
‘കമ്പിളികണ്ടത്തെ കൽഭരണികൾ’ക്കുശേഷം പുതിയ പുസ്തകവുമായി ബാബു അബ്രഹാം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പേര് 'സ്ത്രീയേ..ഇതാ നിന്റെ മകൻ' എന്നാണ്. കമ്പിളികണ്ടത്തെ കൽഭരണിയിൽ ബാബു എബ്രഹാമിന്റെ 26 വയസ് വരേയുള്ള അനുഭവമാണെങ്കിൽ അതിനുശേഷമുള്ള പ്രവാസ ജീവിതത്തിന്റെ ഓർമകളാണ് പുതിയ പുസ്തകത്തിലുള്ളത്.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിൽ പുതിയ പുസ്തകം പ്രഖ്യാപിച്ചുകൊണ്ട് ബാബു അബ്രഹാം വായിച്ച കുറിപ്പ്
"കമ്പിളികണ്ടത്തെ കൽഭരണികൾ" പൊടുന്നനെയാണ് എഴുതി നിർത്തിയതെന്ന് എനിക്കും അറിയാമായിരുന്നു. എന്റെ 26ആം വയസ്സു മുതൽ, പിന്നങ്ങോട്ടുള്ള കാൽ നൂറ്റാണ്ടു കാലത്തെ പ്രവാസ ജീവിതത്തെക്കുറിച്ച് ഒരു ചെറിയ കുറിപ്പെങ്കിലും, പുസ്തകത്തിന്റെ അവസാനം ചേർക്കാമായിരുന്നു എന്ന് വായിച്ചവരിൽ പലരും പറഞ്ഞു.
പിന്നോട്ട് കൊത്തിവലിക്കുന്ന യാതൊന്നും ബാക്കി വയ്ക്കാതെ, രണ്ടായിരാമാണ്ടിലെ മെയ് മാസം 20ന് പാരീസിലേക്ക് മൂന്നാം വട്ടം വിമാനം കയറിയ എനിക്ക്, തുടർന്ന് കടന്നുപോയ 26 വർഷക്കാലത്തെ ജീവിതം ഒരു ചെറു കുറിപ്പിൽ എഴുതിത്തീർക്കാൻ കഴിയുമായിരുന്നില്ല. പുതിയ ലോകത്ത്, പരിചിതമല്ലാത്ത സംസ്കാരത്തിൽ പിച്ചവച്ചു തുടങ്ങിയ ശേഷം, ഏതൊക്കെ വഴികളാണ് ഞാൻ നടന്ന് തീർത്തത്? സഹോദരിമാരെ ചേർത്തുപിടിച്ച്, കരപറ്റാനായി ഞങ്ങൾ നാലുപേരും ഒന്നിച്ചു നടത്തിയ നീന്തലുകൾ! അവരവരുടെ കുടുംബങ്ങൾ.... അമ്മ പോയപ്പോൾ, ഒറ്റക്കായിപ്പോയി എന്ന തോന്നലിൽ ആണെങ്കിൽ പോലും, വീണ്ടും വഴിവിട്ട് നടന്ന അപ്പൻ.
ജീവിതം കരുപ്പിടിപ്പിക്കാൻ ഞാൻ നടത്തിയ സമരങ്ങൾ... ആ യാത്രയിൽ എത്രയോ ചെളിക്കുണ്ടുകളിൽ ഞാൻ ചെന്നു ചാടി ! മദ്യത്തിനും പുകവലിക്കും അടിമയായി ജീവിച്ച കുറേ നീണ്ട വർഷങ്ങൾ. മയക്കുമരുന്നുപോലും കൂടെ വന്നു പാർത്ത നാളുകൾ. എന്‍റെ തീവ്ര പ്രണയങ്ങൾ.... ഞാൻ ജീവിച്ചുതീർത്ത ലൈംഗീക അരാജകത്വങ്ങൾ....! ഞാൻ അഭിമുഖീകരിച്ച പ്രലോഭനങ്ങൾ. എന്തൊക്കെ മാറാപ്പുകൾ ഞാൻ തോളിലേറ്റി! എത്രവട്ടം ഞാൻ തളർന്നു വീണുപോയി? അപ്പോഴെല്ലാം എന്നെ ചേർത്തു പിടിച്ച കൊളേത്ത്. ഒന്നും തിരിച്ചുകിട്ടുമെന്നു കരുതാതെ സ്നേഹം പകർന്നുതന്ന, താങ്ങായി നിന്ന എന്റെ അമ്മ. ജാതി, മത, വർണ്ണ, വർഗ്ഗങ്ങൾ തീർത്ത അതിരുകളെ ഭേദിക്കുന്ന മാതൃസ്നേഹമായ കൊളേത്ത്.
എന്റെ പ്രണയിനിയും പങ്കാളിയുമായി ആഷ, എന്റെ നാല് മക്കൾ... അവരുടെ വളർച്ചയുടെ വഴിയിലൂടെയുള്ള എന്റെ സഞ്ചാരം... അവരുടെ കൗമാരത്തിന്റെ കുതിപ്പും, പുതിയ കാലത്തിന്റെ കിതപ്പും എല്ലാം എന്നെ തളർത്തിയ നാളുകൾ... അവർക്കൊപ്പം എത്താൻ ഞാൻ നടത്തിയ മത്സരയോട്ടങ്ങൾ... വെള്ളക്കാരുടെ നാട്ടിൽ തുല്യത അഭിനയിക്കുന്ന സമൂഹത്തിൽ രണ്ടാം തരം പൗരരായി ജീവിക്കുന്ന ഭൂരിഭാഗം മലയാളി കുടിയേറ്റക്കാർക്കും മുന്നിൽ എനിക്ക് യൂറോപ്യൻ പൗരത്വം വേണ്ട എന്ന തീരുമാനത്തിൽ എത്തിയ നാളുകൾ. വെള്ളക്കാരന്റെ പാസ്പോർട്ട് കൈയിൽ പിടിക്കുമ്പോളും അവർക്കൊപ്പം തുല്യത തനിക്കില്ല എന്ന് നിശബ്ദമായി അംഗീകരിച്ചു കൊണ്ട്, താണ പൗരന്മാരാകുന്ന കുറെയേറെ മനുഷ്യർ. സ്വന്തം മക്കൾപോലും "Bloody Indians” എന്ന് ആക്ഷേപിക്കുന്നത് നിസംഗരായി കേട്ടുനിൽക്കാൻ വിധിക്കപ്പെട്ട മാതാപിതാക്കൾ. വെള്ളക്കാർ കാലങ്ങളായി ഒളിഞ്ഞും തെളിഞ്ഞും ചെയ്ത അധിക്ഷേപങ്ങൾ സ്വന്തം മക്കളിൽ നിന്ന് കേൾക്കുന്ന കുടിയേറ്റക്കാർ. കുടിയേറിയവർ നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്ത ദേവാലയങ്ങളും ദൈവമനുഷ്യരും പണപ്പിരിവ് നടത്തി പിഴിഞ്ഞപ്പോൾ വിശ്വാസം പോലും നഷ്ടമായ കുറേ മനുഷ്യർ. പ്രവാസികളുടെ നാട്ടിലും പിണങ്ങി ദേവാലയങ്ങൾ വിട്ടിറങ്ങിയ ദൈവങ്ങൾ അനാഥരെപ്പോലെ അലഞ്ഞു. വെള്ളക്കാരന്റെ രൂപസാദൃശ്യം വരുത്തിയ ദൈവത്തിനു പോലും അവിടെ നഷ്ടമായ സ്വീകാര്യത. ഇവയെല്ലാമാണ് എന്റെ അടുത്ത പുസ്തകത്തിൽ ഞാൻ കോറിയിട്ടിരിക്കുന്നത്.
കമ്പിളികണ്ടത്തെ കൽഭരണികളിൽ, എന്നെ വായിച്ചവർ കണ്ടത് ഞങ്ങൾ പിറന്നുവീണ ബദ്ലഹേമും, ദരിദ്രമെങ്കിലും നന്മകൾക്ക് സാധ്യത തുറന്ന നസറത്തും, അവിടെ മുഴങ്ങിയ സങ്കടങ്ങളുടെ സങ്കീർത്തനങ്ങളും, ആ മണ്ണിൽ പൊട്ടിമുളച്ച പ്രത്യാശയുടെ സുവിശേഷവും, തോൽക്കരുത് എന്ന് പഠിപ്പിച്ച ഒരമ്മയും മാത്രമാണ്.
ഈജിപ്തിലേക്കുള്ള പലായനവും, നസറത്തിലേക്കുള്ള മടക്കയാത്രയും, മരുഭൂമിയിൽ പരീക്ഷിച്ച പിശാചുക്കളുമൊക്കെ ഇനിയുള്ള ഭാഗത്ത് കുറിച്ചിട്ടുണ്ട്? ചുറ്റും വെള്ളം പൊങ്ങിയ പല അനുഭവങ്ങൾ... അവിടവിടെ വെള്ളത്തിൽ പൊങ്ങിക്കിടന്ന മരത്തടികളെ, ഒഴുകിയെത്തിയ കാട്ടു വള്ളികൾ ചേർത്തുവച്ചു കെട്ടി, അതിൽ പിടിച്ചു കയറി, തീരം മാത്രം മനസ്സിൽ കണ്ട് ഞാൻ തുഴഞ്ഞു നീങ്ങിയ നാളുകൾ.
എന്റെ ഗത്സമേനിൽ രക്തം വിയർത്ത് ഞാൻ പ്രാർത്ഥിച്ച രാത്രികൾ. ഭൂതകാലത്തെ വേദനകൾ എന്നിൽ സൃഷ്ടിച്ച കരുണകൊണ്ടാണോ, അതോ സ്നേഹിക്കാനുള്ള തല്പരത അധികമായതിനാലാണോ എന്നറിയില്ല; നിയമത്തിന്റെ പല സൂക്ഷ്മ തലങ്ങളെയും മറ്റുള്ളവരെ സഹായിക്കാനായി ഞാൻ അവഗണിച്ച ചില അവിവേകങ്ങൾ. അതിലൂടെ ഞാൻ ചെന്നുവീണ കുഴിയിലേക്ക് കല്ലും മുള്ളും പെറുക്കിയിട്ടവരിൽ ഏറെയും, ഞാൻ അത്തരത്തിൽ സഹായിച്ചവരും, അവരെ ചമയങ്ങൾ അണിയിച്ചു രംഗപൂജക്ക് ഒരുക്കിയ ദൈവമനുഷ്യരും ആയിരുന്നു. ഞാനിട്ടു കൊടുത്ത ചങ്ങാടം കയറി വന്നവരിൽ ചിലർ ചുംബനം കൊണ്ട് എന്നെ ഒറ്റുകൊടുത്തപ്പോൾ നിശബ്ദനായി നിന്ന എന്റെ മനസിൽ എരിഞ്ഞ ലാവ പുറത്തേക്കൊഴുകിയില്ല. എന്നെ വിചാരണ ചെയ്യാൻ കയ്യാഫാസും അന്നാസും ചേർന്ന് അണിയറയിൽ സാക്ഷികളെ ഒരുക്കി. എന്നിട്ടും ഒന്നും അറിയാത്തതുപോലെ അവർ ഞാൻ നൽകിയ കാഴ്ചവസ്തുക്കളെടുത്ത് അവരുടെ ബലിപീഠങ്ങളൊരുക്കി. കുറ്റബോധം ഒന്നുമില്ലാതെ അവർ ബലികളർപ്പിച്ചു.
അവൻ ഇറങ്ങിപ്പോയ അൾത്താരകൾ....
വിധിക്കപ്പെടുന്നതിലും, കുരിശു ചുമക്കുന്നതിലുമെല്ലാം കൂടുതൽ നമ്മെ വേദനിപ്പിക്കുക, തൂങ്ങിയാടുന്ന കുരിശിലേക്ക് കൈ ചൂണ്ടി അവഹേളിക്കുന്നവരിൽ ഏറെയും, നമ്മൾ തള്ളിവിട്ട ചങ്ങാടം കയറി വന്നവർ തന്നെ ആണല്ലോ എന്ന തിരിച്ചറിവാണ്. ദേവാലയം പുതുക്കിപ്പണിയാൻ, എന്നോട് ഷെക്കലുകൾ വാങ്ങി കിഴിവലുപ്പം കൂട്ടിയവർ "അവനെ കുരിശിൽ തറയ്ക്കുക" എന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നത് കേട്ടപ്പോൾ കുറച്ചു നേരത്തേക്കെങ്കിലും ഞാൻ ഒന്നു പതറിപ്പോയി. അവരിൽ പലരും അത്ഭുതങ്ങൾ കാണിക്കാൻ നോക്കിയെങ്കിലും, സാധിക്കാതെ വന്നപ്പോൾ എന്നെ കുറ്റപ്പെടുത്താൻ പരസ്പരം മത്സരിക്കുന്നതും ഞാൻ കണ്ടു.
വിശ്വാസികൾക്കൊപ്പം കടൽ കടന്നുവന്ന ദൈവമനുഷ്യർ, പ്രവാസികളുടെ പറുദീസയിൽ അവർ നട്ടു വളർത്തിയ നന്മതിന്മകളെ വേർതിരിക്കുന്ന മരത്തിൽ, പ്രലോഭിപ്പിക്കുന്ന സർപ്പത്തിന് കൂടൊരുക്കുന്നതും ഞാൻ കണ്ടു. അവർ അർപ്പിച്ച ബലികൾ സ്വീകരിക്കാൻ ഏത് ദിക്കിൽ നിന്ന് കർത്താവ് വരും എന്ന് ചോദിച്ചുകൊണ്ട് അവർ തമ്മിലടിക്കുന്നതിന്, അരമനകളുടെ അകത്തളങ്ങളിൽ സമ്പത്തേറിയപ്പോൾ പ്രവേശനം ലഭിച്ച ഞാൻ സാക്ഷിയായി. അവർ അണിയിച്ചൊരുക്കിയ ജാതി വ്യവസ്ഥകളിൽ ഒരു ഭോഷനെപ്പോലെ ഞാനും പെട്ടുപോയ, വീണുപോയ നാളുകൾ... ഇന്നും ഓർക്കുമ്പോൾ ലജ്ജ തോന്നുന്ന എന്റെ ഇരുണ്ട പെസഹാ....
എന്നിട്ടോ? എന്റെ കാൽവരിയിൽ, മരിച്ചുവെന്ന് കരുതിയ അവർ എന്റെ കണങ്കാലുകൾ തകർക്കാൻ മെനക്കെട്ടില്ല. എങ്കിലും എന്റെ വിലാപ്പുറത്തു കുത്തി മുറിവേൽപ്പിക്കാൻ അവർ അന്യരുടെ പട്ടാളക്കാരെ കൂട്ടുപിടിച്ചു. ഉയിർത്താലും കല്ലറയുടെ ഇരുട്ടിൽനിന്ന് അവൻ ഒരിക്കലും പുറത്ത് വരരുത് എന്ന് പരസ്പരം പറഞ്ഞുകൊണ്ട്, അവർ ഒരു വലിയ കല്ലുരുട്ടി കവാടത്തിൽ വച്ചു. ആ ഇരുട്ടിലും എന്റെ ആത്മാവിന്റെ കീറി മുറിക്കപ്പെട്ട ഭിത്തികളിൽ, മരിക്കാൻ മടിച്ച ആത്മാണുക്കൾ ഉദ്ധാനത്തിനുള്ള ഒരുക്കങ്ങൾ നടത്തി. കല്ലറയുടെ മുന്നിലെ വലിയ കല്ല് ഉരുട്ടി മാറ്റാൻ മാലാഖ വരുമെന്ന ഉറപ്പാണ്, രക്തം വാർന്നു തളർന്ന് മരിച്ച എന്നിൽ തുടിച്ച പ്രതീക്ഷയുടെ ജീവൻ, മാലാഖയോടൊപ്പം മടങ്ങിപ്പോയ എന്റെ അമ്മ ആ ഇരുണ്ട നാളുകളിൽ എന്നോട് മന്ത്രിച്ചത് . കല്ല് നീങ്ങുമ്പോൾ ആ വിടവിലൂടെ പ്രകാശം കല്ലറയുടെ അകത്തേക്ക് കടന്നു വരുമെന്ന് എന്റെ ജീവിതം തന്നെയായ അമ്മ മേരി നന്നേ ചെറുപ്പത്തിൽത്തന്നേ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അന്യർക്കായി പണിത കല്ലറയുടെ ഇരുട്ടിൽ സംസ്‌കരിക്കുന്നതിനു മുൻപ്, അമ്മയുടെ മടിയിൽ കിടക്കുന്ന ഏത് മകനും അവളിൽ നിന്ന് ജീവൻ സ്വീകരിക്കും. ആ ജീവൻ സമൃദ്ധമായി വളരും. മരിച്ചാലും അവൻ ഉയിർത്തെഴുന്നേൽക്കും....
പൊതിഞ്ഞിരുന്ന കച്ച ചുരുട്ടി ഒരു കോണിൽ വച്ചിട്ട്, കാൽവരിയുടെ പടവുകൾ ഇറങ്ങി ഞാൻ ഇനിയും മുന്നോട്ട് നടന്നു നീങ്ങും. ഗുരുവിനെപ്പോലെ "എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു" എന്ന് ഞാൻ അലറിക്കരഞ്ഞു.
നമ്മെ വലയം ചെയ്യുന്ന ഇരുട്ടിന് കുറച്ചു നേരത്തെ ആയുസ് മാത്രമേ ഉള്ളു. എല്ലാ തിരശീലകളും കീറും. എല്ലാ ഗ്രഹണങ്ങളും വഴി മാറും; വഴി മാറിയെ തീരൂ. ഇരുട്ടിൽ കഴിഞ്ഞ ആ നാളുകളിലും ഞാൻ എന്നോട് പറഞ്ഞത് അങ്ങനെയാണ്. ഞാൻ ഒരിക്കലും പ്രഘോഷിക്കാത്ത സുവിശേഷം, എന്റേതെന്ന് പറഞ്ഞു പ്രസംഗിക്കുന്നവരെ, ഇന്ന് ഞാൻ വഴിയോരങ്ങളിൽ കാണുന്നുണ്ട്. അവർ പറയുന്നത് എന്തെന്ന് അവർ അറിയുന്നില്ല. തങ്ങൾക്ക് അറിയില്ല എന്നത് അവർ അംഗീകരിക്കുന്നുമില്ല. "ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല; ഇവരോട് ക്ഷമിക്കേണമേ" എന്ന ഗുരുവചനം മാത്രമാണ് ഇന്ന് എന്റെ ആത്മാവിന്റെ ഭിത്തിയിൽ വന്നു തട്ടി പ്രതിഫലിക്കുന്ന വാക്കുകൾ.
ഇനി വരുന്ന പുസ്തകം കമ്പിളികണ്ടത്തെ കൽഭരണികൾക്ക് ശേഷമുള്ള 26 വർഷത്തെ എന്റെ ജീവിതയാത്രയുടെ വിവരണമാണ്. സ്നേഹം ഉള്ളിൽ കരുതുന്നവർ ഇരുട്ടിൽ അടക്കം ചെയ്യപ്പെട്ടാലും, ഉത്ഥാനം ചെയ്യും എന്ന പ്രതീക്ഷയുടെ സദ്വർത്തയാണ് ഞാൻ പറയുക. മൂന്നു വർഷത്തെ പരസ്യജീവിതത്തെക്കുറിച്ചു മാത്രം കേട്ടറിഞ്ഞവർ, അതിനു മുൻപുള്ള, ആരും അറിയാൻ ശ്രമിക്കാത്ത, പറയാത്ത, കുറേ വർഷങ്ങളിൽ ഞാൻ നടത്തിയ യാത്രകളെക്കൂടി അറിയട്ടെ. എന്നിട്ട് അവർ എന്നെക്കുറിച്ച് പ്രസംഗിക്കട്ടെ. അടക്കം ചെയ്തവനെ വിളിച്ചുണർത്തിയ ഗുരുവിന്റെ സ്വരം മരണത്തിന്റെ ഭയാനകമായ ഇരുട്ടിലും ഞാൻ കേട്ടു. അതിനാലാവണം സത്യം നമ്മെ സ്വതന്ത്രമാക്കും എന്ന ബോധ്യത്തിൽ ഓരോ ചുവടും ഞാൻ മുന്നോട്ട് വച്ചത്.
മുട്ടുന്നവനേ തുറന്നു കിട്ടുകയുള്ളുവെന്നും, അന്വേഷിക്കുന്നവനേ കണ്ടെത്തുകയുള്ളുവെന്നും ചോദിച്ചാൽ മാത്രമേ ലഭിക്കുകയുള്ളു എന്നും മേരിയിൽ നിന്നും കൊളേത്തിൽ നിന്നും ഞാൻ പഠിച്ച വഴിയോര അനുഭവപാഠങ്ങളാണ് ഈ പുസ്തകത്താളുകളിൽ.
നമുക്കൊക്കെ അത്ഭുതങ്ങൾ എപ്പോഴും സാധ്യമാണ്. എന്നാൽ, എത് അത്ഭുതം നടക്കണമെങ്കിലും ഒരു ഒരുക്കശുശ്രൂഷ ആവശ്യമാണ് എന്ന് മനസിലാക്കിയിരിക്കണം എന്ന് മാത്രം.
ദുഃഖവെള്ളി എന്നത് മരണം വിളിച്ചു പറയുന്ന മരമണിയൊച്ചയുടെ ആഘോഷമല്ല; അത് ഉയിർത്തെഴുനേൽപ്പിന്റെ പ്രതീക്ഷയാണ്... ഉത്ഥാനത്തെ കുറിച്ചുള്ള ഉറപ്പാണ്.
എന്റെ മേനിയിലെ മുറിപ്പാടുകളിൽ നിന്ന് പിന്നെയും ചോരയൊഴുകി. എന്റെ പേശികളിലുള്ള വൃണങ്ങളിലെ വേദന ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല. എന്നിരുന്നാലും എന്നെ മുറിവേൽപ്പിച്ചവരെ കുറിച്ചുള്ള ഓർമ്മകൾ എന്നെ വേട്ടയാടുന്നില്ല. എന്നെ അപമാനിച്ചവരോട് എനിക്ക് പരിഭവവുമില്ല. മാറ്റു കൂടിയ ആഭരണങ്ങളെല്ലാം തീയിൽ ഉരുക്കി പണിതെടുക്കുന്നതല്ലേ? അപ്പോൾ എല്ലാം എന്റെ നന്മക്കായിരുന്നു എന്ന് കരുതാനാണ് എനിക്കിഷ്ടം. അപരനെതിരെ വിദ്വേഷത്തിന്റെ വിരുന്നു വിളമ്പാത്ത എല്ലാ വഴികളും എനിക്ക് പ്രത്യാശയുടെ സുവിശേഷമാണ്...എന്റെ ഗുരുവിന്റെ വെളിച്ചമാണ്. ആ വെളിച്ചം മനുഷ്യൻ മനുഷ്യനെതിരെ വരച്ചിടുന്ന ജാതി മത വർഗ്ഗ വർണ്ണങ്ങൾ തീർത്ത അതിരുകളെ ഭേദിക്കാനാണ് എന്നെ പഠിപ്പിക്കുന്നത്.
മരുഭൂമിയിൽ മരുപ്പച്ചയായി, ഹാഗാറിനും അവളുടെ കുഞ്ഞിനും ജീവജലമായി, നീരുറവയായി വന്ന ആ അനുഭവത്തെക്കുറിച്ചാണ് എനിക്കിനി പറയാനുള്ളത്. വീണു പോയാലും നിലം പരിശാകാൻ എന്നെ വിട്ടുകൊടുക്കാത്ത ഒരുറവ എന്റെ അരികിലുണ്ട്. വാടി വീഴുമ്പോളും വേരുകൾക്ക് നനവാകുന്ന ഒരു നിത്യയുറവ നമുക്കൊക്കെ അടുത്തായി എപ്പോഴും ഉണ്ട് . ആ ഉറവയുടെ നനവ് തേടാൻ നമ്മുടെ വേരുകൾ തയ്യാറാകണം എന്ന് മാത്രം. വീഴുമ്പോൾ പിടിച്ചെണീക്കാനുള്ള എന്റെ അഭയശിലയെക്കുറിച്ചാണ് എന്റെ അടുത്ത പുസ്തകം. 26ആം വയസു മുതൽ കാൽ നൂറ്റാണ്ട് പിന്നിടുന്ന എന്റെയീ ജീവിതരേഖ.
എന്നെ സ്നേഹിച്ച നിങ്ങളുടെ പിന്തുണയും തിരുത്തലുകളുമാണ് ഇങ്ങനെ ഒരു അക്ഷരയാത്ര ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. ഇനിയും കൂടെ ഉണ്ടാവണം. ഒത്തിരി കുറവുകളുള്ള ഒരു സാധാരണ മനുഷ്യനാണ് ഞാൻ. പൂർണ്ണതകളും, പൂജ്യമായവയും, പരിശുദ്ധരും ഒരിക്കലും എന്നെ ആകർഷിച്ചിട്ടില്ല. ഞാൻ തെറ്റുകൾ ഏറെയുള്ള, പാപിയായ വെറും മനുഷ്യനാണ്. പറുദീസയിൽനിന്ന് പുറത്താക്കപ്പെട്ടവൻ. അതിൽ ദുഖിക്കാത്തവൻ. സ്വപ്നങ്ങളെ മരിക്കാൻ വിട്ടുകൊടുക്കാത്ത ഒരു മലയോര മനുഷ്യൻ.....മരിച്ചാലും ഉയിർക്കാനുള്ള ജീവൻ എന്റെ ഉള്ളിലുണ്ട്. അതെന്നിൽ നിക്ഷേപിച്ചത് എന്റെ അമ്മയാണ്. നന്ദികുന്നേൽ മേരി.
കമ്പിളികണ്ടത്തെ കൽഭരണികൾ എന്റെ ആദ്യ 26 വർഷങ്ങളിലെ അനുഭവ ഓർമ്മകൾ നിറഞ്ഞതായിരുന്നുവെങ്കിൽ, ഈ രണ്ടാം ഭാഗം തുടർന്നുവന്ന 26 വർഷങ്ങളിൽ ഞാൻ കടന്നുപോന്ന വഴികളെക്കുറിച്ചുള്ള തുറന്നെഴുത്താണ്. ഇനി വരുന്ന താളുകളിലും ഞാൻ ചമയങ്ങൾ ചേർത്തിട്ടില്ല.
എന്റെ ചാരത്ത് നിശബ്ദയായി അമ്മയുണ്ട് എന്ന് കാൽവരിയിൽ വേദനയോടെ വിങ്ങിപ്പൊട്ടുമ്പോളും എനിക്ക് അറിയാം.
ആരൊക്കെയോ ചേർന്ന് തറച്ച കുരിശിൽ തൂങ്ങി ആടുമ്പോൾ ഒരു വിലാപമായി, ഒരു തേങ്ങലായി ഞാൻ വിളിച്ചു പറഞ്ഞു:
"സ്ത്രീയേ, ഇതാ നിന്റെ മകൻ..."
Content Highlights: babu abrahams new book sthreeye itha ninte makan
Published: 03 Feb 2026, 03:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented