
സുസ്‌മേഷ് ചന്ത്രോത്തിന്റെ 'വഴിച്ചെണ്ട' എന്ന പുസ്തകത്തേക്കുറിച്ചുള്ള കുറിപ്പ് വായിക്കാം...
വളരെ വലിയ നോവലായതിനാല്‍ ആദ്യമാദ്യം വായിച്ചു തുടങ്ങുന്ന ഭാഗങ്ങള്‍ അവസാനമാകുമ്പോഴേക്കും മറന്നു പോയേക്കുമോ, തുടര്‍ച്ച നഷ്ടമായേക്കുമോ, മടുപ്പ് തോന്നി ഉപേക്ഷിച്ചേക്കുമോ എന്നൊക്കെയായിരുന്നു ആദ്യമുണ്ടായിരുന്ന ആശങ്കകള്‍..! എന്നാല്‍ വായനക്കാരുടെ ഓര്‍മശക്തിയെ വെല്ലുവിളിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യുംവിധം സങ്കീര്‍ണമായ വിവരണങ്ങളൊന്നും തന്നെ ഇതിലില്ലെന്നും സാധാരണ ഗതിയില്‍ ആര്‍ക്കും വായിച്ചു പോകാവുന്നതേ ഉള്ളൂവെന്നും അധികം വൈകാതെ തന്നെ മനസ്സിലായി.
വിലാസിനിയുടെ അവകാശികള്‍ക്കും തകഴിയുടെ കയറിനും ശേഷം മലയാളം കണ്ട ഏറ്റവും വലിയ നോവലത്രേ സുസ്‌മേഷ് ചന്ത്രോത്തിന്റെ വഴിച്ചെണ്ട. ആയിരത്തി ഒരുനൂറിലേറെ പേജുകളുള്ള അതിബൃഹത്തായ ആഖ്യാനം. അത്രയേറെ വിവരിക്കാന്‍ മാത്രം എന്തായിരിക്കും അതിനകത്ത് ഉണ്ടാവുകയെന്നത് ഏതൊരു വായനക്കാരന്റെയുമുള്ളില്‍ സ്വഭാവികമായി ഉയരുന്നൊരു ചോദ്യമായിരിക്കും.
കുഴമ്പും തൈലവും മണക്കുന്ന കോട്ടയ്ക്കലും മതമൈത്രിയുടെ മലപ്പുറവും കടലോളം പരന്നൊഴുകുന്ന പരസ്പര സ്‌നേഹത്തിന്റെ കഥയും ഇതില്‍ വലിയ തോതില്‍ വന്നു പോവുന്നുണ്ട്. അതുകൊണ്ട് തന്നെ അവയേക്കുറിച്ചെല്ലാം മിനിമം ധാരണയുള്ള ഏതൊരാള്‍ക്കും ആകാംക്ഷയുടേയും പ്രതീക്ഷയുടേയും അമിത ഭാരം കൂടി ഈ നോവല്‍ കൈയിലെടുക്കുമ്പോള്‍ ഉറപ്പായും ഉണ്ടാവും.
വൈകാരികമായ രംഗങ്ങള്‍ വളരെയേറെയുണ്ടെങ്കിലും ഹൃദയം നുറുങ്ങുന്ന വേദനയോടെ വായിക്കേണ്ടി വരുന്നത് നജുമുന്നീസയുടെ രോഗാതുരമായ നാളുകളെക്കുറിച്ചുള്ള വിവരണങ്ങളാണ്. വായന പൂര്‍ത്തിയാക്കി പുസ്തകം പൂട്ടി വെക്കുമ്പോള്‍ പുറത്തേക്കിറങ്ങി ഒപ്പം വരുന്നതും നജുമുന്നീസ തന്നെ. ആരില്‍ നിന്നും തിരിച്ചൊന്നുമേ പ്രതീക്ഷിക്കാത്ത നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ മൂര്‍ത്തീ രൂപത്തോട് മനുഷ്യര്‍ക്ക് തോന്നുന്ന അടുപ്പത്തില്‍ നിന്നും ആദരവില്‍ നിന്നുമായിരിക്കാം അതങ്ങനെ സംഭവിച്ചു പോവുന്നത്.
അതേസമയം അനൂപിനെ സംബന്ധിച്ച് സാവിത്രിയാണ് സര്‍വവുമെങ്കിലും സരസ്വതിയെന്ന അമ്മക്കഥാപാത്രത്തോടാണ് ആദ്യ താളുകള്‍ മറിയുമ്പോള്‍ വായനക്കാര്‍ക്ക് അനല്‍പ്പമായൊരു അടുപ്പം തോന്നുന്നത്. അവസാന ഭാഗമെത്തുമ്പോഴും അതിനലല്‍പ്പവും കുറവു വരുന്നുമില്ല. പുരോഗമനമെത്ര തന്നെ പറഞ്ഞാലും കുടുംബത്തിനുള്ളില്‍ അന്നേവരെ ആണായി ജീവിച്ചു വരുന്നൊരാള്‍ പെട്ടെന്നൊരു നാള്‍ പെണ്ണായിരുന്നു എന്നറിയുമ്പോള്‍ അഥവാ പെണ്ണിന്റെ ഐഡന്റിറ്റിയിലേക്ക് മാറാന്‍ ശ്രമിക്കുമ്പോള്‍ അതെത്രത്തോളം ഉള്‍ക്കൊള്ളും എന്നത് ഇന്നും കാതലായ ചോദ്യങ്ങളില്‍ ഒന്നാണ്.

ചാന്തുപൊട്ട് ചവറുകളില്‍ നിന്ന് കാതല്‍ ദി കോര്‍ പോലുള്ള കാതലുള്ള കഥകളിലേക്ക് മുഖ്യധാരാ മലയാള സിനിമ പോലും ബഹുദൂരം സഞ്ചരിച്ചെത്തുമ്പോള്‍ സാഹിത്യ സൃഷ്ടികള്‍ക്ക് അതിനുമൊരുപടി മുന്നിലായി സഞ്ചരിക്കാതിരിക്കാന്‍ സാധ്യമല്ല തന്നെ. ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍, ഉദ്വേഗം, ഭയം, അക്ഷമ, ആകാംക്ഷ, പ്രതീക്ഷ, പ്രത്യാശ... അവയെല്ലാം വായനക്കാരിലേക്കും അതേപടി പകരുന്നുണ്ട്. ഇത്രയേറെ ആഴത്തിലും പരപ്പിലും ഈ വിഷയം മലയാളത്തിലെ മറ്റേതെങ്കിലും നോവലില്‍ വരുന്നുണ്ടോയെന്ന് സംശയമാണ്.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിവരണങ്ങള്‍ വായിക്കുമ്പോള്‍ അവരുടെ പുതിയ ജീവിതം എങ്ങനെയായിരിക്കും പച്ച പിടിച്ചു വരുന്നതെന്നും കഥ അവസാനിപ്പിക്കുന്നത് എങ്ങനെയായിരിക്കും എന്നുമറിയാനുള്ള അടക്കാനാവാത്ത ആകാംക്ഷയില്‍ അവസാന പേജുകള്‍ ഒന്ന് മറിച്ച് നോക്കിയാലോ എന്ന് ആലോചിച്ചു. വായനയുടെ രസം തന്നെ കെടുത്തിക്കളയും എന്നതിനാല്‍ അത് പിന്നെ വേണ്ടെന്ന് വെച്ചു.
സ്ത്രീ-പുരുഷ സമത്വം പോലും ഇപ്പോഴും ഒരു സമസ്യയായി തുടരുന്ന സമൂഹത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ ചെറിയൊരു മാറ്റമെങ്കിലും വരാന്‍ ഇനിയും എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്നൊരാധിയും വഴിച്ചെണ്ട പങ്കുവെക്കുന്നുണ്ട്. നിലവിലുള്ള വിദ്യാഭ്യാസരീതിയുടെ ന്യൂനതകള്‍ നിലനില്‍ക്കുമ്പോഴും, സമാന്തര വിദ്യാഭ്യാസ രീതിയുടെ സാധ്യതകള്‍ സജീവമായി നില്‍ക്കുമ്പോഴും അര്‍ഹതയില്ലാത്ത കരങ്ങളിലാണ് അതിന്റെ (സമാന്തര വിദ്യാഭ്യാസത്തിന്റെ) സാരഥ്യം ചെന്നു ചേരുന്നതെങ്കില്‍ സംഭവിക്കാനിടയുള്ള ഭവിഷ്യത്തുകളെക്കുറിച്ചും നോവല്‍ വലിയ മുന്നറിയിപ്പ് തന്നെ നല്‍കുന്നുണ്ട്.
പ്രണയ നഷ്ടങ്ങള്‍ക്ക് ശേഷം അനൂപ് പിന്നെയുമൊരു പ്രകാശ'രശ്മി'ക്ക് പിന്നാലെ പോവുന്നത് കാണുമ്പോള്‍ വേവലാതി തോന്നുന്നത് വാസ്തവത്തില്‍ വായനക്കാര്‍ക്ക് കൂടിയാണ്. ആയിരത്തി ഒരുനൂറിലേറെ പേജുകളിലായി പരന്നു കിടക്കുന്ന അനുഭവങ്ങളുടെ ആ പാരാവാരത്തെ ആറ്റിക്കുറുക്കിയാല്‍ എന്തു കിട്ടും എന്നാണ് ചോദ്യമെങ്കില്‍ 'ഓടുന്ന വാഹനത്തിന് പിന്നാലെ കാവലെന്നോണം ഓടിയ നായയായി ഞാന്‍ അവമതിക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലായി. വാഹനം അതിര്‍ത്തി കടന്ന് അകന്നുപോയി. നായയായ ഞാന്‍ കുരയും ഓട്ടവും നിര്‍ത്തി മടങ്ങി വന്നിരിക്കുന്നു; വീണ്ടും പാഞ്ഞു വരുന്ന അടുത്ത ഏതോ വാഹനത്തെ തടുത്ത് നിര്‍ത്താമെന്ന വ്യാമോഹത്തോടെ.' എന്ന ആത്മഗതം കിട്ടും.
പച്ച പുതച്ച് കിടക്കുന്ന തമിഴ്‌നാട് അതിര്‍ത്തിയിലെ പച്ച പിടിച്ചു വരുന്ന ജീവിതം പിന്നെ പറിച്ചു നടുന്നത് പുല്ലു പോലും കിളര്‍ക്കാത്ത മലപ്പുറത്തെയൊരു പാറപ്പുറത്തേക്കാണ്. വൈവിധ്യമാര്‍ന്ന ഏതൊക്കെയോ വഴികളിലൂടെ പിന്നെയും ചെണ്ട കൊട്ടിയും കൊട്ടിച്ചും വായനക്കാരെയും കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. ഡോക്ടറെന്ന നിലയില്‍ കോട്ടയ്ക്കലും എടരിക്കോടും താനൂരും തിരൂരും കുര്‍ബാനിയുമൊക്കെ കാലങ്ങളായി പരിചിതങ്ങളായ സ്ഥലങ്ങളായതിനാല്‍ നോവലിലെ വിവരണങ്ങളില്‍ വളരെയേറെ താദാത്മ്യം തോന്നി; പഴയ പാതകളിലൂടെ പിന്നെയും പലവുരു സഞ്ചരിക്കുന്നതായും. മേല്‍പ്പറഞ്ഞ സ്ഥലങ്ങള്‍ പരിചയമുള്ള ഓരോ വായനക്കാരനും അങ്ങനെ തന്നെ അനുഭവപ്പെടും.
ഇത്രയേറെ ബൃഹത്തായ ഒരാഖ്യാനമായിട്ടും പേരിന് പോലും അതിലൊരു സംഭാഷണമില്ലല്ലോയെന്നും മറിച്ച് വിവരണങ്ങള്‍ മാത്രമാണല്ലോയെന്നും അല്‍ഭുതത്തോടെ ആലോചിച്ചു അന്വാഖ്യാനരീതിയില്‍ എഴുതപ്പെട്ട നോവലുകള്‍ മലയാളത്തില്‍ അത്രയൊന്നും വന്നിട്ടില്ലെന്ന് തോന്നുന്നു. ഒരു സിനിമയ്ക്ക് വേണ്ടതിലേറെ വിഭവങ്ങളും അനുഭവങ്ങളും ഇതിലുണ്ടല്ലോയെന്ന് അപ്പോള്‍ തോന്നി. അങ്ങനെയെങ്കില്‍ ആര്‍ക്കായിരിക്കും അഭ്രപാളികളിലേക്ക് അവയെല്ലാം ആവാഹിക്കാനാവുക? തൃപ്തികരമായൊരുത്തരവും ഒത്തുവന്നില്ല. ഒരുവേള പക്കീരി മൂപ്പന് അത് പറയാന്‍ കഴിഞ്ഞേക്കും; അതോ നജുമുന്നീസയ്‌ക്കോ!
വലിയ വലിയ നോവലുകള്‍ ഇന്നും വായിക്കപ്പെടുന്നുണ്ട് എന്നതും ഗൗരവമായ വായനയ്ക്ക് ഇപ്പോഴും ഇടമുണ്ട് എന്നതും ചെറുതല്ലാത്ത സന്തോഷം പകരുന്നു. ഇത്രയേറെ ബൃഹത്തായ ഒരാഖ്യാനത്തിന്റെ വായനാനുഭവം ഇതിലുമെത്രയോ വിശദമായി എഴുതേണ്ടതാണ് എന്നറിയാതെയല്ല. പക്ഷേ ഇനിയും നോവല്‍ വായിച്ചിട്ടില്ലാത്തവരുടെ രസച്ചരട് മുറിക്കേണ്ടെന്ന് വിചാരിച്ച് ഇപ്പോള്‍ ഇത്രമാത്രം.
Content Highlights: Book review of Vazhicheda novel by Susmesh Chandroth
Published: 19 Feb 2025, 08:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented