മാതൃഭൂമി ബുക്സ് പുറത്തിറക്കിയ സുസ്‌മേഷ് ചന്ത്രോത്തിന്റെ 'വഴിച്ചെണ്ട' എന്ന നോവലിൻെറ ആസ്വാദനക്കുറിപ്പ് വായിക്കാം...
സുസ്‌മേഷ് ചന്ത്രോത്തിന്റെ 'വഴിച്ചെണ്ട'യുടെ പരസ്യവാചകംതന്നെ ശ്രദ്ധ പിടിച്ചുപറ്റി. 'അവകാശികള്‍'ക്കു ശേഷം അതുപോലെ ബൃഹത്തായ മറ്റൊരു നോവല്‍. വിലാസിനിയുടെയോ മറ്റൊരു വലിയ നോവലെഴുതിയ തകഴിയുടെയോ അതെഴുതിയ അവരുടെ പ്രായത്തിലേക്കെത്താന്‍ സുസ്‌മേഷിന് എത്ര കൊല്ലംകൂടി വേണ്ടിവരും എന്നാണ് ആദ്യം ആലോചിച്ചത്. ഒരിക്കലും പ്രായം നോവല്‍ രചനയുടെ മാനദണ്ഡം അല്ലെങ്കിലും.
പുതപ്പ്, അടിക്കുപ്പായം, പുറങ്കുപ്പായം, നഗ്‌നത എന്നിങ്ങനെ നാല് ഭാഗങ്ങളിലായി ആയിരത്തി ഒരുനൂറ്റി പന്ത്രണ്ട് പേജുകളിലുള്ള ആഖ്യായികയാണ് വഴിച്ചെണ്ട. ആ പേരിന് തന്നെയുണ്ട് ഒരു പ്രത്യേകത. 'ചെണ്ടപ്പുറത്ത് കോലിടുന്ന ഇടത്തേക്കെല്ലാം പോകുന്നവര്‍'. പൂരക്കമ്പക്കാരെ ഇങ്ങനെ വിശേഷിപ്പിക്കും. 'വഴിയേ പോകുന്നവര്‍ക്കെല്ലാം തല്ലാനുള്ള ചെണ്ട'. സദാ ആരോപണവിധേയരാകുന്നവരെ ഇങ്ങനെ വിശേഷിപ്പിക്കും.
ഇവിടെ ഇതാ ഇങ്ങനെ ഒരു ചെണ്ട. ആ ചെണ്ടയില്‍ നിന്ന് ബഹിര്‍ഗമിക്കുന്നതാകട്ടെ കേരളത്തിന്റെ പകുതിയോളം ജില്ലകളിലെ ഒന്നിനൊന്ന് വ്യത്യസ്തമായ ജനജീവിതങ്ങളാണ്. ബെംഗളുരുവും പോണ്ടിച്ചേരിയും കടന്ന് മുസ്സൂറിയിലേക്ക് വരെ നോവല്‍ സഞ്ചരിക്കുന്നുണ്ട്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെടുന്ന വലിയൊരു വിഭാഗത്തിന്റെ ജീവിതകഥകളാണ് നോവല്‍ പശ്ചാത്തലമാക്കുന്നത്. അവരില്‍ ദളിതരുണ്ട്. സവര്‍ണരുണ്ട്. ഭ്രാന്തന്മാരും ലൈംഗികതൊഴിലാളികളും കൂട്ടിക്കൊടുപ്പുകാരും ഭിന്നലിംഗക്കാരും ഉണ്ട്.
ഇങ്ങേയറ്റം ചാനല്‍ പ്രഭുക്കളും ഐഎഎസ് അതിബുദ്ധിമാന്‍മാരും കലാകാരന്‍മാരുമുണ്ട്. കപട ബുദ്ധിജീവികളുണ്ട്. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ, പ്രധാനമായും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സഹയാത്രികരുണ്ട്. പ്രധാനപ്പെട്ടവരും അല്ലാത്തവരുമായി അഞ്ഞൂറിനടുത്ത് കഥാപാത്രങ്ങളുണ്ടെന്നാണ് വായനയില്‍ തെളിഞ്ഞത്. നോവലിലെ പ്രധാന കഥാപാത്രമായ അനൂപ് എന്ന ചിത്രകാരനെപ്പോലെ നോവലിസ്റ്റ് ഓരോ കഥാപാത്രത്തിനും ഒന്നിനൊന്നു വ്യത്യസ്തമായ രൂപഭാവങ്ങളും സ്വഭാവ വിശേഷതകളും നല്‍കിയിരിക്കുന്നു.
അനൂപിന്റെ ശൈശവം മുതല്‍ മധ്യവയസ്സ് വരെയുള്ള ജീവിതം, അതില്‍ ചെറിയ തോതിലും വലിയ തോതിലും ഇടപെടുന്ന ജീവിക്കുന്നവരും മരിച്ചവരുമായ(പക്കീരി മൂപ്പന്‍ ഹാജി, ദേവകിയമ്മ) മനുഷ്യരുടെ ജീവിതവും അവര്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍ സഹിതം അനന്യ സാധാരണമായ ചാരുതയോടെ നോവലിസ്റ്റ് വര്‍ണിക്കുമ്പോള്‍ വായനക്കാര്‍ പൂര്‍ണമായും അതില്‍ ആമഗ്‌നരാകുന്നു. ദുരന്തനായികയായ നജുമുന്നിസയും പലവിധ പ്രതിസന്ധികളോട് ക്ഷമയോടെയും കൗശലത്തോടെയും ഇടപെട്ട് തന്റെ സ്വപ്നങ്ങളെല്ലാം സാഫല്യത്തില്‍ എത്തിക്കുന്ന സാലിമ ജസീറയും രണ്ട് ധ്രുവങ്ങളിലെ സ്ത്രീയെ കാണിക്കുന്നു.

ഷാഹുല്‍ എന്ന സാലിമയെ പെണ്ണ് എന്ന വിഭാഗത്തില്‍ പെടുത്താന്‍ കഴിയില്ലെങ്കിലും. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരുടെ ജീവിതം, ഒറ്റപ്പെടലുകള്‍, അവര്‍ നേരിടുന്ന പ്രതിസന്ധികള്‍, ലിംഗമാറ്റ ശസ്ത്രക്രിയയുടെ വിവിധ വശങ്ങള്‍ തുടങ്ങിയവ വിശദമായി വിവരിക്കുന്ന ഒരു നോവല്‍ മലയാളത്തില്‍ ആദ്യമാണ് എന്ന് തോന്നുന്നു.
സ്ത്രീ-പുരുഷ ബന്ധങ്ങളുടെ സങ്കീര്‍ണതകള്‍ എടുത്ത് പറയുന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ ഇതിലുണ്ട്. നായര്‍ സമുദായാംഗമായ അനൂപിന്റെ അമ്മ സരസ്വതിയുടെയും പുലയനായ അച്ഛന്‍ പ്രഭാകരന്റെയും ഉദാത്തമായ പ്രണയം, സാഫല്യത്തില്‍ എത്തുന്നില്ലെങ്കിലും അനൂപിനെ ജീവിതം മുഴുവന്‍ വഴി നടത്തുന്ന അന്തര്‍ജനമായ സാവിത്രിയുടെ പ്രണയം, അനൂപിനാല്‍ തുടര്‍ച്ചയായി തിരസ്‌കരിക്കപ്പെട്ടിട്ടും തുടരുന്ന നജുമുന്നിസയുടെ പ്രണയം, അനൂപിന് വാരസ്യാരായ രശ്മിയോട് തോന്നുന്ന പ്രണയം, ഷാഹുലിന്റെ/ സാലിമയുടെ കാര്യസാധ്യത്തിനുള്ള സ്‌നേഹം, മെഹര്‍, നുസ്രത്ത് ബീവി ടീച്ചര്‍ എന്നിവര്‍ക്ക് അനൂപിനോടുള്ള നിശബ്ദമായ ആരാധന... അങ്ങനെ പ്രണയത്തിന്റെ വിവിധ വകഭേദങ്ങള്‍. (സാലിമയുടെ യഥാര്‍ഥലക്ഷ്യം തിരിച്ചറിഞ്ഞിട്ടും പിന്മാറാതെയിരിക്കുന്ന അനൂപിനോട് വായനക്കാര്‍ക്ക് സഹാനുഭൂതി തോന്നാതിരിക്കില്ല.)
അങ്ങനെ പ്രണയത്തിന്റെ ഒട്ടേറെ വകഭേദങ്ങള്‍ നോവലിലുണ്ട്. എന്നാല്‍ പ്രണയവികാരങ്ങള്‍ മാത്രമാണോ വഴിച്ചെണ്ട പങ്കുവയ്ക്കുന്നത്? അല്ല. അത് ജീവിതത്തിലെ സാധാരണ മനുഷ്യര്‍ നേരിടുന്ന എല്ലാ പരീക്ഷകളെയും പങ്കുവയ്ക്കുന്നുണ്ട്. അധികാരം, ദാരിദ്ര്യം, ജാതീയമായ ഉച്ചനീചത്വങ്ങള്‍, തൃഷ്ണകള്‍, പൊങ്ങച്ചങ്ങള്‍, മരണം, കാമാസക്തികള്‍...
മനുഷ്യരുടെ അടിസ്ഥാന വികാരങ്ങളിലൊന്നായ കാമത്തിന്റെ കനലുകള്‍ ആളുന്നതും ചാരം മൂടിക്കിടക്കുന്നതും നോവലിലുടനീളം കാണാം. ഒന്നും വികൃതമാക്കി വിവരിക്കുന്നില്ലെന്നു മാത്രം. എന്നാല്‍ എല്ലാ കഥാപാത്രങ്ങളും മോഹഭംഗങ്ങളുടെ നിരാശ ചുമക്കുന്നവരാണ്. ഭൂതനാഥന്‍, മെഹര്‍, പൂവി, അനില്‍, ഒക്കെ ഉദാഹരണങ്ങളാണ്.
രതിയാണ് ഈ നോവലിന്റെ പ്രധാനപ്പെട്ട അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്. നിര്‍വ്യാജമായ, പരിശുദ്ധമായ, തീക്ഷ്ണമായ സ്ത്രീ പുരുഷപ്രേമത്തിന്റെ ഫലമായി നൈസര്‍ഗികമായ രതി അനുഷ്ഠിക്കുന്നവര്‍ നോവലില്‍ തുലോം കുറവാണ്. ഭാര്യാഭര്‍ത്താക്കന്മാരായ സരസ്വതിയും പ്രഭാകരനുമൊഴികെ മറ്റാരുമില്ലെന്ന് തന്നെ പറയാം. വിവാഹിതരല്ലാത്ത രങ്കണ്ണനും ലൈംഗിക തൊഴിലാളിയായ വാനതിയും തമ്മിലും അത്തരമൊരു പ്രണയം കണ്ടെത്താം. മറ്റു പലരിലും പ്രകടമാകുന്നത് രതിയോടുള്ള കേവലമായ ആകര്‍ഷണീയതയാണ്.
സന്യാസ ജീവിതം ഉപേക്ഷിച്ച് വിവാഹിതരാവുന്ന യോഹന്നാന്‍ പാതിരിയും കന്യാസ്ത്രീയായ ലിസയും ആത്യന്തികമായി കേള്‍ക്കുന്നത് അവരുടെ മാംസത്തിന്റെ വിളിയാണ്. പൂവിയിലാകട്ടെ, മെഹറിലാകട്ടെ അത് സമൂഹം അടിച്ചേല്‍പ്പിക്കുന്നു. ശരീരത്തിന്റെ താല്‍ക്കാലികമായ കാമാകര്‍ഷണത്തെ സ്വീകരിക്കുന്ന അനിലും സ്വപ്നയും സുഭദ്രയുമെല്ലാം അതിന്റെ ഇരകളായി തകരുന്നു. വായനക്കാര്‍ക്ക് വ്യക്തമാകും വിധം അത് വിവരിക്കുന്നുമുണ്ട്.
ഇത്തരം സാഹചര്യങ്ങളിലെല്ലാം അനൂപ് അസ്വസ്ഥനാകുന്നതും തുടര്‍ന്നുണ്ടാകുന്ന അവന്റെ മാനസിക വ്യാപാരങ്ങളും വളരെ വിശദമായി നോവലിസ്റ്റ് പറയുന്നുണ്ട്.
മലയാളിയുടെ കപട സദാചാരബോധത്തെ തുറന്നു കാണിക്കുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട് നോവലില്‍. സമൂഹമധ്യത്തില്‍ മാന്യതയുടെ കുപ്പായം അണിയുമ്പോഴും അവിഹിതവേഴ്ചകള്‍ക്ക് കിട്ടുന്ന അവസരം പാഴാക്കാത്ത പലരെയും നോവലില്‍ കാണാം. അടുത്ത ബന്ധുവായ അബ്ബാസുമായി വേഴ്ച നടത്താന്‍ മടിക്കാത്ത ഉമ്മര്‍ മാഷുടെ പെണ്‍മക്കള്‍ റുക്കിയയേയും റുമിസയേയും ഉദാഹരിക്കാം. അബ്ബാസിന് വശംവദയാകുന്നില്ലെങ്കിലും മെഹറിലും നുസ്രത്ത് ബീവി ടീച്ചറില്‍ പോലും മൂടിവച്ച രതിമോഹങ്ങളുണ്ട്. അനൂപാണ് അവരുടെ ലക്ഷ്യം. എന്നാല്‍ അവന്‍ അവരെ എല്ലായ്‌പ്പോഴും അവഗണിക്കുന്നു.
നജുമുന്നിസയാകട്ടെ തുടക്കം മുതലേ അനൂപിനോട് തീവ്രമായ അനുരാഗം ഉള്ളവളാണ്. സമൂഹത്തെയും മതത്തെയും വെടിഞ്ഞ് അവനുവേണ്ടി എല്ലാം സമര്‍പ്പിക്കാന്‍ തയ്യാറുള്ളവളാണ് നജുമുന്നീസ. പക്ഷെ അനൂപ് നിഷ്‌കരുണമാണ് സാവിത്രിക്കുവേണ്ടി അവളുടെ പ്രേമം കണ്ടില്ലെന്ന് വക്കുന്നത്. ആരോഗ്യവതികളായ ഈ സ്ത്രീകളെ നിരസിക്കുന്ന അനൂപിന് ലഭിക്കുന്നതാകട്ടെ ഭിന്നലിംഗക്കാരിയായ ഷാഹുല്‍ എന്ന സാലിമയുമായുള്ള രതി അനുഭവവും. അത് പൂര്‍ണമോ അപൂര്‍ണമോ, ശരിയോ തെറ്റോ എന്നതല്ല. അനൂപിന് വന്നു ചേരുന്ന ദുര്യോഗത്തതിനാണ് നോവലിസ്റ്റ് ഊന്നല്‍ നല്‍കുന്നത്.
തന്റെ മരുമക്കളുമായി വഴിവിട്ട ബന്ധം പുലര്‍ത്തുന്നു എന്ന് നാട്ടുകാര്‍ കരുതുന്ന ദേവകിയമ്മ, പതിവായി കിണറ്റുംകരയില്‍ ലജ്ജയില്ലാതെ നിന്ന് ശരീരത്തിന്റെ വേവ് തണുപ്പിക്കുന്ന ഇത്താച്ചുട്ടിയുമ്മ, അനൂപിന് മുന്നില്‍ പ്രഹേളികയായി ആദ്യം മുതലേ നിലകൊള്ളുന്ന കെ.ബി., ബി.ആര്‍. സഹോദരന്മാര്‍... അങ്ങനെ മിക്കവരും ശമിക്കപ്പെടാത്ത ലൈംഗികദാഹവുമായി നടക്കുന്നവരാണ്. കുടുംബത്തിനകത്തെ ലൈംഗിക ചൂഷണങ്ങള്‍ തുറന്നു കാട്ടുന്നു നജുമുന്നിസയുടെ ഭര്‍ത്താവ് മൂസാക്കുട്ടിയും സഹോദരഭാര്യയും.
ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍ നോവലില്‍ കണ്ടെത്താന്‍ കഴിയും. കാമത്തിന്റെ പേരില്‍ ഏതാനും കൊലപാതകങ്ങളും നോവലില്‍ നടക്കുന്നുണ്ട്.
റോമയുടെയും ഏലിക്കുട്ടിയുടെയും കൊലകള്‍, വാനതിക്കുവേണ്ടിയുള്ള കനകസഭയുടെ മരണം എന്നിവ ഉദാഹരണം. സ്വവര്‍ഗാനുരാഗത്തിന്റെ എത്തിനോട്ടങ്ങളും നോവലിലുണ്ട്. ബാലനായ അനൂപിനോടുള്ള സ്ഥാണുനായരുടെ താല്പര്യം, മെഹറിന്റെ ഭര്‍ത്താവ് ജഹാംഗീറിനുള്ള സ്വവര്‍ഗ ബന്ധങ്ങള്‍ എന്നിവ.

മദ്യത്തിന്റെ പ്രലോഭനത്തിന് വഴങ്ങി ഗുരുവായൂരില്‍ ഏതോ മനുഷ്യന് മുന്നില്‍ മുട്ട് കുത്തിയിരിക്കുന്ന അനൂപിനെയും നമ്മള്‍ കാണുന്നുണ്ട്. നോവലിലെ നായകന് വ്യവസ്ഥാപിത സമൂഹം ചാര്‍ത്തികൊടുത്തിട്ടുള്ള ആടയാഭരണങ്ങളൊന്നും അനൂപിന് നല്‍കാന്‍ നോവലിസ്റ്റ് തയ്യാറായിട്ടില്ല. ഒരേ സമയം വിജയിയും പരാജിതനുമാണ് അനൂപ്. എന്നാല്‍ ഇതെല്ലാമാണോ വഴിച്ചെണ്ട എന്ന നോവല്‍? അല്ല.
വഴിച്ചെണ്ട പച്ചയായ നാടന്‍ ജീവിതത്തിന്റെ നേരാഖ്യാനമാണ്. കൗശലവും കാപട്യവുമില്ലാത്ത നേരെഴുത്ത്. അത് വായനക്കാരനെ ഉള്ളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കും. ഇങ്ങനൊരു കൃതി സമീപകാലത്ത് മലയാളത്തിലുണ്ടായിട്ടില്ല. ദീര്‍ഘമായ ചരിത്രമോ സമരങ്ങളോ രാഷ്ട്രീയമോ പറയാതെ വ്യക്തികളെ മുന്‍നിര്‍ത്തി കാലത്തെയും സമൂഹത്തെയും അപഗ്രഥിക്കാനാണ് നോവലിസ്റ്റ് തുനിയുന്നത്. ഒപ്പം നോവല്‍ വായിക്കുന്ന വായനക്കാരനും.
സംഭാഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയുള്ള കഥനരീതിയോട് സമരസപ്പെടാന്‍ ആദ്യമൊക്കെ നമുക്ക് ബുദ്ധിമുട്ട് തോന്നിയേക്കാം. പക്ഷെ പോകെപ്പോകെ വായനക്കാരെ ഒപ്പം കൊണ്ടുപോകാന്‍ നോവലിസ്റ്റിന് കഴിയുന്നുണ്ട്. മറ്റൊരു നോവലിസ്റ്റ് എന്ന നിലക്ക് ഈ പരീക്ഷണം എന്നില്‍ കൗതുകവും അമ്പരപ്പും ജനിപ്പിച്ചു എന്നുകൂടി വ്യക്തമാക്കട്ടെ.
പരസ്യം അന്വര്‍ഥമാക്കിക്കൊണ്ട് എല്ലാ അര്‍ഥത്തിലും ബൃഹദാഖ്യായികയായി മാറാന്‍ കഴിഞ്ഞ വഴിച്ചെണ്ട ഇനിയും വായനക്കാരിലൂടെ ബഹുദൂരം സഞ്ചരിക്കും എന്നുറപ്പ്.
Content Highlights: Vazhichenda novel review
Published: 17 May 2025, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented