സൗത്ത് കൊറിയയില്‍ റേഡിയോളജി ടെക്‌നോളജിസ്റ്റായി ജോലിചെയ്യുന്ന ഒരു യുഎസ് സൈനിക. തന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും എങ്ങനെയെന്ന് മലയാളത്തില്‍ വിവരിച്ചുകൊണ്ട് ഒരിക്കല്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടുന്നു. അമേരിക്കന്‍ സൈനിക വേഷത്തില്‍ ഈ ഇരുപത്തിനാലുകാരി വീണ്ടും ചില വീഡിയോകള്‍ റെക്കോഡ് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഫിലിപ്പീന്‍സിലേക്ക് സോളോ ട്രിപ്പ് പോകുന്നതും ഫീല്‍ഡ് വര്‍ക്കിന് പോകാന്‍ ലഗേജ് പായ്ക്ക് ചെയ്യുന്നതും യൂണിഫോമിട്ട് പുറപ്പെടുന്നതും ഫീല്‍ഡില്‍നിന്ന് നല്‍കിയ ഭക്ഷണം കഴിക്കുന്നതും ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തുന്നതുമെല്ലാം ആ വീഡിയോകളില്‍ ഉള്‍പ്പെടുന്നു. മെറീന അലക്‌സിനെ അല്‍ഗോരിതം നിങ്ങളുടെ മുന്നിലുമെത്തിച്ചുകാണും.

To advertise here,

വിരലിലെണ്ണാവുന്ന വീഡിയോകളാണ് മെറീന ഇതുവരെ പോസ്റ്റ് ചെയ്തിട്ടുള്ളതെങ്കിലും ഇതിനോടകം തന്നെ നിരവധിപ്പേര്‍ ഫോളോവേഴ്സായി വന്നു, യുഎസ് ആര്‍മിയിലെ ഈ മലയാളിക്കുട്ടി ആരാണെന്ന അന്വേഷണവുമായി.

തനി നാടന്‍ മലയാളി

കൊല്ലം സ്വദേശിയായ അലക്‌സ് സാമുവലിന്റെയും ബിന്ദു അലക്‌സിന്റെയും മകളാണ് മെറീന അലക്സ്. കേരളത്തില്‍ ജനിച്ചു വളര്‍ന്ന മെറീന 14 വയസ്സുവരെ നാട്ടിലുണ്ടായിരുന്നു. പിന്നീട് കുടുംബത്തോടൊപ്പം യുഎസിലെത്തി. നഴ്‌സിങ് വിദ്യാര്‍ഥിയായ അലീന അലക്‌സാണ് മെറീനയുടെ സഹോദരി.

'കരിയറില്‍ ഈ വഴി തിരഞ്ഞെടുക്കാന്‍ എന്നെ ഏറെ പിന്തുണച്ചത് അച്ഛനാണ്. ആര്‍മിയില്‍ ചേരാനുള്ള പ്രധാനകാരണങ്ങളിലൊന്ന് അച്ഛനായിരുന്നു. ഞാന്‍ നന്നായി കഷ്ടപ്പെട്ടേക്കാം എന്ന് അറിയാവുന്നതുകൊണ്ട് അമ്മയ്ക്ക് ആശങ്കയുണ്ടായിരുന്നു. എങ്കിലും അമ്മ എപ്പോഴും എന്നെ പിന്തുണയ്ക്കുമായിരുന്നു,' മെറീന പറയുന്നു.

വിദ്യാഭ്യാസം
ഓപ്റ്റീഷനറി ആന്‍ഡ് റേഡിയോളജിക് ടെക്‌നോളജിയിലൂന്നിയ ഹെല്‍ത്ത് സയന്‍സിലാണ് അസോസിയേറ്റ് ഡിഗ്രി ചെയ്തത്. ഇപ്പോള്‍ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റില്‍ ഡിഗ്രി ചെയ്യുന്നു. ഭാവിയില്‍ എംആര്‍ഐയില്‍ സ്‌പെഷ്യലൈസ് ചെയ്യണമെന്നാണ് മെറീനയുടെ സ്വപ്‌നം.

കരിയര്‍
നാല് വര്‍ഷവും എട്ട് മാസവുമായി യുഎസ് ആര്‍മിയില്‍ റേഡിയോളജി ടെക്‌നോളജിസ്റ്റായി ജോലി ചെയ്യുന്ന മെറീന ഇപ്പോള്‍ ദക്ഷിണ കൊറിയയിലാണുള്ളത്. ഇക്കഴിഞ്ഞ മാര്‍ച്ച് 25-ന് പ്രൊഫഷണല്‍ ലൈസന്‍സിങ് പരീക്ഷ പാസായി.

യുഎസ് ആര്‍മിയെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ വഴിയാണ്. പിന്നീട് അതേപ്പറ്റി അധികമൊന്നും ചിന്തിക്കാതെ ഞാന്‍ ആര്‍മിയില്‍ ചേര്‍ന്നു. എന്നാല്‍ ആദ്യത്തെ എന്‍ട്രി ട്രെയിനിങ് എല്ലാം മാറ്റിമറിച്ചു. ബൂട്ട് ക്യാമ്പ് ട്രെയ്‌നിങ് മാനസികമായും ശാരീരികമായും വെല്ലുവിളി നിറഞ്ഞതായിരുന്നു. ക്ലാസില്‍ ഏറ്റവും ചെറിയ ആളായിരുന്നതിനാല്‍ മറ്റുള്ളവരെക്കാള്‍ പ്രയാസപ്പെടേണ്ടി വന്നിരുന്നു.

ഒരു സാധാരണ വ്യക്തിയെ സൈനികയായി മാറ്റാനായി മൂന്നു മാസത്തെ പരിശീലനമുണ്ട്. അതില്‍ ഓരോ ദിവസവും എനിക്ക് പരീക്ഷണങ്ങള്‍ നിറഞ്ഞതായിരുന്നു. ഇതെല്ലാം കഴിഞ്ഞാണ് സെെന്യത്തിലെ ജോലിയിലേക്ക് കടന്നത്.

സൈനിക ജീവിതം
എന്നും അതിരാവിലെ വര്‍ക്കൗട്ട്, ഫോര്‍മേഷന്‍ എന്നിവ ചെയ്താണ് എന്റെ ഒരു ദിവസം തുടങ്ങുന്നത്. പിന്നീട് എന്റെ ജോലിയിലേക്ക് അതായത് റേഡിയോളജി ടെക്‌നീഷ്യന്‍, മിലിട്ടറി ഡ്യൂട്ടികളിലേക്ക് കടക്കും.

വാരാന്ത്യം അവധിയാണ്. മറ്റ് അധിക ജോലികളൊന്നുമില്ലെങ്കില്‍ അന്ന് ഓഫെടുക്കും. സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകും. പുതിയ സ്ഥലങ്ങളിലേക്കും രാജ്യങ്ങളിലേക്കും യാത്രചെയ്യും. ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്കും വര്‍ക്കൗട്ടുകള്‍ക്കുമായി എന്നും നിശ്ചിതസമയം മാറ്റിവയ്ക്കാറുണ്ട്. 

‘ആര്‍മിയില്‍ ചേര്‍ന്നത് എന്റെ ജീവിതത്തെ ആകെ മാറ്റി മറിച്ചു. എന്റെ ജീവതരീതിയെല്ലാം സേനയുടെ രീതികളുമായി കേന്ദ്രീകരിക്കപ്പെട്ടു. ഞാനത് പഠിക്കുകയും അതിനോട് ഇണങ്ങുകയും ചെയ്തു. ക്ഷമ, അച്ചടക്കം, പ്രതിരോധശേഷി എന്നിവയെല്ലാം അതെന്നെ പഠിപ്പിച്ചു’, മെറീന പറയുന്നു.

രാജ്യങ്ങള്‍, യാത്രകള്‍, തിരിച്ചറിവുകള്‍
‘അടുത്തിടെ ഞാന്‍ മറ്റ് രാജ്യങ്ങളിലേക്ക് തനിച്ച്  യാത്ര ചെയ്യാന്‍ തുടങ്ങി. ആ യാത്രകള്‍ എന്‍റെ ചിന്താരീതിയെ തന്നെ മാറ്റിക്കളഞ്ഞു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് എന്റെ കംഫര്‍ട്ട് സോണിനപ്പുറത്തേക്ക് പോകാന്‍ എന്നെ നിര്‍ബന്ധിതയാക്കി. എന്നെ കൂടുതല്‍ സ്വതന്ത്രയാക്കി. പുതിയ വീക്ഷണകോണുകളിലൂടെ ലോകത്തെ കാണാന്‍ സഹായിച്ചു. എന്റെ മിലിട്ടറി അനുഭവങ്ങളാകട്ടെ എന്റെ തന്നെ പല വേര്‍ഷനുകളെ കണ്ടെത്താന്‍ എന്നെ സഹായിച്ചിട്ടുണ്ട്. കൂടാതെ എന്റെ ജീവിതത്തോടും എനിക്ക് ചുറ്റുമുള്ള അവസരങ്ങളോടും ഉള്ള എന്റെ കൃതജ്ഞത വര്‍ധിപ്പിക്കാനും അത് സഹായിച്ചു’. 

‘സൗത്ത് കൊറിയ, യുഎസ് എന്നിവിടങ്ങളിലെ ജീവിതം എന്നില്‍ വലിയ കള്‍ച്ചര്‍ ഷോക്ക് ഉണ്ടാക്കി. ചെറിയ പ്രദേശത്തുനിന്ന് വലിയ സിറ്റികളിലേക്കുള്ള മാറ്റം എന്റെ കാഴ്ചപ്പാടുകളെല്ലാം മാറ്റി. വളരെ വ്യത്യസ്തമായ സംസ്‌കാരങ്ങള്‍, പാരമ്പര്യം, ജീവിതരീതികള്‍ എല്ലാം എനിക്ക് പരിചയപ്പെടാന്‍ കഴിഞ്ഞു. അതെല്ലാം എനിക്ക് ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു. പല പശ്ചാത്തലങ്ങളുള്ള ആളുകളോട് ഇടപെടാനും പുതിയഭാഷകളും ഭാഷാഭേദങ്ങളും മനസ്സിലാക്കാനും അതുവരെ രുചിച്ചിട്ടില്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കാനും ഞാന്‍ പഠിച്ചു. ലോകമെത്ര വിശാലമാണെന്ന് മനസ്സിലാക്കാന്‍ അതെല്ലാമെന്നെ സഹായിച്ചു. മനുഷ്യാനുഭവങ്ങള്‍ എത്ര വൈവിധ്യംനിറഞ്ഞതാണെന്നും അവയുമായി താരതമ്യംചെയ്യുമ്പോള്‍ എന്റെ പ്രശ്‌നങ്ങള്‍ എത്ര ചെറുതാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു.’

സോഷ്യല്‍മീഡിയ
‘മിലിട്ടറിയില്‍ ജോലി ചെയ്യുമ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് നിയമങ്ങളും ചട്ടങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍  സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകള്‍ സെന്‍സിറ്റീവ് കണ്ടന്റുകളോ വിലക്കുള്ള വിവരങ്ങളോ ഒന്നുമല്ലെന്നും ആര്‍മി ഗൈഡ്‌ലൈന്‍സ് പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്താറുണ്ട്. വ്യക്തിപരമായ ആവിഷ്‌കാരങ്ങള്‍ക്കൊപ്പം തൊഴില്‍പരമായ ഉത്തരവാദിത്തം ബാലന്‍സ് ചെയ്യേണ്ടത് സുപ്രധാനമാണ്.’

‘സോഷ്യല്‍മീഡിയയില്‍ ഞാന്‍ അടുത്തിടെയാണ് സജീവമായി തുടങ്ങിയത്. അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍ മിലിട്ടറി ജോലിയില്‍നിന്ന് മാറാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. എന്റെ വ്യക്തിജീവിതത്തെ കുറിച്ച് കണ്ടന്റ് ക്രിയേറ്റ് ചെയ്യണം. പിന്നീട് എനിക്കെന്റെ പഴയ നല്ല ജീവിതത്തെ ഓര്‍ത്തെടുക്കാമല്ലോ. അതേസമയം കംഫര്‍ട്ട് സോണില്‍നിന്ന് പുറത്തുകടന്ന് സ്വപ്നങ്ങള്‍ സഫലമാക്കാന്‍ യുവതീയുവാക്കളെ പ്രത്യേകിച്ചും സ്ത്രീകളെ പ്രചോദിപ്പിക്കണമെന്നും ഞാന്‍ കരുതുന്നുണ്ട്. തെറ്റുകള്‍ വരുത്താനും പഠിക്കാനും വളരാനും നല്ല സമയം ഇരുപതുകളാണെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ കണ്ടന്റിലൂടെ ആ യാത്ര മറ്റുള്ളവരുമായി എനിക്ക് പങ്കുവയ്ക്കണം.’

‘സോഷ്യല്‍മീഡിയയിലെ ഒട്ടേറെ ആളുകളില്‍നിന്ന് എനിക്ക് ഒരുപാട് പിന്തുണ കിട്ടുന്നുണ്ട്. പോസ്റ്റ് ചെയ്ത ചില വീഡിയോകള്‍ക്ക് വളരെ അധികം റീച്ച് കിട്ടി. അതോടൊപ്പം ഹേറ്റ് കമന്റുകളുമുണ്ട്. അതില്‍ മിക്കതും ഞാന്‍ ഒരു സ്ത്രീയായതിനാലാണെന്ന് അവ പരിശോധിച്ചപ്പോള്‍ എനിക്ക് മനസ്സിലായി. പോസിറ്റീവ് ആയ പ്രതികരണങ്ങളിലും പ്രോത്സാഹനത്തിലുമാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. അവ കൂടുതല്‍ സ്റ്റോറികള്‍ പങ്കുവയ്ക്കാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും വാര്‍പ്പു മാതൃകകള്‍ തകര്‍ക്കാനും എന്നെ പ്രേരിപ്പിക്കുന്നുണ്ട്.’

‘തിരക്കുപിടിച്ച ജീവിതമാണിപ്പോള്‍. തുടര്‍ച്ചയായി ഓടിക്കൊണ്ടിരിക്കുകയാണ് ഞാന്‍. പാഴാക്കാന്‍ സമയമില്ല. അതുകൊണ്ടുതന്നെ പ്രാര്‍ഥന, പഠനം, ജോലി, മിലിട്ടറി ഡ്യൂട്ടികള്‍, വര്‍ക്കൗട്ടുകള്‍ തുടങ്ങി എന്റെ ഉത്തരവാദിത്തങ്ങളെല്ലാം ഞാന്‍ മുന്‍ഗണനാ ക്രമത്തിലാക്കിയിരിക്കുകയാണ്. അവയെല്ലാം കഴിഞ്ഞാണ് സോഷ്യല്‍മീഡിയയില്‍ വരുന്നത്. വിശ്രമിക്കാന്‍ ഇത്തിരി സമയം കിട്ടിയാല്‍ ഞാന്‍ വീഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യും. കണ്ടന്റ് ക്രിയേഷനിലും എഡിറ്റിങ്ങിലും ഞാന്‍ പുതിയൊരാളാണ്. എങ്കിലും അത് ഞാന്‍ ആത്മാര്‍ഥമായി ഇഷ്ടപ്പെടുന്നു.’

‘എന്റെ കാര്യങ്ങളൊക്കെ കൃത്യനിഷ്ഠയോടെയും അച്ചടക്കത്തോടെയും ചെയ്യുമ്പോഴും ആളുകളുമായി കണക്റ്റ് ചെയ്യുന്നതിനും എന്റെ അനുഭവങ്ങളും വ്യക്തി ജീവിതവും പങ്കുവയ്ക്കുന്നതിനുമെല്ലാം  സാധിക്കുന്ന ക്രിയാത്മകമായ ഒരിടമാണ് സോഷ്യല്‍മീഡിയ. അതിലെ കണ്ടന്റ് ക്രിയേഷനും യാത്രകളുമൊക്കെയാണ് പുതിയ ഹോബികള്‍. ഒരുപാട് രാജ്യങ്ങളിലേക്ക് യാത്ര പോകണമെന്നാണ് ഇപ്പോഴെന്റെ സ്വപ്നം.’

യുവാക്കളോട് പറയാനുള്ളത്
‘പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുന്ന മലയാളികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. മലയാളികള്‍ അവരുടെ സ്വപ്നങ്ങള്‍ നിറവേറ്റുന്നതും പുറംരാജ്യങ്ങളിലേക്ക് വരാനുള്ള റിസ്‌ക്ക് എടുക്കുന്നതുമെല്ലാം കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. മിലിട്ടറിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരോട് എനിക്ക് പറയാനുള്ളത് തയ്യാറെടുപ്പാണ് പ്രധാനമെന്നാണ്. അതായത് ശാരീരിക ക്ഷമതയും മാനസികമായി സജ്ജമാകേണ്ടതും അത്യാവശ്യമാണ്. വിജയിക്കുവാന്‍ അച്ചടക്കം പരമപ്രധാനമാണ്.’

‘യുഎസ് ആര്‍മിയിലോ  സൈന്യത്തിന്‍റെ മറ്റേതെങ്കിലും ശാഖയിലോ ചേരാന്‍ ചില യോഗ്യതാ മാനദണ്ഡങ്ങളുണ്ട്. പ്രായം, യുഎസ് പൗരത്വം അല്ലെങ്കില്‍ റെസിഡന്‍സി സ്റ്റാറ്റസ്, വിദ്യാഭ്യാസ യോഗ്യതകള്‍, ശാരീരിക-മാനസിക പരിശോധനകള്‍ എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു. തീരുമാനമെടുക്കുന്നതിനു മുന്‍പ്  കൃത്യമായ പ്ലാനിങ്ങും തയ്യാറെടുപ്പും ചെയ്യാന്‍ ശ്രമിക്കുക.’