
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സുസ്‌മേഷ് ചന്ത്രോത്തിന്റെ 'വഴിച്ചെണ്ട' എന്ന നോവലിൻെറ ആസ്വാദനക്കുറിപ്പ് വായിക്കാം...
പ്രശസ്ത ബംഗാളി സാഹിത്യകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ താരാശങ്കര്‍ ബന്ദ്യോപാദ്ധ്യയുടെ 'ആരോഗ്യനികേതനം' നോവല്‍ വായിച്ചത് ഏഴെട്ട് മാസങ്ങള്‍ക്ക് മുന്‍പാണ്. കൊല്‍ക്കത്തയില്‍ നിന്നും ഏതാണ്ട് നൂറ്റിയെഴുപതോളം കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ ദേവിപുരം ഗ്രാമത്തിലെത്താം. ആ ഗ്രാമത്തിലെ വൈദ്യകുടുംബമായ മശായി കുടുംബത്തിലെ മൂന്നാം തലമുറക്കാരനായ ജീവന്‍ മശായിയുടെ കാലത്തെ പാരമ്പര്യ വൈദ്യവും ആധുനിക വൈദ്യശാസ്ത്രവും തമ്മിലുള്ള ചേരിപ്പൊരിന്റെ ഇതിവൃത്തമാണ് ഈ നോവല്‍ പറയുന്നത്.
പാരമ്പര്യവും ആധുനികതയും ഗ്രാമവും നഗരവും ജനനവും മരണവും വായനക്കാരനെ ജീവിതത്തെക്കുറിച്ച് ആഴത്തിലാലോചിക്കാന്‍ പ്രേരിപ്പിക്കും. ഇന്ത്യന്‍ സാഹിത്യത്തിന് ബംഗാള്‍ നല്‍കിയ വലിയൊരു സംഭവനയാണ് ഈ നോവല്‍. ആരോഗ്യനികേതനം വായിച്ചതിനു ശേഷമാണ് സുസ്മേഷ് ചന്ത്രോത്തിന്റെ 'വഴിച്ചെണ്ട' എന്ന ബൃഹദ് നോവല്‍ വായിക്കാനെടുത്തത്. വഴിച്ചെണ്ട കേരളത്തിലെ ജാതി വ്യവസ്ഥയെയും പരിസ്ഥിതിയെയും മനുഷ്യരെയും ആഴത്തില്‍ നിര്‍വചിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യനികേതനം ഉള്‍പ്പെടെയുള്ള കാമ്പുള്ള നോവലുകളുടെ ഗണത്തിലാണ് വഴിച്ചെണ്ടയുടെ സ്ഥാനം. അതെങ്ങനെയെന്ന് നോക്കാം.
'ആരോഗ്യനികേതനം' 352 പേജുകള്‍ ഉള്ള ഒരു നോവലാണെങ്കില്‍, 'വഴിച്ചെണ്ട' 1112 പേജുകള്‍ ഉള്ള ബൃഹദ് നോവലാണ്. 'ആരോഗ്യനികേതനം' ജീവന്‍ മശായിലൂടെ ബംഗാളിലെ ഒരു ഗ്രാമത്തിന്റെ കഥയാണ് പറയുന്നതെങ്കില്‍, അനൂപ് എന്ന പ്രധാന കഥാപാത്രത്തിലൂടെ ഏതാണ്ട് നാല്പതന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കേരളത്തിലെ എത്രയോ ഗ്രാമങ്ങളെയും അവിടുത്തെ മനുഷ്യരെയും അവരുടെ ജീവിതത്തെയുമൊക്കെയാണ് 'വഴിച്ചെണ്ട' പറയുന്നത്. പരിഹാരങ്ങള്‍ പറയുകയല്ല അവസ്ഥകളെ ഡോക്യുമെന്റ് ചെയ്യുകയാണ് വഴിച്ചെണ്ട.
ഈ നോവല്‍ വായിക്കാനെടുത്തപ്പോള്‍ വലിയ ആശങ്കയുണ്ടായിരുന്നു. എത്ര ദിവസംകൊണ്ട് ഇത് വായിച്ചു തീര്‍ക്കും എന്നുള്ള ഭയമായിരുന്നു ആദ്യം. പക്ഷേ, വഴിച്ചെണ്ട വായിച്ചു തുടങ്ങിയപ്പോള്‍ ആ ഭയം അസ്ഥാനത്തായി എന്നു പറഞ്ഞാല്‍ അതൊരു അതിശയോക്തി അല്ല! ആഖ്യാന ശൈലിയിലെ വ്യത്യസ്തതകൊണ്ടും ആരോഗ്യനികേതനത്തെക്കാളും ഒരു പടി മുന്നിലല്ലേ വഴിച്ചെണ്ടയെന്ന് വായനക്കിടയില്‍ പലപ്പോഴും തോന്നിയിട്ടുണ്ട്. വഴിച്ചെണ്ട വലിയ കാന്‍വാസിലെഴുതിയിട്ടുള്ള നോവലാണ്. ഒരിടത്തു നിന്നും ആരംഭിച്ച് പല സ്ഥലങ്ങളിലൂടെ കടന്ന് കേരളവും വിട്ട് ദൂരങ്ങളില്‍ ചുറ്റിക്കറങ്ങി വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തുന്ന സ്ഥലവിന്യാസമാണ് നോവലിലുള്ളത്. അതിനിടയില്‍ പല ശ്രേണിയിലുള്ള മനുഷ്യരെയും പരിചയപ്പെടുത്തുന്നു. സൂചനകളിലൂടെ കേരളീയ സമൂഹത്തിന്റെ ചരിത്രത്തെയും തൊട്ടു പോകുന്നു.
ചങ്ങനാശ്ശേരിയ്ക്കടുത്ത് തൃക്കൊടിത്താനത്തുള്ള പ്രമുഖ നായര്‍ തറവാട്ടിലെ യുവതിയായ സരസ്വതി, ആ തറവാട്ടിലെ അടിയാനായ പ്രഭാകരനുമൊത്തു ഒളിച്ചോടുന്നിടത്തു നിന്നുമാണ് ഈ നോവല്‍ തുടങ്ങുന്നത്. അക്കാലത്ത് അതൊരു വലിയ വിപ്ലവമായിരുന്നു. താനിറങ്ങിത്തിരിച്ച വഴി കല്ലും മുള്ളും നിറഞ്ഞ ദുര്‍ഘടമായ പതയാണെന്ന് സരസ്വതിക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. പക്ഷേ, പ്രഭാകരനോടുള്ള ആത്മാര്‍ഥമായ സ്‌നേഹം ആ ദുര്‍ഘടാവസ്ഥയെ തരണം ചെയ്യുവാന്‍ അവരെ പ്രാപ്തയാക്കുന്നു. നവ ബ്രാഹ്‌മണിക്കല്‍ അവസ്ഥകളും നവ സാമ്പത്തിക സമൂഹവും രൂപപ്പെടുന്നതിന് മുമ്പാണത്. അങ്ങനെയുള്ള യാത്രയിലാണ് അനൂപിന്റെ ജനനം. അത് കടത്തിണ്ണയില്‍ വച്ചാണ് സംഭവിക്കുന്നത്.
വഴിച്ചെണ്ട എന്ന നോവല്‍ ജനനം, ജീവിതം, മരണം എന്നീ മൂന്ന് അവസ്ഥകളെ എല്ലായ്‌പ്പോഴും ചര്‍ച്ചയ്ക്ക് എടുക്കുകയോ വിചാരണ ചെയ്യുകയോ ചെയ്യുന്നുണ്ട്. ഈ നോവലിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും നേരിടുന്നത് മരണത്തിലേക്ക് എത്താനുള്ള ജീവിതത്തെയാണ്. സാമാന്യമായി ചിന്തിച്ചാല്‍ മനുഷ്യ ജീവിതം അങ്ങനെയാണെങ്കിലും പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാതെ ജീവിക്കേണ്ടി വരുന്നവര്‍ക്ക് ജീവിതം ഭാരമായി തോന്നാം. കഥാപാത്രങ്ങളുടെ മനസ്സിലെ ഭാരമാണ് വഴിച്ചെണ്ടയുടെ സവിശേഷത. കടത്തിണ്ണയില്‍ പിറന്നു വീഴുന്ന അനൂപും അപ്പോള്‍ മുതല്‍ മരണത്തെ മുഖാമുഖം കാണുന്നുണ്ട്. അങ്ങനെ ജനിച്ചതുകൊണ്ട് അനൂപിന് മനുഷ്യരെ മാത്രമല്ല പ്രപഞ്ചത്തെയും ജീവജാലങ്ങളെയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി മനസ്സിലാക്കാനും സാധിക്കുന്നു.

പ്രകൃതിയുടെ പശ്ചാത്തലം മനുഷ്യരുടെ മാറ്റങ്ങളെ പ്രതിനിധാനം ചെയ്യുന്ന വിധത്തില്‍ രൂപപ്പെടുത്തിയിരിക്കുന്നു. ചെറുപ്പം മുതലേ ജീവിക്കാനുള്ള മനുഷ്യന്റെ സമരങ്ങളും മരണവുമാണ് അനൂപ് അടുത്തു കാണുന്നത്. ജീവന്‍ മശായിയെപ്പോലെ അനൂപ് ആരുടെയും മരണം പ്രവചിക്കുന്നില്ല. പക്ഷേ അനൂപിന് ചുറ്റുമുള്ള കഥാപാത്രങ്ങള്‍ കൂടെ നില്‍ക്കുന്നവരുടെ മരണത്തെപ്പറ്റി പലപ്പോഴും അനൂപിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ജന്മിത്ത വ്യവസ്ഥിതിയുടെ ഉത്പന്നമായ കായംകുളത്തുകാരന്‍ സ്ഥാണുനായരുടെ കുടിയനാണ് കോട്ടയംകാരനായ കറിയാ. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ബോഡിമെട്ടിലുള്ള സ്ഥാണുനായരുടെ തെങ്ങിന്‍തോപ്പ് സൂക്ഷിപ്പുകാരനായിട്ടാണ് സ്ഥാണുനായര്‍ കറിയായെയും കുടുംബത്തേയും ഒപ്പം സരസ്വതിയെയും പ്രഭാകരനെയും അങ്ങോട്ട് അയക്കുന്നത്. സ്ഥാണു നായരും ഏലിക്കുട്ടിയും തമ്മിലുള്ള ബന്ധം കറിയായ്ക്ക് മുന്നേ അറിയാമായിരുന്നെങ്കിലും, കറിയാ അതിനോട് പ്രതികരിക്കാതിരുന്നത് അന്നത്തെ ജന്മിത്ത വ്യവസ്ഥിതിയുടെ ഒരു ഭാഗമായി നോവലിസ്റ്റ് അടയാളപ്പെടുത്തുന്നുണ്ട്.
ഏലിക്കുട്ടിയിലൂടെ സ്ഥാണു നായരുടെ കഴുകന്‍ കണ്ണുകള്‍ റോമയിലേക്ക് എത്തുന്നു എന്നറിയുമ്പോള്‍ കറിയാച്ചേട്ടന്‍ അസ്വസ്ഥനാകുന്നുണ്ട്. അവിടെ തൊഴിലാളി, മുതലാളി ബന്ധത്തിലൂടെ ചൂഷണങ്ങളുടെയും നിസ്സഹായമാക്കപ്പെടലിന്റെയും പുത്തന്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് മുമ്പുള്ള കേരള സമൂഹത്തെ അവതരിപ്പിക്കുന്നു. സ്ഥാണു നായരില്‍ നിന്നും കുതറി മാറി നവലോകം ആഗ്രഹിക്കുന്ന സരസ്വതിയും പ്രഭാകരനും പുതിയ സാമ്പത്തിക സമൂഹത്തിലേക്കാണ് പ്രവേശിക്കുന്നത്. അവിടെ കാണുന്നതാവട്ടെ ആ മാറ്റം എത്തി നോക്കിയിട്ടില്ലാത്ത പഴയ കാലത്തിന്റെ തുടര്‍ച്ചകളെയും.
ബോഡിമെട്ട് അര്‍ധ തമിഴ് ദേശമാണ്. കോടമഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന മലനിരകളും വൃക്ഷത്തലപ്പുകളും. വന്യമൃഗങ്ങള്‍ യഥേഷ്ടം വിഹരിക്കുന്നതുമായ ഇടം. രാത്രിയില്‍ മരം കോച്ചുന്ന തണുപ്പ്. മുളകൊണ്ടു കെട്ടിപ്പൊക്കി പുല്ലുമേഞ്ഞ വീടുകളില്‍ ജീവിതം കരുപ്പിടിപ്പിച്ചുകൊണ്ട് സരസ്വതിയും പ്രഭാകരനും കറിയയും ഏലിക്കുട്ടിയും ജീവിക്കുന്നു. സ്ത്രീകളാണ് പഴയതും പുതിയതുമായ കാലത്തെയും സ്വപ്നങ്ങളെയും കൂട്ടിയിണക്കി പുതിയ ജീവിതം നിര്‍മിക്കുന്നത്. അവിടെ വച്ച് അനൂപിന് കുഞ്ഞനുജനെക്കൂടി കിട്ടുന്നു. അനില്‍. കൂടാതെ, കറിയാച്ചേട്ടന്റെ മൂന്നു മക്കള്‍. റോമ, ആലീസ്, റോഷന്‍.
ബോഡിമേട്ടിലെ മാര്‍ത്താ മറിയം പള്ളിയില്‍ ഞായറാഴ്ചകളില്‍ മാത്രമാണ് കുര്‍ബാനയുള്ളത്. ക്രിസ്തുമത വിശ്വാസികളായ കുറച്ചു തമിഴരും മലയാളികളും ആണ് അവിടെ കുര്‍ബാനക്ക് വരുന്നത്. കുശിനിക്കാരന്‍ ഔത, പരിസരം വൃത്തിയാക്കുന്ന കര്‍പ്പകം, വാനതി, വീരംഗന്‍, ഫാ. യോഹന്നാന്‍ ലൂയിസ് ഇട്ടിക്കുന്നേല്‍, കന്യാസ്ത്രീയായ ലിസ തുടങ്ങിയ കഥാപാത്രങ്ങളാണ് മുഖ്യമായും ബോഡിമെട്ടിലുള്ളത്.
പള്ളിയോട് ചേര്‍ന്ന ചെറിയൊരു കെട്ടിടത്തിലെ ചായ്പിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. അനൂപും, ആലീസും, റോഷനുമെല്ലാം ആ സ്‌കൂളിലാണ് പഠിക്കുന്നത്. ചെറുപ്പക്കാരനും സുമുഖനും വിദേശങ്ങളില്‍ പോയി വിദ്യാഭ്യാസം ചെയ്ത ആളുമാണ് യോഹന്നാന്‍ പാതിരി. ബോഡിമെട്ടിലേക്ക് അദ്ദേഹം വന്നതുതന്നെ നിറയെ പുസ്തകങ്ങളുമായിട്ടാണ്. വിശ്വാസികളുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കറിയായുടെ വീട്ടില്‍ വന്നപ്പോള്‍ സരസ്വതിയും അനൂപുമെല്ലാം പാതിരിയെ കാണാന്‍ അവിടെ സന്നിഹിതരാകുന്നുണ്ട്. നിങ്ങളെല്ലാവരും വായിക്കുന്നവരാണോ എന്ന പാതിരിയുടെ ചോദ്യത്തിന് മക്കളെല്ലാവരും വേദ പുസ്തകം വായിക്കുന്നുണ്ടെന്നു മറുപടി പറഞ്ഞത് എലിക്കുട്ടി ആയിരുന്നു. വേദപുസ്തകത്തെ ക്കുറിച്ചല്ല, അറിവ് പകര്‍ന്നു കിട്ടുന്ന മറ്റു പുസ്തകങ്ങളെ ക്കുറിച്ചാണ് താന്‍ ചോദിച്ചതെന്ന് പാതിരി ഓര്‍മപ്പെടുത്തുന്നു. സ്‌കൂള്‍ പഠനത്തിനൊപ്പം അനൂപിന് അക്ഷരങ്ങളുടെ ലോകത്തേക്കുള്ള വാതായാനം തുറന്നു കൊടുത്തത് യോഹന്നാന്‍ പാതിരിയാണ്.
'ചൂളക്കാക്ക' ബാല മാസികയെക്കുറിച്ച് അനൂപ് അറിയുന്നത് പാതിരിയിലൂടെയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സായാഹ്നത്തില്‍ പാതിരി അനൂപിനെ വിളിച്ചുവരുത്തിയിട്ട് താന്‍ ജീവിച്ച ജീവിതത്തെക്കുറിച്ച് ഏറെ സംസാരിക്കുന്നുണ്ട്. അതിനുശേഷം യോഹന്നാന്‍ പാതിരി പുതിയ ജീവിതം തെരഞ്ഞെടുക്കുന്നു. പള്ളിയില്‍ കൂടിയ അമ്മച്ചിമാരില്‍ ചിലര്‍ അതിനെപ്പറ്റി പറയുന്നത് ശ്രദ്ധിക്കുക. 'അങ്ങനെ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ ഇവിടെത്തന്നെ ആരുമറിയാതെ ഭാര്യാഭര്‍ത്താക്കന്മാരായി അവര്‍ക്ക് ജീവിക്കാമായിരുന്നല്ലോ.'
ജാതി മാത്രമല്ലാതെ മതവും ദൈവവും വിശ്വാസവും പ്രായോഗികതയും ഇവിടെ ചര്‍ച്ചയാകുന്നുണ്ട്. സന്യാസത്തിന്റെ പ്രതീകമായ തിരുവസ്ത്രവും കൊന്തയും കുരിശും ധരിച്ചുകൊണ്ട് അതിന് വിരുദ്ധമായ പ്രവൃത്തിയിലേര്‍പ്പെടാതെ അത് ഊരിവെച്ചിട്ടാണ് യോഹന്നാന്‍ പാതിരി ഭൗതിക ജീവിതത്തിലേക്ക് പോകുന്നത് എന്ന് നോവലിസ്റ്റ് പറയുമ്പോള്‍, അത്, സന്യാസത്തിന്റെ പവിത്രതയെ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം, വിശ്വാസം, മതം എന്നിവയുടെ യുക്തികളും വിശ്വാസികളുടെ തന്നെ പ്രായോഗികതയുമായി ഏറ്റുമുട്ടുന്നു.
യോഹന്നാന്‍ പാതിരിയുടെ പ്രണയത്തിനും ജീവിതത്തിനും വിരുദ്ധമായ നിലയിലാണ് സാവിത്രിയുടെയും അനൂപിന്റെയും പ്രണയവും ജീവിതവും മുന്നോട്ടു പോകുന്നത്. സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിയുന്ന മുതിര്‍ന്നവരെന്ന നിലയില്‍ പാതിരിയും ലിസയും തീരുമാനമെടുക്കുമ്പോള്‍ അതിന് കഴിയാത്ത സാവിത്രിയും അനൂപും പരാജിതരായി മാറുന്നു. നയിക്കാനാളില്ലാത്തിടത്ത് കൗമാരക്കാരന്‍ പതറിപ്പോകുമ്പോള്‍ പ്രായപൂര്‍ത്തിയെത്തിയ യോഹന്നാന്‍ പാതിരി മുന്നോട്ടു പോകുകയാണ്. അനൂപിന് നഷ്ടപ്പെട്ട ജീവിതമാണ് പാതിരി ജീവിക്കുന്നതെന്ന് മനസ്സിലാക്കാം. അനൂപ് ആഗ്രഹിച്ചിട്ടും കിട്ടാതെ പോകുന്ന ജീവിതങ്ങളാണ് ചുറ്റിനുമുള്ളത്. വൈകാരികമായിട്ടാണ് നോവലിസ്റ്റ് ഈ കാര്യം കഥയിലൂടെ അവതരിപ്പിക്കുന്നത്. സാമൂഹ്യ പഠനത്തിന്റെ രീതിയോ സ്വഭാവമോ അതില്‍ നേരിട്ട് നോവലിസ്റ്റ് ഉപയോഗിക്കുന്നില്ല.
അനൂപിന്റെ തോല്‍വികളുടെ തുടക്കം പത്താം ക്ലാസില്‍ നിന്നുമാണ് ആരംഭിക്കുന്നത്. പത്താം ക്ലാസ്സ് തോറ്റതിന് ശേഷം തുടര്‍ പഠനത്തിന് പോകുന്നില്ല എന്ന തീരുമാനത്തില്‍ അനൂപ് എത്തുന്നുണ്ട്. അവിടെ നിന്നുമാണ് അനൂപിന്റെ സ്വഭാവം മറ്റൊരു തലത്തിലേക്ക് മാറുന്നത്. പത്താം ക്ലാസ്സ് തോറ്റ വിവരം സാവിത്രിയില്‍ നിന്നും അനൂപ് മറച്ചുവയ്ക്കുന്നു. കൗമാര പ്രായത്തില്‍ പരസ്പരം കാണാതെ വെറും അക്ഷരങ്ങളിലൂടെ മൊട്ടിട്ട പ്രണയം വര്‍ഷങ്ങളിലൂടെ നീണ്ടു പോകുമ്പോഴാണ് ബോഡിമെട്ട് വിട്ട് മലപ്പുറത്തുള്ള ഇളയൂരിലേക്ക് മറുവാന്‍ സരസ്വതിയും പ്രഭാകരനും തീരുമാനിക്കുന്നത്. എടരിക്കോട് താമസിക്കുന്ന സാവിത്രിയെ നേരില്‍ കാണാന്‍ കഴിയുമെന്ന പ്രത്യാശയില്‍ അനൂപ് അതിന് പൂര്‍ണ പിന്തുണയും നല്‍കുന്നു.
ബോഡിമെട്ട് വിട്ടു പോകുവാന്‍ സരസ്വതിയെ പ്രേരിപ്പിക്കുന്നത് ചില ദുര്‍മരണങ്ങളാണ്. പിന്നെ ഭാവിയെ സംബന്ധിച്ച അരക്ഷിതാവസ്ഥകളും. പിന്നീട് ഏലിക്കുട്ടിയുടേയും റോമയുടേയും മരണത്തോടെ മാനസികമായി തകര്‍ന്ന കറിയാച്ചേട്ടന്‍, ആലീസിനേയും റോഷനേയും കൂട്ടി ബോഡിമെട്ടില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് തിരികെ പോകുന്ന സമയം, ഏലിക്കുട്ടി വളര്‍ത്തിയിരുന്ന പശുക്കളേയും കോഴികളേയും സരസ്വതിക്ക് കൊടുത്തിട്ടാണ് പോകുന്നത്. സരസ്വതി അവരെ നന്നായി പരിപാലിച്ചു. ആ പരിചയം പിന്നീട് ഇളയൂരിലെത്തുമ്പോള്‍ സരസ്വതിയ്ക്ക് ഗുണം ചെയ്യുന്നുണ്ട്.
ഇളയൂര്‍ എന്ന ഗ്രാമം എത്ര പെട്ടെന്നാണ് സരസ്വതിയ്ക്കും അനൂപിനുമെല്ലാം പ്രിയപ്പെട്ടതാകുന്നത്. അടിയാളരും മുസ്ലിംങ്ങളും ഹിന്ദുക്കളും ഇടകലര്‍ന്ന് പാരസ്പര്യത്തോടെ ജീവിക്കുന്ന ഇടം. പക്കീരിമൂപ്പനും നജുമുന്നീസയും പൂവിയും കുഞ്ഞാലന്‍ കാക്കയും ഇത്താച്ചുട്ടി ഉമ്മയും താജുന്നീസ്സയും താജുദ്ദീനും അടിയാളപ്പറമ്പിലെ താമിയും കിട്ടയും അങ്ങനെ അവിടെ അനൂപിനെ സ്വാധീനിച്ച എത്രയെത്ര കഥാപാത്രങ്ങളാണ് വായനക്കാരന്റെ മനോമുകുരത്തില്‍ തെളിഞ്ഞു നില്കുന്നത്.
ഈ നോവലിലെ ഏറ്റവും ശക്തമായ ഒരു കഥാപാത്രമാണ് നജുമുന്നീസ. വഴിച്ചെണ്ട വായിക്കുന്ന ആരുടേയും മനസ്സില്‍ നിന്ന് അവള്‍ അത്ര പെട്ടെന്ന് മാഞ്ഞുപോകില്ല. മലയാളത്തിലെ നോവല്‍ കഥാപാത്രങ്ങളായ സ്ത്രീകളെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത അതിശക്തമായ സ്ത്രീ കഥാപാത്രമാണത്. ഒ. ചന്തുമേനോന്റെ ഇന്ദുലേഖയെപ്പോലെ, സി.വിയുടെ സുഭദ്രയെപ്പോലെ, സാറാ ജോസഫിന്റെ മാറ്റാത്തിയെപ്പോലെ, കാക്കനാടന്റെ ഒറോതയെപ്പോലെ, ഉറൂബിന്റെ ഉമ്മാച്ചു വിനെപ്പോലെ, കാരൂരിന്റെ രാച്ചിയമ്മയെപ്പോലെ, ബഷീറിന്റെ സാറാമ്മയെയും സുഹറയെയും പോലെ തെളിഞ്ഞതും ഹൃദയത്തിലൊട്ടുന്നതുമായ പെണ്‍ കഥാപാത്രമാണ് നജുമുന്നീസയും. എഴുത്തുകാരന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന്.
അതിദരിദ്ര മുസ്ലിം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന, വിദ്യാഭ്യാസമില്ലാത്ത, കല്യാണപ്രായത്തില്‍ വിവാഹം നടക്കാത്ത, നിഷ്‌കളങ്കയായ ഒരു നാടന്‍ പെണ്‍കുട്ടി. സരസ്വതിയ്ക്ക് തുണയായി എപ്പോഴും അവളുണ്ടാകും. അനൂപ് ചെന്നുപെടുന്ന പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ, അനൂപിനൊരു താങ്ങും തണലുമായി അവളുണ്ട്. അഥവാ, അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അവളുടെ സാന്നിധ്യം അനൂപ് ആഗ്രഹിക്കുന്നുണ്ട്. വിദ്യാഭ്യാസമില്ലെങ്കിലും തന്റെ ചുറ്റുപാടുകളെ നിരീക്ഷിക്കാനും അതിനനുസരിച്ചു തീരുമാനങ്ങളെടുക്കുവാനുള്ള അവളുടെ പാടവം ആരിലും അത്ഭുതമുളവാക്കും. അനൂപിന്റെ കണ്ണിന് കാഴ്ച്ചക്കുറവുണ്ടെന്നുള്ളത് കണ്ടുപിടിച്ചതു തന്നെ നജുമുന്നീസയാണ്. അനൂപിനോട് അവള്‍ക്ക് പ്രണയം ഉണ്ടാകുന്നുണ്ടെങ്കിലും, അയാള്‍ അതവഗണിക്കുകയാണ് ചെയ്യുന്നത്. അതവള്‍ക്ക് അറിയാമെങ്കിലും അനൂപിനെ അവള്‍ വെറുക്കുന്നില്ല.
നജുമുന്നീസയുടെ സുരക്ഷക്കായി (ചാരപ്പണിക്കായും) ഭര്‍ത്താവ് മൂസാന്‍കുട്ടിയുടെ ജ്യേഷ്ഠ ഭാര്യ നിയോഗിച്ച ഷാഹുല്‍ എന്ന ട്രാന്‍സ്ജെന്‍ഡര്‍ പിന്നീട് ശസ്ത്രക്രിയ്ക്ക് ശേഷം സാലിമ എന്ന ട്രാന്‍സ്വുമണ്‍ ആയി മാറുന്നു. അവരുമൊത്ത് ജീവിക്കാനുള്ള അനൂപിന്റെ തീരുമാനം എത്ര വലിയ കോളിളക്കമാണ് സൃഷ്ടിക്കുന്നത്. ഫാഷന്‍ രംഗത്ത് ഉയരങ്ങള്‍ കീഴടക്കുന്നതിനുള്ള ഒരു ചവിട്ടുപടി മാത്രമായിട്ടാണ് സാമര്‍ഥ്യക്കാരിയായ സാലിമ അനൂപിനെ കണ്ടത്. സാലിമ വിദേശത്തേക്ക് പോയിക്കഴിഞ്ഞതിനു ശേഷം അനൂപ് ഇളയൂരിലേക്കു വന്നതറിഞ്ഞ് നജുമുന്നീസ അനൂപിനെ വന്നു കാണുന്നുണ്ട്. അപ്പോള്‍ അവള്‍ ചോദിക്കുന്ന ചോദ്യമുണ്ട്. 'ഇത്രയും നാള്‍ ഒരു പെണ്ണ് പച്ചക്ക് നിന്റെ മുന്നില്‍ നിന്നിട്ട് തോന്നാത്ത എന്താണ് നീ സാലിമയില്‍ കണ്ടത്?' അനൂപിനോട് അവള്‍ക്കുണ്ടായിരുന്ന സ്‌നേഹത്തിന്റെ ഒരു തുറന്നു പറച്ചിലായി അത് വായനക്കാര്‍ക്ക് അനുഭവപ്പെടും.
പത്താം ക്ലാസ്സ് തോല്‍ക്കുന്നിടത്തു നിന്നുമാണ് അനൂപിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത്. എങ്ങനെയെങ്കിലും പൈസ സമ്പാദിച്ച് സാവിത്രിയെ സ്വന്തമാക്കി ജീവിക്കാം എന്ന ചിന്തയാലാണ് ഡ്രൈവിങ്ങ് പഠിക്കാനായി ബോഡിമേട്ടിലെ ജീപ്പ് ഡ്രൈവറായ രംഗനുമായി അനൂപ് ചങ്ങാത്തം കൂടുന്നത്. പലപ്പോഴും വഴിയില്‍വച്ച് രംഗന്റെ ജീപ്പില്‍ കയറുന്ന വാനതി എന്ന തമിഴ് സ്ത്രീ ഒരു ലൈംഗികതൊഴിലാളിയാണെങ്കിലും രംഗനുമായുള്ള അവരുടെ പ്രണയബന്ധത്തിന് മറ്റൊരു മാനമുണ്ടെന്ന് അനൂപ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് സാവിത്രി തന്നില്‍ നിന്നും അകന്നു പോകുന്നു എന്നറിയുന്നിടത്തു നിന്നാണ് അനൂപിന്റെ ജീവിതം താറുമാറാകുന്നത്. കൗമാരത്തില്‍ മൊട്ടിട്ട പ്രണയം യൗവനത്തിലെത്തുമ്പോള്‍ പ്രായോഗിക ചിന്തകള്‍ക്ക് വഴിമാറുന്നു. പഠിച്ച് ഉയരങ്ങളിലെത്തണമെന്ന സാവിത്രിയുടെ ചിന്തകള്‍ക്കൊപ്പം അനൂപ് ഉയരുന്നില്ലായെന്ന ബോധം അനൂപില്‍ നിന്നും അകലുവാന്‍ സാവിത്രിയെ പ്രേരിപ്പിച്ചിരിക്കാം. അതേ സമയം തന്നെ സാവിത്രിയുടെ മൂത്ത സഹോദരിയും വിദ്യാസമ്പന്നയും ഫ്യൂഡലിസത്തോടും ജാതി വ്യവസ്ഥയോടും ബ്രാഹ്‌മണ്യത്തോടും ഫെമിനിസ്റ്റ് ചിന്താഗതികളിലൂന്നി പ്രതികരിക്കുകയും ചെയ്യുന്ന സുഭദ്ര അന്യജാതിയിലുള്ള ഒരാളുടെ ഒപ്പം പോയതിന്റെ പേരില്‍, ദുരഭിമാനിയും മാമൂല്‍പ്രിയനുമായ അവരുടെ അച്ഛന്‍ 'സാഫല്യം' എന്ന സ്വന്തം വീട് വിറ്റ് മറ്റൊരു സ്ഥലത്തേക്ക് താമസം മാറുന്നു.
താനും ചേച്ചിയുടെ പാത പിന്തുടര്‍ന്നാല്‍, അത് അച്ഛന്റെ ആത്മഹത്യയിലായിരിക്കും കലാശിക്കുക എന്ന ചിന്തയും അനൂപിനെ ഒഴിവാക്കുവാന്‍ സാവിത്രിയെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയുടെ ഒരു നേര്‍ ചിത്രം നോവലിസ്റ്റ് ഇവിടെ അനുരാഗികളിലൂടെ വരച്ചു കാട്ടുന്നു. ഇന്നത്തെ കൗമാരക്കാര്‍ക്ക് അന്യമായ സാഹചര്യങ്ങളാണ് അവ. അതിനു ശേഷമാണ് ആര്‍ക്കും കൊട്ടാവുന്ന ഒരു 'വഴിച്ചെണ്ട' ആയി അനൂപ് മാറുന്നത്.
ലക്ഷ്യമില്ലാതെയുള്ള പ്രയാണത്തില്‍ ഗുരുവായൂരിലെ മദ്യക്കടയ്ക്ക് മുന്നില്‍ കൈ നീട്ടി നില്‍ക്കുന്ന അനൂപിനെ ഒരുത്തന്‍ കൂട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപയോഗിച്ച് മദ്യം വാങ്ങിക്കൊടുക്കുന്നു. മറ്റൊരുത്തന്‍ കരണത്തടി കൊടുത്ത് ചെളിക്കുണ്ടില്‍ തള്ളിയിടുന്നു. അവിടെ നിന്നും നുസ്രത് ബീവി ടീച്ചര്‍ അനൂപിനെ തന്റെ വീട്ടില്‍ കൊണ്ടുവന്ന് പരിചരിക്കുന്നു. ടീച്ചറിന്റെ ഉള്ളിലും അനൂപിന് ഒരു സ്ഥാനമുണ്ട്. പക്ഷേ, അയാള്‍ അതിനോട് പ്രതികരിക്കുന്നില്ല. അതിന് കാരണക്കാരിയായും സാവിത്രി മാറുന്നു.
ശാസ്ത്ര സാഹിത്യ പരിഷത്തുമായുള്ള ബന്ധത്തിലൂടെയാണ് ഉമ്മര്‍ മാഷും നുസ്രത് ബീവിയും, ഭൂതനാഥനുമൊക്കെ അനൂപിന്റെ സുഹൃത്തുക്കളാകുന്നത്. സാക്ഷരതാ പ്രസ്ഥാനവും പരിഷത്ത് നാടകങ്ങളും കാലത്തിന്റെ പ്രതിഫലനങ്ങളായി നോവലില്‍ വന്നു പോകുന്നു. കേരളത്തിന്റെ തൊണ്ണൂറുകള്‍ മുതല്‍ രണ്ടായിരത്തിന്റെ അവസാനം വരെയുള്ള രണ്ട് പതിറ്റാണ്ടിനിടയിലാണ് അനൂപ് ശരിക്കുള്ള വഴിച്ചെണ്ടയായി മാറുന്നതെന്ന് നോവല്‍ പറയുന്നു.
വായനക്കിടയില്‍ എന്റെ മനസ്സിനെ വല്ലാതെ ആകര്‍ഷിച്ച മറ്റൊരു കഥാപാത്രമാണ് മേലേരി മനയിലെ ഭൂതനാഥന്‍. അനൂപ് കണ്ടുമുട്ടുന്ന അടിയാളപ്പറമ്പിലെ ദളിതരെക്കാള്‍ ഗതികെട്ട ജീവിതം നയിക്കുന്ന നമ്പൂതിരി യുവാവാണ് ഭൂതനാഥന്‍. നല്ല വിദ്യാഭ്യാസം ഉണ്ടെങ്കിലും അയാള്‍ക്ക് അതിനു തക്ക ജോലിയൊന്നുമില്ല. ഇളയൂര്‍ യുവജന സംഘം വായനശാലയില്‍ ലൈബ്രേറിയനാണ്. അതില്‍ നിന്നും കിട്ടുന്ന തുച്ഛ വരുമാനം കള്ളിനും കഞ്ചാവിനും മാത്രമേ തികയുള്ളു. ഫ്യുഡല്‍ വ്യവസ്ഥിതിയുടെ ഇരയും ഫ്യൂഡലിസത്തിന്റെ സാക്ഷിയുമാണ് ആ കഥാപാത്രം. നമ്മള്‍ നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണുന്നത് പോലയല്ല പലരുടെയും ജീവിതമെന്നും അതിനപ്പുറം നിഗൂഢമായ പലതുമുണ്ടെന്നും നോവലിസ്റ്റ് പല കഥാപാത്രങ്ങളിലൂടേയും അന്വേഷിച്ച് കണ്ടെത്തുന്നുണ്ട്.
നജുമുന്നീസയെപ്പോലെ വായനക്കാരുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന മറ്റൊരു കഥാപാത്രമാണ് പൂവി. വരയുടെ ലോകത്ത് പാറിപ്പറന്നു നടക്കേണ്ട അനൂപിന്റെ കുഞ്ഞനുജത്തി. ദരിദ്ര മുസ്ലിം കുടുംബത്തില്‍ ജനിച്ച ആ പൂമൊട്ട് പൂര്‍ണമായി വിടര്‍ന്ന് സൗരഭ്യം പരത്തും മുന്നേ ഇതളുകള്‍ കൊഴിഞ്ഞ് ഇല്ലാതാവുന്നു. കേവലം പതിനഞ്ചാം വയസ്സില്‍ വിവാഹിതയായി ഇരുപതിലെത്തുമ്പോഴേക്കും നാല് കുട്ടികളുടെ അമ്മയായിക്കഴിഞ്ഞിരുന്നു അവള്‍. ജീവിതം തുടങ്ങേണ്ട പ്രായത്തില്‍ നാലു കുട്ടികളുമായി പൂവി ജീവിതത്തില്‍ നിന്നും പോയിമറയുമ്പോള്‍ അത് അനൂപിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. വായനക്കാരെയും. പൂവിയിലൂടെ അന്ന് മുസ്ലിം സമുദായത്തില്‍ നിലനിന്നിരുന്ന ശൈശവ വിവാഹമെന്ന സാമൂഹ്യ വ്യവസ്ഥിതിയുടെ ദുരവസ്ഥകള്‍ വിവരിക്കുന്നത് വായനക്കാരെ അസ്വസ്ഥരാക്കും.
വരയുടെ ലോകത്തുകൂടി അനൂപിന്റെ യാത്ര വീണ്ടും കടന്നു പോകുമ്പോഴാണ് ബിരുദാനന്തര ബിരുദ പരീക്ഷ കഴിഞ്ഞു നില്‍ക്കുന്ന മലപ്പുറത്തുകാരിയായ രശ്മിയെ അനൂപ് പരിചയപ്പെടുന്നത്. തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ രശ്മിയുമായുള്ള പരിചയപ്പെടല്‍ പിന്നീട് സൗഹൃദമായി വളര്‍ന്ന് രശ്മിയെ വിവാഹം കഴിച്ച് ജീവിക്കാമെന്ന ചിന്തയിലേക്ക് അനൂപിനെ എത്തിക്കുന്നതാണ് നോവലിന്റെ മറ്റൊരു വഴിത്തിരിവ്. അനൂപ് എന്തുകൊണ്ട് ഇങ്ങനെയാകുന്നു എന്ന് ഇവിടെയെല്ലാം വായനക്കാരന്‍ അസ്വസ്ഥതയോടെ ചിന്തിക്കും. അനൂപിന്റെ എക്‌സ് റേ ചിത്രമാണ് വഴിച്ചെണ്ട. ഒപ്പം മറ്റ് കഥാപാത്രങ്ങളുടെയും. ഓരോ വരിയിലും വായനക്കാരെ ആത്മവിശകലനത്തിന് പ്രേരിപ്പിക്കുന്ന നോവലാണ് വഴിച്ചെണ്ട.
ഇനിയും ഒരുപാട് കഥാപാത്രങ്ങളും അവര്‍ സഞ്ചരിച്ച വഴികളും ധാരാളമുണ്ട് ഈ നോവലില്‍. അതൊക്കെ അടയാളപ്പെടുത്താന്‍ തുനിഞ്ഞാല്‍ ഒരു പുസ്തകം തന്നെ എഴുതേണ്ടി വരും! 30-40 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിലെ നിരവധി ഗ്രാമങ്ങള്‍, പട്ടണങ്ങള്‍, അന്നത്തെ, വ്യത്യസ്ത ജാതി,മത വിഭാഗങ്ങളില്‍പ്പെട്ട മനുഷ്യരുടെ ജീവിതവും ജീവിത രീതികളും, ഗ്രാമങ്ങളും പ്രകൃതിയും... ഇതിന്റെയെല്ലാം ഒരു നേര്‍ക്കാഴ്ച വായനക്കാര്‍ക്ക് സമ്മാനിച്ചിരിക്കുന്നു 'വഴിച്ചെണ്ട'.
Content Highlights: Book review of 'Vazhichenda'
Published: 12 Aug 2025, 08:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented