
നടനും തിരക്കഥാകൃത്തും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കുറ്റസമ്മതം എന്ന നോവലിന് ബാബു പെരിങ്ങേത്ത് എഴുതിയ ആസ്വാദനക്കുറിപ്പ് വായിക്കാം.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്ന പാര്‍ലിമെന്റ് ഇലക്ഷന്‍ തീയ്യതി പോലെ ഘട്ടം ഘട്ടമായാണ് ശരീരം ചില സൂചനകള്‍ തന്നത്. ഉച്ചക്ക് 12 മണിയോടെ ഒന്നാം ഘട്ടത്തില്‍ ജലദോഷം. ഉച്ചക്കുശേഷം 3 മണിയോടെ തൊണ്ടവേദന. മൂന്നാം ഘട്ടത്തില്‍ വൈകിട്ട് 5 മണിയോടെ ശരീര വേദനയും പനിയും. സംഗതി മറ്റവന്‍ അധികാരത്തില്‍ വരാന്‍പോകുന്നു എന്ന് സ്വയം ഒരു എക്സിറ്റ് പോള്‍ പ്രവചനവും നടത്തി ഉടനെ ഭാര്യയെ വിളിച്ച് ക്വാര്‍ട്ടേഴ്‌സിലെ ഒരു മുറി തടവറയായി പ്രഖ്യാപിച്ച് ഗസറ്റില്‍ പരസ്യം ചെയ്യാന്‍ ഏര്‍പ്പാടാക്കി.
കുറച്ച് ദിവസത്തേക്ക് ഇനി പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടാവില്ല. അധികം തപ്പാനൊന്നും നില്‍ക്കാതെ സിബി തോമസ്സിന്റെ നോവല്‍ 'കുറ്റസമ്മതം ' കൈയ്യിലെടുത്തു. പ്രിയ സുഹൃത്തും കാസര്‍ഗോഡ് വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്‌പെക്റ്ററുമാണ് സിബി തോമസ്സ്. 'തൊണ്ടി മുതലും ദൃക്സാക്ഷിയും 'എന്ന സിനിമയിലെ സബ് ഇന്‍സ്‌പെക്റ്റര്‍ സാജന്‍ എന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. ഈ സിനിമയിലെ അഭിനയ ത്തിന് 2018ല്‍ കലാഭവന്‍ മണി സ്മാരക സമിതിയുടെ പുരസ്‌കാരവും മലയാള പുരസ്‌കാര സമിതിയുടെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ കൂടെ 'ജയ് ഭീമി 'ല്‍ അഭിനയിച്ച് തമിഴ് സിനിമയിലും സിബി വരവറിയിച്ചു. അഭിനയിക്കുകയും തിരക്കഥ രചിക്കുകയും ചെയ്ത ചില സിനിമകള്‍ പുറത്തിറങ്ങാനുണ്ട്.'കുറ്റവും ശിക്ഷയും 'എന്ന സിനിമയുടെ കഥ രചിക്കുകയും തിരക്കഥാ രചനയില്‍ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്. 'ഉണക്കമരം -ഒരു കാലഘട്ടത്തിന്റെ മൂകസാക്ഷി ' എന്ന കവിതാ സമാഹാരം പുറത്തിറക്കുകയും ചെയ്തു.
സിബി തോമസ്സിന്റെ ആദ്യ നോവലായ 'കുറ്റസമ്മതം' മാതൃഭൂമി ബുക്സ് ആണ് പുറത്തിറക്കിയത്. അവതാരിക എഴുതിയിരിക്കുന്നത് ഋഷി രാജ് സിംഗ് IPS അവര്‍കളാണ്. ഈ നോവലിലെ കഥാപാത്രങ്ങള്‍, അവ എത്ര ചെറുതും വലുതുമാവട്ടെ അവരെല്ലാം ജീവസ്സുറ്റവയാണെന്നും മനസ്സില്‍ നിന്നും പറിച്ചു മാറ്റാനാവാത്ത വിധം പതിഞ്ഞുപോകുന്ന ഒരുപിടി ഓര്‍മ്മകള്‍ നല്‍കിക്കൊണ്ട് കടന്നു പോകുന്ന ഈ നോവല്‍ വിഷയത്തിലെ പുതുമ കൊണ്ടും ആഖ്യാന മികവുകൊണ്ടും വായനക്കാര്‍ക്കും മലയാള സാഹിത്യ ശാഖയ്ക്കും മുതല്‍ക്കൂട്ടാവുമെന്ന് അവതാരികയില്‍ അദ്ദേഹം അടിവരയിട്ട് പറയുന്നു.
പോലീസ് പരിസരങ്ങള്‍ തന്നെയാണ് നോവലിന്റെ ഭൂമിക. ഒരു കൊലപാതകവും പ്രതിയുടെ അറസ്റ്റും തെളിവ് ശേഖരണവും കോടതി നടപടികളുമൊക്കെയായി നോവല്‍ വളരുന്നു. ഇതൊക്കെ നിയമത്തിന്റെ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ ആണെങ്കിലും വായനക്കാരനെ ഒട്ടും മുഷിപ്പിക്കാതെ അധ്യായങ്ങളില്‍ നിന്നും അധ്യായങ്ങളിലേക്ക് ആകാംക്ഷാപൂര്‍വ്വം നയിക്കാന്‍ തുടക്കക്കാരനായ നോവലിസ്റ്റ് ഒട്ടും ആയാസപ്പെടുന്നില്ല.
200 പേജുകളുള്ള ഈ നോവല്‍ 26 അധ്യായങ്ങളിലായി ചിട്ടയായി അടുക്കിപ്പെറുക്കി വെച്ചിട്ടുണ്ട്. അറസ്റ്റും ചോദ്യം ചെയ്യലും കുറ്റസമ്മതവും പ്രതിയുടെ ഭൂതകാലം തേടിയുള്ള യാത്രയും ഒട്ടും ഇഴയാതെ അവതരിപ്പിച്ചിരിക്കുന്നു. ഇന്‍സ്‌പെക്ടര്‍ സാബുവും ഗോപിയുമാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ചെറിയ കഥാപാത്രങ്ങള്‍ക്ക് പോലും ആവശ്യമായ സ്‌പേസ് നല്‍കി മാറ്റിനിറുത്താനാവാത്ത വിധം നോവലിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ സാബു തോമസ്സിന്റെ ഔദ്യോഗികജീവിതവും വ്യക്തി ജീവിതവും എത്ര മനോഹരമായാണ് ബ്ലെന്റ് ചെയ്തിരിക്കുന്നത്.

നോവലിസ്റ്റ് തന്നെയല്ലേ ഇന്‍സ്‌പെക്ടര്‍ സാബു തോമസ്സ് എന്ന ചോദ്യത്തിന്പ്രത്യേകിച്ചൊരു പ്രസക്തിയില്ല.ആ ചോദ്യം ചോദിച്ചു തീരുന്നതിനു മുമ്പ് ഇദ്ദേഹത്തെ അറിയുന്നവര്‍ മറുപടി പറയും. നോവലിന്റെ ആദ്യഭാഗങ്ങളില്‍ ഈ ഇന്‍സ്‌പെക്ടര്‍ ഇന്ത്യന്‍ ശിക്ഷാ നിയമം, CrPC, തെളിവ് നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ കൂട്ടുപിടിച്ചു നടക്കുമ്പോള്‍ അവസാനഭാഗങ്ങളില്‍ അയാളെ നയിക്കുന്നത് ഒരേയൊരു വകുപ്പ് മാത്രമുള്ള മനുഷ്യത്വത്തിന്റെ പുസ്തകമാണ്. പ്രതിയുടെ വേരുകള്‍ അന്വേഷിച്ചു പോകുന്നിടത്ത് നോവല്‍ മറ്റൊരു തലത്തിലേക്ക് കടക്കുന്നു.
എല്ലായിപ്പോഴും തോളോട് തോള്‍ ചേര്‍ന്നു നീങ്ങണമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നിയമവും നീതിയും എതിര്‍ദിശകളിലേക്ക് സഞ്ചരിക്കുമ്പോള്‍ ഏത് ഭാഗത്ത് ചേരണമെന്ന് തീര്‍ച്ചപ്പെടുത്താനാവാതെ നിസ്സഹായനായി നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മനോസംഘര്‍ഷങ്ങള്‍ കട്ടി കുറയാതെ വരച്ചിടാന്‍ സിബി തോമസ്സിന് സാധിച്ചിട്ടുണ്ട്.
മറവിയുടെ പുകമഞ്ഞിനുള്ളില്‍ വേര്‍തിരിച്ചെടുക്കാനാവാത്ത വിധം അലിഞ്ഞുപോയ പ്രതിയുടെ ബാല്യകാല പരിസരങ്ങളിലേക്ക് ഒട്ടും വഴിതെറ്റാതെ കൃത്യമായി എത്തിച്ചേരുന്നിടത്ത് നെറ്റി ചുളിയാമെങ്കിലും ഇവിടെ യുക്തിയുടെ കട്ടിക്കണ്ണട കൊണ്ട് നോക്കേണ്ടതില്ല.
കാക്കിക്ക് ഉള്ളിലേക്ക് കയറുമ്പോള്‍ മനുഷ്യത്വം ഇറങ്ങിപ്പോകും എന്ന ദുരാരോപണത്തെ ഈ നോവല്‍ നിരുപാധികം മറികടക്കുന്നു. യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടച്ച് തെളിവുകള്‍ മാത്രം അരിച്ചെടുക്കുന്ന ഒരു ടിപ്പിക്കല്‍ ഇന്‍സ്പെക്ടര്‍ അല്ല ഇതിലെ സാബു തോമസ്സ്.

ഇനിയൊരു വരി പോലും എഴുതി ചേര്‍ക്കാനില്ല എന്ന ബോധ്യത്തിലേക്ക് കര്‍ട്ടന്‍ ഇട്ടതുപോലെയാണ് നോവല്‍ അവസാനിക്കുന്നത്. കൈയ്യിലുള്ള കഥയെ അനുയോജ്യമായ സമയത്ത് പ്രധാന പാതയില്‍ നിന്നും ഇടവഴികളിലേക്ക് കടത്തി വിട്ട് വീണ്ടും പ്രധാന പാതയിലേക്ക് തന്നെ തിരിച്ചെത്തിച്ച് വഴി തെറ്റാതെ കൃത്യമായി ലക്ഷ്യത്തില്‍ അവസാനിപ്പിക്കുന്ന ക്രാഫ്റ്റ് തന്നെയാണ് സിബി തോമസ്സിന്റേത്.
കുറ്റസമ്മതം നടത്തിയ ഒരാളുടെ മനസ്സ് പെരുമഴ പെയ്തു തോര്‍ന്നുപോയ മാനം പോലെ തെളിഞ്ഞിരിക്കും. മഴ തോര്‍ന്നാലും മരം പെയ്യുന്നത് പോലെ അത് ചിലത് ബാക്കി വെക്കും. ഈ അവശേഷിപ്പുകളാണ് ചില കൃതികളെ സിനിമയിലേക്ക് പറിച്ചു നടുന്നത്.
ഇന്‍സ്‌പെക്ടര്‍ സാബു തോമസ്സും ഗോപിയും ശ്യാമളയുമെല്ലാം 'കുറ്റസമ്മത'ത്തിന്റെ വരികള്‍ക്കിടയില്‍ നിന്നും ഇറങ്ങി വെള്ളിത്തിരയിലേക്ക് നടന്നു കയറും.
അവര്‍ക്കു നടന്നു തീര്‍ക്കാനുള്ളത് ചെറിയ ദൂരം മാത്രം...
Content Highlights :babu peringeth reviews the book kuttasammatham written by sibi thomas
Published: 04 Feb 2022, 10:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented