മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഫർസാനയുടെ ‘വേട്ടാള’ എന്ന കഥാസമാഹാരത്തെക്കുറിച്ചുള്ള കുറിപ്പ് വായിക്കാം.

To advertise here,

പെണ്ണിന്റെ സ്വാതന്ത്ര്യം വിദ്യാഭ്യാസത്തിലൂടെയുമാണ് പ്രാവർത്തികമാകേണ്ടത് എന്ന് വിശ്വസിക്കുകയും, അതിനായി പ്രയത്‌നിക്കുകയും ചെയ്ത കപ്പലാടന്റെ വിശാലമനസ്സിനെ കാണിച്ച്, മതമെന്ന ഭയത്തിൽ പെണ്ണിനെ കുരുക്കിയിടാൻ ശ്രമിക്കുന്ന പൗരോഹിത്വത്തിന്റെ കപടതകളെ തുറന്നെഴുതിയ ഫർസാനയുടെ 'കിള' എന്ന നോവലിന്റെ വായന തന്ന ആവേശമാണ്, വേട്ടാള' വായനക്കായി തെരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. തീരുമാനം തെറ്റിയില്ല.

'കിള' എനിക്കു നൽകിയ വായനാസൗഖ്യത്തെ തെല്ലും കുറക്കുന്നതായിരുന്നില്ല വേട്ടാളയുടെ വായനയും. ഒരു വികൃതിക്കുട്ടിയുടെ കളിപ്പാട്ടങ്ങൾ കുത്തിനിറച്ച മരപ്പെട്ടി തുറന്നു കാണുന്നതുപോലെ തോന്നിച്ച, അതേ കൗതുകം വേട്ടാളയുടെ കഥകളിലും കാണാമായിരുന്നു. അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന ഒരുപിടി കഥകൾ! തന്റെ കുട്ടിക്കാലത്തെപ്പറ്റി കഥാകാരിയിലൂടെ പിറവിയെടുത്ത ഓർമത്തുണ്ടുകൾ എന്നിലും ഉറങ്ങിക്കിടന്ന ഓർമകളെ തച്ചുണർത്താൻ ഉപകരിച്ചു.

ആദ്യകഥയായി വായനക്കെത്തിയത് 'ചെന്താരകം' ആണ്. ഇന്നും മനുഷ്യനെ അടിമകളാക്കുന്ന ഏതു തരം ആശയങ്ങളേയും തച്ചുടക്കാൻ പ്രസക്തിയുള്ളത് എന്നു തന്നെ ഞാൻ വിശ്വസിക്കുന്ന കമ്യൂണിസത്തിന്റെ അടിവേരുകൾ ഇളക്കിമാറ്റി, അതിന്റെ ആശയങ്ങൾ ഓടയിലുടെ ഒഴുക്കിക്കളഞ്ഞ്, മുതലാളിത്തത്തെ വാരിപ്പുണർന്നിട്ടും രക്ഷ നേടാനാവാതെ നിൽക്കുന്ന പോളണ്ടിൽ നിന്നും ഒരു പ്രേമകഥ പറയുമ്പോൾ തന്നെ കമ്യൂണിസത്തിനെ സാധാരണക്കാർ വെറുക്കുവാനുള്ള കാരണങ്ങളും നിരത്തുന്നുണ്ട് കഥാകാരി. ചില ശരികൾക്കൊക്കെ മറ്റു ചില മറുപുറവുമുണ്ടല്ലോ..

അടുത്ത കഥയിലേക്ക് ആർത്തിയോടെ നീങ്ങുമ്പോൾ, വായിച്ചുതീർന്ന മേഖലയിൽ നിന്ന് ഒരു തുണ്ടുപോലും കടമെടുക്കാതെ, നമ്മുടെ മനസ്സിലെ ഭയത്തെ തട്ടിക്കുടഞ്ഞ് താഴെയിട്ട് രസിക്കുകയാണ് എഴുത്തുകാരി. എനിക്കു പരിചയമില്ലാത്ത 'കൗച്ച് സർഫിങ്' ആപ്പുപയോഗിച്ച്, ചൈനയിലെത്തി താമസസ്ഥലം കണ്ടെത്തുകയാണ് ജാവേദ്. അദ്ദേഹം ചൈനയിലെത്തുന്നത്, ഡ്യൂപ്ലിക്കേറ്റ് പുരാവസ്തുക്കളുടെ പ്രദർശനത്തിൽ പങ്കെടുക്കാൻ ആണ്. ലക്ഷ്യം, നാട്ടുകാരെ പറ്റിച്ച് പത്ത് പുത്തനുണ്ടാക്കുക എന്നത് തന്നെയാണ്. അദ്ദേഹം എത്തിപ്പെടുന്ന വീടും അതിലെ താമസവും വിശേഷങ്ങളുമാണ്, 'ചൈനീസ് ബാർബിക്യൂ' എന്ന കഥയുടെ പ്രമേയം.

ശരിക്കും ഉള്ളുപൊള്ളിച്ച ഒരു വായനയായിരുന്നു ദരിദ്രയും, വിധവയുമായ ഹൈറുമ്മയുടെയും, തിന്നാലും തിന്നാലും പിന്നെയും വിശക്കുന്ന മകളുടേയും, അനാഥനെന്ന പേരുള്ള മകന്റേയും കഥ പറഞ്ഞ ആകാശവണ്ടി. കണ്ണും, ഉള്ളവും വിതുമ്പാതെ കടന്നു പോകാനാവില്ല ഈ കഥയിലൂടെ! അഹന്തമുറ്റിയ മനസ്സു ചുമക്കുന്ന മനുഷ്യന്, തന്റെ മനസ്സറിയാൻ, മറ്റു മനസ്സുകളെ അറിയാൻ പ്രകൃതിയുടെ വികൃതികൾ ചില നേരങ്ങളിൽ ആവശ്യമായേക്കും. അത്തരം വികൃതികൾ മനുഷ്യനെ ചിപ്പോഴൊക്കെ ഉലച്ചു കളയുകയും ചെയ്യും. സുസ്‌ന, 'വേട്ടാള' ജന്മത്തിൽ നിന്ന് പുറത്തു കടക്കുന്ന മനോഹരമായ കഥ.

ചില ജീവിതങ്ങളെ മനസ്സിന്റെ ചൂണ്ടയിൽ ഇരകളായി അങ്ങനെ കൊരുക്കിയിടും. അവർ, വെള്ളത്തിൽ അലിഞ്ഞു തീർന്നാലും ആഹാരമാവാൻ യോഗമിലാത്ത ഇരകളാണ്. 'ചേൃ' അതുപോലെയൊരു ഇരയാണ്-'ഒരാൾക്കു മാത്രം പ്രാപ്യമാവുന്ന വേശ്യ' പുരുഷന്റെ പ്രണയത്തെ, അവന്റെ ചുട്ടുപൊള്ളുന്ന ആത്മഭാരത്തെ ഏറെ തന്മയത്വത്തോടെ പകർത്തിയിട്ടുണ്ട് 'ഒപ്പീസി'ൽ. 'മീനമ്മാ, ജോസപ്പാ എന്നൊരിക്കൽ കൂടെ വിളിച്ചൂടെ നിനക്ക്? എത്ര നാളായി ഞാനാ വിളി കേട്ടിട്ട്..?''

മനുഷ്യനെ മനസ്സിലാക്കുക അസാധ്യം. തന്റെ ഭർത്താവിനെ ഡയറിക്കുറിപ്പിലൂടെ അൽപ്പാൽപ്പം തിരിച്ചറിയുന്ന ഒരു ഭാര്യയുടെ കഥയാണ് 'പാവക്കൂട്ട്'. 2023-ൽ ആണ് വേട്ടാള പുറത്തിറങ്ങുന്നത്, മാതൃഭൂമി, ചന്ദ്രിക, മാധ്യമം, മലയാളം തുടങ്ങിയ ആഴ്ചപ്പതിപ്പുകളിൽ പ്രസിദ്ധീകരിച്ച കഥകളുടെ ഒരു സമാഹാരമാണ് 'വേട്ടാള'. ഓരോ കഥകളും ഏറെ വ്യത്യസ്തവും, ആഴത്തിൽ നമ്മോടു സംവദിക്കുകയും, നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുവാൻ പ്രാപ്തമായതുമാണ്. വായനക്കെടുക്കുവാൻ വൈകി എന്ന ഖേദമുണ്ട്.