സുസ്‌മേഷ് ചന്ത്രോത്തിന്റെ ബൃഹദ്‌നോവലായ 'വഴിച്ചെണ്ട'യെ കുറിച്ചുള്ള വായന: 

To advertise here,

ഫേസ്ബുക്കിലൂടെയും യൂട്യൂബ് ചാനലിലൂടെയുമാണ് സുസ്‌മേഷ് ചന്ത്രോത്തിന്റെ ബൃഹദ്‌നോവലായ 'വഴിച്ചെണ്ട' യെപ്പറ്റി ഞാനറിയുന്നത്. സുസ്‌മേഷ് ചന്ത്രോത്തിന്റെ കുറേ രചനകള്‍, കഥകളായും നോവലുകളായും വായിച്ചിട്ടുണ്ട്. അവയില്‍ പലതും വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തവയാണ്. 

ചരിത്രം തിരഞ്ഞു നടക്കുന്ന ഒരു സഞ്ചാരിയാണ് ഞാന്‍. ചരിത്ര പുസ്തകങ്ങളോടാണ് കൂടുതല്‍ താല്പര്യവും. ആരെങ്കിലും അധികമായി ശുപാര്‍ശ ചെയ്യുന്നതോ അല്ലെങ്കില്‍ അടുത്ത സുഹൃത്തുക്കളെഴുതുന്നതോ ആയ ഫിക്ഷനുകള്‍ മാത്രമേ ഞാന്‍ വായിക്കാറുള്ളൂ. സുസ്‌മേഷിന്റെ കൃതികള്‍ ഏറെ ഇഷ്ടപ്പെടുന്ന മറ്റൊരാള്‍ കൂടി എന്റെ ഭവനത്തിലുണ്ട്. 75 വയസ്സുള്ള സഹോദരി. 'ചന്ത്രോത്തിന്റെ പുതിയ പുസ്തകങ്ങളൊന്നുമില്ലേ' എന്ന് എന്നോടവര്‍ ചോദിക്കും. അങ്ങനെയാണ് 
വഴിച്ചെണ്ടയ്ക്ക് ഓര്‍ഡര്‍ ചെയ്തത്. അപ്പോള്‍ എന്റെ ബുക്ക് ഷെല്‍ഫിലെ വലിപ്പമുള്ള പുസ്തകങ്ങളിലൊന്നായി അവിടെ സൂക്ഷിക്കാം, സാവകാശം വായിക്കാം എന്ന് മാത്രമേ ഞാന്‍ ചിന്തിച്ചുള്ളൂ. ചെറിയ പുസ്തകങ്ങളെക്കാള്‍ വലിയ പുസ്തകങ്ങളാണല്ലോ ഷെല്‍ഫുകള്‍ എടുത്തു കാട്ടുന്നത്. 

നോവലുകള്‍ വായിക്കാന്‍ തീരെ താല്പര്യമില്ലാത്ത എനിക്ക് 1112 പേജുകളുള്ളൊരു നോവല്‍ വായിക്കയെന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു. സുസ്‌മേഷിന്റെ രചനകള്‍ മോശമാവില്ലെന്നു മാത്രമല്ല എന്തെങ്കിലുമൊക്കെ പുതുതായി അവയില്‍ നിന്നും മനസ്സിലാക്കാനുണ്ടാവുമെന്നറിയാമായിരുന്നെങ്കിലും പുസ്തകം തുറക്കാന്‍ ഞാന്‍ മടിച്ചു. വഴിച്ചെണ്ട കയ്യില്‍ക്കിട്ടി മൂന്നു ദിവസത്തിനകം ഗുജറാത്തിലേക്ക് യാത്ര ചെയ്യാനായി ഞാന്‍ ഇറങ്ങുകയും ചെയ്തു. 

മലയാളത്തിലെ പല പദപ്രയോഗങ്ങളുടെയും അര്‍ഥം എനിക്കറിയില്ല. കാരണം ഞാന്‍ ജനിച്ചതും വളര്‍ന്നതും കേരളത്തിലാണെങ്കിലും 18 വയസ്സു മുതല്‍ ജീവിക്കുന്നത് കൊല്‍ക്കത്തയിലാണ്. വഴിച്ചെണ്ട കൈപ്പറ്റിയ സന്തോഷം ഫേസ്ബുക്കിലെ സുഹൃത്തുക്കളെ അറിയിച്ചപ്പോള്‍ അവരില്‍ ചിലരുടെ കമന്റുകളില്‍ നിന്നാണ് 'വഴിച്ചെണ്ട' എന്ന വാക്കിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലാകുന്നത്. അപ്പോള്‍ മുതല്‍ ഈ നോവലിലെ വഴിച്ചെണ്ട ആരാണെന്നറിയാനുള്ള ആഗ്രഹം മനസ്സില്‍ മുളയിട്ടു തുടങ്ങി. ഒരാഴ്ചക്കുശേഷം ഗുജറാത്തില്‍ നിന്നും മടങ്ങിവന്നിട്ട് അന്നുതന്നെ വഴിച്ചെണ്ട തുറന്നു വായിക്കാനാരംഭിച്ചു. 

കല്യാണം കഴിക്കാനാഗ്രഹിക്കുന്ന കുട്ടി

തനിക്കു കല്യാണം കഴിച്ചു ജീവിക്കണമെന്ന ആറാം വയസ്സുകാരന്റെ മോഹമാണ് എന്നെ ആദ്യം ഈ നോവലില്‍ ചിരിപ്പിച്ചത്. ആദ്യമായി വേദനിപ്പിച്ചത് അനൂപിന്റെ പത്താം ക്ലാസ്സിന്റെ റിസള്‍ട്ടും. ഇങ്ങനെ ചിരിപ്പിക്കുകയും വിങ്ങലടക്കിവയ്ക്കാന്‍ പ്രേരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഈ നോവലിലുണ്ട്. പത്താം ക്ലാസ്സിലെ പഠനത്തിന് ശേഷം മാറുന്ന അനൂപിന്റെ ജീവിതമാണ് നോവലിന്റെ ബാക്കിയുള്ള ഭാഗങ്ങളില്‍ക്കാണുന്നത്. 

ജ്യേഷ്ഠന്‍ അനൂപ് താന്തോന്നിയായി, തന്നിഷ്ടക്കാരനായി ജീവിക്കുമ്പോള്‍ അനുജന്‍ അനില്‍ മാതാപിതാക്കളെ അനുസരിച്ചു ഉത്തരവാദിത്തമുള്ളവനായി വളരുന്നു. ഒരേ മാതാപിതാക്കള്‍ക്കുണ്ടായ, സ്വഭാവത്തില്‍ ഒരു സാമ്യവുമില്ലാത്ത രണ്ടു മക്കളായി അനൂപും അനിലും ജീവിക്കുന്നു. ഈ അവസ്ഥ പല കുടുംബങ്ങളിലും കാണാന്‍ കഴിയും.  ഈ നോവലിലെ മിക്ക കഥാപാത്രങ്ങളും ഇങ്ങനെ നമുക്ക് ചുറ്റുമുള്ളവരാണ്. അതുകാരണം വായന ഒരിടത്തും തടസ്സപ്പെടുന്നില്ല.

അനൂപിന്റെ വായനാശീലം പ്രശംസനീയമാണ്. ആ വായനയിലൂടെയാണ് സാവിത്രിയെ അനൂപ് കണ്ടുമുട്ടുന്നതും. അനൂപിന് സാവിത്രിയോടുള്ള സ്‌നേഹം ആഴമേറിയതായിരുന്നു. ഒരുപക്ഷേ കൗമാരപ്രായമായതുകൊണ്ടാകാം അതിനു ഇത്രയേറെ ഗൗരവം എഴുത്തുകാരന്‍ നല്‍കിയത്. സാവിത്രിയെ ഒന്ന് കാണാനായി അനൂപ് പെടുന്ന പാടും അനുഭവിക്കുന്ന കഷ്ടതയും വളരെ വലുതാണ്. ഒരു കത്ത് വരാന്‍ വേണ്ടിയുള്ള കാത്തിരിപ്പൊക്കെ ഇത്ര ഭംഗിയായി അതിന്റെ ശരിയായ വികാരവായ്പോടെ എഴുതാന്‍ അനുഭവത്തിലൂടെ മാത്രമേ സാധിക്കുകയുള്ളുവെന്ന് തോന്നുന്നു. കൗമാരപ്രായത്തില്‍ പ്രണയിച്ചിട്ടുള്ള ഏതൊരാളുടെയും മനസ്സിലൂടെ ആ നാളുകള്‍ കടന്നുപോകും. ഇത്ര മനോഹരമായി കൗമാരക്കാലത്തെ പ്രണയത്തെ മറ്റേതെങ്കിലും എഴുത്തുകാരന് വിവരിക്കാന്‍ സാധിക്കുമോയെന്നറിയില്ല. അനൂപിനോട് സാവിത്രിക്ക് തിരിച്ചും സ്‌നേഹമുണ്ടായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. എന്നാലും സാവിത്രിയുടെ ജീവിതത്തില്‍ സംഭവിച്ചത് മനഃപൂര്‍വമായിരിക്കില്ല. അല്ലെങ്കിലും ആ കാലഘട്ടത്തിലെ ഒരു മലയാളി പെണ്‍കുട്ടി എന്തു ചെയ്യാനാണ്! അവള്‍ക്ക് അനുസരിച്ചേ മതിയാകൂ. അനൂപ് നേരിടുന്ന രണ്ടാമത്തെ തോല്‍വി അതാണ്. പിന്നീട് സാവിത്രി വിശ്വസ്തയായ ഒരു ഭാര്യയായി മാറിയതും സന്തോഷം നല്‍കുന്ന കാര്യം തന്നെയാണ്. 

നജുമുന്നീസ

നോവലിലെ നജുമുന്നീസ ഏറെ വേദനിപ്പിക്കുന്ന കഥാപാത്രമാണ്. അവളുടെ ജീവിതം ഏതു വായനക്കാരന്റെയും ഹൃദയത്തെ മുറിപ്പെടുത്തും. സത്യത്തില്‍ വഴിച്ചെണ്ട വായിക്കുന്ന ആരുടെയും ഹൃദയത്തില്‍ നോവായി അവശേഷിക്കുന്ന പ്രധാന കഥാപാത്രവും നജുമുന്നീസ തന്നെയായിരിക്കും.

ചില കഥാപാത്രങ്ങളോട് ദേഷ്യവും പകയും എനിക്ക് തോന്നി. ഷാഹുലിനെ ആദ്യം തന്നെ ഇഷ്ടമായില്ല. സാലിമയോട് അനൂപിനിത്ര സ്‌നേഹം തോന്നാന്‍ എന്ത് ഗുണമാണ് അവരില്‍ക്കണ്ടതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായതുമില്ല. ആരോടൊക്കെയോ പ്രതികാരം ചെയ്യുന്ന മട്ടില്‍ ജീവിക്കുന്ന, അതുവഴി സ്വയമറിയാതെ ജീവിതം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സാധുവിന്റെ ബലഹീനതയെ മുതലെടുക്കുന്ന സാലിമയോട് എനിക്ക് വല്ലാത്ത അമര്‍ഷമാണ് തോന്നിയത്. അവരുടെ സ്വഭാവം ആദ്യംതന്നെ മനസ്സിലാക്കാന്‍ സാധിച്ചതിനാല്‍ അനൂപൊരു വിഡ്ഢിയാണല്ലോയെന്നു പലപ്പോഴും ഞാന്‍ ചിന്തിച്ചു. അനൂപിനോടുള്ള സഹതാപംകൊണ്ടാകാം അവരുടെ ബന്ധം എങ്ങനെ പര്യവസാനിക്കുമെന്നറിയാനുള്ള ആകാംക്ഷ വായനയിലുടനീളം ഞാനനുഭവിക്കുകയും ചെയ്തു. പുറകില്‍ നിന്നും മുന്നിലോട്ടു വായിച്ചാലോയെന്നും ചിലപ്പോഴൊക്കെ ചിന്തിക്കാതിരുന്നില്ല. 

മറ്റൊരു പ്രധാന കഥാപാത്രമായ യോഹന്നാന്‍ പാതിരിയൊക്കെ ആരിലാണ് ഗൃഹാതുരത്വമുണര്‍ത്താത്തത്. കറിയാച്ചന്‍, ഔതച്ചായന്‍, ഏലിക്കുട്ടിച്ചേട്ടത്തി, പാച്ചുവമ്മാവന്‍, നുസ്റത്ത് ബീവി ടീച്ചര്‍, രശ്മി, ലിസ സിസ്റ്റര്‍, താജുദ്ദീന്‍ എന്നുവേണ്ട ഈ നോവലിലുള്ള ഓരോരുത്തരും ജീവിക്കുന്ന കഥാപാത്രങ്ങളാണ്. 

സ്വഭാവ വൈശിഷ്ട്യത്താല്‍ എടുത്തുപറയേണ്ട ധാരാളം പേര്‍ വഴിച്ചെണ്ടയിലുണ്ടെങ്കിലും ഏറ്റവും തലയുയര്‍ത്തി നില്‍ക്കുന്നത് ധൈര്യവും ആത്മവിശ്വാസവുമുള്ള, തന്റെ അഭിപ്രായങ്ങളില്‍ നിന്നും വ്യതിചലിക്കാത്ത, മക്കളെ ഏറെ സ്‌നേഹിക്കുന്ന, അനൂപിന്റെ അമ്മയായ സരസ്വതിയാണ്. കീഴ്ജാതിക്കാരനായ ഭര്‍ത്താവിനോടുള്ള അചഞ്ചലമായ പ്രണയവും മക്കളോടുള്ള ഉത്തരവാദിത്തവും നല്ലതുപോലെ സൂക്ഷിക്കുന്ന സ്ത്രീയാണവര്‍. നജുമുന്നീസ കഴിഞ്ഞാല്‍ വഴിച്ചെണ്ടയില്‍ ഉയര്‍ന്നു നില്‍ക്കുന്നത് സരസ്വതിയാണ്.

ഗ്രാമത്തിന്റെ സത്യസന്ധമായ കാഴ്ചകള്‍

സുസ്‌മേഷിന്റെ പ്രധാനപ്പെട്ട ചില നോവലുകളില്‍ ഗ്രാമങ്ങളും അവിടുത്തെ മനുഷ്യരുമാണുള്ളത്. (9, യന്ത്രലോചനം, ദേശത്തിന്റെ രതിഹാസം)  പിന്നെ സുജാതയും ഭരതേട്ടനും പോലുള്ള കഥകളും. ഗ്രാമങ്ങളില്‍ അവരോടൊപ്പം താമസിച്ച്, ഓരോരുത്തരെയും നന്നായി നിരീക്ഷിച്ച ഒരാള്‍ക്ക് മാത്രമേ ഇത്ര കൃത്യമായും വ്യക്തമായും ഗ്രാമവാസികളുടെയും അവരുടെ ജീവിതത്തെയും ഇവ്വിധം എഴുതാന്‍ കഴിയൂ. ഈ നോവല്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ വളര്‍ന്ന തിരുവിതാംകൂറിലെ ഗ്രാമം മനസ്സിലേക്ക് കടന്നുവന്നു. എല്ലാ മതസ്ഥരും ഒന്നിച്ചു കഴിഞ്ഞിരുന്ന നാട്ടില്‍ ദാരിദ്ര്യം മാത്രമേ ആളുകളെ ബാധിച്ചിരുന്നുള്ളൂ. അതിനാല്‍ എന്റെ ഗ്രാമത്തെപ്പറ്റിയാണ് സുസ്‌മേഷ് എഴുതിയിരിക്കുന്നതെന്നു തോന്നിപ്പോയി. എല്ലാ ഗ്രാമങ്ങളിലെയും ജീവിതം ഏതാണ്ടൊരുപോലെയാണല്ലോ. 

കര്‍ണാടക, വെസ്റ്റ് ബംഗാള്‍, രാജസ്ഥാന്‍, ഗുജറാത്ത്, ആസ്സാം മുതലായ പല സംസ്ഥാനങ്ങളിലെ ഗ്രാമങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവിടുത്തെ സാധാരണക്കാരോട് അടുത്തിടപഴകിയിട്ടുണ്ട്. മറ്റൊരാളുടെ ദുഃഖം സ്വന്തം ദുഃഖമായും മറ്റൊരാളുടെ സന്തോഷം സ്വന്തം സന്തോഷമായും കാണുന്നവരാണവരൊക്കെ. ഈ നോവലിലും നന്മയുള്ള ഗ്രാമജീവിതം കാണാനാകും. ബോഡിമെട്ടിലായാലും പൊടിച്ചിക്കുന്നിലായാലും വയനാട്ടിലായാലും മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നു. ഇത് കേരളത്തില്‍ മാത്രമല്ല ഒട്ടുമിക്ക ഇന്ത്യന്‍ ഗ്രാമങ്ങളിലും അങ്ങനെയാണ്. എന്നാല്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ ജാതിമത വ്യത്യാസമില്ല എന്നതാണ് എടുത്തുപറയേണ്ട കാര്യം.  വഴിച്ചെണ്ടയിലെ ഗ്രാമീണജീവിതവും മറ്റൊന്നല്ല കാണിച്ചുതരുന്നത്. മുസ്ലീം മതസ്ഥരുടെ ജീവിതവും  ക്രിസ്തീയ വിശ്വാസികളുടെ ജീവിതവുമൊക്കെ എത്ര ഭംഗിയായിട്ടാണ് ഈ നോവലില്‍ എഴുത്തുകാരന്‍ വരച്ചുകാട്ടിയിരിക്കുന്നത്. 

ഹിജ്‌റ സമുദായം

ഇന്ത്യയിലെ ഹിജ്റകളെപ്പറ്റി, അവരുടെ ജീവിതത്തെപ്പറ്റി, കഷ്ടപ്പാടുകളെപ്പറ്റിയൊക്കെ ഞാന്‍ ആദ്യമായി മനസ്സിലാക്കുന്നത് വില്യം ഡാല്‍റിംപിളിന്റെ 'സിറ്റി ഓഫ് ജിന്‍സ്, എ ഇയര്‍ ഇന്‍ ഡല്‍ഹി' എന്ന പുസ്തകത്തില്‍ നിന്നാണ്. രണ്ടാമത് വായിക്കുന്നത് വഴിച്ചെണ്ടയിലും. ഡാല്‍റിംപിളിന്റെ പുസ്തകം വായിച്ചശേഷം കൊല്‍ക്കത്തയിലെ ചില ട്രാന്‍സ്ജെന്‍ഡേര്‍സുമായി അടുത്തിടപഴകാന്‍ ഞാന്‍ ശ്രമിച്ചു. അവരെപ്പറ്റി കൂടുതല്‍ പഠിക്കുകയെന്നതായിരുന്നു എന്റെ ഉദ്ദേശ്യം. പക്ഷേ അവരിലാരും എനിക്കതിനവസരം തന്നില്ല. സുസ്‌മേഷ് ചന്ത്രോത്ത് ഇക്കൂട്ടരെപ്പറ്റി വിശദമായാണ് എഴുതിയിരിക്കുന്നത്. അത് വിരസമാകാതെയും അശ്ലീലമാകാതെയും നിര്‍വഹിച്ചിട്ടുമുണ്ട്. സുസ്‌മേഷിന്റെ എഴുത്തിന്റെ പ്രത്യേകതയും അതാണ്. 

ഇംഗ്ലീഷ് വാക്കുകള്‍ പല കൃതികളിലും രസകരമായി മലയാളീകരിച്ചെഴുതുന്ന എഴുത്തുകാരനാണ് സുസ്‌മേഷ്. രണ്ടാം വില്‍പ്പന വസ്തു, അറിയിപ്പുമണി, ക്ഷുരകക്കട, മാറ്റക്കടലാസ്, പരുത്തിത്തൂവാല എന്നിവയൊക്കെ വഴിച്ചെണ്ടയിലുപയോഗിച്ചിരിക്കുന്ന അത്തരം വാക്കുകളില്‍ ചിലതാണ്. അതും എനിക്കിഷ്ടമാണ്.

വഴിച്ചെണ്ട ഏഴു വര്‍ഷംകൊണ്ട് എഴുതിത്തീര്‍ത്തതാണെന്ന് സുസ്‌മേഷ് ഏതോ അഭിമുഖത്തില്‍ പറയുന്നത് കേട്ടിരുന്നു. നോവല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഇങ്ങനെയൊരു പുസ്തകം ഏഴുവര്‍ഷംകൊണ്ട് എഴുതിത്തീര്‍ക്കാന്‍ സാധിക്കുമോയെന്ന് ഞാന്‍ ചിന്തിച്ചുപോയി. അത്രത്തോളം വിശദമായ ചര്‍ച്ചകളും വിശകലനങ്ങളും ഈ നോവലിലുണ്ട്. മതം, ജാതി, വിശ്വാസം, പുരോഗമനജീവിതം, ദുഃഖം, അപമാനം, സ്വാര്‍ത്ഥത തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ശരാശരി മനുഷ്യന്റെ ഭാഗത്തുനിന്നും ചിന്തിച്ചെഴുതിയിരിക്കുന്നു. എത്രമാത്രം സമര്‍പ്പണവും കഠിനാധ്വാനവും അതിനായി ചെലവഴിച്ചിട്ടുണ്ടെന്ന് ഒരു വായനക്കാരന് ഊഹിക്കാന്‍ കഴിയും. അരനൂറ്റാണ്ടിന്റെ സാമൂഹികവളര്‍ച്ച ഈ നോവലില്‍ ആവിഷ്‌കരിക്കുന്നുണ്ട്. കൃഷിപ്പണി, ശാസ്ത്രസാഹിത്യ പരിഷത്ത്, സ്വകാര്യമേഖലയുടെ വളര്‍ച്ച തുടങ്ങി കഴിഞ്ഞ അമ്പത് കൊല്ലത്തിനുള്ളില്‍ കേരളം കണ്ട പല കാര്യങ്ങളും നോവലിലുണ്ട്. അതെല്ലാം പ്രാദേശികചരിത്രമാണല്ലോ. മനസ്സില്‍ കനം വീഴ്ത്തുന്ന വായന വേണമെന്നുള്ളവര്‍ക്ക് 'വഴിച്ചെണ്ട' ധൈര്യമായി തിരഞ്ഞെടുക്കാം.