നേര്‍വഴികളില്‍ നിന്നും മാറി, ആഖ്യാനത്തില്‍ പുതുമകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന കഥാകൃത്തിന്റെ എണ്ണംപറഞ്ഞ കഥകളാണ് 'ഇരുകരകള്‍ക്കിടയില്‍ ഒരു ബുദ്ധന്‍' എന്ന സമാഹാരത്തിലുള്ളത്. അലസമായ, നേരംകൊല്ലി വായനയ്ക്ക് എളുപ്പം വഴങ്ങിത്തരുന്ന കഥകളല്ല, മറിച്ച് വായനക്കാരനെ തന്നിലേക്കിറക്കി അവന്റെ സമയം അപഹരിക്കാന്‍ പാകത്തില്‍ തന്ത്രബോധമുള്ള കഥകളാണ് ഇവയൊക്കെയും. സങ്കീര്‍ണമായ ജീവിതസാഹചര്യങ്ങള്‍ കണ്ടിട്ടും കാണാത്ത മട്ടില്‍ പോകുന്നവരില്‍ നിന്നും വഴിമാറി ആശങ്കയോടെ, കൗതുകത്തോടെ, ആര്‍ത്തിയോടെ, സംശയങ്ങളോടെ ഒളിഞ്ഞു നോക്കി നില്‍ക്കുന്ന കഥാകൃത്തിനെയാണ് കഥകളില്‍ ഉടനീളം ദര്‍ശിക്കാനാവുന്നത്. കൗശലക്കാരായ എഴുത്തുകാര്‍ക്ക് വായനക്കാരെ തന്റെ രചനകള്‍ക്കുള്ളില്‍ തളച്ചിടാനും, തന്റെ വരികള്‍ക്കിടയില്‍ മറ്റു പല ശില്‍പ്പങ്ങളെ കണ്ടെടുക്കാന്‍ പ്രേരിപ്പിക്കാനും സാധിക്കുമെന്നതിന് ഉത്തമ ഉദാഹരണമാണ് മധുപാലിന്റെ ചെറുകഥകള്‍. 

To advertise here,

തലക്കെട്ട് മുതല്‍ അമ്പരപ്പിക്കുന്ന ആ കരകൗശലം കഥയുടെ അവസാനവരിയോളം ഒരിറ്റ് ചോരാതെ വെണ്മയോടെ നിറഞ്ഞുനില്‍ക്കുന്നു. വായിക്കുംതോറും പുതിയ അര്‍ത്ഥങ്ങള്‍ കണ്ടെടുക്കാന്‍ കഴിയുന്ന, ഓരോ വായനക്കാരനും ഓരോരോ രീതിയില്‍ വായിച്ചെടുക്കാന്‍ സാധിക്കുന്ന തരം രചനകള്‍ കാലാതിവര്‍ത്തികളാണെന്ന് പണ്ട് മുതല്‍ക്കേ കേട്ടുവരുന്നത് വാസ്തവമാണെങ്കില്‍ മധുപാല്‍ എന്ന കഥാകാരന്റെ കഥകള്‍ കാലങ്ങളോളം വായിക്കപ്പെട്ടു കൊണ്ടേയിരിക്കും. അദ്ദേഹം കഥകള്‍ എഴുതിയിരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്, അതില്‍ പക്ഷേ ജാലവിദ്യകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു. ആ ജാലവിദ്യകള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ ഈ കഥകള്‍ നേര്‍മയുള്ള സത്യങ്ങളുടെ, അന്വേഷണത്വരകളുടെ, ജീവിതദുരന്തങ്ങളുടെ കൂട്ടങ്ങളാകുന്നു.

 യാനോ നീയോ യാതിപരം...
'നീ എഴുത്, അത് മറ്റവന്റെ വാക്കാണ്. അത് കേട്ടിട്ടാണ് ഇത്രയും എഴുതുന്നത്.' ആദ്യകഥയായ യാനോ നീയോ യാതിപരത്തിലെ ഒരു വാചകമാണ് ഇത്. ഈ വാചകത്തില്‍ മുറുക്കെ പിടിച്ച് വായിച്ചെടുക്കുമ്പോള്‍ ഈ കഥയ്ക്ക് വ്യത്യസ്തമായ ഒരു മാനം കൈവരുന്നുണ്ട്. പപ്പടം ചന്ദ്രന്‍ എന്ന കാര്‍മോഷ്ടാവാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നതെങ്കിലും, കാര്‍ മോഷണമാണ് പ്രത്യക്ഷവിഷയമെങ്കിലും പരോക്ഷമായി ഈ കഥയെ ഒരു മികച്ച വായനക്കാരന് അമ്പരപ്പോടെ മാത്രമേ വായിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. മലയാളകഥകളുടെ പതിവുശൈലികളില്‍ നിന്നും വഴിമാറിയുള്ള ആഖ്യാനശൈലിയില്‍ ഈ കഥ പുസ്തകത്തിലെ ഒന്നാമത്തെ കഥ എന്നതിലുപരി, ചിന്തിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന ഒന്നാണെന്നതാണ് വാസ്തവം.

ചാവുകടലില്‍ ഉറങ്ങുന്നവര്‍...
ഏതു നിമിഷവും എന്തും സംഭവിച്ചേക്കാം എന്ന് തോന്നിപ്പിക്കുന്ന ആഖ്യാനതന്ത്രമാണ് ഈ കഥയില്‍ ഉപയോഗിച്ചിരിക്കുന്നത്. കഥയുടെ അവസാനത്തില്‍ പറയുന്ന ഒരു വാചകം ഇങ്ങനെയാണ് ;

'അതിനു ശേഷം ഈ കഥയ്ക്ക് എന്താണ് സംഭവിച്ചതെന്നും എവിടെ വച്ചാണ് ഇത് നമ്മള്‍ കാണുന്നത് പോലെയുള്ള ഒരു ജീവിതമായി മാറുന്നതെന്നും എനിക്കറിയാതെയായി..'

ചാവുകടലില്‍ ഉറങ്ങുന്നവര്‍ എന്ന കഥയുടെ മുഴുവന്‍ സത്തയും ഈ വാചകത്തില്‍ ഉള്‍ക്കൊള്ളുന്നതായി വായനയുടെ അവസാനത്തില്‍ തോന്നിയിട്ടുണ്ട്. മരണവും ജീവിതവും എത്രമേല്‍ അടുത്ത് നില്‍ക്കുന്നുവെന്നും അതിനിടയിലുള്ള പരാക്രമങ്ങള്‍ വെറും പരിഹാസസംഭവങ്ങളാണെന്നും ഈ കഥയില്‍ അതിസൂക്ഷ്മമായി, എന്നാല്‍ തികച്ചും കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. വായനക്കാരനെ തുടക്കം മുതല്‍ ഒടുക്കം വരെ ചാവുകടലിന്റെ ഓരത്ത് കാത്തുനിര്‍ത്തിക്കുന്നു ഈ കഥ.

ഇരുകരകള്‍ക്കിടയില്‍ ഒരു ബുദ്ധന്‍...

ഒരു സ്ത്രീയുടെ മനസ്സിന്റെ ഇരുകരകള്‍ക്കിടയിലൂടെ സഞ്ചരിക്കേണ്ടി വരുന്ന ബുദ്ധന്‍. സ്‌നേഹിക്കുന്ന പുരുഷന്റെ രോമങ്ങള്‍ക്കിടയില്‍ കറുപ്പിനെയും വെളുപ്പിനെയും എണ്ണി തിട്ടം വരുത്തുന്നവള്‍, എന്ത് വേണമെന്ന് അവന്‍ ചോദിക്കുമ്പോള്‍ എനിക്ക് നിന്റെ താടിയിലെ കറുപ്പും വെളുപ്പും രോമങ്ങള്‍ വേണമെന്ന് പറയുന്നവള്‍. പുരുഷന്റെ നന്മയെയും തിന്മയെയും ഒരേപോലെ കാംക്ഷിക്കുന്ന സ്ത്രീകഥാപാത്രത്തെ ഈ കഥയിലേക്ക് എന്തിന് കൊണ്ടുവന്നു എന്ന് വായനക്കാര്‍ക്ക് മൂക്ക് ചുളിക്കാം. പക്ഷേ, 'സ്ത്രീകള്‍ക്ക് കാളകളെ പോലെ കൊമ്പ് വേണമായിരുന്നു' എന്ന് ആഗ്രഹിക്കുന്ന ഈ സ്ത്രീയെ വായനക്കാര്‍ സ്വീകരിക്കാതിരിക്കുന്നതെങ്ങിനെ?

'നീയെഴുതണ കഥയൊക്കെ വായിച്ചാല്‍ നാട്ടുകാര്‍ക്ക് കുരു പൊട്ടുമെന്ന് ' പറയുന്ന അച്ഛനും, 'പെണ്‍കുട്ടികള്‍ ഒറ്റയ്‌ക്കൊന്നും ആരെയും കാണാന്‍ പോകരുതെന്ന് 'പറയുന്ന അമ്മാമയും പിന്തുടരുമ്പോഴും താന്‍ ആരാധിക്കുന്ന പുരുഷന് പിന്നാലെ പോകുന്ന പെണ്‍കുട്ടി കപടസമൂഹത്തെ നോക്കി പരിഹസിച്ചു ചിരിക്കുന്നുണ്ട്. രണ്ട് കരകള്‍ക്കിടയില്‍ ഏതിലേക്കാണ് പോകേണ്ടതെന്ന് കുഴങ്ങുന്ന സ്ത്രീയെ സ്‌നേഹവും കാമവും തേടുന്നവള്‍ എന്ന വിശേഷണത്തിലേക്ക് ഒതുക്കി നിര്‍ത്താന്‍ കഥാകൃത്ത് ഉദ്ദേശിക്കുന്നില്ല തന്നെ.

അക്ഷരങ്ങളുടെ ഒരു പെട്ടിയാണ് ഈ കഥയെന്ന് തോന്നുന്നു. സൂക്ഷ്മതയോടെ അടുക്കിപ്പെറുക്കി വച്ചിരിക്കുന്ന അക്ഷരങ്ങളാണ് ഈ കഥയുടെ ആഖ്യാനത്തെ ഗംഭീരമാക്കുന്നത്.

ഭൂമിയെ നദികളാല്‍ പിളര്‍ക്കുന്നു...

ബൈബിളിലെ ഹബക്കൂക് പ്രവചനത്തിന്റെ ഉദ്ധരണികള്‍ ഈ കഥയില്‍ കാണാം. ഗ്രാമീണനായ ചെറുപ്പക്കാരന്‍ തനിക്കേറെ അപരിചിതമായ നഗരത്തിന്റെ അതിവികൃതമായ മുഖം അമ്പരപ്പോടെ നോക്കിനില്‍ക്കുന്നതാണ് കഥയുടെ പ്രമേയം.

'ഭൂമിയില്‍ മനുഷ്യന്‍ കാണുന്നതിനും അറിയുന്നതിനും അപ്പുറത്ത് അപരിചിതവും അപരിഷകൃതവുമായ മറ്റൊരു ലോകമുണ്ട്. ഭൂമിയില്‍ നിന്നും ഏഴുലോകം മുകളിലേക്ക്, ഭൂമിയടക്കം ഏഴുലോകം താഴേക്കുമുണ്ട്. ഞാനിപ്പോള്‍ ഏത് ലോകത്തിലാണ് നില്‍ക്കുന്നതെന്ന് മാത്രം എനിക്ക് മനസ്സിലാകുന്നില്ല'

കഥയില്‍, ചെറുപ്പക്കാരന്‍ പറയുന്ന ഈ വാചകം തന്നെയാണ് കഥയുടെ ആത്മാവ്. ഭൂമിയെ അതിനേക്കാള്‍ ലോലമായ നദികള്‍ കൊണ്ട് പലരും മുറിക്കുമ്പോള്‍ താന്‍ ഏത് ലോകത്തിലാണ് നില്‍ക്കുന്നതെന്ന് തിരിച്ചറിയാതെ കുഴങ്ങുന്ന നിമിഷം ഓരോ മനുഷ്യനും ഉണ്ടായേക്കാമെന്ന് ഈ കഥ വായിച്ചു തീരുമ്പോള്‍ വായനക്കാരന്‍ ഒരു നടുക്കത്തോടെ തിരിച്ചറിയുന്നു. കണ്ണുകള്‍ മഞ്ഞളിച്ചു പോയ ഒരു കൂട്ടം മനുഷ്യരുടെ കഥയാണിത്.

പിമ്പിലുള്ളത് മറന്നുംകൊണ്ട്...

കൃത്യമായ സ്ത്രീപക്ഷരചന എന്ന് വിളിക്കാവുന്ന കഥ. സ്ത്രീപക്ഷരചന എന്ന് പറയുന്നതിലെ പൊരുത്തക്കേട് അറിയാമെങ്കിലും ഒരു പുരുഷകഥാകൃത്ത് ഇത്തരമൊരു കഥ എഴുതിയിട്ടുണ്ടെന്ന് വിളിച്ച് പറയാതിരിക്കുന്നതെങ്ങനെ?

'നിന്റെ നാവില്‍ നിന്നൊരിക്കലും അരുതാത്തത് വരികയില്ല, നിന്റെ നാവൊരിക്കലും നിഷേധത്തിന്റെ ശബ്ദം ഉയര്‍ത്തുകയില്ല' എന്ന് കല്പിച്ചതിനു ശേഷം ദൈവനിഷേധമല്ലാത്ത എന്തും നീ പറയൂ എന്ന നിര്‍ദ്ദേശത്തിനു മുന്‍പില്‍ നിസ്സഹായയായി നില്‍ക്കേണ്ടി വരുന്ന സൂസനില്‍ നിന്നും ഈ കഥ വായിച്ചു തുടങ്ങുമ്പോള്‍, ദൈവഭയമുള്ള കുടുംബം ഏത് തരത്തിലാണ് ഒരു പെണ്ണിന്റെ ജീവിതത്തെ ഇല്ലാതാകുന്നതെന്ന വ്യക്തമായ ധാരണയിലൂടെ വായനക്കാര്‍ സഞ്ചരിക്കുന്നു. ഒടുക്കം 'ഒരു പെണ്ണിന്റെ കരുത്ത് അറിയണമെങ്കില്‍ അവളെ നോവിക്കണം. നീ വേദന അറിഞ്ഞവളാണ്. നിന്നെ ഒതുക്കിക്കിടത്താന്‍ ഒന്നിനുമാവില്ല ' എന്ന മറ്റൊരുവളുടെ നിര്‍ദ്ദേശത്തിന് മുന്‍പില്‍ മാറിയ തളര്‍ച്ചയോടെ നില്‍ക്കുന്ന സൂസനില്‍ കഥയെത്തി നില്‍ക്കുമ്പോള്‍, മികച്ചൊരു സ്ത്രീപക്ഷ കഥയെന്ന് ഇതിനെ വിശേഷിപ്പിക്കാതിരിക്കുന്നതെങ്ങനെ?

ഭാഷയിലും, കഥാപാത്രഘടനയിലും ഒരേ പോലെ പുതുമകള്‍ കൊണ്ടുവന്ന കഥയെന്നു കൂടി ഇതിനെ വിശേഷിപ്പിക്കാം. ഇതേ പ്രമേയം മറ്റു പലരും എഴുതിയിട്ടുണ്ടെങ്കിലും ഈ കഥ അത്രയ്ക്കും പുതുമയോടെ വായിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ രചയിതാവിന്റെ ആഖ്യാനതന്ത്രം നൂറു ശതമാനവും വിജയിച്ചിട്ടുണ്ട്.

പുല്ലിനെക്കാള്‍ ഏറെയുള്ളത്...

രഹസ്യങ്ങള്‍ ഒട്ടേറെയുള്ള ഒരു കനാല്‍ എറണാകുളത്തിന്റെ ഹൃദയഭാഗത്തുണ്ടായിരുന്നു എന്ന് തുടക്കത്തില്‍ പറഞ്ഞുവയ്ക്കുന്ന ഈ കഥ പിന്നീട് എത്തുന്നത്, നഗരത്തിലെ കോളനിയിലേക്കും, ഭൂതകാലത്തിലേക്കും പടരുന്നുവെങ്കിലും തിരിച്ചെത്തുന്നത് 'അവരെന്നോട് പറഞ്ഞതും ഞാനവരില്‍ നിന്ന് കേട്ടതും അവരെന്നെ പഠിപ്പിച്ചതും പുല്ലിനെക്കാള്‍ ഏറെയുള്ളതല്ലോ...'എന്ന് ആത്മഗതം ചെയ്യുന്ന കഥാകൃത്തിലേക്കാണ്. പുസ്തകത്തിലെ മറ്റു കഥകള്‍ വച്ച് നോക്കുമ്പോള്‍ വലിപ്പം കുറഞ്ഞ ഈ കഥ പക്ഷേ, സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. മനുഷ്യജീവിതത്തിന്റെ തന്നെ പലവിധ നിറങ്ങളാണ് ഈ കഥയിലെങ്ങും കാണാനാകുന്നത്.

ട്രൂ ലിസണര്‍...

പേര് പോലെ തന്നെ നമ്മള്‍ വെറും കേള്‍വിക്കാരായി നിന്നാല്‍ മതി. യഥാര്‍ത്ഥ കേള്‍വിക്കാരന്‍. അങ്ങനെയങ്ങു നില്‍ക്കുമ്പോള്‍ ഒരു ജീവിതം മുഴുക്കെ നമ്മളോടൊരു പെണ്‍കുട്ടി പറയുന്നു. അവള്‍ക്ക് മറ്റൊന്നും വേണ്ട നമ്മളവളെ കേട്ടിരുന്നാല്‍ മാത്രം മതി. മരണവും ജീവിതവും, മദ്യവും, ദുരിതവും...ഒരു മനുഷ്യായുസ്സിന്റെ എല്ലാവിധ ഭാവങ്ങളും അവള്‍ പറയുന്നുണ്ട്. നമ്മള്‍ കേട്ടുകൊണ്ടിരുന്നാല്‍ മതി. അപ്പോഴും എല്ലാത്തിനും മീതേ പിന്നെയും പിന്നെയും കരയുന്നത് ഇവള്‍ തന്നെയാണല്ലോയെന്ന് യഥാര്‍ത്ഥ കേള്‍വിക്കാരായ വായനക്കാര്‍ക്ക് സങ്കടം തോന്നിയേക്കാം...എങ്കിലും അതില്‍ കാര്യമില്ല. കഥ വായിച്ച് അവസാനിപ്പിക്കുമ്പോള്‍ ഒരിക്കല്‍ കൂടി പേജുകള്‍ മറിക്കാം. കഥയുടെ തുടക്കത്തില്‍ എഴുതിയിരിക്കുന്നത് വരികള്‍ അവളോടൊപ്പം ചേര്‍ന്ന് വായനക്കാര്‍ക്ക് ചൊല്ലാതിരിക്കാനാവില്ല.

'എങ്കിലുമായുസ്സേ, നീയെങ്ങനെ നിലനില്‍പ്പൂ,
നിങ്കലില്ലല്ലോ നിനക്കാസ്പദം ജീവിക്കുവാന്‍?...'

ആകാശത്തോളം ഉയര്‍ന്നത്...
ചൂഷണം ചെയ്യപ്പെട്ടവരുടെ കഥയാണ്. പരിഷ്‌കൃതസമൂഹത്തിന്റെ പുറംപോക്കുകളിലും പെണ്ണ് തന്നെയാണ് ഇര എന്ന് വ്യക്തമാക്കുന്ന കഥ. പ്രമേയം പരിചിതമെങ്കിലും 'ആകാശത്തു കറുത്ത മേഘങ്ങള്‍ മൂടി. സൂര്യന്‍ താണതിന്റെ വെളിച്ചം ആകാശത്തുണ്ടായിരുന്നില്ല ' തുടങ്ങിയ വാക്യപ്രയോഗങ്ങളിലൂടെ സമൂഹത്തിന്റെ ഇരുട്ടിനെ ഗംഭീരമായി ചോദ്യം ചെയ്തിരിക്കുന്ന കഥ.

ഹ്രസ്വവും മനോഹരവുമായ സാരോപദേശങ്ങള്‍...

ഉടനീളം നാരായണഗുരുവിന്റെ സാന്നിധ്യം തോന്നിപ്പിക്കുന്ന വിധം എഴുതിയിരിക്കുന്ന കഥ. ഗുരുവിന്റെ വെളിച്ചം മതി ജീവിക്കാന്‍ എന്ന് വിശ്വസിക്കുന്ന മനുഷ്യരെ കഥാപാത്രങ്ങളാക്കി, ഗുരുവേകിയ വെളിച്ചത്തിന് ഇപ്പോഴും അത്രയും വെളിച്ചം കൈവന്നിട്ടില്ല എന്ന് ഊന്നിയൂന്നി പറയുന്ന കഥ. ചരിത്രപുരുഷനെ കഥാപാത്രമാക്കി ഒരു കഥ മുഷിപ്പിക്കാതെ എഴുതുന്നതെങ്ങനെയെന്നും അതിന് പാരായണസുഖം കൈവരുത്തുന്നതെങ്ങനെയെന്നും ഈ കഥയെ ഉദാഹരണമാക്കി പറയാമെന്ന് തോന്നുന്നു.

ധ്യാനാത്മകമായ ഭാഷയാണ് മധുപാല്‍ എന്ന എഴുത്തുകാരന്റെ ഏറ്റവും വലിയ സമ്പത്ത്. ആ ഭാഷ ഏതൊക്കെ രീതിയില്‍ ഉപയോഗപ്പെടുത്താമെന്നും, കഥകളുടെ അച്ചിനുള്ളിലേക്ക് അതിനെ എങ്ങനെ മെരുക്കിയെടുക്കാമെന്നും കൃത്യമായി അറിയുന്ന കഥാകാരന്‍, എല്ലാവരും കാണുന്ന, കണ്ടുകൊണ്ടേയിരിക്കുന്ന കാഴ്ച്ചകളെ തന്റേതായ രീതിയില്‍ അദ്ദേഹം ആഖ്യാനം ചെയ്യുമ്പോള്‍ അത്രയും പുതുമയോടെ വായനക്കാരന് അത് വായിച്ചെടുക്കാന്‍ സാധിക്കുന്നു. എഴുത്തുകാര്‍ക്കിടയിലെ സിനിമാക്കാരന്‍ എന്നൊരു ലേബലില്‍ ഒരിക്കലും ഈ കഥകള്‍ ഒതുങ്ങുകയില്ലെന്ന പൂര്‍ണബോധ്യത്തോടെ ആര്‍ക്കും ഈ സമാഹാരം വായിക്കാന്‍ സാധിക്കുന്നു.

അവതാരികയില്‍ സജയ് കെ വി പറഞ്ഞതുപോലെ ഇനിയും ഈ ഭൂമിയില്‍ ജീവിതം സാധ്യമാണെന്ന വിശ്വാസത്തിന്റെ ഉറപ്പോടെ ഈ കഥകള്‍ ഉരുവം കൊണ്ടുകൊണ്ടേയിരിക്കും...