കോവിഡ്-19 ബന്ധപ്പെട്ട സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിവിധ മേഖലകളിൽ വീഡിയോ കോൺഫറൻസ് സംവിധാനം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഐ.ടി. കമ്പനികൾ, വിവിധ സർക്കാർ വകുപ്പുകൾ, സ്വകാര്യസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിലാണ് കൂടുതലായി പ്രയോജനപ്പെടുത്തുന്നത്.
സ്വകാര്യത പ്രധാനം
നിലവിൽ ഉപയോഗിക്കുന്ന വീഡിയോ കോൺഫറൻസിങ് സംവിധാനങ്ങൾ സുരക്ഷയുടെ കാര്യത്തിൽ പിന്നിലാണ്. സ്വകാര്യതയ്ക്ക് മുൻതൂക്കം നൽകി ലോകോത്തര നിലവാരത്തിൽ ഒരു വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രാലയവും ഡിജിറ്റൽ ഇന്ത്യയും ചേർന്ന് ആവിഷ്കരിക്കുന്ന പദ്ധതിയാണ് ഇന്നവേഷൻ ചലഞ്ച് ഫോർ ഡെവലപ്മെന്റ് ഓഫ് വീഡിയോ കോൺഫറൻസ് സൊലൂഷൻ. ഇതിൽ പങ്കെടുക്കുന്ന ടീമുകൾക്ക് സർക്കാർ ചെലവിൽ ആപ്ലിക്കേഷൻ നിർമിക്കാം.
വിജയിച്ചാൽ ഒരുകോടി രൂപ
ഐഡിയേഷൻ, പ്രോട്ടോടൈപ്പ്, സൊലൂഷൻ ബിൽഡിങ് തുടങ്ങി മൂന്ന് ഘട്ടങ്ങളിലായാണ് ചലഞ്ച് നടക്കുന്നത്. ആദ്യഘട്ടമായ ഐഡിയേഷൻ റൗണ്ടിൽ രജിസ്റ്റർ ചെയ്ത ഓരോ ടീമും തങ്ങളുടെ ആശയങ്ങൾ സമർപ്പിക്കണം. അക്കാദമിക്, സർക്കാർ, ഇൻഡസ്ട്രി എന്നീ മേഖലകളിൽനിന്നുള്ള വിദഗ്ധർ അടങ്ങിയ സമിതി മികച്ച ആശയങ്ങൾ മുന്നോട്ടുവെക്കുന്ന പത്ത് ടീമുകളെ അടുത്ത റൗണ്ടിലേക്ക് തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ടീമിനും പ്രോടോടൈപ്പ് നിർമിക്കാൻ അഞ്ചുലക്ഷം രൂപവീതം നൽകും.
ചലഞ്ചിന്റെ നിർണായക റൗണ്ടായ പ്രോട്ടോടൈപ്പിൽ പ്രോഡക്ടിന്റെ മാതൃക നിർമിക്കണം. തുടർന്ന് പ്രത്യേക ജൂറിയുടെ മുമ്പാകെ ഇതുസംബന്ധിച്ച് വിവരണം നടത്തണം. മികച്ച മാതൃകകൾ അവതരിപ്പിക്കുന്ന മൂന്ന് ടീമുകളെ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കും. ഇവർക്ക് മാതൃക നിർമാണത്തിനായി 20 ലക്ഷം രൂപവീതം നൽകും. ആവശ്യമെങ്കിൽ മാതൃക നിർമാണത്തിന് വിദഗ്ധരുടെ ഉപദേശവും തേടാവുന്നതാണ്. അവസാന റൗണ്ടിലാണ് മാതൃകയുടെ അടിസ്ഥാനത്തിൽ പ്രോഡക്ട് നിർമിക്കേണ്ടത്. മികച്ച പ്രോഡക്ടായി തിരഞ്ഞെടുക്കുന്ന സൊലൂഷൻ നാല് വർഷത്തേക്ക് ഉപയോഗിക്കുന്നതിനായി കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും കരാർ ഒപ്പിടും. ആദ്യവർഷം ഒരുകോടി രൂപയും തുടർന്നുള്ള മൂന്നുവർഷം പത്തുലക്ഷം രൂപ വീതവും ലഭിക്കും. നാല് വർഷത്തിനുശേഷം വേണമെങ്കിൽ സർക്കാരിന് കരാർ പുതുക്കാം.
യോഗ്യത
ഇന്ത്യൻ കമ്പനിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഇന്ത്യൻ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കുമാണ് ചലഞ്ചിൽ പങ്കെടുക്കാൻ യോഗ്യത.
രജിസ്ട്രേഷൻ
https://www.mygov.in/ വഴി ഏപ്രിൽ 30 വരെ രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: ഏപ്രിൽ 30
നിർദേശം സമർപ്പിക്കേണ്ട അവസാന തീയതി: മേയ് ഏഴ്
പ്രത്യേകതകൾ
* കുറഞ്ഞ നെറ്റ്വർക്കിലും മികച്ച വീഡിയോ, ഓഡിയോ നിലവാരം ലഭിക്കണം.
* റെക്കോഡ് ചെയ്യാനുള്ള സംവിധാനം
* എല്ലാ ഓപ്പറേറ്റിങ് ഡിവൈസിലും പ്രവർത്തിക്കണം
* രേഖകൾ കൈമാറാനുള്ള സൗകര്യം
* ഒരേസമയം ഒന്നിലധികം കോൺഫറൻസുകൾ നടത്തുകയും ഓരോ കോൺഫറൻസിൽനിന്നും ഓരോരുത്തരെ വേണമെങ്കിലും ഭാഗമാക്കാനുള്ള സൗകര്യം
Content Highlights: Innovation challenge to create safe video conferencing platform
Published: 22 Apr 2020, 01:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented