പി.എഫ്. മാത്യൂസിന്റെ കഥകളുടെ സമാഹാരമായ 'പതിമൂന്ന് കടല്‍ക്കാക്കകളുടെ ഉപമ' ഷബിതയുടെ വായനയില്‍.

To advertise here,

മ്പേ പരാജയപ്പെട്ടുപോയ ഒരു മനുഷ്യന്‍ സ്വയം സംസാരിക്കാന്‍ തുടങ്ങിയാല്‍ അയാള്‍ ആരോടൊക്കെ എന്തൊക്കെ പറയുന്നുണ്ടാവും എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. 'പി.എഫ് മാത്യൂസിന്റെ പതിമൂന്ന് കടല്‍ക്കാക്കകളുടെ ഉപമ' എന്ന കഥാസമാഹാരം മുഴുവനായും വായിച്ചുതീര്‍ന്നപ്പോള്‍ തോന്നിയത് ഈ ലോകത്തോട് നന്ദി നമസ്‌കാരം പറഞ്ഞു സുല്ലിട്ട ഒരു മനുഷ്യന്‍ സ്വയം പറഞ്ഞുകൊണ്ടിരിക്കുന്ന കുറേയെറെ തുടര്‍ സംഭവങ്ങളെ സമാഹരിച്ചിരിക്കുന്നു എന്നാണ്. എഡ്ഗര്‍ അലന്‍ പോയെ വായിക്കുമ്പോള്‍ അലന്‍ പോ പിന്നാലെ വന്ന് പിറുപിറുക്കുന്നതുപോലെ നമുക്ക് തോന്നാം. അത്തരത്തിലുള്ള അനുഭവം തരുന്ന കഥകളുണ്ട് 'പതിമൂന്ന് കടല്‍ക്കാക്കകളുടെ ഉപമ'യില്‍. ഒറ്റയാക്കപ്പെടലിന്റെ തുരുത്തിലേക്ക് വായനക്കാരെ നിഷ്‌കരുണം വലിച്ചെറിയുന്ന കഥകളുടെ മന്ത്രവാദമാണ് പി.എഫ് മാത്യൂസിന്റെ വാക്കുകളും പ്രയോഗങ്ങളും ഉപമയും രൂപകവും.  കൊലപാതകം കഴിഞ്ഞ വീട്ടിൽ രക്തം തളംകെട്ടിനില്‍ക്കുന്നതുപോലെ മനുഷ്യര്‍ നഷ്ടബോധങ്ങളുടെ ഉളുമ്പുമണവും പേറി ഏകാന്തതയില്‍ തളംകെട്ടി നിന്നുപോകുന്നുണ്ട് ഈ കഥകളില്‍. 93-ലെ രാത്രി എന്ന കഥയില്‍ തീവണ്ടിയില്‍ വെച്ച് മരണമടയുന്ന താണുവിനെ കാണാന്‍ വരുന്നവരെക്കുറിച്ച് ആഖ്യാതാവ് ഇങ്ങനെ പറയുന്നു: 'തികച്ചും അപരിചിതമായ മുഹൂര്‍ത്തമാണെങ്കിലും ചിരപരിചിതരായ മരണവീടുകളിലെ സന്ദര്‍ശകരുടെ ശരീരഭാഷയും ഭാവങ്ങളും യാത്രക്കാര്‍ അനുകരിച്ചു. ചിലര്‍ മാറിനിന്ന് അടക്കത്തില്‍ സംസാരിച്ചുകൊണ്ടിരുന്നു. ഈ നേരത്ത് ഏതോ ഒരു കംപാര്‍ട്ടുമെന്റില്‍ ഉറങ്ങിക്കിടന്ന ഒരു ഡോക്ടറെയും കൂട്ടിവന്ന ഒരാള്‍ താണുവിന്റെ മരണം സ്ഥിരീകരിക്കുകയുണ്ടായി.' 

മനുഷ്യരുടെ അനുതാപവും അനുകമ്പയും നിമിഷനേരം കൊണ്ട് ഇല്ലാതാവുന്നത് മൃതദേഹവുമായി തീവണ്ടിയില്‍ യാത്ര പാടില്ല എന്ന ഡോക്ടറുടെ പ്രസ്താവനയോടെയാണ്. രാത്രിയില്‍ അടുത്ത ചെറിയ സ്‌റ്റേഷനില്‍ താണുവിന്റെ മൃതദേഹവുമായി ഇറങ്ങേണ്ടിവരും എന്നു തിരിച്ചറിയുന്ന പട്ടാളക്കാരന്റെ 
(അയാളാണ് താണുവിനൊപ്പം വെല്ലൂരിലേക്ക് പുറപ്പെട്ടത്) അതുവരെയുണ്ടായിരുന്ന ഭാവത്തില്‍ നിന്നുള്ള ഒരു ഇറക്കമുണ്ട്. നിത്യജീവിതത്തിന്റെ ഭാഗമായ ബസ് യാത്രയില്‍ സ്ത്രീകളുടെ സീറ്റില്‍ കയറിയിരിക്കുന്ന പുരുഷന്മാരോട് അധികാരഭാവത്തോടെ റിസര്‍വേഷന്‍ എന്നെഴുതിവെച്ചിരിക്കുന്നത് കാണിച്ചുകൊടുക്കുമ്പോള്‍ അതുവരെയുണ്ടായിരുന്ന ഭാവത്തില്‍ നിന്നും പെട്ടെന്നവര്‍ രോഗതുരമായ ഒരു മുഖം പ്രദര്‍ശിപ്പിക്കുന്നതാണ് ഈ ഭാഗം വായിച്ചപ്പോള്‍ ഓര്‍മ വന്നത്. പാലക്കാട് എത്തുംവരെ താണു മരണപ്പെട്ടിട്ടില്ലെന്ന് കരുതാന്‍ പട്ടാളക്കാരന്‍ സഹയാത്രികരോട് കെഞ്ചുന്നുണ്ടെങ്കിലും ആഖ്യാതാവ് ഉള്‍പ്പെടെയുള്ളവര്‍ അടുത്ത സ്റ്റേഷനിലെത്തുമ്പോള്‍ ശവത്തെ എടുത്ത് സിമന്റ്‌ബെഞ്ചിലിട്ട് തിരികെയോടി വണ്ടിയില്‍ കയറുകയാണ് ചെയ്യുന്നത്. പിന്നീടുള്ള വാചകങ്ങളാണ് ഗംഭീരം- 'മരിച്ച വീടിന്റെ വിഷാദം ആ തീവണ്ടി മുറിക്കുണ്ടായിരുന്നു. ചന്ദനത്തിരിയുടെ ഗന്ധം പോലും അനുഭവിച്ചു.' തികച്ചും ഡിസ്‌റ്റോപിയനായിട്ടുള്ള ജീവിതാന്തരീക്ഷം, സാമൂഹികാന്തരീക്ഷം ഇത്രയേറെ മുറുക്കിക്കെട്ടുന്ന ഒരു രചനാരീതി പി.എഫ് മാത്യൂസ് ഏതു ഉത്സവപ്പറമ്പിലും കൊണ്ടുവന്നിരുത്തുന്നു എന്നതാണ് കഥാകൃത്തിനെ സ്വയംപറച്ചിലുകാരനാക്കി മാറ്റുന്നത്. താണു അവസാനമായി ഭൂമിയില്‍ നിന്നും വലിച്ചെടുത്ത ശ്വാസത്തോടൊപ്പം തന്നെ അവശേഷിപ്പിച്ചുപോയ 'ഇത്തിരി ചോര, ഇത്തിരി മൂത്രം' ഒരു ജീവനെ അടയാളപ്പെടുത്തി തീവണ്ടിയിലെ ബര്‍ത്തില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ആദ്യമാദ്യം ആ ഇത്തിരി ചോരയിലേക്കും ഇത്തിരി മൂത്രത്തിലേക്കും നോക്കാന്‍ പോലും കണ്ണുകളെ അനുവദിക്കാതിരുന്നവര്‍ അടുത്തടുത്ത സ്‌റ്റേഷനില്‍ ഇറങ്ങിപ്പോവുകയും പുതിയവര്‍ വന്ന് ചോരയ്ക്കും മൂത്രത്തിനും മാത്രം സ്ഥലം കൊടുത്ത് ബാക്കി കൈയേറുകയും പിന്നീട് ചോരയും മൂത്രവും ആരുടേയോ വസ്ത്രത്തില്‍ ഉണങ്ങിച്ചേരുകയും ചെയ്യുന്നതോടെ താണുവിന്റെ സംസ്‌കാരം പൂര്‍ത്തിയാവുകയാണ്.  

എഡ്ഗര്‍ അലൻ പോ തന്റെ 'ഫിലോസഫി ഓഫ് കോംപോസിഷന്‍' എന്ന ഉപന്യാസത്തില്‍ എഴുത്തുകാര്‍ എങ്ങനെയാണ് മികച്ച രചനകള്‍ സൃഷ്ടിക്കുന്നത് എന്ന് വിശദമാക്കുന്നുണ്ട്. സൃഷ്ടിയുടെ ദൈര്‍ഘ്യം അതില്‍ മുഖ്യ ഘടകമായി അദ്ദേഹം പരാമര്‍ശിക്കുന്നു. അലന്‍ പോയുടെ നിരീക്ഷണത്തില്‍ സാഹിത്യസൃഷ്ടി പാലിക്കേണ്ടതായിട്ടുള്ള മിനിമം ദൈര്‍ഘ്യമുണ്ട്. കഥയുടെ കാര്യത്തില്‍ പ്രത്യേകിച്ചും: 'There is a distinct limit, as regard as length, to all works of literary art- the limit of single sitting' എന്നാണ് ഒരു കഥയുടെ ദൈര്‍ഘ്യത്തെക്കുറിച്ച് അലന്‍ പോ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കഥ നോവലിനെക്കാളും മേധാവിത്വം അനുഭവിക്കുന്നതും. കഥ തീര്‍ച്ചയായും ഒറ്റയിരുപ്പില്‍ തീരേണ്ടതായിട്ടുള്ള ഒന്നാണ്. കാടടക്കി വെടിവെച്ചിട്ടും പക്ഷി താഴെ വീഴുന്നില്ലല്ലോ എന്നൊരു തകരാര്‍ ഈയിടെയായി പലകഥകളും വായിക്കുമ്പോള്‍ വ്യക്തിപരമായി അനുഭവപ്പെടാറുണ്ട്. പി.എഫ് മാത്യൂസിന്റെ 'പതിമൂന്നു കടല്‍ക്കാക്കകളുടെ ഉപമ'കളിലെ ഓരോ കഥകളും ഈ limit of single sitting അനുഭവിപ്പിക്കുന്നു. വാക്കുകളുടെ ഒഴുക്കും സംഭവങ്ങളുടെ അനിശ്ചിതത്വമില്ലായ്മയും അലന്‍ പോയുടെ നിരീക്ഷണത്തിലെ 'യൂണിറ്റ് ഓഫ് എഫക്ട്' പാലിക്കുന്നതായിട്ടുകാണാം. കഥയുടെ എഫക്ട് വായനക്കാരില്‍ എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും എഴുത്തുകാരന്‍ എത്തിച്ചേര്‍ന്നിരിക്കുന്ന തീരുമാനത്തിലേക്ക് വായനക്കാരും കൂടി വന്നുചേരുമ്പോള്‍ കൃതി ഉദാത്തമാകുന്നു. പറയുന്ന കഥയുടെ ടോണ്‍, പ്രമേയം, പശ്ചാത്തലം, കഥാപാത്രങ്ങള്‍, സംഘര്‍ഷങ്ങള്‍... ഇവയെല്ലാം ചേരുംപടി വിളമ്പിയ പാത്രംപോലൊരു പ്ലോട്ട്! 93-ലെ രാത്രി എന്ന കഥ ഒരുക്കിയിരിക്കുന്നത് അങ്ങനെയാണ്.

ഇടത്തരം വി.പിയും ദൈവവും എന്ന കഥ ഒരിടത്തരക്കാരന്റെ വലിയ മോഹങ്ങളെ ഓര്‍മിപ്പിക്കുന്നുവെങ്കിലും പി.എഫ് മാത്യൂസിന്റെ പതിവ് രചനാചേരുവകള്‍ ഇല്ലാതെ വെളിച്ചത്ത് എണ്ണതേച്ചുനിര്‍ത്തിയിരിക്കുന്ന ഒരു കുട്ടിയെ ആണ് ഓര്‍മിപ്പിക്കുന്നത്. മരണമണം അനുഭവിപ്പിക്കാത്ത മാത്യൂസ് കഥകള്‍ കുറവാണ്. 'വെളിച്ചമില്ലാത്ത ഒരിടം' എന്ന കഥയും മരണത്തെയും കൂട്ടിയാണ് കഥപറയാനിറങ്ങിയിരിക്കുന്നത്. 'എല്ലാ ചെറിയ സന്തോഷങ്ങളും വലിയ സങ്കടങ്ങളുടെ നിഴലുകള്‍ മാത്രമാണ്.' എന്ന വാചകം എന്നെ കൂട്ടിക്കൊണ്ടുപോയത് എന്റെ ചെറുപ്പകാലത്തെ ആധികളിലേക്കാണ്. കൂട്ടുകാരോടൊപ്പം പൊട്ടിച്ചിരിക്കുമ്പോള്‍ അകത്തും നിന്നും അമ്മ തരുന്ന മുന്നറിയിപ്പുകള്‍ ഇങ്ങനെയായിരുന്നു: 'അട്ടം പൊട്ടുന്ന ചിരി ആർത്തലച്ചു കരയാനുള്ള കോളുകൂട്ടലാണ്.' വീട് എന്നത് സംഘര്‍ഷത്തിന്റെയും സങ്കീര്‍ണമായ ബന്ധങ്ങളുടെയും കൂടാരമായി നിലകൊണ്ടിരുന്ന ഒരു കാലഘട്ടത്തിലെ കുട്ടികളുടെ പ്രതിനിധിയായിരുന്ന എനിക്ക് ഈ വാചകം തന്ന ട്രോമ ചെറുതൊന്നുമല്ല. അശാന്തിയുടെ പരകോടിയില്‍ ആശ്വാസത്തിനായി ഒരു ബീഡിത്തുണ്ട് തപ്പിത്തിരയുന്ന ഒരമ്മ ആധിയോടെ ഓര്‍ക്കുന്നത് തനിക്ക് കണ്ണ് കാണുന്നില്ലെന്നും ബീഡി കത്തിക്കുമ്പോള്‍ തീ അബദ്ധത്തിലെങ്ങാനും പുരയ്ക്കുപിടിക്കുമോ എന്നും മകന് അന്തിയുറങ്ങാന്‍ ഇടമില്ലാതാവുമല്ലോ എന്നുമാണ്. ഡിസ്റ്റോപിയ എന്ന സംജ്ഞയെ വീണ്ടും അനുഭവിപ്പിക്കുകയാണ് ഈ കഥ. അലന്‍ പോ പറഞ്ഞുവെച്ച limit of single sitting. കണ്ണുകാണാത്ത ഈ അമ്മക്കഥാപാത്രത്തിലൂടെ കഥയെ ആനയിച്ചുകൊണ്ട് മാത്യൂസ് സങ്കീര്‍ണതകളുടെ പകിടയെറിയുകയാണ്. 

വെളിച്ചമില്ലാത്ത ഒരിടത്ത് എന്ന കഥയിലെ അമ്മയ്ക്ക് കാഴ്ചയില്ലായിരുന്നുവെങ്കില്‍ സമീപദൃശ്യങ്ങള്‍ എന്ന കഥയിലെ ആഖ്യാതാവിന് കേള്‍വി കുറവാണ്. 
ഈ കഥയില്‍ ആത്മഹത്യയെ ന്യായീകരിക്കുന്ന വിധമാണ് ചിന്തനീയമായിട്ടുള്ളത്:' മനുഷ്യന് അവനാഗ്രഹിക്കുമ്പോള്‍ ജനിക്കാനാകില്ല, പക്ഷേ മരിക്കാന്‍ കഴിയും എന്ന എളിയ മനോവിചാരം നടപ്പാക്കാന്‍ വേണ്ടിയെങ്കിലും ഞാന്‍ ഇപ്രാവശ്യം ഇത് ചെയ്യേണ്ടിയിരിക്കുന്നു.' മരണത്തെ തൊടാതെ ഒരു യഥാര്‍ഥ കഥപോലും ജനിക്കുന്നില്ല എന്ന് മാത്യൂസ് വീണ്ടും അടിവരയിടുന്നുവെങ്കില്‍ ആണ്‍ദൈവം എന്ന കഥയില്‍ മരണത്തിന്റെ ദുരൂഹതയായി അടിച്ചുകൊണ്ടിരിക്കുന്ന ഫോണും ശബ്ദം കേള്‍ക്കാതെ ഗാഢനിദ്രയിലായിരിക്കുന്ന കരുണാകരനും ഭാര്യയും വായനക്കാരെ പ്രേരിപ്പിക്കുന്നത് ആ കഥയുടെ തുടര്‍ച്ച സങ്കല്പിക്കാനാണ്. ഫോണില്‍ നേരത്തേ ധൃതിയില്‍ ഗുഡ് നൈറ്റ് പറഞ്ഞിട്ടുപോയ കരുണാകരന്റെ മകനായിരിക്കാം. അല്ലെങ്കില്‍ അവന്‍ അവസാനം വിളിച്ച നമ്പറിലേക്ക് വേറെയാരെങ്കിലും വിളിച്ചതായിരിക്കാം. അസമയത്ത് അതും പാതിരാത്രിയില്‍ വന്ന ഫോണിന് പറയാനുള്ള ഒരു വിയോഗവാര്‍ത്തയായിരിക്കണം. അത് അയാളുടെ മകന്റെയല്ലാതെ മറ്റാരേതുമായിരിക്കില്ല. ഒറ്റയിരിപ്പിന് വായിക്കുക, ദിവസങ്ങളോളം കഥ ചിന്തയില്‍ നിന്ന് പിടിവിടാതെ തൂങ്ങിക്കിടക്കുക! ആണ്‍ദൈവം എന്ന കഥ അത്തരമൊരു അധികബാധ്യതകൂടി വായനക്കാരെ ഏല്‍പിക്കുന്നുണ്ട്. 

'ചില മുറികള്‍ക്ക് ദഹനേന്ദ്രിയങ്ങളുണ്ട്. മുറികളില്‍നിന്ന് സ്രവിക്കുന്ന ദഹനരസങ്ങള്‍ ദുര്‍ബ്ബലരായ മനുഷ്യരെ ദ്രവിപ്പിച്ച് വിസര്‍ജ്ജ്യമാക്കി മാറ്റും.' ശലഭങ്ങളുടെ ആയുസ്സ് എന്ന കഥയില്‍ നിന്നാണ്. വിശപ്പുമാത്രം തന്നുകൊണ്ടേയിരുന്ന പഴയവീട്ടിലെ 'ചെരുവിന്റകം' എന്നുവിളിച്ചിരുന്ന ഒരു മുറിയാണ് ഓര്‍മ വന്നത്. ആ മുറിയിലേക്ക് കടക്കുമ്പോള്‍ത്തന്നെ വിശപ്പ് പടികയറി വാതിലില്ലാത്തതുകൊണ്ട് എളുപ്പത്തില്‍ വയറ്റില്‍ കയറിക്കൂടുമായിരുന്നു. സാറയെ പ്രാപിക്കാന്‍ വരുന്ന വൃദ്ധനില്‍ അച്ഛന്റെ പ്രേതമുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് മരണം ഇക്കഥയിലും തന്റെ സാന്നിധ്യം സ്ഥാപിക്കുന്നത്. പിന്നീട് സാറയുടെ കൂട്ടുകാരി ജമീല വണ്ടിയുടെ കറുത്ത ചക്രത്തിനുതൊട്ടടുത്ത് കിടന്നുകൊണ്ട് മരണം പിന്നെയും ആധിപത്യം ഉറപ്പിക്കുന്നു. വയറ്റിലുള്ള സ്ത്രീ മരിക്കുന്നത് നന്നല്ല എന്നു പറഞ്ഞുകൊണ്ട് ദേവകിയുടെ മരണത്തെക്കുറിച്ചു പറയുന്ന വൃദ്ധന്‍ മൂന്നാം വട്ടവും മരണത്തെ കഥയില്‍ കുടിയിരുത്തുകയാണ്. ഒടുക്കം വെറും തിണ്ണയില്‍ നിവര്‍ന്നുകിടക്കുന്ന വൃദ്ധനും മരിക്കുന്നതോടെ മരണത്തിന് ശലഭങ്ങളുടെ ആയുസ്സിനുള്ളില്‍ കാര്യങ്ങള്‍ തീര്‍ക്കാന്‍ കഴിയുമെന്ന് വ്യക്തമാവുകയാണ്. താണു മരിച്ചപ്പോള്‍ തീവണ്ടിമുറിയില്‍ ചന്ദനത്തിരി മണത്തെങ്കില്‍ സാമ്പ്രാണിയുടെ ഗന്ധമാണ് ഇവിടെ സാറയെ പേടിപ്പെടുത്തിയത്. 

'അതിശയകരമായ ചില രഹസ്യങ്ങള്‍' എന്ന കഥ തികച്ചും സ്വപ്‌നാടനത്തിലെന്നപോലെയാണ് സംഭവിക്കുന്നത്. ശവപ്പെട്ടിപ്പണിക്കാരന്‍ ഔസേപ്പച്ചന്റെ മോന്‍ ഇമ്മാനുവലൂട്ടി ആദ്യമായി കുമ്പസരിക്കാന്‍ പോകുമ്പോള്‍ അടച്ചുപൂട്ടിയ അള്‍ത്താരയ്ക്കുള്ളില്‍ നടക്കുന്ന വിരുന്ന് കണ്ട് വായനക്കാരും അത്ഭുതപ്പെടുന്നു. എങ്കിലും മരണം അതിന്റെ അടയാളം പതിപ്പിച്ചുകൊണ്ടാണ് ഈ കഥയും അവസാനിപ്പിക്കുന്നത്. 'ലോസ്റ്റ് ആന്‍ഡ് ഫൗണ്ട്' എന്ന കഥ സാക്കിയുടെ ആഖ്യാനതന്ത്രം ഓര്‍മിപ്പിക്കുന്നുണ്ട്. ആരും ഒരിക്കലും ചിന്തിക്കാത്ത ട്വിസ്റ്റ് കൊണ്ടുവന്ന് അവസാനിപ്പിക്കുന്ന ആഖ്യാനതന്ത്രം. എഴുത്തിന്റെ അസുഖമുണ്ടായിരുന്ന മുത്തശ്ശന്‍ തന്റെ വിവാഹത്തിന്റെ ആദ്യകാലങ്ങളില്‍ എഴുതാനാഗ്രഹിച്ചത് മരിച്ചവരെപ്പറ്റിയായിരുന്നു എന്നോര്‍ക്കുന്നുണ്ട് അദ്ദേഹത്തിന്റെ ഭാര്യ. മരണം പ്രത്യക്ഷത്തിലല്ലെങ്കിലും അവിടെയിവിടെയായി തങ്ങിനില്‍ക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് മുന്നേറുന്നത്. 'അടഞ്ഞമുറി' എന്ന കഥയില്‍ മഞ്ഞില്‍ കുതിര്‍ന്ന പത്രമെടുത്തു നിവര്‍ത്തുന്ന രവി സ്ഥിരം വാര്‍ത്തയെന്നമട്ടിലാണ് മരണവാര്‍ത്തകള്‍ വായിക്കുന്നത്. 'തലസ്ഥാനത്ത് ഇന്നും യുവാക്കല്‍ തീകൊളുത്തി മരിച്ചിട്ടുണ്ട്. ഒരു വിദ്യാര്‍ഥി മരണക്കിടക്കയിലാണ്. ഈയിടെയായി പത്രങ്ങള്‍ക്ക് മനുഷ്യമാംസത്തിന്റെ മണമാണ്.' മരണവാര്‍ത്തകള്‍ വായിച്ചിരുന്ന് നേരം പോയ രവി ധൃതിയില്‍ കമ്പനിയിലേക്ക് പോകേണ്ട കാര്യമോര്‍ക്കുമ്പോള്‍ കാണുന്നത് ഭാര്യ നളിനി ബോധം കെട്ടുവീണുകിടക്കുന്നതാണ്. ഭാര്യയെ വാരിയെടുത്ത് കിടത്തി കാപ്പിയെടുക്കാന്‍ പോകുമ്പോളാണ് ബോധം കെട്ടുവീണതിന്റെ കാരണം രവി തിരിച്ചറിയുന്നത് അയല്‍പക്കത്തെ പയ്യന്‍ ലുങ്കിയില്‍ തൂങ്ങിക്കിടക്കുന്നു. തുടര്‍ന്നുള്ള വാചകങ്ങളാണ് ഒരു ശരാശരി മനുഷ്യബോധം നിര്‍വചിക്കുന്നത്:  'വീട്ടുകാര്‍ പോലും ഒന്നും അറിഞ്ഞിട്ടുണ്ടാകില്ല. എന്തുചെയ്യണമെന്ന് അറിയാതെ അങ്ങനെ നിന്നുപോയി. അയല്‍ക്കാരെ വിളിച്ചുണര്‍ത്തണോ അതോ നളിനിയെ ശുശ്രൂഷിക്കണോ... പെട്ടെന്ന് വാതില്‍ അടച്ചുപൂട്ടിയിട്ട് കാപ്പിപ്പാത്രവുമെടുത്ത് രവി കിടപ്പുമുറിയിലേക്ക് ചെന്നു.'

ഗര്‍ഭിണിയായ ഭാര്യയ്ക്ക് കുഞ്ഞിന്റെ അനക്കം കിട്ടാതാവുന്നതും പുല്ലുതീറ്റാന്‍ പോയ കൂട്ടുകാരന്‍ പശുവിന്റെ കയറില്‍ തൂങ്ങി മരിച്ചതും ഓര്‍ക്കുന്ന രവി, പാഞ്ഞടുക്കുന്ന മരണങ്ങള്‍ക്കിടയില്‍ ജീവിതം വാരിപ്പിടിക്കാന്‍ പെടാപ്പാടുപെടുന്ന അനേകമനേകം ശരാശരി യുവാക്കളുടെ പ്രതിനിധിയായി മാറുന്നു. ഗര്‍ഭിണിയായ നളിനിയുടെ തോന്നലുകളും സ്വഭാവങ്ങളും രവിയെ വല്ലാതെ വലയ്ക്കുന്നുണ്ട്. കഴിഞ്ഞ പ്രഭാതത്തിന്റെ ആവര്‍ത്തനം പോലെ പടിയില്‍ വീണുകിടക്കുന്ന നളിനിയെ വാരിയെടുക്കുമ്പോള്‍ അയലത്തെ വീട്ടിലെ ജാലകത്തിലൂടെ ഒരു നിമിഷം നോക്കിനില്‍ക്കുന്ന രവിയെ അങ്ങനേതന്നെ നിര്‍ത്തുകയാണ് എഴുത്തുകാരന്‍. ആ ജാലകത്തിനപ്പുറത്ത് തലേന്ന് പയ്യന്‍ ലുങ്കിയില്‍ തൂങ്ങിയ അതേ ഇടത്തില്‍ അടുത്ത ജഡം തൂങ്ങിയാടുന്നുണ്ടാവുമോ എന്ന സന്ദേഹം വായനക്കാരില്‍ ബാക്കിനിര്‍ത്തുന്നു. 

അന്ന എന്ന കഥയില്‍ ഏഴുപെറ്റിട്ടും ആറിനെയും മണ്ണിനുകൊടുത്ത ഒരമ്മയുണ്ട്. അവരുടെ മടങ്ങിപ്പോക്കില്‍ അന്നമാത്രമാണ് ബാക്കിയാവുന്നത്. കാലം മടക്കവിളിച്ച മണവാളനെയും കാത്ത് ജനാലപ്പടിയില്‍ ഇരിക്കുന്ന അന്നയുടെ സ്വപ്‌നമെന്തായിരുന്നുവെന്ന് അപ്പന്‍ കഥാപാത്രത്തിന് മനസ്സിലാവുകയാണ് എന്നുപറഞ്ഞുകൊണ്ടാണ് ആ സങ്കടക്കഥ അവസാനിക്കുന്നത്. മലയാളഭാഷയില്‍ ഇത്രയധികം പദങ്ങളുണ്ടായിട്ടും പി.എഫ് മാത്യൂസിന്റെ തിരഞ്ഞെടുപ്പുകളെല്ലാം വിലാപങ്ങള്‍ക്ക് ഓശാനപാടുന്ന വാക്കുകള്‍ മാത്രമാണ്. സ്വപ്‌നം എന്ന ആശാവഹമായ പദത്തെ പോലും കഥാകൃത്ത് വിഷാദത്തിന്റെ സിറപ്പില്‍ മുക്കി കടലാസില്‍ വിരിച്ചുവിതാനിക്കുന്നു. കഥാസമാഹാരം പകുതിയിലധികമെത്തുമ്പോഴേക്കും പാരായണരീതിക്ക് മരണപ്പാട്ടിന്റെ താളം വന്നുനിറയുന്നുണ്ട്. ചന്ദനത്തിരിയും പള്ളി മണികളും വെളുത്ത തുണിയും മരണം മണക്കുന്ന സോപ്പും എല്ലാം വാക്കുകള്‍ക്കിടയില്‍ തെളിഞ്ഞുകാണാം. 

ഏറെ കോലാഹലങ്ങള്‍ക്കും ബൗദ്ധികചര്‍ച്ചകള്‍ക്കും വിരാമമിട്ടുകൊണ്ട് ബാബ്‌റി മസ്ജിദ് (1992, ഡിസംബര്‍ 6) ഒരോര്‍മമാത്രമായി നിലകൊള്ളുന്ന കാലമാണിത്. അയോധ്യയിലെ ദേവാലയം മണ്ണോടുമണ്ണാകുന്ന നേരത്ത് അന്ത്യശ്വാസം വലിച്ച തങ്കച്ചന്റെ അമ്മയെ ഓര്‍ത്തുകൊണ്ടാണ് ആണ്ടറുതിയിലെ പേടിസ്വപ്‌നങ്ങള്‍ തുടങ്ങുന്നത്. ഗാന്ധിവധം, വര്‍ഗീയ കലാപം, കളിപ്പാട്ടങ്ങള്‍ക്കിടയില്‍ തോക്ക് നേടിയെടുത്ത അതിന്റേതായ പദവി... തുടങ്ങി കുറച്ചേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ കഥയ്ക്ക് അതിന്റെതായ രാഷ്ട്രീയമാനമുണ്ട്. 

'ആരാധനാലയങ്ങളിലെ ചോരയെക്കുറിച്ചാണിപ്പോള്‍ വിദേശ റേഡിയോകള്‍ വിവരിക്കുന്നത്. ഇതിനുമുമ്പൊരു ആണ്ടറുതിയിലും അവര്‍ക്ക് ഇന്ത്യ പ്രിയപ്പെട്ടതായി. ആ സന്ധ്യയില്‍ ഒരു നഗരത്തിലെ മനുഷ്യര്‍ വിഷം ശ്വസിച്ചു മരിച്ചുകൊണ്ടിരിക്കുകയായിരുന്നു.' ഭോപ്പാല്‍ ദുരന്തം ഇന്ത്യയുടെ മറ്റൊരു ആണ്ടറുതിയെ (1984 ഡിസംബര്‍ 2-3) കൊണ്ടുപോയവിധം! കലാപങ്ങളോടും അക്രമങ്ങളോടും ആയുധങ്ങളോടും മനുഷ്യര്‍ കാണിക്കുന്ന മനഃശാസ്ത്രപരമായ സമീപനം കൂടി ഈ കഥ പ്രകടമാക്കുന്നുണ്ട്. കുട്ടികളുടെ ആയുധവാസനയെ അടിവരയിടാന്‍ ഈ വാക്കുകള്‍ തന്നെ ധാരാളം: വെപ്രാളത്തോടെ ഞാന്‍ കിടക്കയില്‍ കുത്തിയിരുന്നു. തലയിണയ്ക്കു മുകളില്‍ ജാലകത്തിലേക്കു തിരിച്ചുനിര്‍ത്തിയ പീരങ്കിക്കുതാഴെ ഒളിപ്പോരാളിയെപ്പോലെ എന്റെ മകന്‍ തളര്‍ന്നുറങ്ങുന്നു. ഒരനക്കം കേട്ടാല്‍ ഞെട്ടിയുണര്‍ന്ന് അവന്‍ ഉന്നം പിടിച്ചേക്കും.' ഒരു നല്ല സ്വപ്‌നം കാണാനുള്ള ആഗ്രഹത്തോടെ ഉറങ്ങാന്‍ കിടക്കുന്ന കഥാനായകന്‍ തന്നെ പറയുന്നുണ്ട്, ഉറക്കം അതുകൊണ്ടുതന്നെ വരില്ലെന്ന്. ഇന്ത്യ വീണ്ടുമൊരു ഡിസ്റ്റോപിയന്‍ നാടകം തന്നെയാണെന്ന് ഉറക്കെ വിളിച്ചുപറയുകയാണിക്കഥ. 

സെമിത്തേരിയും ചത്തവീട്ടിലെ മണവും ചന്ദനത്തിരിയും മാത്രമല്ല, നനഞ്ഞ മണ്ണും അഴുക്കുവെള്ളവും മരിച്ചഭര്‍ത്താവിന്റെ പുഴുവരിച്ച ശവവും തിന്നുന്ന ലൂസിയെ അവതരിപ്പിക്കുന്ന 'പച്ചിലകൊത്തി പറന്നുവരുന്ന പ്രാവുകള്‍' എന്ന കഥ വായിച്ചുകഴിയുമ്പോഴേക്കും വായില്‍ പുളിച്ചുതികട്ടല്‍ വന്നുനിറയുന്നുണ്ട്. തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന കൃതിയെ അനുസ്മരിപ്പിക്കുംവിധം വെള്ളവും വിശപ്പും പട്ടിണിയും വിയോഗവും വന്നുനിറയുന്ന കഥ. 'ഉച്ചവെളിച്ചത്തില്‍ ഭര്‍ത്താവിന്റെ മുഖത്തു പൂപ്പല്‍ പിടിച്ചതുപോലെ തോന്നി. നനഞ്ഞ കച്ചമുണ്ടുകൊണ്ടവള്‍ മുഖം തുടച്ചു വൃത്തിയാക്കി. ഈര്‍പ്പമുണങ്ങിയപ്പോള്‍ മുഖചര്‍മ്മത്തിന് ഇരുണ്ട പച്ചനിറമായി. ശവം ചീയുവാന്‍ തുടങ്ങി എന്ന സത്യം ഞെട്ടലോടെയാണവള്‍ തിരിച്ചറിഞ്ഞത്.' കഥാസമാഹാരത്തിന്റെ എണ്‍പത്തിയേഴാമത്തെ പേജും മറിക്കുമ്പോള്‍ മരണം അതിന്റെ മുച്ചീട്ടുകളിയില്‍ മനുഷ്യരെ തോല്‍പിച്ച് എതിരില്ലാതെ മുന്നേറുന്നതു കാണാം.

പ്രായം മൂത്ത് മരമായിട്ടും മരണത്തിന്റെ വിളിക്കടങ്ങാത്ത ആന്‍ഡ്രുവപ്പൂപ്പന്റെ തലയിലെ ആഴത്തിലുള്ള മുറിവ് മറച്ചുവെച്ച് ഹാര്‍ട്ട് അറ്റാക്കാക്കിമാറ്റിയ വിദ്യ പൊളിച്ചുകൊടുക്കുന്ന സക്കറിയാച്ചന്‍ ഹീറോ ആയ കഥയാണ് കണ്ണോക്ക്. ബാലനായ കാസ്പറിന്റെ വീക്ഷണകോണിലൂടെയാണ് വീട്ടിലെ മരിപ്പും തുടര്‍ന്നുള്ള സംഭവങ്ങളും വിവരിക്കുന്നത്. അപ്പൂപ്പന്റെ മരണത്തില്‍ രണ്ടുന്യായമുണ്ട്- ചവിട്ടുപടിയില്‍ വീണ് അറ്റാക്കുവന്ന് മരിച്ചു, അറ്റാക്കുവന്ന് മരിച്ചുവീണപ്പോള്‍ ചവിട്ടുപടിയില്‍ വീണ് തലപൊട്ടി! രണ്ടായാലും മരണം അറ്റാക്കുതന്നെ! മരണത്തിന്റെ ഭീതിദമായ പലഭാവങ്ങളും വന്നുപോകുന്ന മറ്റുകഥകളില്‍ നിന്നും വ്യത്യസ്തമായി കണ്ണോക്കില്‍ മരണത്തിന് ഹാസഭാവമാണുള്ളത്. പക്വതയില്ലാത്ത കാസ്പറിലൂടെ കഥപറയുക വഴി ആഖ്യാനത്തിന്റെ രസച്ചരടില്‍ മരണഹാസ്യം എഴുതിച്ചേര്‍ക്കുകയാണ് കഥാകൃത്ത്. 

ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്നുണ്ടാവാന്‍ പോവുന്ന കൂട്ടമരണം പ്രവചിച്ച കോമ! കോമ എന്നത് കഥയിലെ കഥാപാത്രത്തിന്റെ പേരാണ്. കഥയുടെ തലക്കെട്ടും കോമ തന്നെ. മരണം വന്ന് വാതിലില്‍ മുട്ടിക്കൊണ്ടിരിക്കുന്ന ഒരു പത്രസ്ഥാപനത്തില്‍ ആഖ്യാതാവിന് ജോലിയുറപ്പിച്ചുകൊടുക്കാന്‍ ശേഷിയുള്ളയാളാണ് കോമ. കോമയുടെ ദുരൂഹമരണം രണ്ടുതരത്തില്‍ വ്യഖ്യാനിക്കപ്പെടുന്നുണ്ട്- തലയ്ക്കടിച്ച് കൊലയാളി കെട്ടിത്തൂക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അടുത്ത വീട്ടിലെ ജീപ്പിന്റെ ശബ്ദം കേട്ട് കൊലയാളി കടന്നുകളഞ്ഞു, കെട്ടിത്തൂങ്ങിച്ചാവാന്‍ ശ്രമിക്കുന്നതിനിടയില്‍ കോമ ദുര്‍ബലപ്പെട്ട് താഴെ വീണു മരിച്ചു. എങ്കിലും ആഖ്യാതാവിന്റെ നിഗമനത്തില്‍ കോമയുടെ മരണം കൊലപാതകം തന്നെയാണ്. കോമയുടെ മരണം മുന്നോട്ടുവെക്കുന്നത് കുഴപ്പിക്കുന്ന ഒരുപാട് ചോദ്യങ്ങളാണ്. ഒരേമുഖച്ഛായയുള്ള ഒരു സഹോദരന്‍ കൂടി കോമയ്ക്കുണ്ടായിരിക്കണം എന്ന ശങ്കയും പങ്കുവെക്കുന്നവരുണ്ട്. അക്ഷരാര്‍ഥത്തില്‍ കുഴപ്പിക്കുന്ന മരണവും അതിന്റെ സാധ്യതകളുമാണ് ഈ കഥയിലൂടെ ആഖ്യാതാവ് ചൂണ്ടിക്കാട്ടുന്നത്. വിവേകിയായ ഒരു മനുഷ്യന്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ജീവിക്കുമ്പോള്‍ നിയമവിധേയമാക്കപ്പെടുന്നതെങ്ങനെയെന്ന് കോമയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് കഥ വിശദമാക്കുന്നുണ്ട്. കോമ എന്ന പേരാണ് അദ്ഭുതം. ഇയാള്‍ക്കൊരു യഥാര്‍ഥ പേരുണ്ടായിരിക്കില്ലേ? സുരേന്ദ്രനെന്നോ, മത്തായിയെന്നോ, അബുവെന്നോ അങ്ങനെയേതെങ്കിലുമൊരു പേര്. ഒരു വാചകത്തിലെ വാക്കുകളെയോ ആശയങ്ങളെയോ അര്‍ഥപരമായി വേര്‍തിരിക്കുന്ന ചിഹ്നമാണ് കോമ. കഥയില്‍ പറയുന്നതുപോലെ അന്ത്യരംഗത്തിലെ ദുരൂഹതകൊണ്ട് മനുഷ്യജീവിതത്തെ സമൂലം തിരുത്തിയെഴുതാന്‍ കഴിയുമെന്ന് ഒരു കവിതയിലെന്നപോലെ കോമ ചെയ്തുവെച്ചു. മരണം കോമയ്ക്ക് ഒരു കവിതയായതുപോലെ!

പി.എഫ്. മാത്യൂസിന്റെ കഥകളില്‍ ചില കൊളോണിയല്‍ തുരുത്തുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. കടലിന്റെ മണവും സന്താനങ്ങളായി മാറിയ കൊളോണിയല്‍ ശേഷിപ്പുകളും കൊണ്ട് അടക്കം ചെയ്തിരിക്കുന്ന കഥയാണ് 'പതിമൂന്നു കടല്‍ക്കാക്കകളുടെ ഉപമ'. ആന്‍ഡ്രു ലെസ്ലി വാഡിങ്ടണ്‍ എന്ന നല്ല പേരുള്ള, എന്നാല്‍ സായു എന്നുമാത്രം ആളുകള്‍ വിളിച്ചുപോന്ന ആന്‍ഡ്രു പറഞ്ഞ തന്റെ പിതൃത്വത്തിന്റെ കഥ, കേള്‍ക്കാനിരിക്കുന്ന കുറുമ്പന്‍ കുട്ടികള്‍ക്ക് താങ്ങാന്‍ ശേഷിയില്ലാത്തതാണ്. പെണ്‍ശരീരം എന്നുമൊരു കൊതിപിടിച്ച വിഭവം തന്നെയാണെന്ന് വിളിച്ചുപറയുന്നു കഥ. ലെസ്ലി വാഡിങ്ടണ്‍ സായ്പിന്റെ അന്തിക്കൂട്ടിലേക്ക് റബേക്കയുടെ സൗന്ദര്യം മുഴുവനായും ആവാഹനം ചെയ്തുപോകുമ്പോള്‍ ജീവിതകുണ്ഡത്തില്‍ ബാക്കിയായ ചാരത്തിന്റെ വിലമാത്രമേ ആന്‍ഡ്രുവിനുള്ളൂ. ഇല്ലായ്മയുടെ കാലത്തെ പെണ്ണുങ്ങള്‍ വീടുപുലരാന്‍ പഠിച്ചപണികളെല്ലാം പയറ്റുന്നതും അന്നത്തിനായി കാലുകള്‍ അകത്തുന്നതും ജീവിതം കൂട്ടിയെഴുതാന്‍ എഴുത്തുകാര്‍ ശ്രമിക്കുന്നകാലം മുതല്‍ സംഭവിച്ചുപോരുന്നതാണ്. റബേക്കയുടെ മോഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ലസ്ലി സായ്പിന്റെ കിടപ്പറക്കൂട്ടിനുമെല്ലാം ഒരേയൊരു ന്യായം മാത്രമാണ് കാലം നിരത്തിയിരിക്കുന്നത്. അത് പട്ടിണിയല്ലാതെ മറ്റൊന്നുമല്ല. പൊടുന്നനേ മാറുന്ന റബേക്കയുടെ ജീവിതസാഹചര്യത്തെ ഈ കഥ ഇങ്ങനെ നിരീക്ഷിക്കുന്നു- 'ചാളനെയ് നാറുന്ന ആ കുടിയിലേക്ക് സ്വര്‍ഗീയസുഗന്ധം പരന്ന നിമിഷം റെബേക്കയുടെ കൈകകളില്‍ നിന്നതു തട്ടിത്തെറിക്കപ്പെട്ടു. തേന്‍വരിക്കയില്‍ പൊതിഞ്ഞ മണിയനീച്ചകളുടെ ആക്രാന്തത്തോടെ കാട്ടാളസന്തതികള്‍ ബ്രിട്ടീഷ് അടുക്കളയില്‍ പാകപ്പെടുത്തിയെടുത്ത ആ മനോഹരമായ കേക്ക് മാന്തിപ്പറിച്ചുതിന്നുന്നത് കണ്ടപ്പോള്‍ റെബേക്കയുടെ കുടല്‍മാലകള്‍ക്കുള്ളിലെ ദ്രാവകം വരെ വായിലേക്ക് കുതിച്ചൊഴുകി. സ്വന്തം ശരീരത്തില്‍നിന്നിറങ്ങി വന്ന മക്കള്‍ നരഭോജികളായ കാപ്പിരികളാണെന്നുതോന്നി.' സ്വര്‍ഗീയ സുഖങ്ങളിലേക്കുള്ള തിരിച്ചുപോക്ക് വെറുമൊരു സ്വപ്‌നം മാത്രമായി അവശേഷിക്കുകയും റബേക്ക വീണ്ടും പഴയ റബേക്കയായി കുടിയില്‍ അടയിരിക്കുകയും ചെയ്യുന്നുവെങ്കിലും കൊളോണിയല്‍ ശേഷിപ്പുകള്‍ ഇന്നുമവശേഷിക്കുന്ന നാടുപോലെ ഒരു മകന്‍ പിറക്കുകയാണ്. ജീവിതം ഒന്നു കടന്നുപോകണമെങ്കില്‍ നമുക്ക് കഥകളാണ് വേണ്ടത് എന്നാണ് സായുവിന്റ ഭാഷ്യം. പുതിയ കഥകള്‍, പുതുമാനമുള്ള കഥകള്‍ അടുത്ത തലമുറയിലേക്കുള്ള കഥകള്‍... കഥകള്‍ പറഞ്ഞുപറഞ്ഞ് പതിമൂന്നു കടല്‍ക്കാക്കകളുടെ ഉപമ പറയാന്‍ തുടങ്ങുകയാണ് സായു. ചോദ്യമിതാണ്- സായുവിനുമുന്നില്‍ കഥ കേള്‍ക്കാനിരുന്ന ആ പതിമൂന്ന് കുട്ടികള്‍ എവിടെപ്പോയി? അവരെത്തേടി വന്ന കാരണവന്മാരുടെ തലയ്ക്കുമുകളിലൂടെ പറന്നുപോയ ആ പതിമൂന്ന് കടല്‍ക്കാക്കള്‍ എവിടുന്നുവന്നു? പതിമൂന്ന് ഒരു മെനകെട്ട അക്കമാണെന്നാണ് പൊതുവേയുള്ള പറച്ചില്‍. അന്ത്യഅത്താഴത്തിനെത്തിയ യൂദാസ് വിരുന്നുകാരില്‍ പതിമൂന്നാമനായിരുന്നുപോലും!

മരിച്ചുപോയ ഭാര്യ റോസമ്മ അറിയാനായി ഒരു സംഭവകഥ പറയുകയാണ് 'തീവണ്ടിയില്‍ ഒരു മനുഷ്യന്‍' എന്ന കഥയിലെ ആഖ്യാതാവ്. നീണ്ട ഉറക്കത്തിന്റെ അവസാനം തീവണ്ടിയില്‍ തനിക്കുനേര്‍ക്കിരിക്കുന്ന രേണുക എന്ന സിനിമാ ജൂനിയര്‍ ആര്‍ടിസ്റ്റിന്റെ ജീവിതം കേള്‍ക്കുകയാണ് മനുഷ്യന്‍. താന്‍ വിഷം കൊടുത്തുപോന്ന രവിയേട്ടന്‍ ഇപ്പോള്‍ കാഞ്ഞുപോയിട്ടുണ്ടാവും എന്നാണ് രേണുക പറയുന്നത്. സിനിമാലോകം കാത്തുവെച്ചിരിക്കുന്ന സകല ചൂഷണങ്ങള്‍ക്കും വിധേയപ്പെട്ട രേണുക, ജീവിതമെന്ന സ്വപ്‌നത്തിനുപിറകേ പോകുന്നതും സെക്ഷ്വല്‍ സാഡിസ്റ്റായ വയസ്സന്‍ ഭര്‍ത്താവിന്റെ  ചെയ്തികളെക്കുറിച്ച് രേണുക പറയുന്നത് ആഖ്യാതാവ് റോസമ്മയോട് വിവരിക്കുന്നതിങ്ങനെയാണ്: 'കഴുത്തില്‍ കയറുകെട്ടി മുറുക്കിയപ്പോള്‍ അവള്‍ മരിക്കുമെന്ന് തീര്‍ച്ചയായ നിമിഷം അയാളനുഭവിച്ച രതിമൂര്‍ച്ഛ മറ്റൊരു പുരുഷന്റെ മുഖത്തും പിന്നീടൊരിക്കലും പിന്നീടൊരുകാലത്തും രേണുക കണ്ടിട്ടില്ല. പകലുമുഴുവന്‍ ആഹാരമില്ലാതെ പാതിമയക്കത്തില്‍ കിടന്നിരുന്ന അവളെ വിളിച്ചുണര്‍ത്തി നീളന്‍ കത്തികൊണ്ട് ഉടുതുണിയെല്ലാം മുറിച്ചെടുത്ത് തലകീഴായി ഉത്തരത്തില്‍ കെട്ടിത്തൂക്കിയിട്ട് അവളുടെ മൃദുവായ അവയവങ്ങള്‍ കടിച്ചുകീറി ചോര മുഖത്തുതുപ്പി അയാളാനന്ദിച്ചു.' കൈക്കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിവന്ന അയല്‍ക്കാരനാണ് രവിയേട്ടന്‍. ആ രവിയേട്ടനെ വിഷം കൊടുത്ത് ഒതുക്കി ഈ തീവണ്ടിയില്‍ വന്നിരുന്ന് ആകുലപ്പെടാനും രേണുകയ്ക്ക് അവളുടേതായ കാരണങ്ങളുണ്ട്. ഗ്യാസിന്റെ നോബ് അടയ്ക്കാന്‍ മനപ്പൂര്‍വം മറന്നുപോകുന്ന രേണുക കുഞ്ഞിനെയും കൊണ്ട് രവിയേട്ടനൊപ്പം ഇറങ്ങിനടക്കുന്നതിനിടയില്‍ എരിയുന്ന സിഗരറ്റ് കുറ്റി അടുക്കളജനലിലൂടെ സ്റ്റൗവിലേക്ക് രവിയേട്ടനെറിയുന്നതും വീടിനെയാകെ തീ വിഴുങ്ങുന്നതും അവളുടെ ഭര്‍ത്താവ് ചാരമാവുന്നതും സ്വാഭാവികം. ജീവിതം കിട്ടുക എന്നത് വലിയൊരു ലോട്ടറിയാണ്. ജീവിതം കൊടുക്കുന്നത് പുരുഷനും ആ ദാനത്തിന്റെ സകല സ്മരണകളും ജീവിതാന്ത്യം വരെ ഓര്‍ത്തുവെച്ചുകൊണ്ട് മൃതിയടയുംവരെ ഉപകാരസ്മരണ ചെയ്തുകൊണ്ട് ജീവിക്കുക എന്നത് സ്ത്രീയുടെ ധാര്‍മികതയും! മരിച്ചുപോയ റോസമ്മയുടെയും മുന്നിലിരിക്കുന്ന രേണുകയുടെയും ശബ്ദവും ഭാവവും ഒരുപോലെയാണെന്ന് തോന്നുകയാണ് ആഖ്യാതാവിന്. 

പതിമൂന്ന് കടല്‍ക്കാക്കകളുടെ ഉപമ എന്ന കഥാസമാഹാരത്തിലെ കഥകളെല്ലാം തന്നെ ഒരു മാലയിലെ മുത്തുകളാണ്. മരണമാണ് അതിലെ തിളക്കം. തികച്ചും നിഗൂഢവും ഏകാന്തത മണക്കുന്നതുമായ പശ്ചാത്തലം പി.എഫ് മാത്യൂസിന്റെ കഥകളുടെ പൊതുസ്വഭാവമാണ്. മണ്ണില്‍പ്പറ്റിയ ചോരപോലെ ജീവിതത്തെ അക്ഷരങ്ങളാല്‍ നിര്‍വചിക്കുന്ന എഴുത്തുകാരനാണ് പി.എഫ് മാത്യൂസ്. മുഴക്കവും കടലിന്റെ മണവും ചാവുകടലും തന്ന വായനാഘാതങ്ങള്‍ ചെറുതല്ല മലയാളത്തിന്. പറയാനുള്ള കാര്യത്തെ, വായനക്കാരുടെ ക്ഷമ പരീക്ഷിക്കാതെ നിശ്ചിത സമയപരിധിക്കുള്ളില്‍ പറഞ്ഞുതീര്‍ക്കുന്ന കഥകളുണ്ട് മാത്യൂസിന്റെ സമാഹാരത്തില്‍. ആയതിനാല്‍ത്തന്നെ 'പതിമൂന്നു കടല്‍ക്കാക്കകളുടെ ഉപമ' മരണത്തിന്റെ പരിധി ലംഘിച്ചുകൊണ്ട് ഇഷ്ടവായനയില്‍ ഇടംപിടിക്കുന്നുണ്ട്.