ബാബു ഏബ്രഹാമിന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ 'കമ്പിളികണ്ടത്തെ കല്‍ഭരണികള്‍' എം.കെ ഗിരീഷ്ബാബുവിന്റെ വായനയില്‍... 

To advertise here,

 രണം തിരഞ്ഞെടുത്ത് മുമ്പേ നടന്ന അമ്മയുടെ പിറകെ ചെറിയ മൂന്നു പെണ്‍കുട്ടികളും ഒരഞ്ചു വയസുകാരനും നടന്നുനീങ്ങുമ്പോള്‍ ആ അഞ്ചുവയസുകാരന്‍ അവരുടെ തൊടിയുടെ താഴെ കാലം മാറി പൂത്ത പൂവാക നിലാവില്‍ കുളിച്ച് ഒരു മഴ പ്രതീക്ഷിച്ചു നില്‍ക്കുന്നത് ശ്രദ്ധിച്ചിരുന്നു. മുകളില്‍ പള്ളിക്കുമുമ്പിലെ അനാഥത്വം മുറ്റിനില്‍ക്കുന്ന കുരിശിനു മുമ്പില്‍ നിന്ന് അമ്മ ഉറക്കെ ക്രിസ്തുദേവനെ വിളിച്ചു. ആ വിളിയുടെ അവസാനം അവര്‍ കരഞ്ഞുപോയിരുന്നു. നിലവിളി തേങ്ങലില്‍ ചെന്നൊടുങ്ങി. നിശബ്ദതയുണ്ടായി. ആ മരിച്ച മൗനത്തെ ഒരു പെണ്‍കുട്ടിയുടെ തേങ്ങലുകള്‍ ഭേദിച്ചു. അതവരുടെ പത്തുവയസുകാരിയായ മൂത്ത മകളായിരുന്നു. കുരിശടിയിലെ എകാകിയായ കുരിശിനു മുമ്പില്‍വെച്ച് അമ്മ ആ തീരുമാനം അറിയിച്ചു. ദൂരെ ആറുകിലോമീറ്ററുകള്‍ക്കപ്പുറത്ത് അവരുടെ ലക്ഷ്യസ്ഥാനമുണ്ട്. അതൊരു ഡാമാണ്. പാലത്തില്‍ നിന്ന് അമ്മ ആദ്യം ചാടും, പിറകെ ഓരോരുത്തരായി ചാടിക്കൊള്ളണം. അമ്മയ്ക്ക് നിങ്ങളെ എടുത്തെറിയാന്‍ കഴിയില്ല. തീരുമാനം അറിയിച്ച അമ്മ പൊട്ടിക്കരഞ്ഞു. അഞ്ചുവയസുകാരന്‍ അവന്റെ ബോധത്തിന് ഉള്‍ക്കൊള്ളാനാവാത്ത മരണത്തെ രാത്രി വളരെ വൈകിയുള്ള ഒരു യാത്ര പോകല്‍ മാത്രമായി കരുതി.

  പത്തുവയസുകാരിക്ക് വെള്ളത്തില്‍ ചാടാന്‍ ഭയമാണെന്നു പറഞ്ഞു. അമ്മ ചാടിയാല്‍ കൂടെ ചാടാന്‍ പറ്റിയില്ലെങ്കില്‍ അമ്മയില്ലാത്ത തങ്ങള്‍ പിന്നെന്തു ചെയ്യുമെന്നു ചോദിച്ചു. പക്ഷേ തീരുമാനമെടുത്തു കഴിഞ്ഞിരുന്ന അമ്മ മുമ്പോട്ടു തന്നെ നടന്നു. പത്തുവയസുകാരി വിട്ടില്ല. പുറകെ നടന്ന അവള്‍ കമ്പിളിക്കണ്ടത്തിനപ്പുറവും ലോകമുണ്ടെന്നും നമ്മളെയറിയാത്ത ലോകത്ത് നമുക്ക് ഭിക്ഷയെടുത്തു ജീവിക്കാമെന്നും അങ്ങനെയാണെങ്കില്‍ നമ്മള്‍ക്ക് മരിക്കണ്ടല്ലോയെന്നും അമ്മയോടു പറഞ്ഞു. അമ്മയെ അതു ചലിപ്പിച്ചു. അവളുടെ ജീവിതാസക്തിയുടെ മുമ്പിലായിരിക്കും അമ്മ ഉലഞ്ഞു പോയത്. തോളിലെടുത്തിരുന്ന ഇളയകുഞ്ഞിനെ താഴെ നിറുത്തി അവര്‍ പത്തുവയസുകാരിയെ വാരിയെടുത്ത് ഉമ്മ വെച്ചു. അതു വര്‍ഷം പോലെ നീണ്ടു... വാരിച്ചൊരിഞ്ഞ ആ ഉമ്മകളില്‍ ഒരമ്മയുടെ അതിജീവിനത്തിനുള്ള ആവേശമുണ്ടായിരുന്നു. അവര്‍ കുഞ്ഞുങ്ങളെ വാരിയെടുത്ത് തിരികെ ജീവിതത്തിലേക്കു നടന്നു. അതൊരു താണ്ഡവമായിരുന്നുവെന്ന് അന്നത്തെ അഞ്ചുവയസുകാരന്‍ ഇന്നു കുറിക്കുന്നു. ജന്മദുഃഖങ്ങളെ കാല്‍ക്കീഴിലമര്‍ത്തി അവര്‍ ജീവിതത്തിലേക്ക് കുഞ്ഞുങ്ങളുമായി ഓടിക്കയറി. ആ കുതിപ്പിന്റെ കഥയാണ് കമ്പിളികണ്ടത്തെ കല്‍ഭരണികള്‍. ആത്മാവിനെ ദൃഢപ്പെടുത്താന്‍ നമ്മള്‍ തീര്‍ത്ഥയാത്രകള്‍ പോകേണ്ടത് മഹാനദികളുടെ തടങ്ങളിലേക്കല്ല, മര്‍ത്യാനുഭവങ്ങളുടെ സവിധത്തിലേക്കാണെന്ന് ഈ പുസ്തകത്തിലൂടെ കടന്നുപോകുന്ന ഒരാള്‍ അയാളുടെ ആത്മാവില്‍ രേഖപ്പെടുത്താതിരിക്കില്ല.  

  തൊടിയുടെ അതിരില്‍ നിലാവില്‍ മഴ കാത്തുനില്‍ക്കുന്ന കാലം മാറി പൂത്ത പൂവാക നില്‍ക്കുമ്പോള്‍ അനാഥമായ കുരിശിനുമുമ്പില്‍ അമ്മയും കുഞ്ഞുങ്ങളും അനുഭവിച്ച ആത്മസംഘര്‍ഷത്തിന്റെ നിമിഷങ്ങളെ അഭ്രപാളികളിലാക്കുകയാണെന്നുകരുതുക. അതാരു ചെയ്യും? കാലത്തിന്റെ സില്‍വര്‍ സക്രീനില്‍ നിന്ന് മാഞ്ഞുപോയ മഹാ പ്രതിഭകളേയും പരിഗണിക്കുക. കുറോസോവ, ബര്‍ഗ്മാന്‍, ഫെല്ലിനി, ആരു ചെയ്യും? ഭാഷയ്ക്കു പോലും അപ്രാപ്യമായ വേദനയെ സക്ഷാത്ക്കരിക്കുന്ന പ്രതിഭ ആരുടേതാണ്. ഗാനത്തിനപ്രാപ്യമാണിപ്പൊഴും ഗുലാം അലീ ഖേദത്തിന്‍ ഇരുണ്ട ഭൂഖണ്ഡങ്ങള്‍' എന്ന് ചുള്ളിക്കാട് കുറിച്ചതാണ് ഓര്‍മ്മവരുന്നത്. പ്രപഞ്ചബോധത്തിനുള്ളില്‍ എവിടെയെങ്കിലും ഇതുവരെ മനുഷ്യര്‍ ജീവിച്ച ജീവിതം രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ആ സംവിധായകന്‍ തന്നെ അതു നിരഞ്ഞെടുത്ത് നമുക്കായി സ്‌ക്രീന്‍ചെയ്ത് കാണിച്ചു തന്നിട്ടു പറയണം 'ദേ ഇതാണ് മേരിയും കുഞ്ഞുങ്ങളും കടന്നുപോന്ന സങ്കടത്തിന്റെ നിമിഷങ്ങള്‍.' കമ്പിളികണ്ടത്തെ കല്‍ഭരണികളില്‍ ഭാഷക്കുള്ളില്‍ ഒതുങ്ങാത്ത നിമിഷങ്ങള്‍ ഇതുപോലെ ഒരുപാടുണ്ട്.

 ആത്മഹത്യയില്‍ നിന്ന് പിന്തിരിഞ്ഞ് കുട്ടികളെ ചേര്‍ത്തുപിടിച്ച് ജീവിക്കാന്‍ ശ്രമിക്കുന്ന മേരിയോട് വികാരിയച്ചന്‍ ആവശ്യപ്പെടുന്നത് ആങ്ങളമാരുടെ കൂടെ പോകാനും കുട്ടികളെ അവരുടെ അപ്പന്റെ വീട്ടുകാരെ ഏല്‍പ്പിക്കാനുമാണ്. ഭര്‍ത്താവിന്റെ വീട്ടുകാരുടെ സ്വാധീനത്തിനു വഴങ്ങി അച്ഛന്‍ പറയുന്ന ആ തീരുമാനത്തിന് താനെവിടുത്തെ അച്ചനാടോ ദൈവം ചേര്‍ത്തതിനെ തകര്‍ക്കാനാണോടോ തനിക്ക് പട്ടം കിട്ടിയതെന്ന് ആ അമ്മ ചിതറുന്നു. തല്ലാന്‍ വന്ന ഭര്‍ത്താവിന്റെ സഹോദരന്മാരെ അരയിലിരുന്ന അരിവാള്‍ ചൂണ്ടി അവര്‍ നേരിടുന്നു. പകച്ചുപോയ വികാരിയച്ചന്‍ പള്ളി മുറിക്കുള്ളിലേക്ക് പാഞ്ഞു കേറുന്നു. അള്‍ത്താരക്കുമുമ്പില്‍ അരിവാളുമായി ഭ്രാന്തിളകിയ പോലെ നില്‍ക്കുന്ന അമ്മയെ അന്നത്തെ ആറു വയസുകാരനെ തൊട്ടുനിന്നു നോക്കിയാല്‍ ഇപ്പോള്‍ നമ്മള്‍ക്കും കാണാം. അമ്മ പിന്നെ ശാന്തയായി. അവരൊക്കെ പോയിക്കഴിഞ്ഞ് ഒരുപാടു നേരം മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. അവര്‍ക്ക് കത്തനാരിലുള്ള വിശ്വാസമേ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നുള്ളു കര്‍ത്താവില്‍ വിശ്വാസമുണ്ടായിരുന്നു. അത് അവര്‍ക്ക് സ്വന്തം നിലപാടിലും നന്മയിലുമുള്ള ബോധ്യമായിരുന്നു. 'അന്ന് ഞാന്‍ കണ്ട എന്റെ അമ്മ സ്ത്രീത്വത്തക്കുറിച്ചുള്ള എന്റെ സങ്കല്‍പ്പങ്ങളിലെ മാതൃദൈവമായി, അവര്‍ തെളിയിച്ച വിളക്കുകളുടെ പ്രകാശം ഇന്നും അണഞ്ഞിട്ടില്ല. ആ വെളിച്ചമാണ് ഇന്നും എന്നെ നയിക്കുന്നത്' എന്നെഴുതിയാണ് ഈ അദ്ധ്യായം അവസാനിപ്പിച്ചിരിക്കുന്നത്. അമ്മ എങ്ങനെ ആറുവയസുകാരനായ ഒരുകുട്ടിയുടെ മനസില്‍ പ്രതഷ്ഠിക്കപ്പെട്ടുവെന്ന് ഈ വാക്കുകള്‍ വെളിപ്പെടുത്തുന്നു.

  പള്ളിയിലെ വിചാരണയും പിന്നീടുവന്ന വിലക്കുമൊക്കെ മേരിക്ക് നേരിടേണ്ടി വന്നത് തൊഴിലെടുത്ത് ജീവിക്കുന്നുവെന്ന കുറ്റകൃത്യത്തിന്റെ പേരിലായിരുന്നു. വീട് പണയം വെച്ച് മദ്യപാനായ ഭര്‍ത്താവ് നാടുവിട്ടുപോകുമ്പോഴാണ് ജീവിതത്തിനും മരണത്തിനുമിടയില്‍ ഒരു നിമിഷം സന്ദേഹിച്ചു നിന്നതിനു ശേഷം കിടപ്പാടം തിരിച്ചുപിടിക്കാനും ജീവിക്കാനും വേണ്ടി മേരി തൊഴില്‍ ചെയ്യാന്‍ പോകുന്നത്. തൊഴിലെടുത്ത് ജീവിക്കുന്ന സ്ത്രീയും അവരുടെ കുട്ടികളും യഥാസ്ഥിതികരായ അവരുടെ ബന്ധുക്കള്‍ക്കും സമുദായത്തിനും ഒരുപോലെ അനഭിമതരായി മാറുന്നു. ആ അമ്മയുടേയും കുഞ്ഞുങ്ങളുടേയും ജീവിതം അവര്‍ ദുസ്സഹമാക്കുന്നു. 

  ഒരു പ്രഭാതത്തില്‍ ഷഡ്പദമായി മാറി ഒറ്റപ്പെടലും വേദനയും അനുഭവിക്കുന്ന കാഫ്ക്കയുടെ മെറ്റാമോര്‍ഫോസിസിലെ ഗ്രിഗര്‍ സാംസയെ ഈ പുതിയ കാലഘട്ടത്തിലും നാം അനുസ്മരിച്ചു പോകുന്നു. ജോലി ചെയ്ത് ജീവിക്കാന്‍ തുടങ്ങിയതിന്റെ പേരില്‍ ഭ്രഷ്ട് കല്‍പ്പിച്ച് പൊതുസമൂഹത്തില്‍ നിന്ന് അകറ്റി നിറുത്തപ്പെട്ട നന്ദിക്കുന്നേല്‍ മേരിയും അവരുടെ കുഞ്ഞുങ്ങളും കീടജന്മമെടുത്ത ഗ്രിഗര്‍സാംസയെ പോലെ കുടുംബത്തിന് ഒളിപ്പിച്ചു പിടിക്കേണ്ട ഒരു വസ്തുവായി മാറുന്നു. ആദ്യകാലത്ത് അയാള്‍ എന്നു വിളിക്കപ്പെട്ടിരുന്ന ഗ്രിഗര്‍ സാംസയുടെ വ്യക്തിത്വം അത് എന്ന സംബോധനയിലേക്ക് ചുരുങ്ങുന്നതു പോലെ ആ കുടുംബത്തിന്റെ അന്തസ് ചുരുക്കിയെഴുതപ്പെടുന്നു. ഒരിക്കല്‍ പ്രകാശം നിറഞ്ഞ ലോകം കാണാന്‍ ഗ്രിഗര്‍ സാംസ അവന്റെ മുറിക്കുള്ളില്‍ നിന്ന് പുറത്തേക്ക് ഇഴഞ്ഞുവരുന്നുണ്ട്. ആപ്പിളുകള്‍ വെച്ചെറിഞ്ഞ് നിഷ്‌ക്കരുണം അവനെ മുറിക്കുള്ളിലേക്ക് തന്നെ ഓടിക്കുന്നു. മറ്റൊരിക്കല്‍ ഒരു സായാഹ്നത്തില്‍ സഹോദരി വായിച്ച വയലിന്റെ മനോഹരനാദം കേട്ട് പുറത്തെത്തിയ സാംസയെ ബലം പ്രയോഗിച്ച് വീണ്ടും മുറിക്കുള്ളിലേക്ക് തന്നെ ഒതുക്കുന്നു. ഉള്ളില്‍ മനുഷ്യചേതന തുടിച്ചുനില്‍ക്കുന്ന ഒരു ഭീമന്‍ ഷഡ്പദമായിരുന്നു അവന്‍. ജീവിതത്തിന്റെ പ്രസാദാത്മകമായ വശങ്ങളിലേക്ക് കൈനീട്ടിയപ്പോഴൊക്കെ മേരിക്കും കുഞ്ഞുങ്ങള്‍ക്കും ഇതേയനുഭവം ഉണ്ടായിട്ടുണ്ട്. അവരുടെ ഉള്ളിലെ മനുഷ്യചേതനയെ കാണാതെ ചുഴലവുമുള്ള ആള്‍ക്കൂട്ടം അവര്‍ക്ക് ഏകാന്തത വിധിച്ചു. ഒറ്റപ്പെടലിന്റെ ആഴം ഒരു ചെറുപ്പക്കാരന്റെ കീടജന്മാനുഭവങ്ങളായി സംഗ്രഹിച്ച് ആവിഷ്‌ക്കരിച്ച കാഫ്ക്കയുടെ മെറ്റാമോര്‍ഫോസിസ് കാലദേശങ്ങളെ കടന്നുവന്ന് ഒരമ്മയും കുഞ്ഞുങ്ങളും കടന്നുപോയ ദുരിത ജീവിതത്തെ ആഴത്തില്‍ പ്രതിഫലിപ്പിക്കുന്നു. ഒരു ദര്‍ശനത്തിന്റെയും മേമ്പൊടിയില്ലാതെയാണ് ശുദ്ധഗ്രാമീണയായ മേരിയും കുടുംബവും ആ കയ്പ്പന്‍ കഷായം കുടിച്ചു വറ്റിച്ചത്. മരണവുമായി മുഖാമുഖമിരുന്നു നടത്തിയ ചൂതുകളിയില്‍ അവര്‍ മരണത്തെ തോല്‍പ്പിച്ചു. നന്മയും ഇച്ഛാശക്തിയും കൊണ്ട് തങ്ങള്‍ക്ക് കടന്നുപോകേണ്ടി വന്ന ഷഡ്പദജന്മത്തെ ഭേദിച്ച് പുറത്തുകടക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.

placeholder
ബാബു എബ്രഹാം അമ്മയോടും സഹോദരിമാരോടുമൊപ്പം

 അധിക്ഷേപങ്ങളും വിശപ്പും അധമമായ ആസക്തികളുടെ കടന്നുകയറ്റങ്ങളും സഹിച്ച് പ്രതീക്ഷകളില്ലാത്ത ഒരതിജീവനയാത്ര നടത്തുകയാണ് കമ്പിളികണ്ടത്തിലെ നഗ്‌നപാദരായ ഒരു കൂട്ടം മനുഷ്യര്‍. ആ യാത്രയില്‍ ഒപ്പം നടന്നുവന്ന ഒരു പാടുപേരുടെ മുഖങ്ങള്‍ അതിഭാവുകത്വത്തിലേക്ക് പോകാതെ, ഭാഷയില്‍ മിതത്വം പാലിച്ച് ആഴത്തില്‍ സ്പര്‍ശിക്കും വിധം ഈ ഓര്‍മ്മകളുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
പലരും ഒരു കാരണവും കൂടാതെ വേദനയനുഭവിക്കുന്നവരാണ്. അനാഥാലയത്തിന്റെ ഇരുട്ടില്‍ പെട്ടുപോകുന്ന വിക്രമന്‍, ഒരു നിമിഷം കൊണ്ട് ജീവിതം അടിമുടി മാറി യവനികയ്ക്കുപിന്നിലേക്കു മറയുന്ന സുബൈദ, കന്യാസ്ത്രീ മഠത്തിന്റെ പടികള്‍ ചവിട്ടിക്കയറി മറഞ്ഞുപോകുന്ന കുഞ്ഞാന്റി, ഇവരൊക്കെ കാലത്തിന്റെ തികച്ചും ദുര്‍ജ്ഞേയമായ ചതുരങ്കക്കളത്തിലെ കരുക്കളായി മാറാന്‍ നിയുക്തരായിപ്പോയവരാണ്.
 
 പുഴുക്കള്‍ ചത്തുപൊങ്ങിക്കിടക്കുന്ന ഗോതമ്പ് കഞ്ഞി, നൂറു മനുഷ്യജീവികള്‍ക്ക് ഉപയോഗിക്കാന്‍ രണ്ടു ലാട്രീനുകള്‍, മൂടിയില്ലാതെ തുറന്നുകിടക്കുന്ന സെപ്റ്റിക്ക് ടാങ്കില്‍ നിന്ന് ഭക്ഷണശാലവരെ വീശിയടിക്കുന്ന ദുര്‍ഗന്ധം. മനുഷ്യവിസര്‍ജ്യം വരെ ചുമന്നു നീക്കേണ്ട അടിമപ്പണി, ഇതിനിടയ്ക്ക് സ്‌കൂളില്‍ പോക്കെന്ന അസംബന്ധം! ഉല്ലാസം എന്നു പേരിട്ടിരിക്കുന്ന രാത്രി ഭക്ഷണം കഴിഞ്ഞുള്ള ഇടവേളയില്‍ നടക്കുന്നത് കുട്ടികള്‍ ചെയ്ത തെറ്റുകളുടെ 'വിചാരണയും ശിക്ഷയും'. നരകം എന്ന ബോര്‍ഡ് വെച്ച് പ്രവര്‍ത്തിക്കേണ്ട ഈ സ്ഥാപനം ദാരിദ്യത്തില്‍ നിന്ന് രക്ഷപെടാന്‍ ബാബുവിനും സഹോദരിമാര്‍ക്കും ആശ്രയിക്കേണ്ടി വന്ന തൃശൂര്‍ ജില്ലയിലുള്ള ഒരനാഥാലയമാണ്. അല്‍പം ഇറച്ചിക്കഷണം മോഷ്ടിച്ചെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് അവസാനം ശരീരത്തില്‍ മുഴുവന്‍ ചൂരലടികള്‍ ഏറ്റുവാങ്ങി ഇരുട്ടിലൂടെ തേങ്ങിക്കരഞ്ഞു കൊണ്ടുനടന്നുപോകുന്ന ഒരു കുട്ടിയെക്കുറിച്ച് ഇതില്‍ എഴുതിയിട്ടുണ്ട്. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും അവന്റെ വിതുമ്പലുകള്‍ നിലച്ചിരുന്നില്ല. മതങ്ങള്‍ മരണശേഷം മനുഷ്യാത്മാക്കള്‍ ചെന്നുചേരുന്ന നരകത്തെ കുറിച്ച് പറയുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മനുഷ്യാത്മാക്കള്‍ ചെന്നു പെട്ടുപോകുന്ന നരകങ്ങളാണ് അനാഥാലയങ്ങളെന്ന് ബാബുവിന്റെ അനുഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നു. ദൈവസൃഷ്ടിയായ നരകത്തിന്റെ നടത്തിപ്പുകാര്‍ വിളിക്കാന്‍ ഒരുസാധ്യതയുമില്ലാത്ത ജാതിപ്പേരു വിളിച്ചലറിക്കൊണ്ട് ഇതിന്റെ നടത്തിപ്പുകാരി ഒരു മനുഷ്യനെ നേരിടുന്നത് നടുക്കമുണ്ടാക്കുന്ന കാഴ്ചയാണ്. ബാബു കുറിക്കുന്നത് എണ്‍പതുകളിലെ കാര്യമാണ്. ഇപ്പോഴെന്താണവസ്ഥ. അനാഥാലയങ്ങളില്‍ ഇന്നും മനുഷ്യജീവികള്‍ വേദനയനുഭവിച്ച് മനുഷ്യാന്തസിന് നിരക്കാത്ത പരിതസ്ഥിതിയില്‍ കരച്ചിലൊതുക്കി കഴിഞ്ഞുകൂടുന്നുണ്ടോ? കുഞ്ഞുങ്ങള്‍ ഉപദ്രവിക്കപ്പെടുന്നുണ്ടോ. ഇടപെടേണ്ടത് ബന്ധപ്പെട്ട അധികാരികളാണ്. കമ്പിളികണ്ടത്തിലെ വെളിപ്പെടുത്തലുകള്‍ അതിനു നിമിത്തമാകട്ടെ. വാഴച്ചുണ്ടിന്റെ പോള തുറന്ന് അതിന്റെ അല്ലിയില്‍ നിന്ന് തേന്‍ കുടിക്കുന്ന ആ കുട്ടി ഒന്നേകാല്‍ വര്‍ഷക്കാലം എന്നില്‍ ഉറങ്ങിക്കിടന്നുവെന്ന് അനാഥാലയത്തിലെ ജീവിതകാലത്തെക്കുറിച്ച് ബാബു കുറിക്കുന്നു. അവസാനം അമ്മയെത്തി അവരെ വീട്ടിലേക്കു തിരികെ കൊണ്ടുപോകുന്നവേളയില്‍ അവനെ പിന്തുടരുന്നത് അനാഥാലയത്തിന്റെ മുറ്റത്ത് അണഞ്ഞുപോയ ഒരു തിരി പോലെ നില്‍ക്കുന്ന കൂട്ടുകാരന്‍ വിക്രമന്റെ രൂപമാണ്. വിടവാങ്ങലില്‍ അവസാനിക്കുന്ന ആ അദ്ധ്യായം എഴുതി നിറുത്തുന്നത് അന്നേരം തൊട്ടടുത്ത ശ്മശാനത്തില്‍ ആരുടേയോ കബറടക്കം കഴിഞ്ഞ് ആളുകള്‍ മടങ്ങുന്നതു ഞാന്‍ കണ്ടുവെന്ന ധ്വന്യാത്മകമായ വാക്യത്തിലാണ്. അദ്ധ്യായത്തിന്റെ പേരാകട്ടെ മരണത്തിന്റെ മണമുള്ള മൗനം എന്നും. ജീവിതം ഒരെലിക്കെണി പോലെ മനുഷ്യനെ അകപ്പെടുത്തിക്കളയുന്ന നടുക്കുന്ന കാഴ്ചകള്‍ക്കാണ് ഈ അദ്ധ്യായത്തില്‍ നമ്മള്‍ സാക്ഷികളാകുന്നത്.
             
  ഇപ്പോള്‍ ഒരു ചോറ്റുപാത്രത്തിന്റെ അടപ്പിലേക്ക് കുറച്ചു ചോറും മീന്‍ വറുത്ത കഷണവും ചമ്മന്തിയും എടുത്തു വെക്കുന്ന കൈകള്‍ സുബൈദയുടേതാണ്. ദുരഭിമാനം കൊണ്ട് വേണ്ടെന്നു പറഞ്ഞിട്ടും ഒരു ചേച്ചിയുടെ വാല്‍സല്യത്തോടെ ഇയ്യാളിങ്ങു വന്നേ എന്ന് വിളിച്ചു കൊണ്ടാണ് അവള്‍ അതെടുത്തു വെച്ചത്. മറ്റെല്ലാവരും ഊണു കഴിക്കാന്‍ പോയിട്ടും പോകാതെയിരിക്കുന്ന കുട്ടി ഒന്നും കഴിച്ചിട്ടില്ലെന്ന് അവള്‍ക്കറിയാമായിരുന്നു. ആര്‍ത്തിയോടെ അതുവാരി കഴിക്കുന്ന അവനെ നോക്കി അവള്‍ അങ്ങനെ തന്നെ നിന്നു. ചോറ്റു പാത്രത്തില്‍ നിന്ന് കുറച്ചു ചോറു കൂടി അവനു പകുത്തു കൊടുത്തിട്ടാണ് അവള്‍ കഴിക്കാനിരുന്നത്. പിന്നെയതു പതിവായി. അവന്റെ വീട്ടില്‍ നിന്ന് ഉച്ചഭക്ഷണം കൊടുത്തയച്ചിരുന്നത് ഇളയ പെങ്ങള്‍ക്കു മാത്രമായിരുന്നു. അവള്‍ തീരെകുഞ്ഞായിരുന്നല്ലോ. ഉച്ചയ്ക്ക് വിശപ്പില്ലാത്തതുകൊണ്ടാണ് ചോറുകൊണ്ടുവരാത്തതെന്ന അവന്റെ വിശദീകരണം കള്ളമാണെന്ന് സുബൈദയ്ക്ക് പിടികിട്ടി. സുബൈദയ്ക്ക് ആരും കൂട്ടുകാരില്ലായിരുന്നു. പക്ഷേ ഹൃദയമുണ്ടായിരുന്നു. ഉച്ചയ്ക്ക് ആഹാരം കഴിക്കാതിരിക്കുന്നവനോട് അതിന്റെ കാരണം തിരക്കിയത് അവള്‍ മാത്രമായിരുന്നു. ഒരിക്കല്‍ സ്‌കൂള്‍ വിട്ട്തിരിച്ചു പോകുമ്പോള്‍ പ്രതികാരബുദ്ധിയോടെ പാഞ്ഞുവന്ന മഴയില്‍ നിന്ന് അവനെ രക്ഷിച്ചതും അവളായിരുന്നു. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരു കുടക്കീഴില്‍ പോകുന്നത് സങ്കല്‍പിക്കാന്‍ കഴിയാതിരുന്ന കാലത്ത് അവള്‍ അവനോട് നീ എന്റെകൂടെ കുടയുടെ കീഴില്‍ കേറിക്കോന്ന് പറഞ്ഞു. തെള്ളിത്തോടുവരെ അവര്‍ ഒരു കുടക്കീഴില്‍ നടന്നു. അടുത്ത മാസം ഒരു ദിവസം അവള്‍ സ്‌കൂളില്‍ വന്നില്ല. അന്ന് ക്ലാസിലേക്കു കടന്നുവന്ന സിനോബിസിസ്റ്റര്‍ അവരുടെ സ്റ്റീല്‍ മാലയിലെ കുരിശില്‍ മുറുക്കെ പിടിച്ചു കൊണ്ട് കുട്ടികളോട് പറഞ്ഞു, സുബൈദയുടെ ബാപ്പ മരിച്ചു. സുബൈദയുടെ വീട്ടില്‍ അടുക്കളയുടെ പുറകുവശത്തെ മുറ്റത്ത് ചടഞ്ഞിരിക്കുന്ന അവളുടെ നിറഞ്ഞ കണ്ണുകള്‍ ഇന്നും മറവിയുടെ കടലെടുക്കാതെ അവശേഷിക്കുന്നു. കവിളിനിരുവശവും മുത്തുമണികള്‍ പോലെ മിഴിനീര്‍ ഒഴുകിക്കൊണ്ടിരുന്നു. അതിനുശേഷം സുബൈദ സ്‌കൂളില്‍ വന്നില്ല. അവന്റെ ഉച്ചയൂണ് നിലച്ചുപോകുകയും ചെയ്തു. സുബൈദയെ കുറിച്ച് പിന്നീടൊരിടത്തും പരാമര്‍ശമില്ല. പാതിവരച്ച ഛായാചിത്രം പോലെ അപൂര്‍ണ്ണതയുടെ ദുരൂഹസൗന്ദര്യംപേറി കരഞ്ഞുതീരാത്ത മുഖവുമായി സുബൈദനില്‍ക്കുന്നു. നിരുപാധികമായ കനിവിന് പകരം വെക്കാവുന്ന നാമമായി സുബൈദ വായനക്കാരനിലേക്ക് വാതില്‍ തുറക്കുന്നു.

  കാതില്‍ കമ്മലിടാന്‍ മോഹിച്ച് അവസാനം കന്യാസ്ത്രീമഠത്തിന്റെ പടികള്‍ കയറി മറഞ്ഞുപോയ പെണ്‍കുട്ടി അമ്മയുടെ അനുജത്തി കുഞ്ഞാന്റിയായിരുന്നു. അവള്‍ ഒരുപന്നിയെ വളര്‍ത്തി. അതിന്റെ കുഞ്ഞുങ്ങളെ വിറ്റു കിട്ടുന്ന പൈസകൊണ്ട് അവള്‍ക്കൊരു കമ്മല്‍ വാങ്ങിക്കണമെന്ന് ആങ്ങളയെ കൊണ്ടു സമ്മതിപ്പിച്ചു. അവളുടെ മോഹങ്ങള്‍ കമ്മലിനെ ചുറ്റി വളര്‍ന്നു. പത്തു കുഞ്ഞുങ്ങളുണ്ടെങ്കില്‍ കമ്മല്‍ വാങ്ങാം. അവള്‍ അതിനുവേണ്ടി നൊവേന ചൊല്ലി പ്രാര്‍ത്ഥിച്ചു. പറമ്പുപണിക്കാരോടും വീട്ടുജോലിക്കാരോടും വാങ്ങാന്‍ പോകുന്ന കമ്മലിനെക്കുറിച്ചു പറഞ്ഞു. ചേച്ചിയുടെ സാരി വാങ്ങിയുടുത്ത് ഫോട്ടോയ്ക്ക് പോസു ചെയ്തു. കമ്മല്‍ വരുമ്പോള്‍ അതിട്ട് സാരിയുമുടുത്തുനിന്ന് ഫോട്ടോ എടുക്കുന്നത് സ്വപ്നം കണ്ടു. അവസാനം പന്നി പ്രസവിച്ചു. പത്തല്ല പതിനാറു കുഞ്ഞുങ്ങള്‍. കമ്മല്‍മാത്രമല്ല, കമ്മലില്‍ ഞാത്താനുള്ളതും വാങ്ങിക്കാം. പക്ഷേ കുഞ്ഞാന്റിക്ക് കമ്മല്‍ കിട്ടിയില്ല. പന്നിക്കുഞ്ഞുങ്ങളെ വിറ്റ് ആങ്ങള പൈസയെടുത്തു. കുടുംബത്തില്‍ ആണായി ജനിച്ച സൗകര്യം അയാള്‍ ഉപയോഗിക്കുകയായിരുന്നു. ഞാന്‍ തീറ്റ കൊടുത്തുവളര്‍ത്തിയ പന്നി പെറ്റുണ്ടായ കുഞ്ഞുങ്ങളുടെ കാശ് എനിക്ക് തന്നെ കിട്ടണമെന്ന് അവള്‍ ഒച്ചവെച്ചെങ്കിലും ത്യാഗത്തിന്റെ കണക്കുകള്‍ നിരത്തി തറവാട്ടിലെ സ്വത്തുകള്‍ ഓരോന്നായി തന്റെ പേരിലേക്ക് മാറ്റിക്കൊണ്ടിരുന്ന അയാള്‍ അതു ഗൗനിച്ചില്ല. കുഞ്ഞാന്റി അപമാനിക്കപ്പെട്ട പാഞ്ചാലിയെ പോലെ തന്റെ ചുരുണ്ടമുടി അഴിച്ചിട്ട് എനിക്കിനി കമ്മല്‍ വേണ്ട ഞാനിനി ഒരിക്കലും കമ്മലിടില്ലെന്നു വിളിച്ചു പറഞ്ഞതായി ബാബു കുറിക്കുന്നു. അത്തവണ എസ്.എസ്.എല്‍.സി പാസായ അവര്‍ അക്കാലത്ത് കോട്ടയത്തു തുടങ്ങിയ ഇറ്റാലിയന്‍ കന്യാസ്ത്രീമഠത്തില്‍ ചെന്നുചേര്‍ന്നു. അവരുടെ കുടുംബ വിഹിതവും ആങ്ങള സ്വന്തമാക്കി. സ്ത്രീയെ അധികാരഘടനയുടെ പുറത്താക്കി വാതിലടച്ച് പുരുഷന്‍ ഭരിക്കുന്ന സമുദായനീതിയുടെ ഇരയാണ് കുഞ്ഞാന്റി. ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ ഘനീഭവിച്ച ഒരു കണ്ണുനീര്‍ത്തുള്ളിപോലെ കുഞ്ഞാന്റിയുടെ സാന്നിദ്ധ്യം അനുഭവപ്പെടും.

  ഈ പുസ്തകം സങ്കടങ്ങളുടേതാണ്. ധ്യാനകേന്ദ്രങ്ങളിലും നമ്മള്‍ വിശുദ്ധമെന്നു കരുതുന്ന ഇടങ്ങളിലും നിവൃത്തികേടുകൊണ്ടുമാത്രം ആശ്രയിക്കേണ്ടി വരുന്ന അനാഥാലയങ്ങളിലുമൊക്കെ മനുഷ്യര്‍കടുത്ത അനീതിക്കും അധിക്ഷേപങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായി പോകുന്നു. അമ്മാവന്റെ പോക്കറ്റില്‍ നിന്ന് 150 രൂപയും മോഷ്ടിച്ച് പുറപ്പെട്ടു പോകുന്ന കുട്ടിയുടെ കൈയ്യില്‍ നിന്ന് 100 രൂപ തട്ടിയെടുത്തു കൊണ്ട് പോകുന്നത് ഒരു പോലീസുകാരനാണെന്നു മനസിലാക്കുമ്പോള്‍ മനുഷ്യന്റെ നിഴല്‍ വീഴുന്നിടത്തെല്ലാം ചതിയുണ്ടെന്ന് നമ്മള്‍ തിരിച്ചറിയും. നുഷ്യന്‍ എന്തിനിങ്ങനെ വേദനയനുഭവിക്കുന്നു എന്നതിന് ഉത്തരമില്ലാത്തതു പോലെ മനുഷ്യന്‍ എന്തിനിങ്ങനെ ദ്രോഹിക്കുന്നുവെന്നതിനും ഉത്തരമില്ല.
      
 ഇരുള്‍വീണ ന്ധ്യയിലൂടെ ഒരുസവാരി പോകുമ്പോള്‍ എതിര്‍ ദിശയില്‍ നിന്ന് പ്രകാശിക്കുന്ന വഴിവിളക്കുകള്‍ കടന്നുവന്ന് യാത്രികനെ പ്രകാശിപ്പിച്ചു കടന്നുപോകുന്നതുപോലെ ഈ പുസ്തകത്താളുകളിലൂടെ കടന്നുപോകുന്നവര്‍ക്കഭിമുഖമായി ആത്മസൗന്ദര്യമുള്ള ചില മനുഷ്യര്‍ കടന്നുവരും. അവരുടെ കടന്നുവരവ് വായനക്കാരനെ വെളിച്ചത്തില്‍ കുളിപ്പിക്കും. കലാലയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ വെമ്പുന്ന ബാബുവിനെ അതു നിന്റെ വഴിയല്ലെന്നു പറഞ്ഞ് ശരിയായ ദിശയിലേക്കു നയിക്കുന്ന സിസ്റ്റര്‍ ആനി, ഒരു പ്രതിഫലവും ഇച്ഛിക്കാതെ അവസരങ്ങളുടെ വാതിലുകള്‍ വലിച്ചു തുറന്നു മുമ്പോട്ടു പോകാന്‍ സഹായിക്കുന്ന മെല്‍ബിസര്‍, സ്വന്തം കൈയ്യില്‍ നിന്ന് അക്കാലത്ത് ഒരു വലിയ തുക എടുത്ത് കൊടുത്ത് ഉപരിപഠനത്തിനു യാത്രയാക്കുന്ന മൂന്നാര്‍ മാര്‍ത്തോമ്മാ പള്ളിയിലെ ഫാദര്‍ വര്‍ഗ്ഗീസ് ജേക്കബ്, അദ്ദേഹത്തിന്റെ അന്നദാനേശ്വരിയായ ഭാര്യ, ബാബു എത്ര വേണമെങ്കിലും പഠിച്ചോളൂ ഒരു സ്‌കോളര്‍ഷിപ്പു പോലുമില്ലെങ്കിലും ഞാന്‍ ഇയാളെ നോക്കിക്കോളാം. ഇയാള്‍ ഇയാളുടെ സ്വപ്നങ്ങളെ തേടി പൊയ്‌ക്കൊള്ളു. ഞാന്‍ കൂടെയുണ്ട് എന്നു പറഞ്ഞ് അനുഗ്രഹിച്ച മാര്‍ത്തോമ്മാ സഭാ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അത്തനേഷ്യസ് തിരുമേനി, അങ്ങ് ഫ്രാന്‍സില്‍ മാതൃത്വത്തിന്റെ നേര്‍ത്ത മെഴുകുതിരി ഗന്ധമായി കടന്നു വരുന്ന ഫ്രഞ്ച് വനിത കൊളേത്ത് തുടങ്ങിയവര്‍ ഈ പുസ്തകത്താളുകളിലൂടെ കടന്നുപോകുന്നവരെ അവരുടെ ആത്മപ്രകാശത്താല്‍ ജ്വലിപ്പിക്കുന്നവരാണ്. ആ പ്രകാശം പിന്നോട്ടോടി മറയുന്ന വഴിവിളക്കുകളുടെ നിമിഷപ്രഭയല്ല.

 പെങ്ങളുടെ കല്യാണത്തിന് സ്വര്‍ണ്ണം വാങ്ങാന്‍ പൈസ തികയാതെ വിഷണ്ണനായി നില്‍ക്കുമ്പോള്‍ സ്വന്തം കൈത്തണ്ടയില്‍ നിന്ന് വളയൂരി പള്ളിയിലെ സെക്രട്ടറിയുടെ കൈയ്യില്‍ കൊടുത്തയച്ച് പണയം വെച്ച് തുകസംഘടിപ്പിച്ചുനല്‍കുന്ന മൂന്നാര്‍മാര്‍ത്തോമ്മാ പള്ളിയിലെ ഫാദര്‍ വര്‍ഗീസ് ജേക്കബിന്റെ സഹധര്‍മ്മിണിക്ക് ഒരു വിക്തോര്‍ഹ്യുഗോ കഥാപാത്രത്തിന്റെ നന്മയുണ്ട്. എന്താണ് ദൈവികതയെന്ന ചോദ്യത്തിന് അത് തികഞ്ഞ മാനവികതയല്ലാതെ മറ്റൊന്നുമല്ലെന്ന് ഫാദറും ഭാര്യയും പഠിപ്പിക്കുന്നു.

 കമ്പിളിക്കണ്ടത്തിലെ കല്‍ഭരണികള്‍ വായിച്ചുപോകുമ്പോള്‍ വായനക്കാരുടെ ഉള്ളിലേക്കു കടന്നുവരുന്ന ഊര്‍ജ്ജപ്രസരം യഥാര്‍ത്ഥത്തില്‍ മുളപൊട്ടുന്നത് നന്ദികുന്നേല്‍ മേരിയെന്ന അമ്മയില്‍ നിന്നാണ്. നമ്മള്‍ കേട്ടുവളര്‍ന്ന പുരാവൃത്തങ്ങളിലെ ശക്തരായ സ്ത്രീകഥാപാത്രങ്ങളെ അവര്‍ അനുസ്മരിപ്പിക്കുന്നു. അത്രയും ആര്‍ജ്ജവവും കരുത്തും പ്രകടിപ്പിക്കുന്ന അവര്‍ ഭര്‍ത്താവിന്റെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും ചീത്ത വിളികള്‍ക്കും മുമ്പില്‍ സഹനം മാത്രം അവലംബിച്ച് കഴിഞ്ഞുകൂടുമ്പോള്‍ മനസ്സുയര്‍ത്തുന്ന ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ അവസാനിക്കും. ഒന്നോര്‍ത്താല്‍ അതവര്‍ സ്വയം ഏറ്റെടുത്ത സഹനമായിരുന്നു. അവരുടെ മനസിന്റെ അടിത്തട്ടില്‍ ഏതൊക്കെയോ തലങ്ങളില്‍ അതു സാധൂകരിക്കപ്പെടുന്നുണ്ട്. പുസ്തകത്തിന്റെ അവസാന താളുകളിലെത്തുമ്പോള്‍ അവര്‍ സഹിക്കുക മാത്രമല്ല ഭര്‍ത്താവിനോട് പൊറുക്കുക കൂടിചെയ്തിരിക്കുന്നുവെന്ന് മനസിലാകും.  

  'മറ്റുള്ളവര്‍ നമ്മളെ കുറിച്ച് എന്തു പറയും എന്നതില്‍ നമുക്ക് ഒന്നും ചെയ്യാനാവില്ല. നിനക്ക് ഒരു കാര്യത്തില്‍ മാത്രമേ നിയന്ത്രണമുള്ളൂ. മറ്റുള്ളവര്‍ എന്തു പറഞ്ഞാലും എന്തു ചെയ്താലും അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് നീ മാത്രമാണ് തീരുമാനിക്കുന്നത്. '- ഇത് കൗണ്‍സിലിങ്ങ് ടേബിളിന്റെ അപ്പുറത്തിരുന്ന് ഒരു മനഃശാസ്ത്രജ്ഞന്‍ ഒരു കൗമാരക്കാരന് നല്‍കിയ ഉപദേശമല്ല. നനഞ്ഞു കുതിര്‍ന്ന മണലും ചുമന്നു ഞാന്‍ നടക്കുമ്പോള്‍ കൂട്ടുകാര്‍ കണ്ടാല്‍ എന്തുകരുതും അമ്മേയെന്ന് അല്‍പം അപകര്‍ഷതയോടെ മകന്‍ ചോദിക്കുമ്പോള്‍ നന്ദിക്കുന്നേല്‍ മേരിയെന്ന അമ്മ പറഞ്ഞു കൊടുത്ത വാക്കുകളാണ്. ഇതുവരുന്നത് അവരുടെ ജീവിതാനുഭവങ്ങള്‍ക്ക് ഉള്ളില്‍ നിന്നാണ്. അവരുടെ ജീവിത ദര്‍ശനവും ജീവിതവും അതിലുണ്ട്. സമൂഹം വാ തുറക്കുന്നതു നോക്കി സന്ദേഹിച്ചു നിന്നവരല്ല സ്വന്തം ആത്മാവിലേക്കുനോക്കി നടന്നു പോയവരായിരുന്നു അവര്‍. അതവരുടെ ഇച്ഛാശക്തിയുടെ ഭാഗമായിരുന്നു. 

  തടാകത്തില്‍ വീണ ആകാശം പോലെ ബാബുവിന്റെ വ്യക്തിത്വത്തില്‍ അമ്മ പ്രതിഫലിച്ചു കിടക്കുന്നു. മനസിന്റെ ആഴങ്ങളില്‍ അമ്മയുടെ ഗൃഹാതുരമായ ഓര്‍മ്മകള്‍ പെയ്തു കിടക്കുന്നു. ഘട്ടം ഘട്ടമായി അമ്മയുടെ വ്യക്തിത്വം അദ്ദേഹത്തില്‍ ഒരു പരകായപ്രവേശം തന്നെ നടത്തിയിട്ടുണ്ടെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. അരിവാളുമായി അപ്പന്റെ സഹോദരന്മാരെ നേരിടുന്ന അമ്മയെ ആറുവയസുകാരന്‍ കണ്ടിട്ടുണ്ട്. ചുമടെടുക്കാനുള്ള അവകാശത്തിനു വേണ്ടി ഒറ്റയ്ക്ക് യൂണിയന്‍ നേതാവിന്റെ കുത്തിനുപിടിച്ച് അയാളെ നിലം പരിശാക്കുന്ന അമ്മയെ കണ്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത്രയും കരുത്തയായ ഒരമ്മ ഭീരുവായ ഒരു പുത്രനെ ഭയപ്പെടുത്തും. അസ്വസ്ഥനാക്കും. എന്നാല്‍ അമ്മയുടെ വ്യക്തിത്വത്തെ ഉള്‍ക്കൊള്ളാന്‍ കരുത്തുള്ള മകനില്‍  അമ്മ പ്രതിബിംബിക്കും. 'പണ്ട് പള്ളിയില്‍ വെച്ച് അപ്പന്റെ സഹോദരന്മാരെ നേരിടുന്ന രാത്രിയെ കുറിച്ചെഴുതുമ്പോള്‍ മുമ്പോട്ടുകുത്തിയുടുത്തിരുന്ന മുണ്ടും അര ബ്ലൗസും മാറിലിട്ടതോര്‍ത്തുമുള്ള എന്റെ അമ്മ നിത്യസഹായ മാതാവിന്റെ രൂപത്തേക്കാള്‍ ഏറെ വിശ്വാസം അന്നെനിക്കു നല്‍കി'യെന്നാണ് ബാബു അനുസ്മരിക്കുന്നത്. അമ്മയെ പൂര്‍ണ്ണമായും വരവേല്‍ക്കുന്ന ഒരു ഹൃദയമാണ് തന്റേതെന്ന് ആത്മാവില്‍ തൊട്ട ആദരവിന്റെ സുഗന്ധമുള്ള വാക്കുകള്‍ കൊണ്ടു മാത്രം അമ്മയെ രേഖപ്പെടുത്തുന്ന ഈ ഓര്‍മ്മക്കുറിപ്പുകള്‍ വിളിച്ചു പറയുന്നു. ബാബു അബ്രഹാം ഈ ഓര്‍മ്മപ്പുസ്തകത്തിന് ഒരു രണ്ടാം ഭാഗം എഴുതുകയാന്നെങ്കില്‍ ഏതൊക്കെ വഴികളില്‍ അമ്മ അദ്ദേഹത്തെ പിന്തുടര്‍ന്നു ചെന്നിട്ടുണ്ടെന്ന് മനസിലാക്കാന്‍ കഴിയും. കഠിനമായി അധ്വാനിക്കാനും ലക്ഷ്യപ്രാപ്തിവരെ പ്രവര്‍ത്തിക്കാനും അദ്ദേഹം കാണിച്ച മനോഭാവത്തിന്റെ വേരുകള്‍ നീളുന്നതും അമ്മയിലേക്കാണ്. ഇപ്പോഴും സഹോദങ്ങള്‍ തമ്മിലുള്ള ചെറിയ പിണക്കങ്ങളൊക്കെ വേഗം അലിഞ്ഞുപോകുന്നത് ആ അമ്മനിലാവിന്റെ സ്വാധീനത്താലാണെന്ന് അദ്ദേഹം കൃതജ്ഞതാപൂര്‍വ്വം കുറിക്കുന്നുണ്ട്. ഈ കുടുംബത്തിന്റെ വംശസ്മൃതികളെ വലംവെച്ച് നന്ദികുന്നേല്‍ മേരിയെന്ന അമ്മച്ചി ഒരു വിശുദ്ധനദി പോലെ ഒഴുകിക്കൊണ്ടിരിക്കും. അവരുടെ ഓര്‍മ്മകളില്‍ ജ്ഞാനസ്‌നാനം ചെയ്ത് കുഞ്ഞുങ്ങള്‍ കരുത്തരായി വളര്‍ന്നുവരും. നമ്മുടെ നോവല്‍ / കഥാസാഹിത്യത്തിനു പുറത്ത് ജീവിതത്തില്‍ നിന്ന് നേരിട്ടു കയറിവരുന്ന കണ്ണീരില്‍ കാച്ചിയ അരിവാളിന്റെ ദൃഢതയും നന്മയുമുള്ള ഈ അമ്മച്ചി നമ്മളേയും കരുത്തരാക്കട്ടെ.

 വെള്ളം ചേര്‍ക്കാത്ത ജീവിതാനുഭവങ്ങളും അതാവിഷ്‌കരിക്കുന്ന സുതാര്യമായ ഭാഷയുമാണ് ഈ പുസ്തകത്തിന്റെ സവിശേഷത. ലളിതമായ പദസംഘാതത്തിലൂടെ മുമ്പോട്ടൊഴുകുന്ന ഭാഷയ്ക്ക് വേണ്ടപ്പോള്‍ നല്ല മൂര്‍ച്ചയും സാന്ദ്രതയും കൈവരുന്നുണ്ട്. ഒരിക്കല്‍ ഒരു മെത്രാന്റെ അരമനയില്‍ നിന്ന് ഇറങ്ങി പോരുന്ന അനുഭവം വിവരിക്കുമ്പോള്‍ ക്രിസ്തു പടിയിറങ്ങിപ്പോയ ആ അരമനയിലെ ഇടനാഴികളിലെ ഇരുട്ടു ഭേദിക്കാന്‍ ഒരു പ്രകാശത്തിനും കഴിയില്ലെന്ന് അദ്ദേഹം എഴുതുന്നുണ്ട്.
             
 എവിടൊക്കെ കുഞ്ഞുങ്ങള്‍ ചൂടുപകരുന്ന നെരിപ്പോടു കിട്ടാതെ കഷ്ടപ്പെടുന്നുവോ എവിടെ സ്ത്രീകള്‍ ഭക്ഷണത്തിനുവേണ്ടി വില്‍ക്കപ്പെടുന്നുവോ  അവിടൊക്കെ എന്റെ പുസ്തകം ചെന്നു മുട്ടിവിളിക്കുമെന്ന് പറഞ്ഞ വിക്തോര്‍ ഹ്യുഗോയുടെ 'പാവങ്ങള്‍' നാലപ്പാട് നാരായണ മേനോന്‍ മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്തതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് ഒരു കഷണം ഇറച്ചി മോഷ്ടിച്ചെടുക്കാന്‍ ശ്രമിച്ച കുറ്റത്തിന് പൊതിരെ ചൂരലടിയേറ്റുവാങ്ങി രാത്രി മുഴുവന്‍ വിതുമ്പിപ്പൊട്ടിക്കിടന്ന ഒരു കുഞ്ഞിന്റെ ചരിത്രം പറയുന്ന ഈ ഓര്‍മ്മക്കുറിപ്പുകള്‍' പുറത്തുവന്നിരിക്കുന്നത്. ഇതൊരു യാദൃച്ഛികതയെക്കാളേറെ കാലം നമുക്ക് മുഖം നോക്കാന്‍ നീട്ടുന്ന കണ്ണാടിയായിരിക്കാം, ഹൃദയത്തില്‍ ഏതു ഭാഷയെരിയുന്നവനും വായിച്ചനുഭവിക്കാവുന്ന, രാജ്യാതിര്‍ത്തികള്‍ അതിലംഘിച്ചുപോകുന്ന മനുഷ്യദുരിതങ്ങള്‍ക്കുമുമ്പില്‍ തന്റെ മഹദ്ഗ്രന്ഥം എഴുതി സമര്‍പ്പിച്ച വിക്തോര്‍ ഹ്യൂഗോക്ക് ജീവിതത്തിന്റെ സര്‍വ്വകെടുതികളിലൂടെയും കടന്നുപോന്ന ഒരിളമുറക്കാരന്‍ സ്വന്തംജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത് ആദരപൂര്‍വ്വം നീട്ടുന്ന ഒരു പനിനീര്‍ പൂവായിരിക്കാം ഈ ജീവിതക്കുറിപ്പുകള്‍. ഈ ലോകത്ത് മരിച്ചുപോകാത്തവരായി ഹ്യൂഗോയുടെ കഥാപാത്രങ്ങളേ കാണൂ.' അവര്‍ കമ്പിളികണ്ടം പോലെ ലോകത്തിന്റെ പല സ്ഥലരാശികളിലായി പുനര്‍ജനിച്ച് അതിജീവനത്തിന്റെ സമരം നയിക്കുന്നു.

 ഈ പുസ്തകം സമാനാനുഭവങ്ങളിലൂടെ കടന്നുപോന്ന മനുഷ്യരെ അവരുടെ ഭൂതകാലത്തിലേക്ക് വിളിച്ചു കൊണ്ടുപോകും. മിനുസമാര്‍ന്ന വഴികളിലൂടെ കടന്നുപോന്നവരെ ഇത് അമ്പരപ്പിക്കും. ഇപ്പോള്‍ കഠിനകാലങ്ങളിലൂടെ കടന്നുപോകുന്നവരെ ധൈര്യപ്പെടുത്തും. എന്നാല്‍ എല്ലാ കൂട്ടരേയും ഇതുകരയിപ്പിക്കും. കരയുന്നത് അത്രമോശം കാര്യമല്ലല്ലോ. കരയാതിരിക്കുന്നത് ഒരു നല്ല ഗുണമാണ് പക്ഷേ ഒട്ടും കരയാത്തവനെ ഞാന്‍ വിശ്വസിക്കില്ലെന്ന് പണ്ട് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. 

 എല്ലാം അവസാനിപ്പിക്കുവാന്‍ ഇറങ്ങിയ അമ്മയെ അനുഗമിക്കുമ്പോള്‍ കമ്പിളിക്കണ്ടത്തെ വീട്ടുതൊടിയുടെ അതിരില്‍ കാലംമാറി പൂത്ത പൂവാക നിലാവില്‍ കുളിച്ച് മഴയെ പ്രതീക്ഷിച്ചു നില്‍ക്കുന്നത് അന്നത്തെ അഞ്ചുവയസുകാരന്‍ ശ്രദ്ധിച്ചിരുന്നു. കാലംമാറി പൂത്ത പൂവാക അതില്‍ നിര്‍ലീനമായ ബോധത്തിന് പുറത്തേയ്ക്ക് ഒരു ചുവടെടുത്തുവെച്ച് ഒറ്റപ്പെട്ടു നില്‍ക്കുന്ന വൃക്ഷമാണ്. അത് കാത്തുനില്‍ക്കുന്നത് ഭൂമിയെ ശാദ്വലയാക്കുന്ന മഴയെയാണ്. സ്വപ്നത്തിന്റെ സൗന്ദര്യമുള്ള നിലാവ് അതിനെ പൊതിഞ്ഞുനില്‍ക്കുന്നു. നിലാവില്‍ പ്രണയവും മരണവും ഒരുപോലെയുണ്ട്. അക്കാലത്ത് അഞ്ചുവയസുകാരനായ കുഞ്ഞിന്റെ ചേതനയില്‍ കയറിപ്പറ്റി ഓര്‍മ്മകളില്‍ ഇപ്പോഴും പിന്തുടരുന്ന ഈ ദൃശ്യം ഭ്രഷ്ടരായിപ്പോയ അവരുടെ ആരും ഭാഗം ചേരാനില്ലാത്ത ജീവിതത്തിന്റെയും മരണത്തെ ഭേദിച്ചു പോകുന്ന ജീവിതാസക്തിയുടേയും യക്ഷസൗന്ദര്യമുള്ള പ്രതിബിംബമാണ്. അഞ്ചു വയസുള്ള കുട്ടിയുടെ ബോധത്തില്‍ പ്രവേശിച്ച ഈ ദൃശ്യം ദശകങ്ങള്‍ക്കു ശേഷം ഓര്‍മ്മക്കുറിപ്പുകളെഴുതുമ്പോള്‍ രംഗപ്രവേശം ചെയ്യുന്നത് വിസ്മയപ്പെടുത്തുന്നു. 

  'കമ്പിളികണ്ടത്തെ കല്‍ഭരണികള്‍' ഒരു കുടുംബത്തിലെ ഏതാനും അംഗങ്ങള്‍ കഠിനപ്രയത്‌നത്തിലൂടെ ജീവിതവിജയം നേടിയ കഥ പറയുന്ന പുസ്തകമല്ല. സൂര്യവെളിച്ചം വീണുകിടക്കുന്ന ചത്വരങ്ങളിലൂടെ, നഗരവീഥികളിലൂടെ നമ്മുടെ ജീവിതം വര്‍ണ്ണാഭമായി പ്രവഹിക്കുമ്പോള്‍ നെറിവുകേടുകള്‍ക്കും കയ്യൂക്കുള്ളവന്റെ ധാര്‍ഷ്ട്യങ്ങള്‍ക്കും ഇരയായി ഇരുളില്‍ നില്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരെ ഇതു നമ്മുടെ മുമ്പിലേക്ക് നീക്കി നിറുത്തുന്നു. ജീവിത വിജയത്തെക്കാളധികം ഈ പുസ്തകം സംസാരിക്കുന്നത് മനുഷ്യാന്തസ്സിനെ കുറിച്ചാണ്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള പരിതസ്ഥിതികള്‍ കൊണ്ടുപോലും അനുഗ്രഹിക്കപ്പെട്ടിട്ടില്ലാത്ത മനുഷ്യജീവിതങ്ങള്‍ക്കു മുമ്പില്‍ നമ്മുടെ ആഘോഷാരവങ്ങള്‍ പാപപങ്കിലങ്ങളാണെന്ന വിശുദ്ധബോധത്തിലേക്ക് ഈ പുസ്തകത്തിന്റെ പാരായണം നമ്മളെ നയിക്കുന്നില്ലെങ്കില്‍ വായിച്ചത് ഹൃദയം കൊണ്ടായിരുന്നില്ലെന്ന് ഖേദപൂര്‍വ്വം പറയേണ്ടിവരും.