മാതൃഭൂമി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന ബി. സുജാതാദേവിയുടെ 'മൃണ്മയി' എന്ന കവിതാ സമാഹാരത്തിന് ആത്മാരാമന്‍ എഴുതിയ പഠനത്തിന്റെ ഒരു ഭാഗം വായിക്കാം.  

To advertise here,

എമിലി ഡിക്കിന്‍സന്റെ നിര്‍ദേശപ്രകാരം ചരമശേഷം അവരുടെ സ്വകാര്യകത്തുകള്‍ കത്തിച്ചുകളയാന്‍ തിരഞ്ഞപ്പോഴാണത്രേ അനുജത്തി ലവീനിയ ഡിക്കിന്‍സന്‍ ചേച്ചിയുടെ ആയിരത്തി എഴുനൂറ്റി എഴുപത്തിയഞ്ചു കവിതകള്‍ കണ്ടെത്തിയത്. കവിതകള്‍ കത്തിക്കാന്‍ നിര്‍ദേശമില്ല, അതിനാല്‍ അവ പ്രസിദ്ധീകരിക്കാമെന്നാണ് ലവീനിയ തീരുമാനിച്ചത്. 
അതിലും കവിഞ്ഞ വാഗ്ദാനലംഘനമുണ്ട് ഈ പുസ്തകത്തിന്റെ പിന്നില്‍. തന്റെ തുച്ഛമായ സമ്പത്തിന്റെ ഒരു ഓഹരി കിച്ചുവെന്ന വളര്‍ത്തുപട്ടിക്കും മറ്റൊരു ഓഹരി തെരുവുപട്ടികളുടെ പരിപാലനത്തിന്നും വ്യവസ്ഥ ചെയ്യുന്ന ഒസ്യത്തില്‍ തന്റെ കവിതകളെല്ലാം കത്തിച്ചുകളയണമെന്നും പേരക്കിടാങ്ങള്‍ അതുകണ്ട് രസിക്കട്ടേയെന്നുമാണ് സുജാതട്ടീച്ചറുടെ നിര്‍ദേശം. അതുകൊണ്ട് തന്നേക്കാള്‍ പന്തീരാണ്ടിളപ്പമായ അനുജത്തിയുടെ അപ്രകാശിതരചനകള്‍ ചരമാനന്തരം പ്രസിദ്ധീകരിക്കാമോ എന്നത് ദുഃഖാര്‍ത്തയായ സുഗതച്ചേച്ചിക്ക് സങ്കീര്‍ണമായ ധര്‍മപ്രശ്‌നമായി മാറി. ഒടുക്കം, ലവീനിയയെപ്പോലെ, സുഗതച്ചേച്ചിയും സോദരിയുടെ നിര്‍ദേശത്തെ വിഗണിച്ച്, ആ പ്രകൃഷ്ടരചനകളെ പ്രകാശിപ്പിക്കുവാന്‍ തീരുമാനിക്കുകയാണു ചെയ്തത്.
ലവീനിയയോടും സുഗതച്ചേച്ചിയോടും നന്ദി പറയുക. അല്ലെങ്കില്‍ അലോകസാമാന്യരായ ഈ രണ്ടു കവികളെയും നാം സാകല്യേന അറിയില്ലായിരുന്നു.

സുജാതട്ടീച്ചറുടേതായി ഒരേയൊരു കവിതാസമാഹാരമേയുള്ളൂ. നാല്പത്തിയെട്ടാം വയസ്സില്‍ നിരാഡംബരമായി പ്രസാധനം ചെയ്ത ആ പുസ്തകത്തിന് ടീച്ചര്‍ അസാധാരണമായൊരു പേരാണിട്ടത് - മൃണ്മയി. ഇരുപത്തിയഞ്ചു കവിതകളേയുള്ളൂ അതില്‍. 'ദേവി'യെന്ന പേരിലാണ് ടീച്ചര്‍ മൃണ്മയി പ്രസിദ്ധീകരിച്ചത്. കവിതകളെല്ലാം 'ദേവി'യെന്ന പേരിലും ഗദ്യലേഖനങ്ങളെല്ലാം 'സുജാത'യെന്ന പേരിലും; അതായിരുന്നു ടീച്ചറുടെ മുറ. രണ്ടു പന്തീരാണ്ടുകൂടി ജീവിച്ചു ടീച്ചര്‍. കവിതയെഴുതിപ്പോരികയും ചെയ്തു. എങ്കിലും മിക്കതും ടീച്ചര്‍ പുറത്തുകാട്ടിയില്ല. ('സുജാത നിറയെ കവിതകളെഴുതുന്നുണ്ട്; എന്തു നല്ല കവിതകള്‍! എത്ര പറഞ്ഞിട്ടും പ്രസിദ്ധീകരിക്കാന്‍ കൂട്ടാക്കുന്നില്ല' എന്നു സുഗതച്ചേച്ചി.) ചരമശേഷം ടീച്ചറുടെ നോട്ടുപുസ്തകങ്ങളില്‍നിന്നു കണ്ടെടുത്ത കവിതകളും കൂട്ടിച്ചേര്‍ത്താണ് ഈ സമാഹാരം സംവിധാനം ചെയ്തിരിക്കുന്നത്; മൃണ്മയി എന്ന അതേ പേരില്‍.

എമിലി ഡിക്കിന്‍സന്റെ കവിതകളുടെ പ്രാതഃസംശോധനവും പ്രസിദ്ധീകരണവും ഇന്നും വിവാദജടിലമാണ്. മൃണ്മയിയുടെ സമാഹരണവും ഒട്ടും സുകരമായിരുന്നില്ല. ഒരേ പേരില്‍ പല കവിതകള്‍, ഒരേ കവിതയുടെ പല പാഠങ്ങള്‍, വരികളുടെ ആഭ്യന്തരസ്ഥാനവിചാലനങ്ങള്‍, അസംഖ്യം തിരുത്തുകള്‍, അപ്രചുരപദങ്ങള്‍, നിര്‍ദേശങ്ങളിലെ അവ്യക്തത, ചിഹ്നനത്തിന്റെ അഭാവം- വൈഷമ്യങ്ങള്‍ പലതായിരുന്നു. എല്ലാറ്റിനും മേലേ, കൈപ്പടപ്പുസ്തകങ്ങളെല്ലാം കണ്ടുകിട്ടിയെന്നുറപ്പുമില്ല. അതിനാല്‍ ഈ സമാഹാരത്തിന്ന് ഒട്ടും തികവ് അവകാശപ്പെടുന്നില്ല. 

'കവിത പാലാണ്, സാമൂഹികപ്രതിബദ്ധത ഉപ്പും. ഇവ കൂട്ടിക്കലര്‍ത്തേണ്ടതില്ല' എന്നു ടീച്ചര്‍. അതിനാല്‍ ടീച്ചറുടെ കവിതകളില്‍ ഒട്ടുമിക്കതും ആത്മനിഷ്ഠമായ തീവ്രാനുഭവങ്ങളുടെ പ്രകാശനമാണ്, സത്യത്തില്‍, തീവ്രപ്രണയങ്ങളുടെ പ്രകാശനമാണ്. ജീവിതരതി കുറുക്കിയ മദഭരരസമാണ് ഈ പാല്. സൗവര്‍ണചഷകത്തില്‍ നുരഞ്ഞൊഴുകുന്ന കാകോളമാണത്. 
ശൃംഗാരവാത്സല്യങ്ങള്‍ വേര്‍പിരിയാതവണ്ണം ഇടനെഞ്ഞില്‍ കെട്ടിക്കുരുങ്ങിക്കനത്തത്. അതിനാല്‍,
തുടുത്തുചോന്നൊരു പനിമലരിന്റെ
തുടിച്ചുനില്ക്കുന്നോരിതളിടയിലായ്
പതുക്കെ ഞാനൊന്നു തൊടുത്തുവെക്കട്ടേ
കറുത്തുമിന്നുന്ന മുഴുത്ത മുന്തിരി!

ഈ അനാവരണത്തിന്റെയും പ്രദര്‍ശനോത്സുകതയുടെയും ആത്മരതിയുടെയും പേരില്‍ ഒരു ക്ഷമാപണത്തിനും താന്‍ തയ്യാറല്ല. തീവ്രമായ അനുഭൂതികള്‍. പരിമിതിയില്ലാത്ത വികാരങ്ങള്‍. വിലക്കുകളെയും അതിരുകളെയും കൂട്ടാക്കാത്ത കവിതയാണ് തന്റേത്. 'ഏറെ ചെറുപ്പത്തില്‍ ഉള്ളില്‍ നാഗമുണ്ടെന്നു ഭയന്ന് പാറകൊണ്ടടച്ചുപോന്ന ഗുഹ ഒരു വര്‍ഷതാണ്ഡവത്തില്‍ പാറ തെറിച്ചുപോയി നഗ്നയാക്കപ്പെട്ടു. വെളിച്ചത്തിന്റെ ഒരമ്പ് ഉള്ളിലേക്കു തുളച്ചുകയറിയപ്പോള്‍ ഉറങ്ങിക്കിടന്ന ആ ചൂടില്‍ പൊട്ടിവിരിഞ്ഞ് വെയില്‍ത്താരയിലൂടെ പുറത്തേക്കു പറന്നുപോന്നത് എന്റെ കവിത' എന്നു ടീച്ചര്‍. ആകസ്മികത്വത്തിന്റെ ഈ അനിയന്ത്രിതാവേശമാണ് പല രചനകളെയും തീക്ഷ്ണമാക്കുന്നത്.
പുറത്തു ശീതക്കാറ്റിന്‍ താമസതാളങ്ങളില്‍
അരക്കെട്ടുലഞ്ഞാടും വൃക്ഷദമ്പതികളും
അകത്തു കുഴല്‍പ്പാട്ടിന്‍ മായികചക്രങ്ങളില്‍
കുതിച്ചുപുളഞ്ഞാടും അഗ്നിദമ്പതികളും
ഒത്തുചേര്‍ത്തിണക്കിയ വിഭ്രാന്തലയങ്ങളില്‍
കത്തിനീറിയ രാഗതപ്തമാെമാരു രാത്രി.
കാറ്റൊത്തു കനലൊത്തു പാട്ടൊത്തു പിണഞ്ഞാടി
ചാര്‍ത്തിയൊരേകാന്തതയുരിഞ്ഞെന്‍ ഹൃദന്തവും
മോന്തിയ ചവര്‍പ്പൊക്കെ മധുവാക്കിയ രാത്രി,
ചീന്തിയ മുള്ളും നഖക്ഷതമാക്കിയ രാത്രി.
പ്രണയം, ഭ്രാന്തമാം പ്രണയം. സര്‍വംകഷമായ ഈ ഉദ്ദാമാഭിനിവേശംമൂലം 'കുടിച്ച ഇരുളൊക്കെ കൊതിയേറ്റുന്നു. കുളിച്ച വെയിലൊക്കെ കുളിരാവുന്നു.' സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന പുരുഷകാപടികന്മാര്‍ക്കു താങ്ങാവുന്നതല്ല ഈ സ്ത്രീലോകത്തിന്റെ വൈവിധ്യവും വിസ്തൃതിയും. ആടിയ കാലിനും പാടിയ നാവിനും വേണ്ടേ ഒരതിര്? അതിരുകള്‍ ലംഘിക്കുന്നവര്‍ക്ക് പഴി കേള്‍ക്കാതെ വയ്യ.
ആരോ ചിരിക്കുന്നു, 'ഭ്രാന്തി'യെന്നപ്പുറ-
ത്താരോ ചിനയ്ക്കുന്നുവോ, 'അഴിഞ്ഞാടുവോള്‍.'
ആരാകിലെന്തു നീലക്കടലെന്നുള്ളില്‍
ആടിത്തിമിര്‍ത്തു നുരഞ്ഞുപതയവേ?
ധര്‍മാധര്‍മങ്ങള്‍, ബന്ധങ്ങള്‍, സുരക്ഷ, സ്‌നേഹം, മൂല്യങ്ങള്‍ എന്നുവേണ്ട, സ്വന്തം നിലനില്പുപോലും സത്യത്തിന്റെ മുന്നില്‍ വീണുടയുന്നു. ഓരോ സ്വാതന്ത്ര്യപ്രഖ്യാപനത്തിനും ലോകം വിലയിടുന്നു- ദാമ്പത്യത്തിന്റെ വില, കുടുംബസൗഖ്യത്തിന്റെ വില, മാതൃത്വത്തിന്റെ വില. കൂടിന്നുള്‍ക്കൊള്ളാന്‍ വയ്യാത്തവണ്ണം പുറത്തേക്കു പരന്നുവിരിഞ്ഞ പെരുംചിറകുകളുള്ള പക്ഷിയായിരുന്നു ടീച്ചര്‍.

Content Highlights: Athmaraman Writes an Introductory note on Mrinmayi by Sujathadevi