മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച അഷ്ടമൂര്‍ത്തിയുടെ പുതിയ നോവല്‍ ക്യുറേറ്റര്‍ ഡോ. കല സജീവന്റെ വായനയില്‍.
ചില മനുഷ്യരുടെ ചില ഇഷ്ടങ്ങള്‍ മറ്റുളളവരുടെ കാഴ്ചപ്പാടില്‍ ഭ്രാന്തായി വ്യാഖ്യാനിക്കപ്പെടാം. അവര്‍ക്കത് തീവ്രമായ സാധനയാകുമ്പോള് അപരര്ക്കത് സമയം മെനക്കടുത്തലായി തോന്നും. വേറിട്ട ജീവിതം ജീവിച്ച മനുഷ്യരെ പക്ഷേ കാലം അടയാളപ്പെടുത്താന്‍ മറക്കാറില്ല. ചരിത്രത്തിന്റെ മഹത്തായ ഈടുവെയ്പുകളിലേക്ക് തങ്ങളുടെ പങ്കുകൂടി അറിഞ്ഞോ അറിയാതെയോ ബാക്കിവെച്ച് അവര്‍ മണ്മറയുന്നു. അത്തരം മനുഷ്യര്‍ അതിന് പകരം വെക്കുന്നത് സ്വന്തം ജീവിതം തന്നെയാകും. ഉറ്റവരും ഉടയവരും തള്ളിപ്പറഞ്ഞാലും ഏതോ മുജ്ജന്മ കര്‍ത്തവ്യം ഏറ്റെടുത്തവരെ പോലെ തങ്ങളുടെ തീവ്രാഭിനിവേശത്തിനു കൂട്ടുപോകും. സ്വസ്ഥജീവിതം മറക്കും - അത്രയും വിചിത്രമായി സ്വന്തം ജീവിതവും - സാധാരണ മനുഷ്യരുടെ തുച്ഛായുസ്സില് നേടിയതെന്ന് അഭിമാനിക്കാവുന്ന ഒന്നും ഇത്തരം തീവ്രാഭിനിവേശികള് നേടിയിട്ടുണ്ടാവില്ല. ഒട്ടുമിക്കവാറും പുറംലോകം പുച്ഛിക്കും - ജീവിക്കാന്‍ മറന്നവന്/ മറന്നവളെന്ന്.
ജീവിതത്തില്‍ നിന്നു ലഭിക്കാത്ത നീതിയും അംഗീകാരവും ഒരു പക്ഷേ മരണാനന്തരം അവരെ തേടി വന്നേക്കാം. ഒന്നിനും ഉറപ്പില്ല. അല്ലെങ്കിലും തങ്ങള്‍ക്കു വേണ്ടിയല്ലല്ലോ അവരുടെ ജീവിത വര്‍ഷങ്ങള്‍ അവര്‍ ജീവിച്ചു തീര്‍ക്കുന്നത്. ഏതോ നിയോഗം പോലെ വരുംതലമുറകള്‍ക്കായി ചില നീക്കിവെപ്പുകള്‍ ബാക്കിവെച്ച് കടന്നുപോകുന്നവര്‍. /നിഷ്കാമ കര്‍മ്മികള്‍.
അഷ്ടമൂര്‍ത്തിയുടെ 'ക്യുറേറ്റര്‍' എന്ന വായനാസുഖമുള്ള നോവലിലെ ആനുകാലികങ്ങളുടെ സൂക്ഷിപ്പുകാരന് അത്തരമൊരാളാണ്. സ്വന്തം വീടിനെ ലൈബ്രറിയാക്കി മാറ്റിയ മനുഷ്യന്. അവിടെ പുസ്തകങ്ങളല്ല നിറഞ്ഞുകവിയുന്നത്. അതതു കാലത്തിറങ്ങുന്ന ആനുകാലികങ്ങളാണ്. നിരന്തരം സമകാലികങ്ങളുടെ ലോകത്തിരുന്ന് പഴകിപ്പോയ ഒരു മനുഷ്യന്റെ കഥയാണ് ക്യുറേറ്റര്‍. വിചിത്രമായ പെരുമാറ്റരീതികളുള്ളയാള്. ഭാര്യയോടും മക്കളോടും പോലും മമത കാണിക്കുവാനറിയാത്ത മനുഷ്യന്- അമ്മയുടെ ഇഷ്ടം പിന്‍പറ്റി തുടങ്ങി വെച്ച ആനുകാലിക ശേഖരണമാണ് അയാളുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചത്. അമ്മുക്കുട്ടിയമ്മ എന്ന വായനക്കാരി രോഗാതുരമാംവിധം വായനയെ സ്നേഹിച്ചവളായിരുന്നു. ഉറ്റവരുടെ മരണം പോലും കാര്യമായി പരിക്കേല്പ്പിക്കാത്തവിധം അവര്‍ ആനുകാലികങ്ങളെ പിന്തുടര്ന്നു. ഭ്രാന്തമായ വായനയില്‍ മുഴുകി. വായിച്ചവയെ ക്രമത്തില്‍ അടുക്കിവെക്കുന്നതില്‍ ആനന്ദം കണ്ടെത്തി. അമ്മയുടെ പാത പിന്തുടര്‍ന്ന മകനും ആ പ്രവൃത്തിക്കുള്ളില് ആണ്ടുപോയി. ഇനി തിരികെ വരാത്തവണ്ണം അതു തുടര്‍ന്നു - വളര്‍ന്നുവരുന്ന മക്കളുടെ ആവശ്യങ്ങളെ അവഗണിച്ചു. ഭാര്യയുടെ പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെയായി. സ്കൂള്‍ മാഷായിട്ടും കുടുംബം പട്ടിണിയുടെ രുചിയറിഞ്ഞു. അപ്പോഴൊക്കെയും അദ്ദേഹം തന്റെ ബൃഹത്തായ ആനുകാലിക ശേഖരത്തെ നമ്പറിട്ട് ക്രമപ്പെടുത്തിയും കഷ്ടപ്പെട്ട് ഏറെ നേരമിരുന്ന് ബൈന്‍ഡ് ചെയ്തു വെച്ചും സൂക്ഷിപ്പു മുറിയ്ക്കുള്ളിലിരുന്നു. അതിലഭിരമിച്ചു. കൂടെ ജീവിക്കുവാന്‍ വിധിക്കപ്പെട്ട കാലം മുഴുവന്‍ ആ നാലു മനുഷ്യര്‍ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു.
സീ പിയെന്ന ചുരുക്കപ്പേരില്‍ നോവലില്‍ അടയാളപ്പെടുന്ന ചിന്താബന്ധുരന് സോമശേഖരന്‍ നായരുടെ വിചിത്ര ജീവിതത്തിലേക്ക് അവിചാരിതമായി പ്രവേശിക്കേണ്ടി വരുന്നു. പഴയ ക്ലാസ്മേറ്റ് കവിതയുടെ ഒരു മെയിലില്‍ നിന്നാണ് തുടക്കം. ഒരു പ്രാദേശിക ചാനലിലെ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നയാള്.
ഒറ്റയാള്‍ ജീവിതമായിരുന്നു സീ പിയുടേത്. ഇങ്ങനെയും ഒരാള്‍ എന്ന ചാനല്‍ പരിപാടിയ്ക്കുവേണ്ടി ജില്ലയിലെ മുക്കിലും മൂലയിലും പരതിത്തിരിയുന്നതിനിടയില് ഗോപാലന്‍കുട്ടിയുടെ പട്ടികള്‍ എന്ന എപ്പിസോഡിനു വേണ്ടിയായിരുന്നു ആ പഞ്ചായത്തിലേക്കെത്തുന്നത്. പട്ടികള്‍ക്ക് നിത്യവും അന്നം വെച്ചുവിളമ്പുന്ന ദമ്പതികളും നോവലിനകത്തെ കൗതുകക്കാഴ്ചയാണ്.
സീപിയെ തേടിയെത്തുന്ന കോതച്ചിറ കുമാരന് എന്ന നോവലിസ്റ്റ് പേരുകൊണ്ടുതന്നെ മറ്റൊരു എഴുത്തുകാരനെ ഓര്‍മ്മിപ്പിക്കുന്നു. ഒരു കാലത്ത് ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റുപോയിരുന്ന വാരികകളിലെ പൈങ്കിളി എഴുത്തുകാരുടെ പില്ക്കാല ജീവിതത്തിന്റെ സ്മാരകമെന്നോണം ഒരാള്‍. ഗ്രാമീണ വായനശാലകളില്‍ നിന്ന് വായന തുടങ്ങുന്ന ഏതൊരാളെയും പുസ്തകങ്ങളുടെ മായാലോകത്തേയ്ക്ക് കൈ പിടിച്ചു നടത്തിയത് ഇത്തരം നോവലുകളായിരുന്നു. എങ്കിലും വലിയ വായനക്കാരായപ്പോള് സൗകര്യപൂര്‍വ്വം അവരതിനെ തള്ളിപ്പറഞ്ഞു. പൈങ്കിളിയെന്ന് വിലകുറച്ച് മാറ്റിനിര്‍ത്തി. നഷ്ട പ്രതാപത്തിന്റെ വ്യര്‍ത്ഥ സ്മരണകളില്‍ നിന്നും പുറത്തുകടന്ന് അന്നന്നത്തെ അന്നത്തിനു പാടുപെടുന്ന എഴുത്തുകാരുടെ പ്രതിനിധിയായി കോതച്ചിറ കുമാരന് സീ.പിയുടെ മുന്നിലെത്തുന്നു.
മക്കളായ കവിതയും കിരണും സോമശേഖരന്‍ നായര്‍ എന്ന അച്ഛനുമായി മാനസികമായി അടുപ്പം വെച്ചുപുലര്‍ത്തുന്നില്ല. തങ്ങളുടേയും അമ്മയുടേയും ജീവിതം നരകമാക്കിയ അച്ഛന്റെ പുസ്തകഭ്രമത്തോട് അവര്‍ക്ക് വെറുപ്പാണ്. എങ്ങനെയെങ്കിലും അച്ഛനെയും, അച്ഛന് ആജീവനാന്തം കഷ്ടപ്പെട്ട് സൂക്ഷിച്ചു
വെച്ച പത്ര-ആനുകാലികങ്ങളുടെ കനത്ത ശേഖരത്തെയും വീടിനുള്ളില്‍ നിന്ന് ഒഴിവാക്കിയെടുക്കണം. ശേഷം വീടുവില്ക്കണം. അതാണവരുടെ ലക്ഷ്യം. അതിനു തക്കതായ കാരണം മകന് കിരണിനുണ്ട്. അച്ഛനോട് അല്‍പ്പമെങ്കിലും മമതയുള്ള മകള്‍ കവിതയാണ് സീപിയോട് ചില പരിഹാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നതും സഹായമാരായുന്നതും. സീപിയുടെ നിധി എന്ന വീട്ടിലേയ്ക്കുള്ള യാത്രകള്‍ ഒരിക്കലും വ്യര്‍ത്ഥമാകുന്നില്ല. പിന്നീട് സീപി യുടെ ജീവിതവും സോമശേഖരന്‍ നായരുടെ ആനുകാലികങ്ങളുടെ ഭാഗധേയത്തിനൊപ്പം കുരുങ്ങിപ്പോകുകയാണ്.
അല്ലെങ്കിലും ചില ജീവിതങ്ങള്‍ അങ്ങനെയാണ്. ഉറ്റവര്‍ക്കു പോലും മനസ്സിലാവില്ല. കാലങ്ങള്‍ക്കുശേഷം തങ്ങളുടെ മൂല്യമറിഞ്ഞെത്തുന്നവര്ക്ക് അതുവരെ ജീവനുരുക്കി കാത്തുവെച്ച നിധി കൈമാറി അവര്‍ യാത്രയാകുന്നു. സൂക്ഷിപ്പുകാരുടെ വിധി അതാണല്ലോ- മൂല്യമറിയുന്നവര്ക്കേ നിധിപോലും നിധിയായി തോന്നൂ. അല്ലാത്തവര്‍ക്കെല്ലാം സാധാരണമാണ്- ഒരു മുഴുവന്‍ ജീവിതം പോലും.
Content Highlights: Dr Kala Sajeevan reviews curator novel by Ashtamoorthi Mathrubhumi Books
Published: 20 Jun 2024, 11:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented