വർഷങ്ങൾക്ക് ശേഷം തന്റെ അമ്മയെ വായനയിലേക്ക് തിരിച്ചുകൊണ്ടുവന്ന പുസ്തകമാണ് ബാബു അബ്രഹാമിന്റെ കമ്പിളികണ്ടത്തെ കൽഭരണികളെന്ന് ചലച്ചിത്ര താരം മിയാ ജോർജ്. ഷൂട്ടിങ്ങിനായി തനിക്കൊപ്പം പഴനിയിലേക്ക് വന്ന അമ്മ താൻ വായിക്കാനായി എടുത്തുവച്ച പുസ്തകമെടുത്ത് വായിക്കുകയായിരുന്നു. മണിക്കൂറുകൾകൊണ്ട് അമ്മ പുസ്തകം വായിച്ചു തീർത്തു. ഇക്കാര്യം വിവരിക്കുന്ന കുറിപ്പും മിയയുടെ അമ്മ പുസ്തകം വായിക്കുന്നതിന്റെ ചിത്രങ്ങളും നടി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

To advertise here,

വർഷങ്ങൾക്ക് മുമ്പ് അച്ഛന്റേയും അമ്മയുടെ വിവാഹശേഷം മുംബൈയിൽ താമസിച്ച സമയത്ത് അമ്മ മലയാള പ്രസിദ്ധീകരണങ്ങൾ വായിക്കുമായിരുന്നുവെന്നും പിന്നീട് ജീവിതത്തിരക്കുകളിൽ അമ്മയിൽ നിന്ന് വായന അകന്നുപോവുകയായിരുന്നുവെന്നും മിയ കുറിപ്പിൽ പറയുന്നു. പതിയെ പല മാതാപിതാക്കളെയും പോലെ സോഷ്യൽമീഡിയയിൽ സമയം ചിലവഴിക്കാൻ തുടങ്ങി. താൻ വായിക്കുകയും പുതിയ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുവരികയും ചെയ്യുന്നത് കണ്ടപ്പോൾ അമ്മ സന്തോഷം തോന്നി, തന്നെ കൂടുതൽ വായിക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് മിയ പറയുന്നു.

30 വർഷത്തിലേറെയായി വായനയിൽ നിന്ന് വിട്ടുനിന്ന ഒരാൾ ഒരു പുസ്തകം ഒറ്റയടിക്ക് വായിച്ചു തീർക്കുന്നത് വളരെ മികച്ച കാര്യമല്ലേ എന്നും ഇതിന്റെ ക്രെഡിറ്റ് എഴുത്തുകാരനാണെന്നും മിയ കൂട്ടിച്ചേർത്തു. ‘കമ്പിളികണ്ടത്തെ കൽഭരണികൾ’ വളരെ ശക്തവും പ്രചോദനപരവും ഹൃദയസ്പർശിയുമായ പുസ്തകമാണെന്ന് കുറിച്ച മിയ, പുസ്തകം എഴുതിയതിന് എഴുത്തുകാരന് നന്ദിയും രേഖപ്പെടുത്തി.

മിയ പങ്കുവെച്ച കുറിപ്പ്

അഭിനന്ദന പോസ്റ്റ്.
എന്റെ അമ്മ എന്റെ അച്ഛനെ വിവാഹം കഴിക്കുകയും ഒൻപത് വർഷം മുംബൈ നഗരത്തിൽ താമസിക്കുകയും ചെയ്തു. ആ 9 വർഷക്കാലം പുതിയ നഗരവുമായി പൊരുത്തപ്പെടാനും സ്വന്തം വേരുകളിലേക്ക് മടങ്ങിവരാനുമുള്ള അമ്മയുടെ ഏക വഴി മലയാളം വാരികകൾ വായിക്കുക എന്നതായിരുന്നു. എന്റെ അമ്മ എല്ലാ ആഴ്ചയും മുടങ്ങാതെ മനോരമയും മംഗളവും വായിക്കാറുണ്ടായിരുന്നു. കേരളത്തിലേക്ക് മാറിയതിന് ശേഷം കുട്ടികളെ വളർത്തുന്നതിലും സ്വന്തം ചെറിയ ബിസിനസ്സ് നടത്തുക, വീട് ശ്രദ്ധിക്കുക എന്നിവയിലുമായി അമ്മ തിരക്കിലായി. അങ്ങനെ വായന നിന്നുപോയി. പല മാതാപിതാക്കളെയും പോലെ അമ്മയും ഇന്റർനെറ്റിൽ താല്പര്യം കാണിക്കുകയും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിൽ സമയം ചിലവഴിക്കാൻ തുടങ്ങുകയും ചെയ്തു. ഞാൻ വായിക്കുകയും പുതിയ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുവരികയും ചെയ്യുന്നത് കണ്ടപ്പോൾ അമ്മക്ക് സന്തോഷം തോന്നി. കൂടുതൽ വായിക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചു.

ചിലപ്പോഴൊക്കെ ഞാൻ വായിക്കുന്ന പുസ്തകത്തെക്കുറിച്ചോ കഥയെക്കുറിച്ചോ അവൾ സാധാരണയായി ചോദിക്കുമായിരുന്നു, പക്ഷേ സ്വന്തമായി ഒരു പുസ്തകം വായിക്കാൻ ഒരിക്കലും മെനക്കെട്ടിരുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ഷൂട്ടിനായി എനിക്ക് പഴനിയിലേക്ക് പോകേണ്ടി വന്നു. അമ്മ എന്നോടൊപ്പം വന്നു. ഞാൻ കമ്പിളിക്കണ്ടത്തെ കൽഭരണികൾ വായിക്കണമെന്ന് കരുതിയിരുന്നു. പക്ഷേ ഷൂട്ടിങ് തിരക്കേറിയതുകൊണ്ട് എനിക്കത് വായിച്ച് തുടങ്ങാൻ കഴിഞ്ഞില്ല. പുസ്തകം ഞാൻ വാനിറ്റി വാനിൽ വെച്ചിരുന്നു. ഞാൻ തിരിച്ചെത്തിയപ്പോൾ അമ്മ ആ പുസ്തകം വായിക്കുന്നത് കണ്ടു. അതുകണ്ട് ഞാൻ അമ്മയെ അഭിനന്ദിക്കുകയും ചെയ്തു. അന്ന് രാത്രി ഞങ്ങൾ മുറിയിലേക്ക് മടങ്ങി. വീണ്ടും അമ്മ പുസ്തകമെടുത്ത് 'ഇത് വളരെ നല്ലതാണ്' എന്ന് പറഞ്ഞു. അടുത്ത ദിവസം രാവിലെ ഞാൻ ഉണർന്നപ്പോൾ അമ്മ ജനലിനരികിൽ ഇരുന്നു വായിക്കുന്നതാണ് കണ്ടത്.

'പുസ്തകം ഇന്ററസ്റ്റിങ് ആണ്. നിന്നെ ശല്യപ്പെടുത്തേണ്ട എന്ന് കരുതിയാണ് ഞാൻ ജനലിനരികിൽനിന്ന് വായിക്കുന്നത്', അമ്മ പറഞ്ഞു. കുറച്ച് മണിക്കൂറുകൾക്കുള്ളിൽ അമ്മ ആ പുസ്തകം വായിച്ചുതീർത്തു. ഇത്രയും വേഗത്തിൽ അമ്മ പുസ്തകം വായിച്ചുതീർത്തത് കണ്ടപ്പോൾ ഞാൻ സന്തോഷിച്ചു, അത്ഭുതപ്പെട്ടു. 30 വർഷത്തിലേറെയായി വായനയിൽ നിന്ന് വിട്ടുനിന്ന ഒരാൾ ഒരു പുസ്തകം ഒറ്റയടിക്ക് വായിച്ചു തീർക്കുന്നത് വളരെ മികച്ച കാര്യമല്ലേ. ഇതിന്റെ ക്രെഡിറ്റ് നിങ്ങൾക്ക് @abrahambabu2023 -നുള്ളതാണ്.

പുസ്തകം വളരെ ശക്തവും പ്രചോദനപരവും ഹൃദയസ്പർശിയുമാണ്. പുസ്തകം എഴുതിയതിന് നന്ദി. നല്ല ശീലം പുനരാരംഭിച്ചതിന് എന്റെ അമ്മക്ക് അഭിനന്ദനങ്ങൾ. സന്തോഷത്തോടെ വായിക്കുക.

 

ബാബു അബ്രഹാമിന്റെ ഓർമക്കുറിപ്പുകളാണ് ഈ പുസ്തകത്തിലുള്ളത്. മാതൃഭൂമി ബുക്‌സ് ആണ് ‘കമ്പിളികണ്ടത്തെ കൽഭരണികളു’ടെ പ്രസാധകർ.