. കോര്‍പറേറ്റ് പ്ലാനിങ്ങിലാണ് ജോലി ചെയ്യുന്നത്. നമ്മുടെ നാട്ടിലേതിനേക്കാള്‍ തീര്‍ത്തും വ്യത്യസ്തമായ തൊഴില്‍ മേഖലയാണിത്. മുന്‍പ് ജോലി ചെയ്തതും ഇതേ മേഖലയിലായതിനാല്‍ ജോലി അത്ര ബുദ്ധിമുട്ടായി തോന്നിയില്ല. മാത്രമല്ല, സമൂഹത്തിന്റെ ഭാവി വിഭാവനം ചെയ്യുക, അതിലൂടെ വരുംതലമുറയുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക.... അത് നമുക്കൊരു അവസരമാണ്.. ഞാനത് ആസ്വദിക്കുന്നുണ്ട്.
കോട്ടയം സി.എം.എസ്. കോളേജില്‍നിന്ന് ഓസ്ട്രേലിയ വരെ നീണ്ട ആ കരിയര്‍ യാത്ര എങ്ങനെയായിരുന്നു
കോട്ടയം സി.എം.എസ്. കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് പതിനെട്ടാം വയസിലായിരുന്നു എന്റെ ആദ്യ ജോലി. കുട്ടികളുടെ മാഗസിനില്‍ സബ് എഡിറ്ററായിട്ടായിരുന്നു ജോലി. അവിടെ വെച്ചാണ് കുട്ടികള്‍ക്ക് വേണ്ടിയുള്ള കഥളെഴുതാന്‍ തുടങ്ങിയത്. പിന്നെ വിവിധ ടിവി ചാനലുകളില്‍ അവതാരകയായി. ചെന്നൈ മദ്രാസ് ക്രിസ്ത്യന്‍ കോളേജിലാണ് ഞാന്‍ എം.എ. മാസ്‌കമ്യൂണിക്കേഷന്‍ ചെയ്തത്. ഒന്നാം റാങ്ക് ലഭിച്ചിരുന്നു. കോളേജ് കാമ്പസ് ശരിക്കും എന്നെ മാറ്റി മറിച്ചു. എല്ലാത്തിനെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കാന്‍ കാമ്പസ് എന്നെ ഒരുപാട് സഹായിച്ചു. വിദേശവിദ്യാര്‍ഥികള്‍ അക്കാലത്ത് എം.സി.സിയില്‍ ധാരാളമുണ്ടായിരുന്നു.
.jpg?$p=1990e2a&&q=0.8)
23-ാം വയസില്‍ ഒരു മീഡിയാ പ്രൊഡക്ഷന്‍ സ്ഥാപനത്തിന്റെ തലപ്പത്തെത്തിയെങ്കിലും രാജിവെച്ചു. പിന്നെ ചില പ്രൊജക്ടുകള്‍ ചെയ്തുവരവേയാണ് കോര്‍പറേറ്റ് പ്ലാനര്‍ തസ്തികയിലേക്ക് ഒരു പത്രപ്പരസ്യം കണ്ടത്. എന്താണ് ജോലിയെന്നോ എന്താണീ കോര്‍പറേറ്റ് പ്ലാനറെന്നോ വലിയ ധാരണയൊന്നും ഇല്ല. പക്ഷേ, ജോലി രാജിവെച്ച ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയോര്‍ത്ത് ഞാന്‍ ജോലിക്ക് അപേക്ഷിച്ചു.
കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വേള്‍ഡ് വിഷന്‍ ഇന്ത്യ എന്ന എന്‍.ജി.ഒ. സ്ഥാപനത്തിലാണ് ജോലി ലഭിച്ചത്. ജനങ്ങളോടും പലതരം ജീവിതങ്ങളോടുമുള്ള ഐക്യപ്പെടല്‍ കൂടിയായിരുന്നു ആ ഇടം. ജീവിതമെന്താണെന്നറിഞ്ഞത് ആ കാലത്താണ്. പട്ടിണി, ശിശുമരണങ്ങള്‍, പോഷകാഹാരക്കുറവ്, വിവിധ രോഗങ്ങളുമായി കഴിയുന്നവര്‍, ബാലവേല... തുടങ്ങി നിരവധി സാമൂഹ്യപ്രശ്നങ്ങള്‍ അടുത്തറിയുന്നത് അക്കാലത്താണ്.
വിവാഹം കഴിഞ്ഞതോടെ 2009-ല്‍ ഓസ്‌ട്രേലിയയിലേക്കു താമസം മാറ്റി. അവിചാരിതമായിട്ടാണ് കോര്‍പറേറ്റ് പ്ലാനിങ് എന്ന മേഖലയിലെത്തിയെങ്കിലും ഇതാണെന്റെ കരിയര്‍ എന്ന് അപ്പോഴേക്കും ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയിലും അത്തരം ജോലികളായിരുന്നു ഞാന്‍ അന്വേഷിച്ചത്.
ആ യാത്ര എളുപ്പമായിരുന്നോ?
അമിതപ്രതീക്ഷയുമായാണ് ഞാനാദ്യമായി ജോലിക്കെത്തിയത്. ഫുള്‍ ഓണ്‍ പോസിറ്റീവ്, അതുകൊണ്ട് വരുമ്പോള്‍ പേടിയില്ലായിരുന്നു. മുന്‍പ് പല മേഖലകളിലും ജോലി ചെയ്തത് കൊണ്ട് ഇതും എളുപ്പമായിരിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍, സംഗതി അത്ര എളുപ്പമല്ലായിരുന്നു. മുന്‍പ് ഇന്ത്യയില്‍ ജോലി ചെയ്തിരുന്നപ്പോഴും തൊഴില്‍ ആവശ്യാര്‍ത്ഥം പല വിദേശരാജ്യങ്ങളിലും പോയിട്ടുണ്ടായിരുന്നു. എന്നിട്ടും തുടക്കകാലം അത്ര എളുപ്പമായില്ല.
കോര്‍പറേറ്റ് പ്ലാനിങ് എനിക്കേറ്റവും പ്രിയപ്പെട്ട മേഖലയായിരുന്നു. പക്ഷേ, എല്ലായിടത്തും ലോക്കല്‍ വര്‍ക്ക് എക്സ്പീരിയന്‍സ് ചോദിച്ചത് എന്നെ തളര്‍ത്തി.
ഓസ്‌ട്രേലിയയില്‍ ആരെങ്കിലും ജോലി തന്നാലല്ലേ എക്സ്പീരിയന്‍സുണ്ടാവൂ. അത് കിട്ടാന്‍ അത്ര എളുപ്പമായിരുന്നില്ല. പിന്നെ ഒരു കമ്പനിയില്‍ വളണ്ടിയറായി ജോലി ചെയ്തു. പത്ത് പതിനഞ്ചുവര്‍ഷം ജോലി ചെയ്തിട്ടാണ് ഇങ്ങോട്ട് വന്ന് വളണ്ടിയര്‍ ജോലി ചെയ്യുന്നത്. അത് കുറച്ച് മാനസിക പ്രയാസമുണ്ടാക്കി. പക്ഷേ ലോക്കല്‍ എക്സ്പീരിയന്‍സ് ലഭിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. അത് വെച്ച് ആദ്യമായി ഒരു ജോലിക്ക് കയറി, ചെറിയ ശമ്പളത്തില്‍. സാഹചര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതേ അപ്പോള്‍ ചെയ്യാനുണ്ടായിരുന്നുള്ളൂ. പതിയെ പതിയെ നല്ല ജോലികള്‍ തേടിയെത്താന്‍ തുടങ്ങി. അവസരങ്ങള്‍, കൂടുതല്‍ ശമ്പളം.... അതിനിടെ ബാങ്കോക്കില്‍ നടന്ന യു.എന്‍. പോസ്റ്റ് എം.ഡി.ജി. ചര്‍ച്ചയില്‍ പങ്കെടുത്തു. അത്തരം അവസരങ്ങള്‍ സ്വയം പാകപ്പെടുത്താന്‍ എന്നെ പ്രാപ്തയാക്കി.
ഞാനിങ്ങനെയൊക്കെയാണ്, അതുകൊണ്ട് ഞാന്‍ ഇന്നതേ ചെയ്യൂ ഇന്നത് ചെയ്യില്ല എന്ന രീതി ശരിയല്ല. Try to fit in to the context. അവസരങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കുക, മാറ്റങ്ങള്‍ക്കനുസൃതമായി സ്വയം നവീകരിക്കുക. അങ്ങനെയേ മുന്നേറാന്‍ സാധിക്കൂ.
പിന്നീട് രണ്ടുവര്‍ഷം തായ്‌ലന്‍ഡില്‍. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ വര്‍ധിച്ചു വരുന്ന വീടില്ലാത്തവരുടെ എണ്ണം കുറയ്ക്കാനും ഇവര്‍ക്കു പുനരധിവാസം ഉറപ്പാക്കാനുമായിരുന്നു ആ പ്രൊജക്ട്. ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്റര്‍നാഷണല്‍ എന്ന എന്‍.ജി.ഒ നടത്തുന്ന പദ്ധതിയായിരുന്നു അത്. അഞ്ച് റൗണ്ടായിരുന്നു ഇന്റര്‍വ്യൂ. ഒടുക്കം സ്ട്രാറ്റജിക് മാനേജ്മെന്റ് അസോസിയേറ്റ് ഡയറക്ടറായി നിയമനം ലഭിച്ചു.
.jpg?$p=8a7b7b1&&q=0.8)
കോവിഡ് കാലത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനായി ചെയ്ത പാന്‍ഡമിക് പ്രയോററ്റൈസേഷന്‍ മെട്രിക്‌സ് ഏറെ അഭിനന്ദനങ്ങള്‍ നേടിത്തന്നിരുന്നല്ലോ. എന്തൊക്കെ കാര്യങ്ങളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്?
ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ആവശ്യാര്‍ത്ഥം ന്യൂ സൗത്ത് വെയില്‍സില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മഹാമാരിയുടെ കാലത്തും സുഗമമായി പ്രവര്‍ത്തിക്കാനാവശ്യമായ ചില കരുതലുകളും മാനദണ്ഡങ്ങളുമായിരുന്നു പാന്‍ഡമിക് പ്രയോററ്റൈസേഷന്‍ മെട്രിക്‌സില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അവരുടെ വരുമാനത്തിനെയോ ദൈനംദിനപ്രവര്‍ത്തനങ്ങളെയോ ബാധിക്കാതെ കോവിഡില്‍ നിന്നും അകലം പാലിച്ച് എങ്ങനെ പ്രവര്‍ത്തിക്കാമെന്ന നിര്‍ദേശങ്ങളായിരുന്നു കൂടുതലും.
ഓരോ മാസവും ഓരോ രാജ്യങ്ങള്‍, യാത്രകള്‍, അതിനിടയില്‍ പഠനം...
ബാങ്കോക്കിലുണ്ടായിരുന്ന ആ രണ്ട് വര്‍ഷക്കാലം എന്നെ നന്നായി സ്വാധീനിച്ചു. പ്രൊജക്ടിന്റെ ഭാഗമായി 18 രാജ്യങ്ങളുടെ ചുമതലയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മീറ്റിങ്ങുകള്‍ക്കും മറ്റുമായി പല രാജ്യങ്ങള്‍ സന്ദര്‍ശിക്കേണ്ടിയിരുന്നു. ആ യാത്രകള്‍ ഞാന്‍ ശരിക്കും ആസ്വദിച്ചു. പക്ഷേ, കുടുംബവും ജോലിയും ബാലന്‍സ് ചെയ്യാനാവാതായതോടെ 2013- ല്‍ വീണ്ടും ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തി.
ഇതിനിടയില്‍ തന്നെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ്, ഹാര്‍വഡ് ബിസിനസ് സ്‌കൂള്‍, ഓസ്ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നു കോഴ്സുകളും ചെയ്തു. പല വിഷയങ്ങളിലുള്ള പഠനങ്ങള്‍ നമ്മുടെ ജീവിതത്തെ നന്നായി സ്വാധീനിക്കുമെന്ന് അനുഭവത്തിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു. മാത്രമല്ല അപ് ടു ഡേറ്റാവാനും പഠനങ്ങള്‍ സഹായിക്കുന്നു. പുതിയ കോഴ്സുകള്‍ക്കായി ഇപ്പോഴും രജിസ്റ്റര്‍ ചെയ്യാറുണ്ട്.
ജോലി, പഠനം, കുടുംബം....എങ്ങനെ മാനേജ് ചെയ്യുന്നു?
സത്യം പറഞ്ഞാല്‍ ഇതെല്ലാം കൂടി കൊണ്ട് പോവുക എന്ന് പറയുന്നത് ശരിക്കും ഒരു വെല്ലുവിളിയാണ്. അങ്ങനെ അല്ലെന്ന് പറഞ്ഞാല്‍ ചിലപ്പോഴത് കളളമാകും. ചിലയിടങ്ങളില്‍ കോംപ്രമൈസ് ചെയ്യാന്‍ നമ്മള്‍ നിര്‍ബന്ധിതരാവും. യാത്രകള്‍, മണിക്കൂറുകളോളം ജോലി... എല്ലാം കൂടി വരുമ്പോള്‍ നല്ല സമ്മര്‍ദം വരും. അതെവിടെയെങ്കിലുമൊന്ന് ഇറക്കിവെച്ചാലല്ലേ മുന്നോട്ട് പ്രയാണം സാധ്യമാകൂ...എനിക്കത് എഴുത്തും വരകളുമായിരുന്നു. എന്റെ സമ്മര്‍ദത്തില്‍ നിന്നുണ്ടാവുന്ന പ്രൊഡക്ടുകളാണ് എന്റെ ക്രിയേറ്റീവ് വര്‍ക്കുകള്‍.
കഴിഞ്ഞ മാസമാണ് കുട്ടികള്‍ക്കുള്ള ഏറ്റവും പുതിയ പുസ്തകമായ ' സ്റ്റേ സേഫ് വിത്ത് റൂബി& റൂബന്‍'പുറത്തിറങ്ങിയത്. ലൈംഗിക ചൂഷണത്തിനെതിരെയുള്ള ബോധവത്കരണമാണ് പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. അത് കുട്ടികള്‍ക്ക് മനസിലാകുന്ന അവരുടെ ഭാഷയിലാണ് എഴുതിയത്.

ധാരാളം തൊഴില്‍ സാധ്യതകളാണ് വിദേശരാജ്യങ്ങളിലുള്ളത്. അവരോടായി എന്താണ് പറയാനുള്ളത്?
വിദേശരാജ്യങ്ങളില്‍ ധാരാളം തൊഴിലവസരങ്ങളാണുള്ളത്. പക്ഷേ, അത് ലഭിക്കുക എന്നത് നമ്മുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും മറ്റ് ആഡ് ഓണ്‍ ക്വാളിഫിക്കേഷനുകളെയും ആശ്രയിച്ചിരിക്കും. നമ്മുടെ ജോലിയ്ക്കും എക്‌സിപീരിയന്‍സിനും അനുസരിച്ചുള്ള ജോലി ഏതൊക്കെ രാജ്യത്തുണ്ടെന്നും എത്രമാത്രം അവസരങ്ങളുണ്ടെന്നുമുള്ള ധാരണ ആദ്യമേ ഉണ്ടായിരിക്കണം. ഒരു എന്‍ജിനീയര്‍ക്ക് ജോലി കിട്ടുന്നത്ര എളുപ്പമായിരിക്കില്ല ആര്‍ട്‌സ് ബേസ്ഡ് സബ്ജക്ട് പഠിച്ച ഒരാള്‍ക്ക് ജോലി കിട്ടാന്‍. അതുകൊണ്ട് ലഭ്യമാവുന്ന ജോലികള്‍ക്കനുസരിച്ച് നമ്മെ പാകപ്പെടുത്തുക എന്നതാണ് പിന്നെ ചെയ്യാനുള്ളത്.
കോട്ടയം കങ്ങഴ ഇളംതുരുത്ത് കുടുംബാംഗമാണ് സ്‌നേഹസാബു. അച്ഛന്‍ സാബു തോമസ്. അമ്മ സുധ സാബു. സിറിയക് ആണ് സഹോദരന്‍. ഭര്‍ത്താവ് വിനു തോമസ് ഓസ്‌ട്രേലിയയില്‍ ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുന്നു.
Content Highlights: Sneha Sabu, Marquis Who’s Who, Australia, covid pandemic prioritization metrics
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..