
അതിവൈകാരികതകളില്ലാതെ തന്നെ, ജീവിതത്തിലെ പല ഘട്ടങ്ങളെയും സംഘര്‍ഷങ്ങളയും ആത്മാന്വേഷണത്തെയുമൊക്കെ മനോഹരമായ ഭാഷയില്‍ കൊണ്ടുവന്നിട്ടുള്ള ഒരു വായനയായിരുന്നു സ്‌നോലോട്ടസിന്റേത്.
സോണിയയുടെ ജോലി സംബന്ധമായ അനുഭവങ്ങളും അറിവുകളും അതിനുമപ്പുറം അവര്‍ നോവലിന്റെ അവസാനം പറഞ്ഞിരിക്കുന്ന പോലെയുള്ള വിപുലമായ വായനയും ഈ പുസ്തകത്തിലെ നരേഷനുകളുടെ ആത്മാര്‍ഥതയെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വായനയില്‍ തോന്നിയത്.
വളരെയേറെ അടരുകളുള്ള ഒരു കൃതിയാണ് സ്‌നോലോട്ടസ്.
വര്‍ഷങ്ങള്‍ക്കു മുമ്പേ, മലമുകളില്‍ വച്ചു സൈനികനായ അച്ഛനെ ഒരു രക്ഷാപ്രവര്‍ത്തനത്തിനിടെ ,മഞ്ഞുമലകള്‍ക്കിടയില്‍ കാണാതാകുമ്പോള്‍, മകള്‍ ഗോപയ്ക്ക് എട്ട് വയസ്സുമാത്രം.
പിന്നീട്, ആ അച്ഛനെ തേടിയുള്ള യാത്രയ്ക്കായുള്ള തയ്യാറെടുപ്പുകള്‍, വര്‍ഷങ്ങള്‍ക്കുശേഷം, ആര്‍മിയില്‍ ഡോക്ടറായി ചേരുകയും, ദുരിതപര്‍വ്വങ്ങള്‍ താണ്ടിയുള്ള യാത്രകള്‍ക്കു തുടക്കമാകുകയും ചെയ്യുന്നു.
''മരിച്ചു പോകുക എന്നാല്‍ എത്രയോ ഭേദമാണ്. പതുക്കെ നമ്മള്‍ ആ സത്യവുമായി പൊരുത്തപ്പെട്ടുകൊള്ളും. പക്ഷേ, കാണാതെ പോകുക എന്നാല്‍ ചങ്കില്‍ ഒരു വാള്‍ തറച്ചു വെയ്ക്കുന്ന പോലെയാണ്.''
ഈയൊരു പ്രധാന വിഷയം പ്രമേയമാക്കിക്കൊണ്ട്, പല തലങ്ങളില്‍ വികസിക്കുന്ന നോവലാണിത്.
ടിബറ്റന്‍ അയാര്‍ത്ഥി പ്രശ്‌നങ്ങളെക്കുറിച്ചുള്ള മലയാള കൃതികള്‍ ഉണ്ടോ എന്നറിയില്ല. മഞ്ഞുമലകള്‍ താണ്ടി, ജനിച്ച നാടും വീടും എന്തിന് ഭാഷ പോലും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍, വിശ്വാസത്തെ മുറുകെ പിടിച്ചതില്‍ പീഡനങ്ങളേല്‍ക്കുന്നവര്‍, സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചു ചെല്ലാനാകാതെ, നെടുവീര്‍പ്പിടുന്ന കുട്ടികളും സ്ത്രീകളുമടങ്ങുന്ന വലിയൊരു ജനതയുടെ വിലാപങ്ങള്‍, കടുത്ത മനോവേദനയോടെയല്ലാതെ വായിച്ചു തീര്‍ക്കാനാകില്ല.
പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ദുര്‍ഘടമായ മഞ്ഞുമലകള്‍ താണ്ടാന്‍ വിധിക്കപ്പെട്ടവരാകുന്നു.
അച്ഛനെത്തേടിയുള്ള യാത്രയില്‍ ഇത്തരം ദുരിതക്കാഴ്ച്ചകളും മരണം വന്ന് ചുംബിച്ച് തിരിച്ചുപോയതുപോലുള്ള ഭയാനകമായ അനുഭവങ്ങളും ഒരു മലകയറ്റക്കാരിയുടെ ആത്മകഥയെന്നോണം വായിച്ചെടുക്കാം.
വലിയ അവലാഞ്ചുകള്‍, മഞ്ഞുമലയിടിച്ചിലുകള്‍, അത്ര വലിയ കാന്‍വാസില്‍ തന്നെ വളരെ ഡീറ്റയിലിങ്ങോടെ തന്നെ എഴുതിയിട്ടുണ്ട്.
ടിബറ്റന്‍ ലാമകള്‍, ആചാരങ്ങള്‍, അവരെ ചുറ്റിപ്പറ്റിയുള്ള മിത്തുകള്‍, ഫോക്‌ലോറുകള്‍, പാട്ടുകള്‍ ഇതെല്ലാം മനോഹരമായ വായന തരുന്നുണ്ട്.
മറ്റൊന്ന്, മലകയറ്റത്തെക്കുറിച്ചുള്ള വിവരണങ്ങളാണ്. പുതുമയുള്ള വിഷയമായി തോന്നി. രണ്ടു മനുഷ്യരുടെ അതിസാഹസികമായ യാത്രാവിവരണങ്ങളിലൂടെ, എഴുത്തുകാരി, ഈയൊരു ഭാഗങ്ങള്‍ വിവരിക്കാനായി എടുത്തിട്ടുള്ള പരിശ്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാകില്ല.
സസ്യജന്തുജാലങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍, എടുത്തു പറയണം. അതിലെ വിവരണം ശരിക്കും അതിശയിപ്പിക്കുന്നു. ഇതുവരെ കേള്‍ക്കാത്ത മരങ്ങള്‍, പൂക്കള്‍, ചെടികള്‍, കായ്കനികള്‍, മൃഗങ്ങള്‍, പക്ഷികള്‍, ഒരു അനിമേഷന്‍ മൂവിയിലെന്ന പോലെ, അസാധാരണമായ മിഴിവോടെ കണ്‍മുന്നിലെത്തുന്നു.
സ്‌നോലോട്ടസ് എന്ന പേര് സ്വീകരിക്കാനുള്ള കാരണങ്ങള്‍ നോവലിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിലാകുന്നു.
കഥയുടെ നിശ്ചിത ഭാഗത്തു നിന്നും പ്രണയവും കടന്നുവരുന്നു. ശരീരവും ആത്മാവും അതിന്റെ ചോദനകളെത്തേടുന്ന യാത്രയായി, ഒരേയൊരു ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയായി, തിരിച്ചറിവുകളായി, ഗോപയും ദാവയും സഞ്ചരിക്കുന്നു.
ഇതിലെ പ്രണയം, വളരെ സൂക്ഷ്മമായി പറഞ്ഞിരിക്കുന്ന വളരെ ആഴത്തിലുള്ള ഒരാത്മബന്ധമാണ്. എല്ലാ പ്രണയങ്ങളും ശുഭപര്യവസായിയോ, ഒരുമിച്ചു ജീവിതാവസാനം വരെ നീണ്ടുനില്‍ക്കുന്നതോ അല്ലെന്ന് മനസ്സിലാക്കിയിട്ടും, ആത്മാവിന്റെ ചോദനയാല്‍, പ്രണയിച്ചു പോകുന്നവര്‍.
ഇവിടെ ചെറിയൊരു പ്രശ്‌നം തോന്നിയത്, രണ്ടു പേര്‍ പ്രണയിക്കാന്‍ തുടങ്ങുന്നത്, വായനക്കാര്‍ക്കുപോലും തിരിച്ചറിയാതെ പോകുമായിരുന്ന തരത്തില്‍ ഒട്ടും നാടകീയതകളോ മറ്റോ ഇല്ലാതെയാണ്.
ഒരു ജേണല്‍ വായന പാരലലായി പല അദ്ധ്യായങ്ങളിലും കടന്നുവരുന്നുണ്ട്.
ഒരു പക്ഷേ, ഒരു നാടിനെ അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങളെ, ബുദ്ധനെ, ടിബറ്റന്‍ കവികളെ, ലാന്‍ഡ്മാര്‍ക്കുകളെ ലാമകളെക്കുറിച്ചെല്ലാം ഈ കുറിപ്പുകളിലൂടെ വായിക്കാനാകുന്നു.
ഗോപയുടെ അച്ഛന്റെ കൈയിലുണ്ടായിരുന്ന പുസ്തകങ്ങള്‍, അയാളെ തേടിയുള്ള യാത്രയില്‍ തന്റെ കൂട്ടായി വന്നവനോടൊപ്പമുള്ള ബുദ്ധചിന്തകള്‍, അതെല്ലാം കൂടി ഒരു ആത്മീയതയിലേയ്ക്കുള്ള യാത്ര പോലെ സഞ്ചാരവും.
ചില സന്ദര്‍ഭങ്ങളില്‍, ഒരു മായക്കാഴ്ച്ചയെന്നോണം, കഥയിലെ അതിര്‍വരമ്പുകള്‍ കഥാകാരി പൂരിപ്പിച്ചെടുക്കുന്നുണ്ട്.
ബാക്‌സ്റ്റോറികളിലൂടെയും ഫ്‌ലാഷ് ബാക്കുകളിലൂടെയും ഗോപയുടെ ഏറ്റവും വിരസവും അരക്ഷിതവുമെന്ന് തോന്നിപ്പിക്കുന്ന കുട്ടിക്കാലവും കൗമാരക്കാലവും കടന്നു വരുന്നുണ്ട്.
പട്ടാളക്കാരരെ കാണാതാകുകയോ കൊല്ലപ്പെടുകയോ ചെയ്തതിനു ശേഷം, അവരുടെ കുടുംബത്തിലെ ഓരോരുത്തരുടെയും ജീവിതങ്ങളുടെ ഒരു പരിഛേദം വായിച്ചെടുക്കാനാകും.
ഈ പുസ്തകത്തില്‍ നിന്നും ഏകദേശം പത്തോളം റഫറന്‍സുകള്‍ കിട്ടിയിട്ടുണ്ട് എന്നതാണ് മറ്റൊരു സന്തോഷം.
ഈ പുസ്തകത്തിന്റെ ക്ലൈമാക്സിനെക്കുറിച്ചു സ്വാഭാവികമായും ചില സംശയങ്ങള്‍ ഉണ്ടായി. മിലിട്ടറി ഓപ്പറേഷനുകളും മറ്റും അത്ര പരിചിതമല്ലാത്ത വായനക്കാര്‍ക്ക് ചിലപ്പോള്‍ ചിന്താക്കുഴപ്പം ഉണ്ടാക്കിയേക്കാം എന്ന് തോന്നിയെങ്കിലും ഒരു 'Open Ended Story' പോലെ അവര്‍ ചിന്തിക്കട്ടെ എന്നാവും നോവലിസ്റ്റ് ഉദ്ദേശിച്ചിട്ടുണ്ടാകുക.
ഫിക്ഷന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി ഭീമാകാരനും നിഗൂഢതകള്‍ പേറുന്നവനുമായ ഹിമാലയവും വലിയൊരു കഥാപാത്രമായി വരുന്നു.
ഭൗതികമായ അഭിലാഷങ്ങള്‍ നേടിയെടുക്കാനുള്ള യാത്രയില്‍ ആത്മാവിനെ വിളിച്ചുണര്‍ത്തുന്ന കാഴ്ചകള്‍, വ്യക്തികള്‍ അനുഭവങ്ങള്‍... ഇതെല്ലാം വായനയെ സമ്പുഷ്ടമാക്കുന്നു.
Content Highlights: Sonia Cheriyan Novel Snow Lotus Review by Divya Jose
Published: 15 Sept 2025, 06:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented