
"Every race is a question, and I never know until the last yards what the answer will be. That's the lure of racing." —Joe Henderson
സാധാരണ മനുഷ്യരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ സംഭവിക്കുന്ന അസാധാരണമായ സംഭവവികാസങ്ങളെക്കുറിച്ചാണ് വി.എം. ദേവദാസ് എല്ലായ്പ്പോഴും പറയാറുള്ളത് അശു എന്ന നോവലിൻ്റെ പ്രമേയവും വ്യത്യസ്തമല്ല. ത്രില്ലർ സ്വഭാവത്തിലുള്ള ഒരു നോവലിൻ്റെ കെട്ടിലും മട്ടിലുമൊന്നുമല്ല ഈ നോവൽ തുടങ്ങുന്നത്. എന്നാൽ സ്വഭാവത്തിൽ ഇതൊരു ത്രില്ലറാണ്. പലചരക്ക് കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കുന്ന അയ്യപ്പൻ എന്ന അയ്യനാണ് നോവലിലെ പ്രധാന കഥാപാത്രം. ഒരു സാധാരണ മനുഷ്യൻ.
പറയത്തക്ക പാരമ്പര്യമൊന്നുമില്ലാത്ത ഒരാളാണ് അയ്യൻ. ജാതിയിലും സമ്പത്തിലും അയ്യൻ പിന്നോക്കക്കാരൻ തന്നെയായിരുന്നു. പക്ഷേ അയാൾ സ്നേഹമുള്ള ഒരു കുടുംബത്തിൻ്റെ പേരിൽ ഏറെ സമ്പന്നനായിരുന്നു. കോളേജിൽ പഠിക്കുന്ന അദ്ദേഹത്തിൻ്റെ മകൾക്ക് സംഭവിച്ച ദുര്യോഗത്തിൽ നിന്നാണ് പ്രശാന്തമായ പശ്ചാത്തലത്തിൽ നിന്ന് നോവൽ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലേക്ക് കൂപ്പുകുത്തുന്നത്.
സംഭവബഹുലമായ ഇരുപത് അധ്യായങ്ങളാണ് നോവലിനുള്ളത്. അയ്യൻ്റെ അമ്മയായ ശാന്തമുത്തിയുടെ രാമായണവായന പോലെ പതിഞ്ഞതാളത്തിൽ തുടങ്ങി ആവേശത്തിലേക്കത് കൊട്ടിക്കയറുന്നു. തൃശ്ശൂരിൻ്റെ സ്വർണ പാരമ്പര്യവുമായി ബന്ധപ്പെട്ട വിഷയത്തിലേക്കും ക്വട്ടേഷൻ ടീം അംഗങ്ങളിലേക്കും നോവൽ പരക്കുന്നതോടെ വായനക്കാരിലേക്കും ഉദ്വേഗം പടർന്നു തുടങ്ങും
സ്വർണവ്യാപാരവുമായി ബന്ധപ്പെട്ട ആറുകുറിസംഘവും അവരുടെ രീതികളും കുറ്റാന്വേഷണരചനയുടെ ഗാംഭീര്യത്തിനൊത്തു പോകുന്നു. അയ്യൻ്റെ ഓട്ടം കൂരി നാസറിൻ്റെ വിളക്കുമാടത്തിലേക്കും അവിടെ നിന്നുള്ള ചാട്ടം ചാവു മണിയൻ്റെ മോർച്ചറിയിലേക്കും പിന്നീട് വെടിക്കെട്ടുകാരൻ കണ്ണനിലേക്കും നീളുന്നു. അവരുടെയെല്ലാം കഥകൾ അയ്യന്റെയും നോവലിന്റെയും കൂട്ടുകഥകളാകുന്നു. ഒരിക്കലും തീരാത്ത ഒരു പക പോലെ അതുപുറമേക്ക് ചാരം മൂടിയ ഒരു തീക്കനലായി ജ്വലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണല്ലോ
തുടരും എന്നോ, അവസാനിച്ചു എന്നോ അല്ലാതെ തുടർന്നേക്കാം എന്നൊരു വാക്കോടെ ആഖ്യാതാവ് നോവലിനെ അവസാനിപ്പിക്കുന്നതും.
ഈ നോവലിൽ ഏറ്റവും കൗതുകം തോന്നിയ കാര്യം അതിലെ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന വ്യത്യസ്തങ്ങളായ ആയുധങ്ങളാണ്. ബ്ലേഡും സോഡാക്കുപ്പിയുടെ മൂടിയും ടംഗ് ക്ലീനറുമെല്ലാം ആറുക്കുറി കമ്പനിക്കാരുടെ ആയുധങ്ങളാണ്. കാഴ്ചയിൽ മാത്രം അശുക്കളായ അവർ ഓരോരുത്തരും ഓരോ തരം ആയുധങ്ങളുടെ ഉടമകളുമാണ്. സാധാരണയായി നമ്മൾ നിസാരം എന്ന് കരുതുന്ന പലതിനും മനുഷ്യജീവനെ ഇല്ലാതാക്കാനുള്ള ശക്തിയുണ്ടെന്ന് നമ്മൾ അമ്പരപ്പോടെ മനസ്സിലാക്കുന്നു. കൃത്യനിർവഹണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും ജീവിതത്തെക്കുറിച്ച് കുറ്റവാളികൾക്കുള്ള സങ്കൽപ്പങ്ങളുടെ ദാർശനികതയും പ്രത്യേകം പറയാതിരിക്കാനാവില്ല. കുറ്റവാളികളെ സംബന്ധിച്ച് ആഖ്യാതാവും കൃത്യമായ ഒരു ഹോംവർക്ക് നടത്തിയിട്ടുണ്ടെന്ന് വായന വ്യക്തമാക്കുന്നുണ്ട്.
ജീവിതം എല്ലായ്പ്പോഴും ഒരു ഓട്ടമാണ്. എന്തിനെന്നറിയാതെയുള്ള ഓട്ടം. പലപ്പോഴും നമ്മൾ ശ്രമിച്ചിട്ടു പോലും നമുക്ക് നിൽക്കാനാവുന്നില്ല അല്ലെങ്കിൽ ഓടാതിരിക്കാനാവുന്നില്ല. പല തരം സാഹചര്യങ്ങളാണ് നമ്മെ ഓട്ടക്കാരാക്കുന്നത്. അയ്യപ്പൻ്റെ ഓട്ടപ്പാച്ചിൽ ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. അയ്യപ്പൻ്റെ ഓരോ കാൽവെപ്പും കൃത്യമായ ലക്ഷ്യബോധത്തോടു കൂടിയായിരുന്നു. നോവൽ അവസാനിക്കുമ്പോൾ ഇനിയാരും അയ്യപ്പനെ പോലെ ഓടാതിരിക്കട്ടെ എന്ന് വായനക്കാർ പറഞ്ഞു പോകും.
ഓട്ടത്തിനുത്തരം അതിൻ്റെ ഫിനിഷിങ്ങ് പോയിൻ്റിലാണുള്ളത്. അതുപോലെ ഓരോ ജീവിതത്തിനും സ്വന്തം ലക്ഷ്യം നേടാനായി ഓടിക്കൊണ്ടേയിരിക്കണം. അയ്യപ്പൻ്റെ ഓട്ടത്തെ സിനിമാറ്റിക്കായി അവതരിപ്പിക്കുന്നു എന്നതാണ് അശുവിൻ്റെ പ്രത്യേകത. അശുനടത്തം എന്ന പേരിൽ ബിപിൻ ചന്ദ്രൻ എഴുതിയ ദീർഘമായ അവതാരിക ഈ കൃതിയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ്. സിനിമയും സാഹിത്യവുമെല്ലാം ചേർത്ത് തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ ബിപിൻ ചന്ദ്രൻ രചിച്ച അവതാരികയും ദേവപ്രകാശ് വരച്ച ഇരുപതോളം ചിത്രങ്ങളും അശുവിനും നമ്മുടെ വായനക്കും മുതൽക്കൂട്ടാവുന്നു.
Content Highlights: Books Reviews ashu by Devadas V.M
Published: 03 Jan 2025, 09:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented