പരിചിത പരിസരങ്ങളില്‍ ഭാവന ഉള്‍ച്ചേരുമ്പോഴാണ് കാമ്പുള്ള സാഹിത്യരചനകള്‍ പിറവി കൊള്ളുന്നത്. രണ്ടിന്റെയും രാസസമീകരണം യഥാവിധി നടത്തുന്ന സാഹിത്യ രസതന്ത്രജ്ഞനാണ് അനുപമമായ ഈ'രസവിദ്യ'യിലൂടെ അനുവാചകരെ അതിശയിപ്പിക്കുന്ന രചനകള്‍ നടത്തുന്നത്. തസ്രാക്കില്‍ നിന്നും ലോകത്തെനോക്കിയ വിജയനിലും, നിളയുടെ ഓളപ്പരപ്പില്‍സമഷ്ടിയുടെ കറുപ്പും വെളുപ്പും ദര്‍ശിച്ച എം.ടി.യും സര്‍വജീവജാലങ്ങളിലും കഥയും ദാര്‍ശനികതയും കണ്ട ബഷീറും, നിത്യസഞ്ചാരിയായിരുന്ന എസ് കെയും.... പേരുകള്‍ അവസാനിക്കുന്നില്ല.

To advertise here,

ശ്രീമതി പ്രിയ ജോസഫിന്റെ ആദ്യ കഥാസമാഹാരമായ'മാണീം ഇന്ദിരാഗാന്ധീം'നെയും ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. ദശാബ്ദങ്ങളായി അമേരിക്കയില്‍താമസിക്കുന്ന വ്യക്തിയാണ് പ്രിയ. അതുകൊണ്ടുതന്നെ മിക്ക കഥകളിലും അമേരിക്കന്‍ പരിസരമാണ് കഥാഭൂമിക. ഏതു ഭൂമികയിലും മനുഷ്യ മനസ്സിന്റെ സങ്കീര്‍ണതകള്‍ക്കും വിഹ്വലതകള്‍ക്കും മാറ്റമില്ലല്ലോ. അത് എത്രയും ലളിതമായി സാഹിത്യഭംഗി ചോരാതെ പറയുന്നത് അപൂര്‍വമായ ഒരുസാഹിത്യ സിദ്ധിയാണ്. ഈ ഒരു രസക്കൂട്ട് തന്നെയാണ് പ്രിയയുടെ കഥകളെ ഏവര്‍ക്കും പ്രിയങ്കരമാക്കുന്നത്.

'ഏവര്‍ക്കും' എന്നത് ബോധപൂര്‍വ്വം പറഞ്ഞതാണ്. അനുവാചകരെ ചതുരക്കള്ളിയില്‍ തളച്ചിട്ട് ഓരോകളത്തിനും വേണ്ടി എഴുതുന്ന എഴുത്തുകാരില്‍ നിന്നും ഇവിടെ പ്രിയ വേറിട്ട് നില്‍ക്കുന്നു. ഈ ചതുരക്കള്ളികള്‍ ഭേദിച്ചുവരുന്ന വായനക്കാരാണ് പ്രിയയുടെ കഥകളുടെ ആസ്വാദകര്‍. ബൗദ്ധിക ശ്രേഷ്ഠര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ കടന്നുപോകാന്‍ കഴിയുന്നതാണ് ഇതിലെ കഥകള്‍. അതും ഒരു ട്രാഫിക് ബ്ലോക്ക് പോലുമില്ലാതെ.

കഥയില്‍ ഭൗതികത ഇല്ലേ? ഉണ്ട്.
സാരള്യമില്ലേ? ഉണ്ട്.
നര്‍മ്മമില്ലേ? ഉണ്ട്.
കുറിക്കു കൊള്ളുന്ന പരിഹാസമില്ലേ? ഉണ്ട്.
എന്നാല്‍ ഇവയെല്ലാം അതിവിദഗ്ധമായി കഥ പറച്ചില്‍ എന്ന അനുപമ സിദ്ധികൊണ്ട് കോര്‍ത്തിണക്കുകയാണ് കഥാകൃത്ത്.

ഇവിടെ എല്ലാ കഥകളെയും വിലയിരുത്തുന്നില്ല. ആദ്യകഥയായി വരുന്ന 'കന്യാവ്രതത്തിന്റെ കാവല്‍ക്കാരനില്‍' വിവാഹിതയായ ഒരു യുവതിയിലൂടെയാണ് കഥ വികസിക്കുന്നത്. മനുഷ്യ മനസ്സിന്റെ അതിവിചിത്രമായ ഒരു തലവും( ഫെറ്റിഷിസം) അത് ദാമ്പത്യ ജീവിതത്തിലും ചുറ്റുമുള്ളവരിലും സൃഷ്ടിക്കുന്ന അസ്വസ്ഥതകളും സരസമായി പറഞ്ഞുപോകുകയാണ് പ്രിയ. ഓരോ വാചകവുംഅടുത്ത വാചകത്തിലേക്കു തെന്നി( ഗ്ലൈഡ്)യിറങ്ങുന്ന അപൂര്‍വ രചനാകൗശലത്തില്‍ നാം വിസ്മയിക്കുന്നു. ഫെറ്റിഷിസം, ലൈംഗികത, മലയാളിയുടെ സ്വതസിദ്ധമായ അയല്‍പക്ക നോട്ടം ഇവയെല്ലാം സാകൂതം നിരീക്ഷിക്കുകയും എന്നാല്‍ മുഖത്തുനോക്കി ആട്ടുകയും ചെയ്യുകയാണ് നര്‍മത്തിലൂടെ പ്രിയ ചെയ്യുന്നത്.

സമയമായിട്ടും പ്രസവിക്കാത്ത ബന്ധുവിനോട് ഇറുക്കമുള്ള അണ്ടര്‍വെയറാണോ ഭര്‍ത്താവ് ധരിക്കുന്നതെന്നുള്ള ഡോക്ടറായ ബന്ധുവിന്റെ വികലവും പരിമിതവുമായ ലോകപരിചയത്തെ ശരിക്കും പരിഹസിക്കുന്നുണ്ട്. മനസ്സിലുറച്ചുപോയ മതബോധം വരച്ചിടുന്ന ലക്ഷ്മണ രേഖയ്ക്കുള്ളില്‍ ശ്വാസം മുട്ടുന്ന റേച്ചല്‍. ആ സ്വാതന്ത്ര്യമാണ് ധാര്‍മികതയെന്ന് വിശ്വസിപ്പിക്കുന്ന മതബോധം. നര്‍മ്മത്തിലൂടെ ആ ജീര്‍ണ്ണതയുടെ മുഖത്ത് ആഞ്ഞുപ്രഹരിക്കുകയാണ് കഥാകൃത്ത്. സ്ഥാനത്തും അസ്ഥാനത്തുംചാടി വീഴുന്ന യൗസേപ്പിതാവിനെക്കൊണ്ട് പലപ്പോഴും തോല്‍ക്കുകയാണ് റേച്ചല്‍.

ലോകം കണ്ട ഏറ്റവും മഹത്തായ ഒരു പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ലളിതവത്കരിക്കപ്പെട്ട 'പെഴ്‌സോണിഫിക്കേഷന്‍' ആയി ജോസ് ചേട്ടനെ അവതരിപ്പിക്കുകയാണ് 'കാറല്‍ മാക്‌സ് ചരിത'ത്തില്‍. ഒരുകൊച്ചു പെണ്‍കുട്ടിയുടെ കണ്ണിലൂടെ ഒരു യഥാര്‍ത്ഥകമ്മ്യൂണിസ്റ്റുകാരന്റെ രൂപം പ്രത്യയ ശാസ്ത്രഭാരമില്ലാതെ അനുവാചക മനസ്സിലേക്ക് കടന്നു വരുന്നു.

അയാള്‍ക്ക് കാപട്യങ്ങളില്ല. ഉള്ളിലും പുറത്തും ഒരേ ഭാവം സ്വരം. 'തങ്കേ'എന്ന അലര്‍ച്ചയോട് കൂടി വീട്ടിലേക്ക് കടന്നുവരുന്ന ജോസ്‌ചേട്ടന് ഒരു ഭാഷ മാത്രമേ അറിയൂ. മറ്റുള്ളവര്‍ക്ക് അപരിഷ്‌കൃതം എന്ന് തോന്നുന്ന ശുദ്ധ സ്‌നേഹത്തിന്റെ ഭാഷ. മറ്റുള്ളവര്‍ക്ക് അലര്‍ച്ചയായി രൂപം കൊള്ളുന്ന ജോസ് കലര്‍പ്പില്ലാത്ത ബാല്യത്തിന് സ്‌നേഹരൂപനാണ്.

'കോളിംഗ് ബെല്‍ അടിക്കുക, കറണ്ട് ഇല്ലെങ്കില്‍ വാതിലില്‍ മുട്ടുക, എല്ലാവരും ചെയ്യുന്നതുപോലെ ചെരിപ്പൂരി പുറത്ത് വയ്ക്കുക- ഇങ്ങനെയുള്ള മര്യാദകള്‍ ഒന്നും ജോസ് ചേട്ടന്‍ പാലിച്ചിരുന്നില്ല. ഇനി വന്നാലോ എല്ലാം മുറികളിലും കയറിയിറങ്ങി നടപ്പാണ്. '

ഈ ഒരൊറ്റ ഭാഗത്തിലൂടെ ജോസ് ചേട്ടനിലെ മാനവികതയും കാപട്യമില്ലായ്മയും വെളിവാക്കുകയാണ് കഥാകൃത്ത്. മനസ്സാക്ഷിയോട് സത്യസന്ധത പുലര്‍ത്തുന്നവന്‍ ആയിരിക്കണം യഥാര്‍ത്ഥ മനുഷ്യന്‍ അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് എന്ന യാഥാര്‍ത്ഥ്യത്തിന് അടിവരെ ഇടുകയാണ് കഥാകൃത്ത്.

ഭാനു എന്ന യുവതിയുടെ അസ്തിത്വാന്വേഷണമാണ് ' എന്റെ ആന്‍ ക്ലെയ്ന്‍ ജാക്കറ്റ്'. കഥയുടെ ഭൂമിക ഇവിടെയും അമേരിക്ക തന്നെയാണ്. ഭര്‍ത്താവ് വാഗ്ദാനം നല്‍കുന്ന ഭൗതിക സുഖങ്ങളല്ല മനസ്സ് അന്വേഷിക്കുന്നത്. തനിക്കുവേണ്ടി അവള്‍ തന്നെ കണ്ടെത്തുന്ന ജാക്കറ്റ് അവളുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ശക്തമായ ബിംബമായി കഥയില്‍ മാറുന്നു. നൂറുകണക്കിന് വിലപിടിപ്പുള്ള ജാക്കറ്റുകള്‍ക്കിടയില്‍നിന്നും അവളെ കാത്തിരിക്കുന്നതുപോലെയും അവള്‍ അന്വേഷിച്ചുകൊണ്ടിരുന്നതുമായ ആ ജാക്കറ്റ് അവളുടെ ആത്മാന്വേഷണത്തിന്റെ സമാപ്തിയാണ്. ഇത്രയും ശക്തമായ ഒരു ബിംബകല്‍പ്പന അടുത്ത കാലത്തൊന്നും മലയാളകഥയില്‍ ഉണ്ടായിട്ടില്ല.

സമാഹാരത്തിന്റെ തലക്കെട്ടായ 'മാണീം ഇന്ദിരാ ഗാന്ധീം' വീണ്ടും ഒരു കൊച്ചു പെണ്‍കുട്ടിയുടെ 'മോണോലോഗ്' ആണ്. ജീവിക്കുന്ന പരിഷ്‌കൃത ലോകമൊന്നും അടിയുറച്ചുപോയ'കണ്ടീഷന്‍ഡ് മൈന്‍ഡ്' നെയൊന്നും മാറ്റി മറിക്കാന്‍പോകുന്നില്ല എന്ന ശക്തമായ സന്ദേശം ഈ കഥയുടെ വാക്കുകള്‍ക്കിടയില്‍ പ്രിയ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. അച്ഛനില്ലാതെ കുഞ്ഞ് വളരേണ്ടതില്ലെന്നുള്ള ബോധം ഉടലെടുക്കുന്നതാകട്ടെ പരിഷ്‌കൃത രാജ്യത്തില്‍ ജീവിക്കുന്ന സ്ത്രീയിലും!

മതബോധത്തെ മാത്രമല്ല കേരള സമൂഹത്തില്‍ ആഴ്ന്നിറങ്ങിയിട്ടുള്ള ജാതി വ്യവസ്ഥയെയും കുഞ്ഞുവാക്കുകളാല്‍ പ്രഹരിക്കുന്നുണ്ട് പ്രിയ. ജാതിയനുസരിച്ച് ഓരോരുത്തരും വീട്ടില്‍ വരുത്തുന്ന പത്രങ്ങളുടെ പേരെടുത്തുപറഞ്ഞ് മലയാളിയുടെ കപട മതേതരത്വത്തെയും ശക്തമായിത്തന്നെ പരിഹസിക്കുന്നു.

എല്ലാ കഥകളിലും ഒരു പെണ്‍കുട്ടിയോ യുവതിയോ ആണ് കഥ പറയുന്നത്. വായനക്കാരന് അവരില്‍ നിന്നും പ്രിയയെ ഒഴിച്ച് നിര്‍ത്താന്‍ കഴിയില്ല. ആ ശബ്ദം പ്രിയയുടേത് മാത്രമല്ല. താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ ആന്തരികഭാഷ കൂടിയാണ്.

ഇതിലെ ഓരോ കഥകളും ഓരോ വ്യത്യസ്ത അനുഭവമാണ്. സാഹിത്യ രംഗത്ത് ഇത് പ്രിയയുടെ രണ്ടാം വരവാണ്. പഠിക്കുന്ന കാലത്ത് നന്നായിട്ട് കഥ എഴുതിയിരുന്ന പ്രിയ പ്രവാസലോകത്ത് ഏറെക്കാലം നിശബ്ദയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പേന എടുത്ത പ്രിയയിലൂടെ ഒരു കാര്യം വെളിപ്പെടുന്നു. സര്‍ഗ്ഗാത്മകത. അത് നൈസര്‍ഗികമാണ്. എത്ര കാലം നിശബ്ദമായിരുന്നാലും അത് മുള പൊട്ടി തളിര്‍ക്കും. പൂവിടും.