
കണ്ണീര് നിറച്ച കല്ഭരണി: അമ്മയെ കുറിച്ചുള്ള ചോദ്യത്തിന് കണ്ണീര് നനവോടെ മറുപടി പറയുന്ന എഴുത്തുകാരന് ബാബു അബ്രഹാം | ചിത്രം: ലതീഷ് പൂവ്വത്തൂര്
കണ്ണൂർ: ‘മനസ്സിന്റെ മുറിവുകൾ മുറവിളി കൂട്ടുന്നുണ്ട്. എഴുതിക്കഴിഞ്ഞിട്ടും ആ മുറിവുകൾ നിലവിളിക്കുന്നു. മേരിയുടെ കഥ പറഞ്ഞെങ്കിലും എല്ലാ അമ്മമാരുടെയും അച്ഛന്മാരുടെയും കഥകളാണ്’. ‘കമ്പിളികണ്ടത്തെ കൽഭരണികൾ’ എന്ന പുസ്തകത്തിന്റെ വിശേഷങ്ങൾ വായനക്കാരുമായി പങ്കുവെക്കുകയായിരുന്നു എഴുത്തുകാരനായ ബാബു അബ്രഹാം. കണ്ണൂർ മാതൃഭൂമി ബുക്‌സാണ് രചയിതാവുമായുള്ള സംവാദം സംഘടിപ്പിച്ചത്.
കമ്പിളികണ്ടമെന്നാൽ പ്രതീക്ഷകളൊന്നുമില്ലാത്ത, നന്മ ഒരിക്കലും വരില്ലെന്നു കരുതുന്ന എല്ലാ ഭൂപ്രദേശങ്ങളുടെയും പ്രതീകമാണ്. ഏത് പ്രദേശത്തെയും കുഗ്രാമത്തിലെയും ചേരിപ്രദേശത്തെയും പ്രതീക്ഷയ്ക്ക് വകയില്ലെന്ന് കരുതുന്ന ചെളിപുരണ്ട, വക്കുപൊട്ടിയ കൽഭരണികളെല്ലാം തുടച്ചെടുക്കാനും വെള്ളം നിറയ്ക്കാനും അത് വീഞ്ഞാക്കാനുമുള്ള സാധ്യതകളുണ്ടെന്ന് പറയാനാണ് ഈ പുസ്തകമെഴുതിയത്.
ജെൻ-സീ തലമുറ വായിക്കുന്നില്ലെന്ന് പറയുന്നവരുണ്ട്. എന്നാൽ ഈ പുസ്തകം വായിച്ചവരിൽ 50 ശതമാനം പേരും 25 വയസ്സിൽ താഴെയുള്ളവരാണ്. ഏത് കല്ലറയിൽ അടക്കപ്പെട്ട യേശുവായാലും മാലാഖ വന്ന് തുറക്കുമ്പോൾ പ്രകാശം ഉള്ളിലേക്ക് വരികയും അവൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും-ബാബു അബ്രഹാം. പറഞ്ഞു.
എഴുത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ബാബു അബ്രഹാമിന് സവിശേഷ കാഴ്ചപ്പാടുണ്ട്. എന്നോടുതന്നെയുള്ള ഓർമ്മപ്പെടുത്തലാണ് എന്റെ ഓരോ എഴുത്തും. മെച്ചപ്പെട്ട മനുഷ്യനാകണം. ഞാൻ മത്സരിക്കുന്നത് എന്നോടായിരിക്കണം, മറ്റുള്ളവരോടായിരിക്കരുത്. എന്റെ വെളിച്ചം അപരനിലെ ഇരുട്ടിനെ എടുത്തുമാറ്റുന്നുണ്ടെങ്കിൽ അതിന് അർത്ഥമുണ്ട്. ഓരോ പുസ്തകം വായിക്കുമ്പോഴും എഴുതുമ്പോഴും കൂടുതൽ മെച്ചപ്പെട്ട ഒരാളായിത്തീരണം -അദ്ദേഹം അടിവരയിടുന്നു.
‘കമ്പിളികണ്ടത്തെ കൽഭരണികൾ’ എന്ന പുസ്തകം ഓൺലൈനായി വാങ്ങാം
കതിരൂർ വിന്നേഴ്‌സ് ലൈബ്രറി അംഗങ്ങളായ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ എഴുത്തുകാരനുമായി സംവദിച്ചു. വളപട്ടണം ഗ്രാമപ്പഞ്ചായത്ത് ലൈബ്രേറിയൻ ബിനോയ് മാത്യു മോഡറേറ്ററായി. മാതൃഭൂമി കണ്ണൂർ യൂണിറ്റ് റീജണൽ മാനേജർ ജഗദീഷ് ജി., മാതൃഭൂമി ന്യൂസ് സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റ് സി.കെ. വിജയൻ എന്നിവർ സംസാരിച്ചു.
Published: 08 Oct 2025, 07:59 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented