ബാങ്കുകള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍, ബാങ്കിന്റെ ഉള്‍ത്തളങ്ങളിലും ഉന്നതങ്ങളിലും നടക്കുന്ന കാര്യങ്ങള്‍ നമുക്ക് പരിചിതമല്ല. നിഗൂഢത ചൂഴ്ന്നുനില്‍ക്കുന്ന ആ മേഖലകളിലേക്ക് എന്തുകൊണ്ടോ അധികമാരും കണ്ണയക്കാറുമില്ല. അതുകൊണ്ടാകാം ക്രൈംത്രില്ലര്‍ രചനകളില്‍ ബാങ്കിങ് വലിയ സ്ഥാനം നേടാത്തത്. 'ഗ്രീന്‍ മണ്‍ഡേ', 'ദ റോപ് സ്പിന്നര്‍ കോണ്‍സ്പിറസി' പോലെ പല ധനകാര്യ ത്രില്ലറുകള്‍ എഴുതിയ മൈക്കേല്‍ എം. തോമസ് പോലും ബാങ്കിങ് മുഖ്യപ്രമേയമാക്കിയ രചനയ്ക്കു മുതിര്‍ന്നില്ല. 1976-ല്‍ ആര്‍തര്‍ ഹെയ്ലി എഴുതിയ 'മണി ചേഞ്ചേഴ്‌സ്' ഈ മേഖലയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന കൃതിയാണ്.

To advertise here,

ധാരാളം ബാങ്കുകാര്‍ കഥയെഴുത്തുകാരായി ഉണ്ടെങ്കിലും മലയാളത്തിലും വിരളമാണ് ബാങ്കിങ് ആധാരമാക്കിയുള്ള രചനകള്‍. ഈ വിടവ് നികത്തുന്ന ഒരു ശ്രദ്ധേയ രചനയാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ലിസിയുടെ 'അര്‍ത്ഥകാമ.'

placeholder
ലിസി

'തുടക്കം ശൂന്യതയാണ്' എന്നു തുടങ്ങി 'മിന്നല്‍പ്പിണരുകള്‍ക്കും ഇടിമുഴക്കങ്ങള്‍ക്കും മീതേ' എന്ന് അവസാനിക്കുന്നതിനിടയിലെ 480 പേജുകളില്‍ അനാവൃതമാകുന്നത് കേവലം ഒരു ബാങ്കിങ് കഥ മാത്രമല്ല. അര്‍ത്ഥകാമങ്ങളുടെ പിന്നാലെ നടത്തുന്ന മത്സരയോട്ടങ്ങളും അതില്‍ വളര്‍ന്നൊടുങ്ങുന്ന സ്‌നേഹവും പകയും ഒക്കെയുണ്ട്. ഹര്‍ഷ വര്‍മയും സാം ജോണും മുഖ്യകഥാപാത്രങ്ങളായി വരുന്ന കഥ ബാങ്കിലെ കോര്‍ണര്‍ ഓഫീസില്‍ എത്തിപ്പെടാനുള്ള ഒരു പോരാട്ടം മാത്രമല്ല. ഏതു വിധേനയും പണം സമ്പാദിക്കുന്നതിനു ഗൂഢതന്ത്രങ്ങള്‍ മെനയുന്ന കുറേ ബാങ്ക് എക്‌സിക്യുട്ടീവുകളും അവരുടെ സഹായികളായ സമൂഹത്തിലെ പ്രബലരായ ക്രിമിനലുകളും നിസ്സഹായരായ ബാങ്ക് ജീവനക്കാരും പണവും സ്വാധീനവും മാത്രം ബലമാക്കി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ എത്തുന്ന ചിലരുമൊക്കെ അര്‍ത്ഥകാമങ്ങള്‍ക്കായുള്ള ഈ അവിശുദ്ധ പോരാട്ടത്തില്‍ വരുന്നു. യാഥാര്‍ഥ്യവും ഭ്രമകല്പനയും ഇടകലര്‍ന്ന് മിഥ്യയും തഥ്യയും ഏതെന്നു തിരിച്ചറിയാത്ത ഭാവനാപുളിനങ്ങളിലൂടെ ഗ്രന്ഥകാരി വായനക്കാരെ നയിക്കുന്നു. ബാങ്കിങ്ങിന്റെ അധോലോകത്തു വായനക്കാര്‍ നടത്തുന്ന സത്യാന്വേഷണമായാണ് ഈ ത്രില്ലറിനെ ലിസി വിശേഷിപ്പിക്കുന്നത്. ആ യാത്രയില്‍ സാം ജോണും ഹര്‍ഷ വര്‍മയും മാത്രമല്ല ദിനകരനും ദേവദാസും ലിന്‍സി റോയിയും ബബിതയും പ്രിയംവദയും പ്രഭാകര വര്‍മയും നാഷണല്‍ ബാങ്കും ഹോമി മോദി ശാഖയും മുംബൈയിലെ ഗലികളും ഒക്കെ വായനക്കാരുടെ ഒപ്പം ചേരുന്നു. ഏറ്റുമാനൂരിലെ വാരാന്ത്യ മദ്യപാനവും തൃശ്ശൂരിലെ പള്ളിപ്പെരുന്നാളും ഗുജറാത്ത് കലാപവും ബിഹാര്‍ ദര്‍ബംഗയിലെ ബാങ്ക് കൊള്ളയും ഡയമണ്ട് വ്യവസായത്തിലെ ഭീമാകാരമായ തട്ടിപ്പുകളും ഒക്കെ ചേരുമ്പോള്‍ കഥയുടെ വിപുലമായ കാന്‍വാസ് വായനക്കാരെ വിസ്മയിപ്പിക്കാതിരിക്കില്ല.

വരണ്ട കണക്കുകള്‍ക്കപ്പുറം വികാരവിചാരങ്ങളും കാമക്രോധമോഹങ്ങളും സ്വപ്നങ്ങളും രതിയും ചതിയും വെടിയുണ്ടയും കൊലക്കത്തിയും ഒക്കെയുള്ള ഒരു അധോലോകമാണ് ലിസി തുറന്നു കാണിക്കുന്നത്. പുരസ്‌കാരങ്ങള്‍ നേടിയ ഒന്നിലേറെ പുസ്തകങ്ങള്‍ എഴുതിയ കൃതഹസ്തയായ ഈ പഴയ ബാങ്കര്‍ ഇതില്‍ വായനക്കാരെ ആദ്യാവസാനം ഉദ്വേഗത്തില്‍ നിര്‍ത്തുന്നു.

ബാങ്കിങ്ങില്‍നിന്നു വ്യത്യസ്തമായി ധാരാളം എഴുതപ്പെട്ടിട്ടുള്ളതാണു ബാങ്ക് കവര്‍ച്ചകളുടെ കഥകള്‍. യഥാര്‍ഥ കവര്‍ച്ചകളുടെ വിവരണങ്ങളും ഭാവനാ നിര്‍മിത കഥകളും ഒക്കെ ആ ഇനത്തില്‍ പെടും. നടന്ന ഒരു കവര്‍ച്ചയുടെ കേസ് അന്വേഷണമാണ് അനിര്‍ബന്‍ ഭട്ടാചാര്യയുടെ India's Money Heist: The Chelembra Bank Robbery പുസ്തകത്തിന്റെ ഉള്ളടക്കം. ആ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് 'ചേലേമ്പ്ര ബാങ്ക് കവര്‍ച്ച' (പ്രസാധകര്‍: മാതൃഭൂമി ബുക്‌സ്). 2007 ഡിസംബര്‍ 29-ന് മലപ്പുറം ജില്ലയിലെ ചേലേമ്പ്രയില്‍ സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ശാഖയില്‍നിന്ന് ഏഴു കോടിയിലധികം രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്നതാണു സംഭവം. 31-നാണു വിവരം അറിയുന്നത്. അന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി ആയിരുന്ന പി. വിജയന്‍ ഐ.പി.എസ്. (ഇപ്പോള്‍ എ.ഡി. ജി.പി) ഒരു സംഘത്തെ രൂപവത്കരിച്ച് അന്വേഷണം തുടങ്ങി. രണ്ടു മാസത്തിനകം പ്രതികളെ പിടികൂടി.

placeholder
അനിര്‍ബന്‍ ഭട്ടാചാര്യ

അന്നു രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് കവര്‍ച്ച നടത്തിയവരെ പിടികൂടാന്‍ അന്വേഷണസംഘം സഞ്ചരിച്ച വഴികളും അതിലെ സാഹസിക നിമിഷങ്ങളും അബദ്ധങ്ങളും ഇതില്‍ ലളിതമായും ഉദ്വേഗജനകമായും എഴുതിയിരിക്കുന്നു. വിജയന്റെ സ്വകാര്യജീവിതത്തിലേക്കു കടന്നുചെന്ന് ആ ആഴ്ചകളിലെ മാനസിക സംഘര്‍ഷങ്ങള്‍ ഗ്രന്ഥകാരന്‍ വിശകലനം ചെയ്യുന്നുമുണ്ട്. ഒരു ത്രില്ലര്‍ പോലെ വായിച്ചുപോകാവുന്ന ഈ പുസ്തകം ഇംഗ്ലീഷില്‍നിന്നു മൊഴി മാറ്റിയത് എന്ന തോന്നല്‍ ജനിപ്പിക്കുകയില്ല. സൈഫ് മുഹമ്മദ് ആണ് പരിഭാഷകന്‍.

ഈ നിരയിലെ പുതിയ നോവലാണ് ബാബു ജോസ് എഴുതിയ 'അശുദ്ധഭൂതം' (പ്രസാധകര്‍: മാതൃഭൂമി ബുക്‌സ്). നൂതനസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടില്‍നിന്നും വന്‍തുകകള്‍ മാറ്റിമറിക്കുന്നതിനു പിന്നില്‍ ലോറന്‍സ് ആന്റണി എന്ന അതിബുദ്ധിമാനായ മനുഷ്യന്റെ ക്രിമിനല്‍ മനസ്സായിരുന്നു. മോഷണം വിദഗ്ധകലയാക്കി മാറ്റിയ അയാള്‍ ചതിയനും വഞ്ചകനുമായിരുന്നു. പക്ഷേ, സമൂഹത്തിനു മുന്നില്‍ നല്ലവനായും പ്രണയിനി സാറയ്ക്കു മുന്നില്‍ കാമുകനായും ചമഞ്ഞു.

placeholder
ബാബു ജോസ്

ബാങ്കിലെ ആഭ്യന്തര വിജിലന്‍സ് സംവിധാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കുറ്റാന്വേഷകനെ മലയാളത്തില്‍ അവതരിപ്പിച്ചതാണ് അമിത് കുമാര്‍ എന്ന ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥന്റെ 'ഏകെ' എന്ന നോവല്‍ (പ്രസാധകര്‍: ലോഗോസ്). മൂന്നു വര്‍ഷത്തിനിടെ മൂന്നു പതിപ്പ് ഇറങ്ങിയ 'ഏകെ'യുടെ പരമ്പരയിലെ രണ്ടാമത്തെ നോവലാണ് 'മിസ്റ്ററി @മാമംഗലം' (പ്രസാധകര്‍: ഡി.സി.ബുക്‌സ്). വിജിലന്‍സ് വിഭാഗത്തില്‍ ഏകെയുടെ സഹായിയായ ഹരി മാധവ് കാര്യങ്ങള്‍ വിവരിക്കുന്ന മട്ടിലാണു നോവലുകള്‍ - ഷെര്‍ലക് ഹോംസും ഡോ. വാട്‌സണും പോലെ. വിരസമെന്നു പുറമേ തോന്നുന്ന ബാങ്കിങ്ങിലെ ഞെട്ടിപ്പിക്കുന്നതും ത്രസിപ്പിക്കുന്നതുമായ സംഭവങ്ങള്‍ വായനക്കാരില്‍ എത്തിക്കുന്നുണ്ട് അമിത് കുമാര്‍. സ്വര്‍ണപ്പണയതട്ടിപ്പ് മുതല്‍ അവിശുദ്ധ പ്രണയങ്ങള്‍ വരെ അവ നീളുന്നു. ബാങ്കിങ് ക്രൈം കഥകളുടെ പരമ്പര ഇനി എന്തു തട്ടിപ്പ് കണ്ടെത്തും എന്ന ആകാംക്ഷ അവരില്‍ ഉണര്‍ത്താനും നോവലിസ്റ്റിനു കഴിയുന്നു.