ഓര്‍ത്തെടുക്കാന്‍ ഒരുപാടുള്ളവരാണ് സമൂഹവുമായി ഇടകലര്‍ന്നു ജീവിക്കുന്നവര്‍. സാഹിത്യബോധവും രാഷ്ട്രീയബോധവും ഒരുപോലുള്ളവരെ കാണുക പ്രയാസം. ഇല്ലാത്തവരില്ലെന്നല്ല; തുല്യ അളവില്‍ ഉള്ളവര്‍ വളരെ വിരളം. നല്ല എഴുത്തുകാരെയും വലിയ എഴുത്തുകാരെയും തമ്മില്‍ വേര്‍തിരിച്ചു കാണുവാന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരു സൂത്രവാക്യം പറഞ്ഞിട്ടുണ്ട്; രാഷ്ട്രീയമായ ശരികള്‍ മാത്രം എഴുതുന്നവരാണ് നല്ല എഴുത്തുകാര്‍. എന്നാല്‍ തെറ്റുകള്‍ കൂടി എഴുതുന്നവരാണ് വലിയ എഴുത്തുകാര്‍. ദസ്തയേവ്‌സ്‌കിയെയാണെന്നു തോന്നുന്നു വലിയ എഴുത്തുകാരില്‍ പ്രഥമഗണനീയനായി ചുള്ളിക്കാട് വിലയിരുത്തുന്നത്. 'മുട്ടുകുത്തി വീഴുമ്പോള്‍ കുരല് ചീന്തിത്തെറിയ്ക്കുന്ന വാക്കുകള്‍' എഴുതുന്നവനാണ് വലിയ എഴുത്തുകാരന്‍ എന്നതിനാല്‍ ആബേലിനെക്കാള്‍ ചുള്ളിക്കാടിനു പഥ്യമാകേണ്ടത് കായേന്‍ ആയിരിക്കും. എന്നാല്‍ ഇവിടെ വലിയതാര് നല്ലതാര് എന്നുള്ള വ്യവച്ഛേദനം ഒഴിവാക്കിയാല്‍, സാമൂഹ്യബോധവും സാഹിത്യബോധവും രാഷ്ട്രീയബോധവും സാംസ്‌കാരികബോധവും എല്ലാം ഏറെക്കുറെ ശരിയായ അനുപാതത്തിലുള്ള എഴുത്തുകാരെയും ബുദ്ധിജീവികളെയും ഒക്കെ ആവശ്യപ്പെടുന്ന ഒരു കാലമാണ് നമ്മുടേത്. അത് അത്തരമൊരു അനുപാതത്തില്‍ ആര്‍ജ്ജിയ്ക്കാന്‍ ചിലപ്പോള്‍ വലിയ സാധന തന്നെ ജീവിതത്തില്‍ ചെയ്യേണ്ടി വന്നേക്കും. വാക്ക് സംസ്‌കാരത്തിന്റെ കുറുകിയ പ്രതീകമാണെന്ന് തിരിച്ചറിയുന്ന ഒരാള്‍ക്കേ അതിനെയെടുത്ത് പ്രയോഗിക്കാന്‍ ആകൂ. അങ്ങനെയുള്ള ആളുകള്‍ വിരലിലെണ്ണാവുന്നവരാണ് ഇപ്പോള്‍. ഉള്ളവര്‍ ഏറെക്കുറെ വിമര്‍ശനാത്മകതയോടെ പരസ്പരം ആദരവോടെ സംസാരിക്കുന്നു എന്നുകാണാം. സുനില്‍ പി ഇളയിടം ഏറെക്കുറെ അത്തരത്തില്‍ അമ്പതുകളില്‍ നടക്കുന്നവരുടെയും അറുപതുകളിലേയ്ക്ക് കാലെടുത്തു വെച്ചവരുടെയും ഒക്കെ ഒരു പ്രതിനിധ്യസ്വരം പേറുന്നതായി കാണാം. 
 
സാംസ്‌കാരിക- ബൗദ്ധിക- രാഷ്ട്രീയ- സാഹിത്യ മണ്ഡലങ്ങളിലുള്ള സന്തുലിതമായ അനുപാതം ഒരു തരത്തില്‍ മുഖ്യധാരാ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സിനെ എടുത്തുകാട്ടുന്നതിനാല്‍ത്തന്നെ അതിനെ ചോദ്യം ചെയ്യുന്ന ഒരുവിഭാഗം ബുദ്ധിജീവികള്‍ക്ക് സുനില്‍ പി ഇളയിടത്തിന്റെ നിലപാടുകളോട് അത്രയധികം പ്രതിപത്തി ഇല്ല എന്ന കാര്യം സുവിദിതമാണ്. പല തലങ്ങളിലാണ് സുനില്‍ വിമര്‍ശിയ്ക്കപ്പെടുന്നത്; ഒന്നാമതായി, ഔദ്യോഗിക മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവി എന്ന പടവില്‍ ചവുട്ടിയാണ് സുനില്‍ നില്‍ക്കുന്നത് എന്നതിനാല്‍, പലപ്പോഴും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വ്യവസ്ഥാപിത നയങ്ങളെ വിമര്‍ശിക്കുന്നതില്‍ നിന്ന് സുനില്‍ പിന്നോട്ട് മാറുന്നു എന്നും, അത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാം മാര്‍ക്‌സിസത്തിന്റെ താരതമ്യങ്ങളായ സൈദ്ധാന്തിക വായനകളില്‍ അഭിരമിച്ചു കൊണ്ട്, തികച്ചും അമൂര്‍ത്തമായ ഒരു ചിന്താമണ്ഡലം സൃഷ്ടിക്കുകയും എന്നാല്‍ അവയില്‍ പാര്‍ട്ടിക്കോ പാര്‍ട്ടി അനുഭാവികള്‍ക്കോ ദിശാബോധം ലഭിക്കേണ്ടുന്ന തുറവുകളെ ഒഴിവാക്കുകയും ചെയ്യുന്നു എന്നതാണ്. രണ്ടാമതായി, കേരളത്തില്‍ കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ നടന്നിട്ടുള്ള സബാള്‍ട്ടന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പും അതുമായി ബന്ധപ്പെട്ട സമരങ്ങളിലും സുനില്‍ ഒരു ബുദ്ധിജീവിയെന്ന നിലയില്‍ നിലപാടുകള്‍ എടുക്കുകയോ അതേക്കുറിച്ചു ദീര്‍ഘമായ സംവാദങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ല. മൂന്നാമതായി, യൂട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ വരുന്നതിനു മുന്‍പുള്ള സുനിലും ശേഷമുള്ള സുനിലും തമ്മില്‍ വലിയൊരു വ്യത്യസം ഉണ്ടെന്നും, യൂട്യൂബാനാന്തര സുനില്‍ ജനപ്രിയ പ്രഭാഷണങ്ങളില്‍ അഭിരമിയ്ക്കുന്നു എന്നുമാണ്. നാലാമതായി, മഹാഭാരതത്തെയും രാമായണത്തെയും കൈകാര്യം ചെയ്യുന്ന അതെ സമീപനത്തോടെയാണ് നാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയ നവോത്ഥാന നേതൃസ്വരൂപങ്ങളെയൊക്കെ സമീപിക്കുന്നതെന്നും അത് സുനിലിനെ ഒരു പ്രൊഫെഷണല്‍ പ്രഭാഷകന്‍ എന്ന നിലയിലേയ്ക്ക് ചുരുക്കുന്നു എന്നുമാണ്.

To advertise here,

സുനിലിന്റെ ഇതുവരെയുള്ള ബൗദ്ധിക ജീവിതത്തെയും പുസ്തകങ്ങളെയും ആരെങ്കിലും വിശദമായി വിലയിരുത്തുകയും മേല്‍പ്പറഞ്ഞ നിര്‍ധാരണങ്ങളില്‍ എത്തുകയും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ എന്റെ അറിവില്‍ അങ്ങനെയില്ല. എന്നാല്‍ എങ്ങനെയാണ് ഞാന്‍ മേല്‍പ്പറഞ്ഞ നിര്‍ധാരണങ്ങളില്‍ എത്തിച്ചേര്‍ന്നത് എന്ന് ചോദിച്ചാല്‍, പല വിഷയങ്ങളിലും ഉള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍, സുഹൃത്തുക്കളില്‍ നിന്നും സഹ- ബുദ്ധിജീവികളില്‍ നിന്നും വിമര്‍ശകരില്‍ നിന്നും കേട്ടിട്ടുള്ള അഭിപ്രായങ്ങളിലൂടെ ഞാന്‍ സ്വരൂപിച്ചതാണ് മേല്‍പ്പറഞ്ഞ നാല് പോയിന്റുകള്‍. എന്നാല്‍ അവയൊന്നും സുനിലിനെയോ ഇതുവരെ സുനില്‍ നടത്തിയ ഇടപെടലുകളെയോ റദ്ദു ചെയ്യുന്നില്ല എന്നതാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. സി പി എം എന്ന പാര്‍ട്ടിയുമായുള്ള നാഭീനാള ബന്ധം പല തലങ്ങളിലുള്ള ആത്മാര്‍ത്ഥതയും അത്രയും ആഴമുള്ള പാര്‍ട്ടി അച്ചടക്കവും സുനിലിന് നല്‍കിയിട്ടുണ്ട്. അതിനാല്‍ പലപ്പോഴും തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളെ എത്രയും വേഗത്തില്‍ മുന്നോട്ട് വെയ്ക്കാന്‍ കഴിയാതെ വരുന്നു. ഈ അടുത്തിടെയായി അദ്ദേഹം നടത്തിയ, ഒരുപക്ഷെ ഇടത് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ ചില പ്രസ്താവനകള്‍, പ്രത്യേകിച്ച് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ടവ, കാലവിളംബം കൊണ്ട്, ഒരുപക്ഷെ ഒരു ഡാമേജ് കണ്‍ട്രോള്‍ എക്‌സര്‍സൈസ് എന്ന നിലയില്‍ വായിക്കപ്പെട്ടിട്ടുണ്ട്. വീണ്ടും ഞാന്‍ പറയുന്നു, അതൊന്നും തന്നെ സുനില്‍ വ്യാപകമായി നടത്തിയിട്ടുള്ള ബൗദ്ധിക ഇടപെടലുകളെ റദ്ദു ചെയ്യുന്നവയല്ല.

ചരിത്രവല്‍ക്കരിച്ചു കൊണ്ടേയിരിക്കുക, ദുരിതകാലങ്ങളില്‍ എത്തിപ്പിടിക്കേണ്ടുന്ന ഒരോര്‍മ്മ, ഒരു ചിന്തയുടെ സാമൂഹിക ശക്തിയായുള്ള പരിവര്‍ത്തനം, 
മറവിക്കെതിരെയുള്ള ഓര്‍മ്മയുടെ സമരം, അനുകമ്പ, മൈത്രി തുടങ്ങി ഫ്രഡറിക് ജെയിംസണ്‍, വാള്‍ട്ടര്‍ ബെഞ്ചമിന്‍, മാര്‍ക്സും എംഗല്‍സും, മിലന്‍ കുന്ദേര, നാരായണ ഗുരു, ശ്രീബുദ്ധന്‍, അംബേദ്കര്‍, കേസരി ബാലകൃഷ്ണപിള്ള, കുമാരന്‍ ആശാന്‍, എം എന്‍ വിജയന്‍, ഗാന്ധി, പി ഗോവിന്ദപ്പിള്ള തുടങ്ങിയ പ്രതിഭാധനന്മാര്‍ പ്രാതിനിധ്യം വഹിച്ച സാമൂഹിക സിദ്ധാന്തങ്ങളാണ് സുനിലിന്റെ മൊത്തം ചിന്തയെയും രൂപപ്പെടുത്തിയിരിക്കുന്നത് എന്ന് പറയാം. അടിപ്പടവ് അഥവാ ഫൗണ്ടഷണല്‍ സ്റ്റെപ്പിംഗ് സ്റ്റോണ്‍ എന്നതാണ് സുനില്‍ തന്റെ പുസ്തകത്തില്‍ ഏറ്റവും അധികം ആവര്‍ത്തിക്കുന്ന വാക്ക്. ഈ പ്രകീര്‍ണ്ണന കാചങ്ങളിലൂടെ കടന്നു വരുമ്പോഴാണ് സുനിലിന്റെ ചിന്തകള്‍ സൗന്ദര്യമുള്ളതും വാക്കുകള്‍ വശ്യവും ആയിരിക്കുന്നത്. യൂട്യൂബ് കാലത്തിനു മുന്‍പുള്ള സുനിലിന്റെ പുസ്തകങ്ങള്‍ യൂട്യൂബ് വന്ന ശേഷമുള്ള സുനിലിന്റെ പുസ്തകങ്ങളെ അപേക്ഷിച്ചു പ്രചാരം കുറവായിരുന്നെങ്കിലും അവ വീണ്ടെടുത്തു വായിക്കപ്പെടുന്നത് യൂട്യൂബ് പ്രഭാഷണങ്ങള്‍ സുനിലിന് നല്‍കിയ അധികദൃശ്യതയാണെന്ന് പറയാം. വീണ്ടെടുത്ത് വായിക്കപ്പെടുന്ന സുനിലിന്റെ പുസ്തകങ്ങള്‍ക്ക് അവ വീണ്ടെടുക്കപ്പെടുന്നതിനു മുമ്പുള്ളതില്‍ നിന്നും വ്യത്യസ്തമായ ഒരു വായനാ- ആവൃത്തിയാണ് ഉള്ളത്. പ്രഭാഷണത്തിലൂടെ വെളിപ്പെടുന്ന/ വെളിപ്പെട്ട സുനിലിന്റെ വശ്യസ്വരം അവയുടെ വായനയുടെ കൂടി സ്വരമായി മാറിയിരിക്കുന്നു.

ഒരു കലാചരിത്രകാരന്‍ ആയതുകൊണ്ടാകണം, ഞാന്‍ സുനിലിനെ പരിചയപ്പെടുന്നത് 'കണ്‍വഴികള്‍ കാഴ്ചവട്ടങ്ങള്‍' എന്ന പുസ്തകം വായിച്ചപ്പോഴാണ്. സുനില്‍ നടത്തിയ കെ.സി.എസ് പണിക്കര്‍ വായനയൊക്കെ എനിയ്ക്ക് ഇഷ്ടപ്പെട്ടു. (അതിനു ശേഷം കെ.സി.എസ് പണിക്കരെ വ്യത്യസ്തമായ രീതിയില്‍ വായിച്ചത് 'ഒരു ഇന്ത്യന്‍ മുസ്ലീമിന്റെ കാശിയാത്ര' എന്ന പുസ്തകത്തില്‍ പി പി ഷാനവാസാണ്). രണ്ടായിരത്തി പതിനൊന്നിലോ മറ്റോ സുനിലും ഞാനും പങ്കെടുത്ത ഒരു സെമിനാര്‍ തൃശൂര്‍ ഉണ്ടായിരുന്നു. എന്തുകൊണ്ടെന്നറിയില്ല അന്ന് നമ്മള്‍ തമ്മില്‍ കണ്ടില്ല. പിന്നെ സുനിലിനെ കാര്യമായി ശ്രദ്ധിക്കുന്നത് മഹാഭാരത വിചാരം യൂട്യൂബില്‍ കേള്‍ക്കുമ്പോഴാണ്. സത്യപാല്‍ ലളിതകലാ അക്കാദമി ചെയര്‍മാന്‍ ആയിരുന്ന അവസരത്തില്‍ നടത്തിയ മഹാഭാരതം ക്യാമ്പില്‍ ആണ് സുനില്‍ തന്റെ മഹാഭാരത വിചാരം രണ്ടാമത്തെ പ്രാവശ്യം അവതരിപ്പിക്കുന്നതും അതിന് വ്യാപകമായ പ്രചാരം ലഭിയ്ക്കുന്നതും.  പരസ്പരം കാണുന്നത്, രണ്ടായിരത്തി പതിനെട്ടില്‍ തിരുവനന്തപുരത്ത് നടന്ന വി ദി പീപ്പിള്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ്. പരസ്പരം പരിചയപ്പെടുത്തേണ്ടതില്ലാത്തതിനാല്‍ത്തന്നെ ഞാന്‍ സുനിലിനോട് പറഞ്ഞവയില്‍ പ്രധാനപ്പെട്ട ഒരു കാര്യം സുനിലിന്റെ ശബ്ദം ഏതെങ്കിലും ഒരു ശബ്ദ ശാസ്ത്രജ്ഞനുമായി സംസാരിച്ച് അതിന്റെ ആവൃത്തിയെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കണം എന്നതായിരുന്നു. എല്ലാ പ്രഭാഷകരുടെയും സ്വരം ഒരുപോലല്ല. ചിലരുടേത് നമുക്ക് സവിശേഷമായി കേട്ടിരിക്കാന്‍ തോന്നും. സുനിലിന്റെ പ്രഭാഷണങ്ങളില്‍ താളാത്മകതയുടെ ബാഹ്യസ്വഭാവം മാറ്റിയാല്‍, അതിലും കവിഞ്ഞ എന്തോ ഒന്ന് ആ ശബ്ദത്തില്‍ ഉണ്ടാകും എന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു.

ശബ്ദവുമായി ബന്ധപ്പെട്ട ഇക്കാര്യം സുനിലിനോട് പറയുവാന്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. യുവ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനും ടെലിവിഷന്‍ പേഴ്‌സണാലിറ്റിയും കോമിക്കുമായ ട്രെവര്‍ നോവയുമായുള്ള ഒരു അഭിമുഖസംഭാഷണം കാണുന്ന വേളയില്‍ എല്ലാ ദിവസവും അയാള്‍ ഒരു മണിക്കൂര്‍ വോയിസ് ട്രെയ്നറുമായി ചെലവിടുന്നതിനെക്കുറിച്ചു പറയുന്നത് ഞാന്‍ ശ്രദ്ധിച്ചു. അപ്പോഴാണ് നമ്മുടെ ചുറ്റുപാടും ഉള്ള എത്രയോ കലാകാരന്മാര്‍, പ്രഭാഷകര്‍ തുടങ്ങിയവര്‍ തങ്ങളുടെ ശബ്ദത്തെ ശാസ്ത്രീയമായി എപ്പോഴെങ്കിലും വിശകലനം ചെയ്യുമോ എന്ന് ഞാന്‍ അതിശയിച്ചത്. ഒരാളിന്റെ സ്വരം നമുക്ക് ഇഷ്ടപ്പെടണമെങ്കില്‍ അത് സൃഷ്ടിക്കുന്ന ആവൃത്തി നമ്മുടെ ജൈവമായ ഏതോ തരംഗങ്ങളുമായി സമരസപ്പെടുന്നുണ്ടാകണം. 'കാതില്‍ തേന്മഴ' ആകുന്നതിന് ചില ശാസ്ത്രീയ കാരണങ്ങള്‍ കൂടി ഉണ്ടാകണം. കോട്ടയം നസീറും ജയരാജ് വാര്യരും ഉള്‍പ്പെടെയുള്ള ശബ്ദകലാകാരന്മാര്‍, ശബ്ദം മോര്‍ഫ് ചെയ്യുന്നതിനെക്കുറിച്ചൊക്കെ പറയുമെങ്കിലും എപ്പോഴെങ്കിലും ഒരു പ്രൊഫെഷണല്‍ വിശകലനം ശാസ്ത്രീയമായി നടത്തിയിട്ടുണ്ടോ എന്നറിയില്ല. സുനിലിനോട് ഈ ശബ്ദവിഷയം പറഞ്ഞപ്പോള്‍ സ്വതവേയുള്ള പുഞ്ചിരിയോടെ, അങ്ങനെ ചെയ്യുന്നത് നന്നായിരിക്കും എന്നാണ് പറഞ്ഞത്. പിന്നീട് പല സന്ദര്‍ഭങ്ങളിലും സുനിലിനെ കാണാനും സംസാരിക്കാനും ഒക്കെ അവസരമുണ്ടായി. ആ ഒരു സന്ദര്‍ഭത്തിലാണ് സുനിലിന്റെ സ്വരത്തില്‍ ഒരു സവര്‍ണ്ണ സ്വരഭാഗം കിടന്നു കളിയ്ക്കുന്നുണ്ടെന്ന് ഉള്ള വിമര്‍ശനം പല കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുള്ളതായി ഞാന്‍ കേള്‍ക്കുന്നത്. എന്തായാലും ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോതസുഖം നല്‍കൂ എന്ന് ഉള്ളൂര്‍ പറഞ്ഞതുപോലെ, ഉള്ളടക്കവും സ്വരവും പ്രധാനമാണ്. നമ്മുടെ പ്രഭാഷകരില്‍ പലരും ആവര്‍ത്തിച്ച് കേള്‍ക്കപ്പെടുന്നതിന്റെ കാരണം ഉള്ളടക്കവും സ്വരസുഖവും തന്നെയാണ്. സണ്ണി കപിക്കാടിന്റെ സ്വരവും ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കുകയാണ്.

അങ്ങനെയിരിക്കെ പാന്‍ഡെമിക് വരുന്നു. സ്വജീവിതങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കാന്‍ എല്ലാവര്‍ക്കും അവസരം ലഭിയ്ക്കുന്നു. ചുള്ളിക്കാട് പറഞ്ഞത് പോലെ, ഋണധനഗണിതത്തിന്റെ രസഹീനമാം ദുര്‍നാടകം എന്ന ജീവിതം അതിന്റെ സ്വഭാവം മാറി അവനവന്റെ ശരീരത്തിലേയ്ക്കും ആത്മാവിലേയ്ക്കും നോക്കാനുള്ള അവസരം എല്ലാവര്‍ക്കും നല്‍കുന്നു. അങ്ങനെ നോക്കിയപ്പോള്‍ എല്ലാവര്‍ക്കും എന്തൊക്കെയോ പറയാനുണ്ട് എന്നൊരു തിക്കുമുട്ടലില്‍ എത്തുന്നു. അതോടെ സോഷ്യല്‍ മീഡിയ എല്ലാവരുടെയും ജീവിതത്തിന്റെ എഴുത്തുപുരകളായി മാറുന്നു. അക്ഷരങ്ങളുടെ ഭവാബ്ധിയില്‍ ചിലരുടെ ശബ്ദമെങ്കിലും വേറിട്ട് കേട്ടു. പതിവുകള്‍ വിട്ട്, ഇതിനകം എഴുത്തുകാരെന്ന പദവി കൈയിലുള്ളവര്‍, ചില അജ്ഞാത ദ്വീപിലേക്ക് സ്വയം ദൂത് പോകാന്‍ തുടങ്ങി. ആ ഒരു സന്ദര്‍ഭത്തിലാണ് സുനില്‍ പി ഇളയിടത്തിന്റെ ആത്മകഥാ സ്വഭാവമുള്ള കുറിപ്പുകള്‍ ദേശാഭിമാനിയില്‍ പരമ്പരയായി വരാന്‍ പോകുന്നു എന്ന പ്രഖ്യാപനം കണ്ടത്. ആദ്യത്തെ ഒന്നോ രണ്ടോ ലക്കങ്ങള്‍ക്ക് ശേഷം പുസ്തകമാകുമ്പോള്‍ വായിക്കാം എന്ന തീരുമാനത്തില്‍ എത്തി. പുസ്തകമായ ഉടന്‍ വാങ്ങുകയും ചെയ്തു. പല തിരക്കുകളാല്‍ വാങ്ങി രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് വായിച്ചു തീര്‍ത്തത്. ഹൃദ്യമായ ഒരു വായനാനുഭവം എന്ന് തന്നെ പറയാം.

ഓര്‍മ്മകളുടെയും ഓര്‍മ്മയെഴുതുകളുടെയും സൈദ്ധാന്തിക - ചരിത്രപരിസരങ്ങളിലൂടെയാണ് ആദ്യത്തെ അധ്യായങ്ങളില്‍ സുനില്‍ കടന്നു പോകുന്നത്. എന്നാല്‍ അവയേക്കാള്‍ എന്നെ ആകര്‍ഷിച്ചത്, സുനില്‍ തന്റെ വ്യക്തിജീവിതത്തിന്റെ പടവുകളെക്കുറിച്ചു പറയുന്ന കാര്യങ്ങളാണ്. ഓര്‍മ്മകളും മനുഷ്യരും എന്ന പുസ്തകം വായിച്ചു മുന്നേറുമ്പോള്‍ മനുഷ്യരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്ന് നമ്മള്‍ ഉള്ളില്‍ തിരുത്തും. അമ്മയും അച്ഛനും ചേച്ചിയും അടങ്ങുന്ന ചെറിയൊരു കുടുംബം. എറണാകുളത്തെ പറവൂരില്‍, ഒരു സെന്റ് സെബാസ്റ്റ്യന്‍ പള്ളിയ്ക്കെതിരെയുള്ള വീട്ടില്‍ താമസം. കഠിനാധ്വാനവും ബാല്യകാല ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകളും നിശ്ശബ്ദനാക്കിയ അച്ഛന്റെ സൗമ്യസാന്നിധ്യം. അധ്യാപികയായ അമ്മയ്ക്കൊപ്പമുള്ള സ്‌കൂള്‍ യാത്രകള്‍. രാവിലെ എഴുന്നേറ്റ് കുളിച്ചു തൊഴുത് അമ്പലത്തില്‍ പോക്ക്. എസ് എന്‍ എം കോളേജിലെ ബിരുദവിദ്യാഭ്യാസം, മഹാരാജാസ് കോളേജിലെ ബിരുദാനന്തര ബിരുദം, കലാലയ രാഷ്ട്രീയം, കലാലയ പ്രതിഭാസ്ഥാനം, പ്രഭാഷണത്തില്‍ ചുവടുവെപ്പുകള്‍, കവിത എഴുത്ത്, കവിത ചൊല്ലല്‍, ലക്ഷ്മി കോളേജിലെ (ട്യൂട്ടോറിയല്‍ കോളേജ്) അധ്യാപകവൃത്തി, ദേശാഭിമാനിയിലെ സബ് എഡിറ്റര്‍ ജീവിതം, കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അധ്യാപകവൃത്തി, ഇതിനിടയില്‍ കൊയിലാണ്ടിയിലേക്ക് ഒരു സ്ഥലം മാറ്റം, ജോലിസ്ഥലത്തേയ്ക്കുള്ള ട്രെയിന്‍ യാത്രകള്‍, വായന, സൗഹൃദങ്ങള്‍, ഒറ്റയ്ക്കുള്ള യാത്രകളും കൂട്ടുചേര്‍ന്നുള്ള യാത്രകളും, ഇന്ത്യയെ കാണുന്ന യാത്ര, വിദേശങ്ങളിലേക്കുള്ള യാത്രകള്‍, ഭാര്യയായ മീനയെക്കുറിച്ചും മക്കളെക്കുറിച്ചും അല്പം, പറവൂരിലെ പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍, പി ഗോവിന്ദപ്പിള്ള തുടങ്ങി അങ്ങനെ നമ്മള്‍ ഈ പുസ്തകത്തിലൂടെ സുനിലിനൊപ്പം സഞ്ചരിക്കുകയാണ്.

എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമൊക്കെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് ചെന്ന് ചേക്കാറാനുള്ള ചില്ലകളായിരുന്നു ട്യൂട്ടോറിയല്‍ കോളേജുകള്‍. റെഗുലര്‍ കോളേജുകളില്‍ അഡ്മിഷന്‍ കിട്ടാത്തവര്‍ക്ക് കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസം നിര്‍വഹിക്കാനും പരീക്ഷയെഴുതി ഡിഗ്രി കരസ്ഥമാക്കാനുമുള്ള ഇടങ്ങള്‍. അസ്തിത്വദുഃഖം താത്കാലികമായി മാറ്റിവെച്ച് മുപ്പത്തഞ്ചാം വയസ്സിലെ സര്‍ക്കാര്‍ സര്‍വീസും വിവാഹവും കാത്തിരുന്ന ചെറുപ്പക്കാരെല്ലാം അവിടങ്ങളിലെ കളരി ഗുരുക്കന്മാര്‍ ആയിരുന്നു. ഒരുപക്ഷെ കേരളത്തിലെ ആ തലമുറകളില്‍ വിദ്യാര്‍ത്ഥികളുടെ മനസ്സിലെ ഏതെങ്കിലും സര്‍ക്കാര്‍ കോളേജിലെ അധ്യാപകര്‍ അത്രയും ആഴത്തില്‍ ഇറങ്ങിയിരിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പാടുകയും കവിത ചൊല്ലുകയും കഥ പറയുകയും ഒക്കെ ചെയ്യുന്ന സുന്ദരന്മാരായ (അക്കാലത്ത് ആര്‍ക്കാണ് സൗന്ദര്യം ഇല്ലാതിരുന്നത്!) അധ്യാപകര്‍. പഠിക്കാനും സ്വപ്നം കാണാനുമുള്ള സവിശേഷമായ ഇടങ്ങളായി മാറി ആ ചെറിയ ഷെഡുകളും മുറികളും. അവിടെ പുതിയ കാലത്തിന്റെ ഒരു എം പി പോള്‍ ഉണ്ടായി. അതാണ് ലക്ഷി കോളേജിലെ എം എന്‍ പീയേഴ്സണ്‍. മാര്‍ക്‌സിസ്റ്റ് വിശകലനം താത്പര്യമുള്ള ആരാണ് അദ്ദേഹത്തിന്റെ എഴുത്തുകള്‍ വായിക്കാത്തത്! എം എന്‍, സുനിലിന്റെ സഹപ്രവര്‍ത്തകനും വഴികാട്ടിയുമായി. സാഹിത്യസംഗമങ്ങള്‍, സിനിമ ക്ലബ്ബുകള്‍ അങ്ങനെ ഒരു പട്ടണത്തില്‍ ഏകോപിപ്പിക്കാന്‍ കഴിയുന്നത് മുഴുവന്‍ ലക്ഷ്മി കോളേജില്‍ അവര്‍ ഏകോപിപ്പിച്ചു. എങ്ങനെ സുനില്‍ പി ഇളയിടം സുനില്‍ മാഷായി. പീയേഴ്‌സണും ഒത്തുള്ള ഇന്ത്യയെക്കണ്ടെത്തല്‍ യാത്ര, നേപ്പാളിലേക്കുള്ള ഒരു കടന്നു കയറ്റം, പിന്നെമലയാളിയുടെ സ്വതസിദ്ധമായ കുറുക്കുവിദ്യ എം എന്‍ കാണിക്കുന്നത് വഴി മര്‍ദ്ദനമേല്‍ക്കാതുള്ള രക്ഷപ്പെടലുകള്‍. ആ സുഹൃത്- ഗുരു ബന്ധത്തിന്റെ ഊഷ്മളത നമുക്ക് സുനിലിന്റെ വാക്കുകളിലൂടെ അനുഭവിക്കാന്‍ കഴിയുന്നു.

രണ്ടു സഖാക്കന്മാരെക്കുറിച്ചുള്ള അനുഭവങ്ങള്‍ വളരെ ഹൃദയഹാരിയായി സുനില്‍ എഴുതിയിട്ടുണ്ട്; എറണാകുളം സി പി എം ജില്ലാ സെക്രട്ടറി ആയിരുന്ന സഖാവ് എ പി വര്‍ക്കി, മറ്റൊരാള്‍, പറവൂര്‍ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസ് സെക്രട്ടറിയായ സഖാവ് വി എന്‍ ജോഷി. വിദ്യാര്‍ഥി രാഷ്ട്രീയപ്രവര്‍ത്തനം പരീക്ഷയെ തടസ്സപ്പെടുത്തി എന്നറിഞ്ഞയുടന്‍ വിളിച്ചു വരുത്തി, പരീക്ഷയെഴുതാന്‍ വേണ്ട മാസാവധികള്‍ എടുക്കാന്‍ പ്രേരിപ്പിക്കുകയും, അന്വേഷി നേതാവായ കെ അജിതയെ മഹാരാജാസ് കോളേജില്‍ വരുത്തി പ്രസംഗിപ്പിച്ചതിന്റെ പേരില്‍ ഉണ്ടായ വിവാദത്തെ, ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ 'ഇതൊക്കെ ശ്രദ്ധിക്കേണ്ട അമ്പാനെ' എന്ന രീതിയില്‍ പറഞ്ഞു തീര്‍ക്കുകയും ഒക്കെ ചെയ്ത സഖാവ് എ പി വര്‍ക്കിയെ ചുരുങ്ങിയതെങ്കിലും വ്യക്തമായ വാങ്മയത്തിലാണ് സുനില്‍ ഓര്‍മ്മിച്ചെടുത്തിരിക്കുന്നത്. അതുപോലെ തന്നെ ചെത്ത് തൊഴിലാളി യൂണിയന്‍ ഓഫീസ് സുനിലിന്റെ പഠന മുറി കൂടി ആക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുകയും സ്‌നേഹോപദേശങ്ങള്‍ നല്‍കുകയും ചെയ്ത സഖാവ് വി എന്‍ ജോഷിയെക്കുറിച്ചും സുനിലിന് ആയിരം നാവുണ്ട്. 'അപരനുവേണ്ടിയാഹര്‍ന്നിശം പ്രയത്നം, കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു,' എന്ന ഗുരു വചനം സുനില്‍ രണ്ടോ മൂന്നോ ഇടത്ത് ഈ പുസ്തകത്തില്‍ പറയുന്നുവെങ്കില്‍ അത് ഇത്തരം മനുഷ്യരെക്കുറിച്ചാണ്.

ചരിത്രവും രാഷ്ട്രമീമാംസയും പൊതുമണ്ഡലവും സാഹിത്യവും ഒക്കെ കടന്നുവരുന്ന ഈ ഓര്‍മ്മയെഴുത്തില്‍ (അത് ആത്മകഥയുടെ തന്നെ ഒരു രൂപമാണല്ലോ) സുനില്‍ ഏറ്റവും അധികം വിലമതിക്കുന്നത് മനുഷ്യരെത്തന്നെയാണ്. രാഷ്ട്രീയ രംഗത്തെ സുഹൃത്തുക്കളെ ഓര്‍ക്കുന്ന അതെ ആത്മാര്‍ഥതയോടെയാണ് സാമൂഹ്യകാര്യങ്ങളില്‍ ഒപ്പം വന്ന മനുഷ്യരെ സുനില്‍ ഓര്‍ത്തെടുത്ത് ആദരിക്കുന്നത്. സര്‍വകലാശാലയിലെ സ്‌കറിയ 
സ്‌കറിയ, അജയകുമാര്‍, ഷാജി ജേക്കബ്, കെ എം ഷീബ, പ്രദീപന്‍ പാമ്പിരിക്കുന്ന്, പി പവിത്രന്‍ തുടങ്ങി സഹാധ്യാപകരെയും സുഹൃത്തുക്കളെയും സുനില്‍ അവരുടെ പ്രവര്‍ത്തനങ്ങളുടെയും മലയാളം ഡിപ്പാര്‍ട്ട്‌മെന്റിന്റെ വികസനത്തിനും അതിനെ ലോക നിലവാരമുള്ള അധ്യയന കേന്ദ്രമാക്കുന്നതിനും അവര്‍ നല്‍കിയ സംഭാവനയുടെയും വെളിച്ചത്തില്‍ ശ്ലാഘിയ്ക്കുന്നത് വായിക്കുമ്പോള്‍ സ്വയംഭൂവാണെന്ന് ശഠിക്കാന്‍ ഓരോരുത്തരും ശ്രദ്ധ വെയ്ക്കുന്ന ഇക്കാലത്ത് അതൊരു വേറിട്ട വഴിയാണെന്ന് തന്നെ വായനക്കാര്‍ തിരിച്ചറിയുന്നു.

യാത്രകളുടെയും കാഴ്ചകളുടെയും അനുഭൂതികളുടെയും കൂടിയാണ് 'ഓര്‍മ്മകളും മനുഷ്യരും' എന്ന പുസ്തകം. ഇന്ത്യയെ കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ചതും, പില്‍ക്കാലത്ത് ജനറല്‍ കമ്പാര്‍ട്ട്‌മെന്റിന്റെ ആകുലതകള്‍ ഇല്ലാതെ ശീതീകരിച്ചതും തറതൊടാത്തതുമായ വാഹനങ്ങളില്‍ സഞ്ചരിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്ന അനുഭവങ്ങളിലേക്ക് കഷ്ടകാണ്ഡത്തിന്റെ കടുംകറകള്‍ ഇറ്റുവീഴുന്നതും, ഡല്‍ഹിയെ വീണ്ടും വീണ്ടും കണ്ടെത്തുന്നതും ഒക്കെ സുനില്‍ വിവരിയ്ക്കുന്നുണ്ട്. റോം സന്ദര്‍ശിയ്ക്കുമ്പോള്‍ സിസ്റ്റെയ്ന്‍ ചാപ്പലിലേയ്ക്ക് കടന്നു ചെല്ലുമ്പോള്‍ തന്നെയാകെ വന്നുമൂടുന്ന നീല നിറത്തെക്കുറിച്ചു സുനില്‍ പറയുന്നുണ്ട്; അവിടെ വെച്ച് മൈക്കേല്‍ അഞ്ചലോയെയും റാഫേലിനെയും സുനില്‍ മുഖാമുഖം കാണുന്നു. മടിയില്‍ പുത്രദുഃഖം പേറിയിരിക്കുന്ന പിയാത്തയുടെ മുന്നില്‍ നിശ്ചലനായി നില്‍ക്കുന്നു. നാട്ടിലെ കഥകളിലുണ്ട് പറയാത്തൊരു പ്രണയകഥ. അമ്മയുടെ ജീവിതത്തെയും അവസാനദിനങ്ങളെയും ആര്‍ദ്രമായ വാക്കുകളില്‍ കുറിച്ചിടുന്നുണ്ട് സുനില്‍. സിനിമ കണ്ട കൊട്ടക മുതല്‍ കൈകാട്ടി നിര്‍ത്തിക്കയറിയ ലോറി വരെ കഥാപാത്രങ്ങളാകുന്നുണ്ട്. സുനിലിനൊപ്പം വായിച്ചു മുന്നേറുമ്പോള്‍, അതിലെവിടെയോ നമ്മളും ഉണ്ടെന്ന് തോന്നും; എനിയ്ക്ക് തോന്നി, നിങ്ങള്‍ക്കും തോന്നും.