
സിബി തോമസ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'കുറ്റസമ്മതം' എന്ന നോവലിന് ജയന്‍ അടുക്കം എഴുതിയ ആസ്വാദനക്കുറിപ്പ് വായിക്കാം.
'ഒരു ദിവസം കായേന്‍ തന്റെ സഹോദരന്‍ ആബേലിനോടു പറഞ്ഞു: നമുക്കു വയലിലേക്കു പോകാം. അവര്‍ വയലിലായിരിക്കേ കായേന്‍ ആബേലിനോടു കയര്‍ത്ത് അവനെകൊന്നു.
കര്‍ത്താവു കായേനോടു ചോദിച്ചു: നിന്റെ സഹോദരന്‍ ആബേല്‍ എവിടെ? അവന്‍ പറഞ്ഞു: എനിക്കറിഞ്ഞുകൂടാ. സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍?
എന്നാല്‍ കര്‍ത്താവു പറഞ്ഞു: നീയെന്താണു ചെയ്തത്? നിന്റെ സഹോദരന്റെ രക്തം മണ്ണില്‍നിന്ന് എന്നെ വിളിച്ചുകരയുന്നു.
നിന്റെ കൈയില്‍നിന്നു നിന്റെ സഹോദരന്റെ രക്തം കുടിക്കാന്‍ വായ് പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും.
കൃഷിചെയ്യുമ്പോള്‍ മണ്ണു നിനക്കു ഫലംതരുകയില്ല. നീ ഭൂമിയില്‍ അലഞ്ഞുതിരിയുന്നവനായിരിക്കും.'
(ബൈബിള്‍, പഴയ നിയമം, ഉല്‍പ്പത്തി പുസ്തകം, നാലാം അദ്ധ്യായം, എട്ട് മുതല്‍ പന്ത്രണ്ട് വരെ വാക്യങ്ങള്‍)
കുറ്റം ചെയ്യാനും അത് മറച്ചുവെക്കാനും, ദൈവശാപം എന്ന് നാം കരുതുന്ന മനഃസാക്ഷിയുടെ അനിവാര്യമായ കുറ്റബോധത്തിലും പാപബോധത്തിലും നീറി, സെമിറ്റിക്ക് മതബോധത്തിന്റെ നീതിനിയമസംഹിതകളാല്‍ കെട്ടിയിടപ്പെട്ട ദൈവത്തിന്റെ കോടതിയിലെ 'പാപത്തിന്റെ ശമ്പളം മരണമാണ് ' എന്ന ആത്യന്തിക വിധിയിലേക്കുള്ള മനുഷ്യമനസ്സിന്റെ ആകുലതകള്‍ നിറഞ്ഞ യാത്രയ്ക്ക് ഏറ്റവും കുറഞ്ഞത് ബൈബിളിന്റെ ഉല്‍പ്പത്തി പുസ്തകത്തിലെ മുകളില്‍ പറഞ്ഞ വാക്യങ്ങളോളം പഴക്കമുണ്ട്. ആ അര്‍ത്ഥത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കൂടിയായ സിബി തോമസ് എഴുതിയ 'കുറ്റസമ്മതം' എന്ന നോവല്‍ ഒരു കുറ്റകൃത്യത്തിനു പുറകേ പോകുന്ന യഥാതഥമായ ഒരു അന്വേഷണകഥയോ, ഒരു കുറ്റകൃത്യത്തിന്റെ പുറകിലേക്ക് ചുഴിഞ്ഞുപോകുന്ന മനഃശാസ്ത്രപരമായ ത്രില്ലറോ, പോലീസ് ജീവിതങ്ങളെ വരച്ചിടുന്ന ഒരു പോലീസ് സ്റ്റോറിയോ അല്ല. പകരം രാജ്യത്തിന്റെ അഥവാ മറ്റൊരു തലത്തില്‍ ദൈവത്തിന്റെ തന്നെ നീതിയും നിയമവും നിഷ്പക്ഷതയാവുന്ന കറുത്ത തുണികൊണ്ട് കണ്ണുപൊത്തി വീക്ഷിക്കുന്ന നീതിദേവതയ്ക്കു കീഴില്‍ അവ സംരക്ഷിക്കാനും പരിപാലിക്കാനും തുല്യമായി വിതരണം ചെയ്യാനും വേണ്ടി ജോലി ചെയ്യേണ്ടിവരുന്ന എഴുത്തുകാരന്‍ കൂടിയായ പോലീസ് ഇന്‍സ്‌പെക്ടര്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷത്തിന്റെ ദുരന്തഗാഥയാണ്.
സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഒരു കൊലപാതകം ചെയ്യേണ്ടിവരികയും ആ വിവരം മറച്ചുവെച്ച് അതിന്റെ ഉത്തരവാദിത്തം മറ്റൊരാളില്‍ കെട്ടിവെക്കുകയും ചെയ്യുന്ന ഗോപി എന്ന മദ്ധ്യവയസ്സ് പിന്നിട്ട മനുഷ്യനാണ് നോവലിലെ കേന്ദ്ര കഥാപാത്രം. നോവലിന്റെ അഞ്ചാമത്തെ അദ്ധ്യായം കഴിയുമ്പോഴേക്കും കൊലപാതകി ആരാണെന്നും എന്തിനായിരുന്നു കൊലപാതകമെന്നും കൊലപാതകത്തിന് കാരണമായ സാഹചര്യം എന്താണെന്നും വായനക്കാരന് വ്യക്തമാക്കിക്കൊടുത്തുകൊണ്ടാണ് പിന്നീടുള്ള നോവലിന്റെ പ്രയാണം. അതുവരെയുള്ള ഗോപി അനാഥനാണ് എന്നു മാത്രമല്ല തികച്ചും അജ്ഞാതമായ ഭൂതകാലത്തിന്റെ ഉടമയുമാണ്. ഔദ്യോഗികജീവിതത്തിന്റെ ഏതോ ഒരു നിമിഷത്തില്‍ കാക്കിയുടെ ദൃഢചിത്തമായ മനസ്സിനുള്ളില്‍ കുറ്റാന്വേഷകനായ എഴുത്തുകാരന് തന്റെ കഥാപാത്രമായ ഗോപി എന്ന വ്യക്തിയോട് കനിവു തോന്നുന്നു. എന്തുകൊണ്ട് ഗോപി എന്ന ചോദ്യത്തിനുത്തരം തേടി ഗോപിയുടെ ഭൂതകാലത്തിലേക്ക് നടത്തുന്ന, തികച്ചും വിസ്മയകരമായ യാദൃച്ഛികതകള്‍ നിറഞ്ഞ യാത്രയാണ് നോവലില്‍ പിന്നീട് വായനക്കാര്‍ അനുഭവിച്ചറിയുന്നത്. പക്ഷേ, സത്യത്തില്‍ ഒന്നും യാദൃച്ഛികമാകുന്നില്ല. അനിവാര്യമായ ദൈവവിധി നേരത്തേ കുറിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഗോപിയുടെ ഭൂതകാലം തേടിയുള്ള യാത്ര എങ്ങനെ അനാഥനും തികച്ചും അവനവനുതന്നെ അജ്ഞാതനുമായ ഒരു ഗോപി, അല്ലെങ്കില്‍ ഒരുപാട് ഗോപിമാര്‍ ഉണ്ടായി എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്ന ഇന്ത്യയിലെ സവിശേഷമായ ഒരു രാഷ്ട്രീയഭൂതകാലത്തിലുള്ള യാത്ര കൂടിയാണ്.
ആരാണ് ഗോപി?
പാലക്കാട്ടെ ഒരുള്‍ഗ്രാമത്തിലെ, അക്കാലത്തുതന്നെ പുരോഗമനപരമായ ചിന്തകള്‍ വെച്ചുപുലര്‍ത്തുന്ന ഒരു സമ്പന്ന സവര്‍ണ കുടുംബത്തിലെ പെണ്‍കുട്ടി എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷ വിജയിച്ച് പഠനത്തിനായി ഭോപ്പാലില്‍ എത്തുകയും അവിടെവെച്ച്, വസന്തത്തിന്റെ ഇടിമുഴക്കമുണ്ടാവുമെന്ന് വിശ്വസിച്ച ആ കാലത്തെ യുവത്വത്തെ സായുധവിപ്ലവകാല്‍പ്പനികതയിലേക്ക് ആകര്‍ഷിച്ച നക്‌സലൈറ്റ് മൂവ്‌മെന്റിന്റെ പ്രധാനിയായ നേതാവില്‍ അനുരക്തയാവുകയും ചെയ്യുന്നു. ഒപ്പം അവള്‍ ആ പ്രസ്ഥാനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അവര്‍ക്ക് ഒരു കുട്ടി ജനിക്കുന്നു. ആ കുട്ടിയാണ് ഗോപി. സ്വന്തം പ്രസ്ഥാനത്തിന്റെ ഹിംസാത്മകതയിലും പ്രത്യയശാസ്ത്രത്തിലും കുറ്റബോധവും അവിശ്വാസവും തോന്നുന്ന ഗോപിയുടെ അച്ഛന് മാനസാന്തരം വരികയും അയാള്‍ പ്രസ്ഥാനത്തില്‍ നിന്നും വിട്ടുപോവുകയും അയാളുടെ സഹായത്തോടെ പ്രസ്ഥാനത്തെ ഒരു പരിധിവരെ തകര്‍ക്കാന്‍ രാജ്യത്തിന് കഴിയുകയും ചെയ്യുന്നു. അതോടെ അയാളും കുടുംബവും പ്രസ്ഥാനത്തിന്റെ ശത്രുവാകുകയും ചെയ്യുന്നു. മകനേയും കൂട്ടി സ്വന്തം ഗ്രാമത്തിലെത്തുന്ന ഗോപിയുടെ അമ്മയേയും പ്രസ്ഥാനത്തിന്റെ പക വേട്ടയാടുന്നു. ഒറ്റുകാരോടുള്ള പ്രസ്ഥാനത്തിന്റെ പകയില്‍ ഗോപിയുടെ അച്ഛനും അമ്മയും അനിവാര്യമായ അന്ത്യത്തിലേക്ക് പോവുകയും ഗോപി എന്ന ബാല്യം വിടാത്ത കുട്ടി ഏതോ ഇരുട്ടില്‍ ദിക്കറിയാതെ അനാഥനാവുകയും ചെയ്യുന്നു. ഇത്രയുമാണ് ആറ്റിക്കുറുക്കിയെടുത്താല്‍ ഗോപിയുടെ ഭൂതകാലം.
ഇനിയങ്ങോട്ടാണ് കാക്കിയണിഞ്ഞ് രാജ്യത്തിന്റെ നീതിയും നിയമവും സംരക്ഷിക്കാന്‍ ബാധ്യതയേറ്റ, നോവലിന്റെ ആമുഖക്കുറിപ്പില്‍ നോവലിസ്റ്റ് കുറിച്ചതുപോലെ കാസര്‍ഗോഡ് ജില്ലയിലെ മലയോര, കുടിയേറ്റ ഗ്രാമമായ ചുള്ളി എന്ന പ്രദേശത്തിന്റെ നിര്‍മ്മലനിഷ്‌കളങ്കതയിലും ക്രിസ്തീയഭക്തിയുടെ ആചാരച്ചിട്ടകളിലും വളര്‍ന്നുവന്ന എന്നാല്‍ ആധുനികജീവിതത്തിന്റെ രാഷ്ട്രീയപരിസരങ്ങളെ പുരോഗമനപരമായി സമീപിക്കുന്ന, ഒരു കാലഘട്ടത്തിലെ ചിന്തിക്കുന്ന യുവത്വത്തെയാകെ നിരാശയിലേക്കും ഉന്മാദത്തിലേക്കും ആത്മഹത്യയിലേക്കും വരെ തള്ളിയിട്ട വിപ്ലവകാല്‍പ്പനികതെയെപ്പോലും അതിന് അടിച്ചമര്‍ത്തപ്പെട്ടവരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുമുള്ള പ്രത്യയശാസ്ത്രാഭിമുഖ്യം കൊണ്ടുമാത്രം ആദര്‍ശരാഷ്രീയം എന്ന് വീക്ഷിക്കുന്ന നോവലിലെ കുറ്റാന്വേഷകന്റെ യഥാര്‍ത്ഥരൂപമായ എഴുത്തുകാരന്റെ ആത്മസംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്.
താന്‍ ആരുടെ പക്ഷത്താണ്?
ഗോപി എന്ന മനുഷ്യന്റെ നിസ്സഹായതയുടെ പക്ഷത്തോ, അതോ രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയുടെ പക്ഷത്തോ, അതോ ദൈവനീതി എന്ന രൂഢമൂലമായ വിശ്വാസത്തിന്റെ പക്ഷത്തോ...
ആരുടെ സൃഷ്ടിയാണ് ഗോപി?
ഒരര്‍ത്ഥത്തില്‍ നോവലിസ്റ്റ് യൂണിഫോമിട്ട് സംരക്ഷിക്കുന്ന രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥിതിയുടെ സൃഷ്ടി തന്നെയാണ് ഗോപി. (രാജ്യത്തിന്റെ നീതിയും നിയമവും എന്നത് ഒരര്‍ത്ഥത്തില്‍ ദൈവത്തിന്റെ നീതിനിയമസംഹിതയാണ് എന്ന് കൂട്ടിവായിക്കുക) ഗോപിയുടെ അച്ഛന്‍ ഒരുകാലത്ത് രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥക്കെതിരേ പ്രവര്‍ത്തിക്കുകയും (നോക്കുക, അപ്പോഴും അയാള്‍ പ്രവര്‍ത്തിച്ചത് രാജ്യത്തിന്റേതായ നീതിനിയമവ്യവസ്ഥകളാല്‍ അടിച്ചമര്‍ത്തപ്പെട്ട, അല്ലെങ്കില്‍ അരികുവല്‍ക്കപ്പെട്ട മനുഷ്യര്‍ക്കുവേണ്ടിയായിരുന്നു എന്നതാണ് സത്യം. പക്ഷേ, അതിന്റെ മാര്‍ഗ്ഗം ശരിയായിരുന്നോ എന്നത് മറ്റൊരു ചര്‍ച്ചാവിഷയമാണ്.) പിന്നീട് പ്രസ്ഥാനവുമായി ആശയപരമായി അകന്ന് രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയുമായി ഒത്തുപോവുകയും ചെയ്യുന്നു. അയാളുടെ സഹായത്തോടെ അയാള്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനയെ തകര്‍ക്കാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടും അയാളെയോ ഭാര്യയേയോ സംരക്ഷിക്കാനോ അവരുടെ കുട്ടിക്ക് ശോഭനമായ ഒരു ഭാവി പ്രദാനം ചെയ്യാനോ രാജ്യത്തിന്, അഥവാ ദൈവത്തിന് കഴിയാതെ പോകുന്നു. അങ്ങനെ വരുമ്പോള്‍, രാജ്യവും ദൈവവും കൂടിച്ചേരുന്ന സ്റ്റേറ്റിന്റെ തന്നെ പരാജയപ്പെട്ട നീതിന്യായവ്യവസ്ഥിതിയുടെ സൃഷ്ടിയാണ് അനാഥത്വത്തിന്റേയും അരക്ഷിതാവസ്ഥയുടേയും ഇരുട്ടിലേക്ക് തികച്ചും തന്റേതല്ലാത്ത കാരണങ്ങളാല്‍ വലിച്ചെറിയപ്പെടുന്ന ഗോപി.
ഓര്‍മ്മകളുടെ നേര്‍ത്ത നിലാവെളിച്ചം പോലും സ്വയമേവ തെളിയാത്ത, ഭൂതകാലം പാടേനഷ്ടമായ ഗോപി. എങ്കിലും തികച്ചും തന്റേതല്ലാത്ത കാരണങ്ങളാല്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ മാത്രമായി ഒരു കൊലപാതകം ചെയ്യുകയും, ജീവിതത്തോടുള്ള സ്‌നേഹോന്മുഖമായ ആസക്തിയാല്‍ ആ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മാറിനില്‍ക്കുകയും അത് മറ്റൊരാളില്‍ ആരോപിക്കുകയും ചെയ്യുന്നു. അതുവരെ ഗോപി മറ്റെന്തെങ്കിലും കുറ്റകൃത്യം ചെയ്തതായി നമ്മുടെ മുന്നില്‍ സൂചനകളൊന്നുമില്ല. തന്റെ അന്വേഷണത്തില്‍ ഒരു കൊലപാതകക്കുറ്റം ചെയ്തു എന്ന് വ്യക്തമായും വെളിവായ കുറ്റവാളിയുടെ ഭൂതകാലം തേടി തികച്ചും മാനവികോന്മുഖമായ ഹൃദയവായ്‌പോടെ നടത്തുന്ന അന്വേഷണത്തില്‍ ഗോപി ഒരുപക്ഷേ കുറ്റവിമുക്തനാക്കപ്പെട്ടാലോ, ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാലോ, നഷ്ടപ്പെട്ടുപോയ ഭൂതകാലത്തിന്റെ എല്ലാ കരുണാര്‍ദ്രതയും സമ്മാനിക്കാനായി കാത്തുനില്‍ക്കുന്ന തികച്ചും അന്തസ്സും ആഭിജാത്യവും ദൈവഭക്തിയുമുള്ള ഒരു കുടുംബം കാത്തുനില്‍പ്പുണ്ട് എന്ന് കണ്ടെത്തുന്നുണ്ട് എന്നു മാത്രമല്ല, ആ കുടുംബത്തില്‍ ബാല്യത്തിന്റെ അങ്ങേയറ്റം കുതൂഹലമായ ഒരു വികാരവായ്പിന്റെ താമരയിഴകളാല്‍ തീര്‍ത്ത അടുപ്പത്തിന് പ്രണയത്തിന്റെ മഴവില്ലഴകും ഹൃദയവിശുദ്ധിയില്‍ ചാലിച്ച് ഒരു സ്ത്രീ ഗോപിക്കു മാത്രമായി കാത്തിരിക്കുന്നുമുണ്ട്.

തികച്ചും തിക്തവും കഠിനവുമായ ജീവിതാനുഭവങ്ങളൂടെ കടന്നുപോയ ഗോപി എന്ന മനുഷ്യന്‍ കൂടുതല്‍ നല്ല ഒരു സാമൂഹ്യജീവിയായി മാറിത്തീരാനുള്ള എല്ലാ സാഹചര്യങ്ങളും ഗോപിയുടെ ഭൂതകാലം തേടിയുള്ള യാത്രയില്‍ എഴുത്തുകാരന്‍ ഒരുക്കിവെക്കുന്നുണ്ട്. പക്ഷേ, അതിനെയെയല്ലാം ഒരരികിലേക്ക് ഒതുക്കിനിര്‍ത്തി നീതിപൂര്‍വ്വമായ ഒരു വിചാരണക്കോ വിധി പറച്ചിലിനോ പോലും ഗോപിയെ വിട്ടുകൊടുക്കാതെ ഹൃദയസ്തംഭനം മൂലമുള്ള സ്വാഭാവികമരണം എന്ന അന്തിമവിധിയിലേക്ക് എറിഞ്ഞുകൊടുത്തുകൊണ്ടാണ് എഴുത്തുകാരന്‍ പ്രതീക്ഷയിലേക്കുള്ള കിളിവാതില്‍ കൊട്ടിയടച്ചുകൊണ്ട് നോവല്‍ അവസാനിപ്പിക്കുന്നത്.
അതെന്തുകൊണ്ടായിരിക്കും?
ഒരുപക്ഷേ, നീതിപൂര്‍വ്വമായ ഒരു വിചാരണക്കൊടുവില്‍ നീതിമാനായ ഒരു വിധികര്‍ത്താവ് ഗോപിയെ കുറ്റവിമുക്തനാക്കിയേക്കാം. കാരണം, തികച്ചും കരുതിക്കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു കൊലപാതകമല്ല ഗോപി ചെയ്തത്. ആത്മരക്ഷാര്‍ത്ഥമുള്ള കൊലപാതകമായിരുന്നു അതെന്ന് നീതിപീഠത്തിനു മുന്നില്‍ സ്ഥാപിക്കാനും, കുറ്റകൃത്യം മറച്ചുവെച്ചതും മറ്റൊരാളില്‍ ആരോപിച്ചതും മനഃപൂര്‍വ്വമല്ലാതെ ചെയ്തുപോയ ഒരു കൊലപാതകത്തിന്റെ പേരില്‍ വീക്ഷിക്കപ്പെട്ടേക്കുമോ എന്ന്, ഒരു ഭൂതകാലം പോലും സ്വന്തമായില്ലാത്ത ഗോപിയുടെ ജീവിതത്തോടുള്ള കൊതികൊണ്ട് മാത്രമാവാം എന്ന് വ്യക്തമാക്കാനും ഗോപിക്ക് കഴിയുമായിരുന്നു. പോരെങ്കില്‍ അയാള്‍ കുറ്റം ചെയ്തുവെന്ന് വിശ്വസിക്കാന്‍ കൊല്ലപ്പെട്ട ബാബുവിന്റെ ഭാര്യ പോലും തയ്യാറാവാത്ത വിധത്തില്‍ ആര്‍ദ്രതയും കരുണയുമുള്ളവനാണ് ഗോപി. അതുമാത്രവുമല്ല, സ്വന്തം ഭാര്യയുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ബാബുവിന്റെ ഭാര്യ സഹോദരതുല്യം കാണുന്ന ഗോപിയില്‍ ആരോപിക്കുക എന്ന തിന്മ കൂടി ചെയ്തവനാണ് ബാബു. ഇങ്ങനെ നീതിയുടേയും നിയമത്തിന്റേയും മനുഷ്യത്വപരമായ ഏതു കോണില്‍ക്കൂടി നോക്കിയാലും ശിക്ഷയില്‍ നിന്നുമൊഴിവായി നല്ലയൊരു ജീവിതവഴിയിലേക്ക് മടങ്ങിവരാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരിക്കെ, എല്ലാ ആധുനികസമൂഹങ്ങളും വധശിക്ഷയെ നിരാകരിച്ചുകൊണ്ടിരിക്കെ എന്തിനായിരിക്കും മരണശിക്ഷയിലേക്കു തന്നെ തന്റെ നോവലിലെ കഥാപാത്രത്തെ എഴുത്തുകാരന്‍ തള്ളിയിട്ടത്?
അതുകൊണ്ടാണ് 'കുറ്റസമ്മതം' എന്ന പേര് അന്വര്‍ത്ഥമാക്കുംവിധത്തില്‍ ഈ നോവല്‍ എഴുത്തുകാരന്റെ തന്നെ ആത്മസംഘര്‍ഷങ്ങളുടെ ദുരന്തഗാഥയാവുന്നത്. മനുഷ്യത്വവും മാനവികതയും മുന്‍നിര്‍ത്തിയുള്ള നീതിപൂര്‍വ്വമായ വിചാരണയില്‍, മനുഷ്യനിര്‍മ്മിതമായ കോടതിയില്‍ ഗോപി എന്ന കഥാപാത്രം കുറ്റവിമുക്തനാക്കപ്പെടാവുന്ന എല്ലാ സാഹചര്യങ്ങളും, താന്‍ ജീവിച്ചിരിക്കുന്ന സമൂഹത്തോടുള്ള സ്‌നേഹവും കരുണയും നിറഞ്ഞ ബോധത്താല്‍ എഴുത്തുകാരന്‍ സൃഷ്ടിച്ചിട്ടുണ്ട്. ഗോപി കുറ്റവിമുക്തനാക്കപ്പെടണമെന്നും മികച്ച ഒരു സാമൂഹ്യജീവിതത്തിന് അവനര്‍ഹനാണ് എന്ന ഉറച്ച ധാരണകളും തന്നിലുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ വീക്ഷണത്താല്‍ എഴുത്തുകാരന്‍ പ്രകടിപ്പിക്കുന്നുമുണ്ട്. അതെസമയം തന്നെ എഴുത്തുകാരനില്‍ മറ്റൊരു വ്യക്തി അബോധതലത്തില്‍ മറഞ്ഞിരിക്കുന്നുണ്ട്. ഒരു മലയോര കുടിയേറ്റ മേഖലയിലെ ഗ്രാമീണനിഷ്‌കളങ്കതയില്‍, എന്നാല്‍ ചിട്ടയായ ക്രിസ്തീയ പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന ഒരു നിഷ്‌കളങ്കമനുഷ്യന്‍. അയാള്‍ക്ക് ദൈവനീതിയെ നിഷേധിക്കുക വയ്യ. മനുഷ്യന്‍ ചെയ്യുന്ന പാപങ്ങള്‍ക്കും തിന്മകള്‍ക്കും മേല്‍ തീമഴപോലെ പതിക്കുന്ന ദുര്‍വിധികളേയും ശാപങ്ങളേയും കഠിനമായ ശിക്ഷാവിധികളേയും തള്ളിക്കളയുക വയ്യ. അനിവാര്യമായ വിധി എന്ന് മനുഷ്യര്‍ വിളിച്ചോമനിക്കുന്ന ദൈവശാസനകളെ നിഷേധിക്കുക വയ്യ. സെമിറ്റിക്ക് മതബോധത്തിലധിഷ്ഠിതമായ നീതിപുസ്തകത്തില്‍ അവനറിയാതെ ഒരു പുല്‍ക്കൊടിപോലും വീഴുന്നില്ല. അതില്‍ പാപത്തിന്റെ ശമ്പളം മരണം മാത്രമാകുന്നു. അതുകൊണ്ടുതന്നെ കൊലപാതകം എന്ന കുറ്റം ചെയ്യുകയും അത് മറച്ചുവെക്കുകയും ചെയ്തു എന്ന പാപത്തിന് ഗോപിക്ക് ദൈവവിധികല്‍പ്പിതമായ മരണശിക്ഷ നല്‍കാതിരിക്കാന്‍ മത, ദൈവവിശ്വാസിയായ എഴുത്തുകാരന് കഴിയില്ല. മനുഷ്യനീതിയുടെ വിചാരണയില്‍ ഗോപി കുറ്റവിമുക്തനായേക്കാം എന്ന ഉറച്ച ബോധമുള്ള, പുരോഗമനപരമായ ജീവിതവീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്ന, സാമൂഹ്യബോധമുള്ള മനുഷ്യനും അതേസമയം ദൈവനീതിയാണ് നടപ്പിലാക്കേണ്ടത് എന്ന മതബോധത്തിന്റെ ശാസനകളില്‍ വളര്‍ന്നുവന്ന അബോധതലത്തിലുള്ള മനുഷ്യനും തമ്മിലുള്ള ആന്തരികമായ ഏറ്റുമുട്ടലില്‍ മനുഷ്യനീതി പരാജയപ്പെട്ടുപോയല്ലോ എന്ന ആത്മസംഘര്‍ഷത്തില്‍ നിന്നുമുളവാകുന്ന എഴുത്തുകാരന്റെ കുറ്റസമ്മതമാണ് യഥാര്‍ത്ഥത്തില്‍ കുറ്റസമ്മതം എന്ന നോവലിന്റെ കാതല്‍. ആ അര്‍ത്ഥത്തില്‍ത്തന്നെ നോവലിസ്റ്റ് അറിഞ്ഞോ, അറിയാതെയോ അനുഭവിക്കുന്ന ആന്തരികമായ ആത്മസംഘര്‍ഷങ്ങളുടെ ഉറവ പൊട്ടിയൊഴുകുന്ന ഈ രചന പോലീസ്, കോടതി, സമൂഹം, മനുഷ്യന്‍, നീതി, നിയമം, അധികാരം, സ്റ്റേറ്റ് തുടങ്ങിയവയെ പുനര്‍വിചിന്തനങ്ങള്‍ക്ക് പാത്രമാക്കുന്നു. ആധുനിക മലയാളിസമൂഹത്തില്‍ പോലീസും നിയമവും ആരുടെ താല്‍പ്പര്യങ്ങളാണ് പ്രാവര്‍ത്തികമാക്കേണ്ടത് എന്ന ചോദ്യത്തിന്റെ യഥാര്‍ത്ഥ ഉത്തരത്തിലേക്കുള്ള ചൂണ്ടുപലക കൂടിയാത്തീരുന്നുണ്ട് 'കുറ്റസമ്മതം.'
ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരാളാണ് എഴുത്തുകാരന്‍ എന്നതുകൊണ്ട് ചലച്ചിത്രമാക്കാന്‍ കൊള്ളാവുന്ന നോവല്‍ എന്ന നിലയില്‍ ഉപരിതലസ്പര്‍ശിയായി മാത്രം വായിക്കപ്പെടേണ്ട ഒരു നോവലല്ല കുറ്റസമ്മതം. അത്തരമൊരു വായന നോവലിനോടും നോവലിസ്റ്റിനോടും ചെയ്യുന്ന പാതകമാണ്. സര്‍ഗ്ഗപരതയുടെ ഏതളവുകോല്‍ വെച്ചു നോക്കിയാലും ചലച്ചിത്രത്തിനേക്കാള്‍ എത്രയോ ഉയരത്തിലാണ് സാഹിത്യം. എന്നാല്‍ അതേസമയം നോവല്‍ മുഴുവനായി മാത്രമല്ല, നോവലിലെ ഏതൊരു ചെറിയ കഥാപാത്രത്തിന്റെയും മാനസികവ്യാപാരത്തിലൂടെ കടന്നുപോയാലും വ്യത്യസ്തമായ തിരക്കഥകള്‍ ഒരുക്കാനുള്ള ഇടം എഴുത്തുകാരന്‍ നോവലില്‍ ഒരുക്കിയിട്ടുമുണ്ട്. ദീര്‍ഘകാലമായി പോലീസിലുള്ള വ്യക്തിയാണ് എഴുത്തുകാരന്‍ എന്നതുകൊണ്ട് പോലീസിന്റെ സൂക്ഷ്മമായ പ്രതീകങ്ങള്‍ പോലും നോവലില്‍ കൃത്യമായി ആവിഷ്‌കരിച്ചിരിക്കുന്നു എന്നത് അഭിനന്ദനമര്‍ഹിക്കുന്നു. എന്നിരിക്കിലും, ആ തരത്തില്‍ കേവലം ഔദ്യോഗികമായിട്ടുള്ള വായന ഒരര്‍ത്ഥത്തില്‍ നോവലിനെ ലളിതവല്‍ക്കരിക്കുന്നതിന് സമവുമാവും.
കുറ്റസമ്മതം എന്ന നോവല്‍ പദബാഹുല്യം കൊണ്ടോ, മനോഹരവര്‍ണനകളാലോ, ക്രാഫ്റ്റിന്റെ മാന്ത്രികമായ സവിശേഷതകളാലോ നിങ്ങളെ ആകര്‍ഷിക്കണമെന്നില്ല. പക്ഷേ, ഒരു സാമൂഹ്യജീവി എന്ന നിലയില്‍ തന്നോടുതന്നെ അങ്ങേയറ്റം സത്യസന്ധത പുലര്‍ത്തിയ ഒരു രചന എന്ന നിലയില്‍ (ഒരുപക്ഷേ, മലയാള സാഹിത്യത്തില്‍ ഇങ്ങനെ സത്യസന്ധത പുലര്‍ത്തിയ മറ്റൊരു രചന വൈലോപ്പിള്ളിയുടെ കുടിയൊഴിക്കല്‍ ആവും.) പോലീസിനെ സംബന്ധിച്ചിടത്തോളം കുറ്റസമ്മതം മലയാളസാഹിത്യത്തിലെ സവിശേഷമായ ഒരു അടയാളമാണ്; മനുഷ്യജീവിതഭൂമികയുടെ ആധുനികവും പുരോഗമനപരവുമായ പരിണാമയാത്രയില്‍ നീതിയും നിയമവും അതിന്റെ അനുബന്ധങ്ങളും ഉള്‍പ്പിരിവുകളും ഏതര്‍ത്ഥത്തിലാണ് വ്യാഖ്യാനിക്കപ്പെടുകയും തിരുത്തപ്പെടുകയും വേണ്ടത് എന്ന ചര്‍ച്ചക്ക് തുടക്കം കുറിക്കേണ്ട ഒരടയാളം.
Content Highlights: Sibi Thomas, Jayan Adukkam, Kuttasammatham, Mathrubhumidotcom
Published: 13 May 2022, 05:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented