ശ്രീകാന്ത് കോട്ടക്കൽ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'അത്രമേൽ അപൂർണ്ണം’ എന്ന പുസ്തകത്തിന് സനുഷ് മനിയേരി എഴുതിയ വായനാനുഭവം. 

To advertise here,

സംഗീതവും യാത്രയും പ്രകൃതിയും ഓർമ്മകളും വായനകളും മൗനവും പ്രണയവും ധ്യാനവും എല്ലാം തെളിമയുള്ള ഭാഷയിലൂടെ വിദഗ്ദമായ കൈയ്യൊതുക്കതോടെ അവതരിപ്പിച്ച, ഹൃദയത്തോട് ചേർത്ത് നിർത്താൻ സാധിക്കുന്ന ഒരു പുസ്തകം.

മല്ലികാർജുൻ മൻസൂറിന്റെ സംഗീതത്തിലൂടെ തുടങ്ങി അനവധി യാത്രകളിലൂടെ പല വിധ ഓർമ്മകളിലൂടെ അസാമാന്യ വായനകളിലൂടെ, ഹൃദയഹാരിയായ പ്രണയത്തിൽ അവസാനിക്കുന്ന (ഇനിയും അവസാനിക്കാത്ത) 28 അധ്യായങ്ങളിലൂടെ 224 പേജുകളിലായി ഒതുക്കിയിട്ടുള്ള കൃതിയാണ് ശ്രീകാന്ത് കോട്ടക്കലിന്റെ 'അത്രമേൽ അപൂർണ്ണം’ .

വായന ഇഷ്ടപ്പെടുന്ന യാത്രകൾ ഇഷ്ടപ്പെടുന്ന ഓർമ്മകൾ ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും മനസ്സും കണ്ണും ഹൃദയവും അറിവും നിറയ്ക്കുന്ന പുസ്തകം.

പലവിധ വായനകളിലൂടെ പുസ്തകം മുന്നോട്ട് പോകുമ്പോൾ അക്ഷരങ്ങളറിയത്ത  കഷ്ടപ്പെടുന്ന മനുഷ്യർക്ക് വേണ്ടി എഴുതുന്ന അബ്ബാസും ഹിംസയെ കലകൊണ്ട് തോൽപിച്ച സൽമാൻ റുഷ്ദിയുമടക്കം നമ്മുടെ മുമ്പിൽ എത്തുന്നതോടൊപ്പം Talking life-Javed Akthar, My father’s brain-Life In The Shadow of Alchzeimer, Chasing the Mansoon, An uncommon love the early life of Sudha and Narayana Murthy എന്നിങ്ങനെയുള്ള പുസ്തകങ്ങളെയും പരിചയപ്പെടുന്നു. വെറുതെ പരിചയപെടുത്തുന്നതല്ല വായിക്കാൻ പ്രചോദനം നൽകുന്ന രീതിയിലാണ് അവതരണം. 

ഏതൊരു വായനക്കാരനും വിഷാദത്തോടെ കൂടിയായിരിക്കും ഭൂമി വിട്ടു പോകുമെന്ന് ശ്രീകാന്ത് കരുതുന്നുണ്ട്. വായിക്കാത്ത പുസ്തകങ്ങളെ കുറിച്ചുള്ള നഷ്ടബോധവും വായിച്ച പുസ്തകങ്ങളും കൂടെ കൂട്ടിയ പുസ്തകങ്ങളും തന്റെ കാലശേഷം എങ്ങോട്ട് പോകുന്നുവെന്ന ആശങ്കയോടും കൂടിയായിരിക്കുമോ ഓരോ വായനക്കാരനും ഭൂമി വിട്ടു പോകുന്നത് എന്നത് ഒരു യാഥാർത്ഥ്യമല്ലേ ?

മഴ, കൊൽക്കത്ത, ശ്രീ രാമകൃഷ്ണ പരമഹംസർ, സത്യജിത്ത് റായ്, എംടി, ആകാശം നക്ഷത്രം, ധ്യാനം എന്നിവ ഒന്നിലധികം അധ്യായങ്ങളിൽ പലപ്പോഴായി കടന്നുവരുന്നുണ്ട്.

വി.ടിയും എം.ടി.യും എസ്.കെയും പത്മരാജനും കോട്ടക്കലിന്റെ ഓർമ്മകളിലൂടെ നമ്മുടെ മുമ്പിൽ നിറഞ്ഞു നിൽക്കുന്നു.

മുംബൈയിലെ തെരുവിൽ നിന്നും പ്രതിഭയുടെ ബലത്തിൽ ഉന്നതിയിലേക്ക് എത്തിയ ജാവേദ് അക്ത്തർ. അദ്ദേഹത്തിൻ്റെ ജീവിത കാലഘങ്ങട്ടങ്ങളിൽ മാതാവിൻ്റെ ആയ അകാല വിയോഗവും പിതാവും ആയുള്ള അഭിപ്രായവ്യത്യാസങ്ങളും ജാവേദിനെ മുംബൈയുടെ തെരുവുകളിൽ എത്തിക്കുന്നതും, സ്റ്റുഡിയോവിൻ്റെ മുറ്റത്ത് മരച്ചുവട്ടിൽ രാത്രിയുറക്കവും, നാടൻ ചാരായ കടകളിലെ അന്തികളും, മദ്യപിച്ചുള്ള കലഹങ്ങളും സാഹിർ ലുധിയാവിയുമായുള്ള ഗുരുശിഷ്യബന്ധവും സലീംഖാനുമായുള്ള പരിചയപ്പെടലുമൊക്കെ വായനക്കാരന് ഒരേ സമയം കൗതുകവും പുത്തനറിവുമായി തീരുന്നു.

ഇന്ന് വായിക്കുന്ന വിവേകാനന്ദ സാഹിത്യം ലഭിക്കാൻ സഹായിച്ച സ്റ്റെനോഗ്രാഫർ ജോസയ്യ ജോൺ ഗുഡ് വിൻ എന്ന ബ്രിട്ടീഷുകാരന്റെ അത്ഭുതകരമായ ജീവിതവും ശ്രീകാന്ത് പറയുന്നുണ്ട്. 27-ാം വയസിൽ ഊട്ടിയിൽ വച്ച് പനി പിടിച്ചു മരിച്ച ഗുഡ് വിൻ്റെ ഊട്ടിയിലുള്ള കല്ലറയിലേക്ക് എത്തുമ്പോൾ ഗുഡ്വിനിലൂടെ വിവേകാനന്ദനും വിവേകാനന്ദനിലൂടെ ഓർമ്മിപ്പിക്കപ്പെടുന്നു എന്ന തിരിച്ചറിവ് വിവേകാനന്ദനും ഗുഡ് വിനും തമ്മിലുള്ള അസാധാരണമായ ജന്മ ബന്ധത്തിൻറെ സൗഹൃദത്തിൻറെ തെളിവായി മാറുന്നു.

ജീവിതത്തിലെ ദുരന്തങ്ങളിൽ ഒന്നായ സ്വകാര്യത നഷ്ടപ്പെട്ടുപോയ മനുഷ്യന്മാരുടെ പ്രതിനിധിയായി മോഹൻലാലിൻറെ മറ്റൊരു മുഖം കാട്ടിത്തരുന്ന ഒരു അധ്യായം ഉണ്ട്. യാത്രയിൽ ഒപ്പം കൊണ്ടുനടക്കാൻ പറ്റാത്ത ഒരാളാണ് താനെന്ന കാര്യം മോഹൻലാൽ വേദനയോട് ചോദിക്കുന്ന ചോദ്യം നമുക്ക് സെലിബ്രിറ്റി ലൈഫിൻ്റെ വേറൊരു യാഥാർത്ഥ്യം കാട്ടിത്തരുന്നു. ആരാലും അറിയപ്പെടാതെ ആൾക്കൂട്ടത്തിലൂടെ സ്വതന്ത്രമായി നടക്കാൻ അവർക്കും ആഗ്രഹമുണ്ടാകില്ലേ?

അസാധാരണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകുന്ന അരുൺ ഷൂരിയുടെ നിശ്ചയദാർഢ്യം ആത്മവിശ്വാസം നമ്മെ തീർച്ചയായും അത്ഭുതപ്പെടുത്തുന്നതാണ്. യാഥാർത്ഥ്യത്തിന്റെ അഗ്നിനിലങ്ങളിൽ കരിയാത്ത മനസ്സുമായി സഞ്ചരിക്കുന്ന അരുൺ ഷൂരിയുടെ ജീവിതം നമുക്കൊരു പാഠമാകേണ്ടതാണ്. സെറിബ്രൽ പാഴ്സി ബാധിച്ച മകനെയും വാഹനാപകടത്തിൽപ്പെട്ട കടുത്ത പാർക്കിൻസൻസ് ബാധിച്ച ഭാര്യയെയും പരിചരിച്ചുകൊണ്ടാണ് ഇന്ത്യയെ ഇളക്കിമറിച്ച ഈ പത്രപ്രവർത്തകൻ ഇന്നും അധികാരങ്ങളോടു പോരാടുന്നതെന്നും ഇത്രയും പുസ്തകങ്ങൾ എഴുതുന്നത് എന്നും അവിശ്വസനീയമായി തോന്നും.

വേദനയോടെ അല്ലാതെ സന്ദീപ് ജഹരിൻ്റെ അച്ഛൻറെ കഥ നമ്മൾക്ക് വായിച്ചു തീർക്കാൻ സാധിക്കില്ല. ആധുനിക മനുഷ്യൻറെ ദീർഘായുസ്സിന്റെ സഹചാരികളായ നീണ്ട വാർദ്ധക്യം ഏകാന്തത പടുയാന എന്നിവയെ കാണിച്ചുതരുന്ന കണ്ണീർ നനവുള്ള കാഴ്ചയായ My Fathers Brain - Life in The Shadows of Alzheimer ഈ അധ്യായത്തിൽ നാം പരിചയപ്പെടുന്നു.

യാത്രയിൽ കടന്നുപോയിട്ടുള്ള മൗനത്തിൻ്റെയും നിശബ്ദതയുടെയും കൊടുമുടി രമണമഹർഷിയുടെ തിരുവണ്ണാമലയാണെന്ന് പറയുന്നുണ്ട്. കൊൽക്കത്തയിലെ ദക്ഷിണേശ്വരം ക്ഷേത്രത്തിലും കുടജാദ്രിയിലും ഗംഗയുടെ ഓളങ്ങളിലും മൗനത്തിൻ്റെ ഹിമാലയങ്ങളിലേക്കെത്തുമ്പോൾ സ്ഥലവും കാലവും ഇല്ലാതായി എല്ലാം ധ്യാനമായി മാറുകയും ആത്മവിൻ്റെ പ്രതിബിംബത്തെ തിരിച്ചറിയുകയും ചെയ്യുന്നു.

''മേരേ സപ്നോം കി റാണി കബ് ആയേംഗേ തു..." എന്ന പ്രസിദ്ധ ഗാനത്തോടൊപ്പം തെളിയുന്ന ദൃശ്യങ്ങളിൽ ഉള്ള ഡാർജിലിങ്ങിൻ്റെ സൗന്ദര്യം ഇന്ന് ആൾക്കൂട്ടങ്ങളാൽ ഞെരിഞ്ഞമർന്നു പോയത് വേദനയോടെ കാണുന്ന പ്രകൃതി സ്നേഹിയെയും, സുഖങ്ങൾക്ക് വേണ്ടി കൊന്നുകളയുന്ന പ്രകൃതി സൗന്ദരങ്ങളെയോർത്ത് ആവലാതിപ്പെടുന്ന മനുഷ്യനെയും എഴുത്തുകാരനിൽ കാണാം.

ആനന്ദത്തിന്റെ ഉദ്യാനമായി മാറിയ ദുർമരണങ്ങളുടെ ശവകല്ലറകൾ സിറാജ് ഉദ് ദൗളയുടെ ജീവിതത്തിലേക്കും പ്ലാസി യുദ്ധകഥയിലേക്കും ചോര കലക്കിയ ഒരു ക്രൂരകാലത്തിലേക്കുള്ള യാത്രയായി മാറുന്നു. തെറ്റായ ചരിത്രത്തിനെതിരെ പോരാടുന്നു എന്ന് കരുതുന്ന സമർപ്പിതയെ പരിചയപ്പെടുമ്പോൾ സങ്കൽപ്പവും പ്രണയവും ഉന്മാദവും ആനന്ദത്തിൻ്റെ ഉദ്യാനത്തിൽ കൂടി കുഴയുന്നു.

തനിച്ചാവുന്ന മനുഷ്യനെ കൂട്ടാവുന്ന പ്രകൃതിയും പുസ്തകങ്ങളുമാണെന്ന് പറയുന്ന ‘എന്റെയാണ് , എന്നാൽ എൻറെയല്ലെൻ്റെയല്ലീ കൊമ്പനാനകൾ,’ എന്ന അധ്യായത്തിൽ വായിച്ച പുസ്തകങ്ങൾ ഒരിക്കൽ കൂടി വായിക്കാൻ മോഹിക്കുന്ന വായിക്കാത്തവയെ ആർത്തിയോടെ വായിക്കാൻ മോഹിക്കുന്ന പുതിയ പുസ്തകങ്ങളെ കൊണ്ടുവരാൻ മോഹിക്കുന്ന ശ്രീകാന്ത് കോട്ടക്കലിനെ നമ്മൾ പരിചയപ്പെടുന്നു. വിദൂര കാലങ്ങളിൽ ഇരുൾ മൂടുമ്പോൾ വെളിച്ചമാവാൻ പുസ്തകങ്ങൾ എഴുത്തുകാരൻ സൂക്ഷിച്ചു വെക്കുന്നു.

വിധിയുടെ ക്രൂര വിളയാട്ടത്തിൽ അസുഖങ്ങളുമായിഏറ്റുമുട്ടി തളർന്നു വീണ ഡോക്ടർ രാധയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചത് എഴുത്തുകാരനിലെ മനുഷ്യസ്നേഹിയും കൂടി ഇടപെട്ടതുകൊണ്ടാണ്. 'ജ്വാലമുഖികൾ രാക്കിളിപ്പാട്ടുകൾ ‘ എന്ന അധ്യായത്തിൽ അതിശക്തരായ സ്ത്രീജന്മങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം ഫെമിനിസത്തിൻ്റെ യഥാർത്ഥ അർത്ഥത്തിലേക്കും വിരൽ ചൂണ്ടുന്നു.

ഒരു കാലത്ത് ചമ്പൽ കൊള്ളക്കാരുടെ രാജാവായ മക്കാൻ സിങിനെ കാണാൻ പോയതും അഭിമുഖ നടത്തിയതും ഇരുട്ട് കനത്തപ്പോൾ വീട്ടിലേക്ക് പോകുന്ന മക്കാൻ സിനിൻ്റെ കണ്ണുകളിലെ ഭീതിയും ഒരധ്യായത്തിൽ കാണാം.

അച്ഛനും മകനും തമ്മിലുള്ള ബന്ധങ്ങളിലെ ആഴവും പരപ്പും വിള്ളലും വേദനയും അടയാളപ്പെടുത്തുന്ന ഹൃദയസ്പർശിയായ അധ്യായമുണ്ടിതിൽ. നാരായണ ദേശായിയുടെ കഥയിലൂടെ ഗാന്ധിജിയും ഹരിലാലും തമ്മിലുള്ള പിതൃ പുത്ര ബന്ധത്തിലെ കണ്ണ് നനയിക്കുന്ന സന്ദർഭങ്ങൾ തിരുത്താനാവാത്ത തെറ്റുകളായി ചരിത്രത്തിൽ ഉറങ്ങി കിടക്കുന്നു.

അങ്ങനെ ഒരുപാട് തീവ്ര അനുഭവങ്ങളുടെയും ഓർമ്മകളുടെയും ഒരു മഴപ്പെയ്ത്താണ് ഈ പുസ്തകം.

പഥേർ പാഞ്ചാലി ഷൂട്ട് ചെയ്ത ബൊറോലിഗ്രാമത്തിലെത്തുന്ന എഴുത്താൾ, ദൈവത്തിന് പുറമേ ഭൂമിയിൽ സൃഷ്ടി നടത്താൻ സാധിച്ചിട്ടുള്ളത് സത്യജിത് റായി ക്കാണെന്നുള്ളതിൻ്റെ പ്രത്യക്ഷ സാക്ഷ്യമായാണ് ബൊറാൽ ഗ്രാമത്തെ അഭിമുഖീകരിക്കുന്നത്.

മൈസൂരിലെ Ramakrishna Institute of Moral and Spiritual Education ൽ ഒരു വർഷം പഠിക്കാൻ സാധിച്ചിട്ടുള്ളതിനാൽ ശ്രീരാമകൃഷ്ണ പരമഹംസരെക്കുറിച്ച് പരാമർശിക്കുന്ന ഹരിചന്ദനം പുരട്ടിയ മന്ദഹാസം തുടങ്ങിയ അധ്യായങ്ങൾ വൈയക്തികമായ ആത്മീയാനുഭവം നൽകുന്നതായിരുന്നു.

കോട്ടക്കലും അവിടത്തെ ദേശാവാസികളുടെ ജീവിതവും ആര്യവൈദ്യശാലയും എംടിയിൽ നിന്ന് ലഭിച്ച നിധിയും ‘ദേശത്തിൻ്റെ കഥ’ എന്ന അധ്യായത്തിലാണുള്ളത്. ജീവിതം വളർന്നു വ്യാപിക്കുമ്പോൾ ദേശം അകന്നു പോകുന്നത് ഒരേ സമയം ആനന്ദിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും ആയ ഓർമ്മകളായി മാറുന്നത് ഒരു ചിത്രത്തിൽ എന്നപോലെ അക്ഷരങ്ങളാൽ വരച്ചുകാട്ടുന്നു.

വടകരക്കടുത്തുള്ള മേപ്പയൂർ എന്ന സ്ഥലത്ത് താമസിക്കുന്ന എഴുത്തുകാരൻ്റെ മഴയിൽ കുതിർന്ന കുട്ടിക്കാലത്തെ പറ്റിയുള്ള വിവരണം കഴിയുമ്പോൾ മഴനനഞ്ഞ ഗൃഹാതുരത വായനക്കാരനെയും പൊതിയുന്നു.

ഡൊമിനിക് ലാപിയറിൻ്റെ city of Joy യെപ്പറ്റിയുള്ള വിശദമായ പരിചയപ്പെടുത്തലും കൊൽക്കത്ത യാത്രയുടെ പശ്ചാത്തലത്തിൽ വിരിഞ്ഞ് വരുന്നു. ഹിംസയെ കല കൊണ്ട് തോൽപ്പിച്ച, ഇപ്പോഴും അതിജീവനത്തിൻ്റെ കലയുമായി മുമ്പോട്ട് പോകുന്ന സൽമാൻ റുഷ്ദിക്കായി ഒരധ്യായം മാറ്റി വെച്ചിട്ടുണ്ട്.

എംടിയുടെ വിടവാങ്ങലിന് ശേഷം താന്നിക്കുന്നിലെത്തിയ എഴുത്തുകാരന് ഇനിയൊരു രണ്ടാമൂഴം സാധ്യമാകാത്ത കാലത്തിന് മുമ്പിൽ നിൽക്കുന്ന താനിക്കുന്നിനെ അഭിമുവീകരിക്കേണ്ടി വരുന്നു.

ശങ്കരാചാര്യരുടെ മേൽപ്പാഴൂർ മനയും ഓർമകളും വായനക്കാർക്ക് വരച്ച് കാണിക്കുന്ന എഴുത്തുകാരന് , ഇന്നത്തെ മനുഷ്യർക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത തരത്തിലുള്ള പീഡനങ്ങളേറ്റ് വാങ്ങിയ എഡ്ഡി ജാക്കുവിൻ്റെ ജീവിതത്തിലൂടെ ഫാസിസ ഭീകരതയും അതിജീവനവും പ്രതിപാദന വിഷയമായി തീരുന്നുണ്ട്.
‘ഇരുഹൃദയങ്ങളിലൊന്നായ് ’ എന്ന അധ്യായമാണ് ഇതിൽ ഏറ്റവും വലിയ അധ്യായം. നാരായണമൂർത്തിയും സുധ കുൽകർണിയും തമ്മിലുള്ള അസാധാരണ പ്രണയവും ജീവിതവിജയവും തീർച്ചയായും വായിക്കേണ്ടതാണ്. സ്വപ്നങ്ങൾ കെട്ടിപ്പടുക്കുന്നവർക്ക് ഇതൊരു പ്രചോദനമായിരിക്കും.

കാലം കടന്നുപോകുമ്പോൾ ഒലിച്ചു പോയ ഓർമ്മകളെയും ഒലിച്ചുപോയേക്കാവുന്ന ഓർമകളെയും, തടുത്തുനിർത്തുന്ന അണക്കെട്ടാണ് ‘അത്രമേൽ അപൂർണ്ണം’.ഇതിൻറെ വായന നമ്മുടെ ജീവിതം എത്രമാത്രം അപൂർണ്ണമാണെന്ന് കൂടി മനസ്സിലാക്കി തരുന്നു.