
'വിലാപ്പുറങ്ങള്‍' ക്കുശേഷം ലിസി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നോവല്‍ അര്‍ത്ഥകാമ എന്‍.കെ ഷീലയുടെ വായനയില്‍.
എഴുത്തുകാരെക്കുറിച്ചുള്ള മുന്നറിവ് എഴുത്തിന്റെ ആസ്വാദനത്തെ ബാധിക്കുമോ?
കദനത്തെ ഹാസ്യത്തില്‍ ചാലിച്ച്, തൃശൂരിന്റെ ദേശപ്പെരുമയ്ക്കകത്ത് പ്രണയത്തിന്റെ ഇതിഹാസമെഴുതിയ വിലാപ്പുറങ്ങളുടെ എഴുത്തുകാരിയാണ് ലിസി. ലിസിയുടെ ഏറ്റവും പുതിയ നോവല്‍ അര്‍ത്ഥകാമ വായിക്കാനെടുത്തപ്പോഴാണ് ഇങ്ങനെയൊരു ചിന്തയില്‍ വീണുപോയത്. ബാങ്ക് ജീവനക്കാരിയായിരുന്ന നോവലിസ്റ്റിന്റെ ബാങ്കിംങ് ഇതിവൃത്തമായ നോവല്‍. നോവലില്‍ വിവരിക്കുന്ന സംഭവങ്ങളോടുള്ള അതിപരിചയം ഭാവനയെ കൂച്ചുവിലങ്ങിട്ട് നിയന്ത്രിക്കുമോ? ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളുടെ ആ കര്‍ഷണീയമായ നടുക്കണ്ടം മാത്രം തേടിപ്പിടിച്ച് 'അക'ത്താക്കുന്നവരെ എങ്ങനെയായിരിക്കും നോവലിസ്റ്റ് ചിത്രീകരിച്ചിരിക്കുക?
പാഠം വായിക്കുന്നതിനു മുന്‍പേ ചോദ്യങ്ങള്‍ വന്നുനിറയുന്ന വലിയ കൗതുകത്തോടെയാണ് മാതൃഭൂമി ബുക്‌സ് സെപ്തംബര്‍ 2024-ന് പ്രകാശനം ചെയ്ത ലിസിയുടെ അര്‍ത്ഥകാമ വായിക്കാന്‍ തുടങ്ങിയത്.
സാമ്പത്തിക കാര്യത്തില്‍ ജാഗ്രതയുണ്ടെങ്കിലും അശാന്തമായ തിടുക്കത്തോടെ മാത്രം പലരും സമീപിക്കുന്ന ബാങ്കിടത്തിന്റെ ഉള്‍പുകച്ചിലുകളിലേക്ക് നോവലിസ്റ്റ് നമ്മെ ആനയിക്കുന്നു. വായിച്ചിരിപ്പിക്കും എന്ന സ്‌നേഹാര്‍ദ്രമായ സംവേദനക്ഷമതയോടെ.
'ആകാംക്ഷ വിട്ടൊഴിയുന്നില്ല, ആധിയും. '
ബൈബിള്‍ വാചകം പോലെ വലിയ മാനങ്ങള്‍ ഒതുക്കുന്ന ഒരു കൊച്ചു വരി. നോവലിലെ നായിക ഹര്‍ഷ വര്‍മ്മയുടെ മാനസികവ്യാപാരം നോവലിസ്റ്റ് ഇങ്ങനെ വരച്ചിടുന്നു.
വായനയില്‍ നമ്മളും അനുഭവിക്കുന്നുണ്ട് ആ ആകാംക്ഷയും ആധിയും
ദാര്‍ശനികതയിലും, നാടോടുന്നവന്റെ നാട്ടുനടപ്പെന്നു പറഞ്ഞൊഴിയാവുന്ന നടുവിലോട്ടത്തിലും പരുവപ്പെടുത്തി കട്ടുനീക്കി വിളമ്പിയിട്ടും മിഴിച്ചുനിന്ന് ആധി പിടിപ്പിക്കുന്നുണ്ട് ബാങ്കിങ് കെണികള്‍. വായനക്കാരന് പൂരിപ്പിക്കാന്‍ ചിന്തിക്കാന്‍, ആധി പിടിച്ച് ജാഗ്രത്താവാന്‍ പിന്നെയും ആകാംക്ഷകള്‍ ബാക്കി. ആവശ്യം വേണ്ടിടത്ത് മാത്രം കടന്നുവരുന്ന ബാങ്കിംങിന്റെ സാങ്കേതിക പദങ്ങളോ ബോംബെയുടെ പശ്ചാത്തലമോ അന്യമായി തോന്നാത്ത വിധം മനുഷ്യമനസ്സുകളുടെ അനന്തമായ വിളയാട്ട വ്യതിയാനങ്ങളില്‍ അമ്പരന്നമരും നമ്മള്‍.
ബാങ്കിംങ് പോലെയുള്ള പരുക്കന്‍ വിഷയത്തിലൂടെ വായനക്കാരെ സാകൂതം നയിക്കാന്‍ നോവലിസ്റ്റ് സ്വീകരിച്ചിട്ടുള്ള തന്ത്രം ഗംഭീരമായിരിക്കുന്നുവെന്ന് വായനയുടെ പലഘട്ടത്തിലും എഴുത്ത് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
''ആരാണു നീ? ഹര്‍ഷ ചോദിച്ചുകൊണ്ടിരുന്നു
എന്നെ പിന്തുടരുന്ന നീ ആരാണ്?''
പ്രതിരോധിക്കാനും പ്രതികരിക്കാനും ശക്തിനേടിയവളുടെ ഹര്‍ഷോന്മാദം. അസ്തിത്വ ചിന്തകളുടെ വിചിത്ര മുഖങ്ങള്‍. മനസ്സിന്റെ, മോഹത്തിന്റെ, യഥാര്‍ത്ഥപ്രണയത്തിന്റെ ടാര്‍ഗെറ്റ് മുട്ടിക്കാനാവാത്തവളുടെ വിഹ്വലതകള്‍ പേറുന്നവള്‍. ലക്ഷ്യമാണ് പ്രധാനം മാര്‍ഗ്ഗമല്ലെന്നു നിശ്ചയിക്കാന്‍ പ്രേരിപ്പിക്കുന്ന പീഡാനുഭവങ്ങളുടെ പരമ്പരകള്‍ കടന്നുവന്നവള്‍ - നോവലിലെ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ക്കിടയില്‍ സൂര്യ ശോഭയോടെയിവള്‍ - ഹര്‍ഷ വര്‍മ്മ.
നോവല്‍ അര്‍ത്ഥകാമയാണെങ്കില്‍ സാം ജോണിനെ എവിടെ തൊടുക്കും?
കടന്നുപോയ കാര്‍ന്നോന്മാരുടെ ചൂടും ചൂരുമായ കൂര്‍ക്കപ്പെരുന്നാള് ആഘോഷിക്കുന്ന കേരള ഗ്രാമത്തില്‍ നിന്ന് തിരക്കില്‍ വേവുന്ന ബോംബെയുടെ നഗരജീവിതത്തിലേക്ക് കടന്നുവന്നവന്‍. ജ്ഞാനത്തിന്റെ മൂന്നാം കണ്ണുള്ളവന്‍. നെറിവുകളാല്‍ നീറ്റപ്പെട്ടവന്‍. നോവലിന്റെ അര്‍ത്ഥകാമയെന്ന പേരില്‍ വിട്ടുകളഞ്ഞ പുരുഷാര്‍ത്ഥങ്ങളെ, ധര്‍മ്മ മോക്ഷങ്ങളെ കയ്യാളുവാന്‍ കരുത്തുള്ളവന്‍ - സാം ജോണ്‍
കിഴക്കന്‍ നക്ഷത്രം നോക്കി വിശുദ്ധ പിറവിയിലേക്കെത്തിയ ബൈബിള്‍ മിത്ത്. നോവലില്‍ ഈ മിത്തോളജിയുടെ സാന്നിധ്യമുണ്ട്. നക്ഷത്രം തേടി യാത്രയാകുന്നവരുണ്ട് നോവലില്‍. അത് നോവലിന് ദാര്‍ശനിക ദീപ്തി പകരുന്നു.
'ഞാനവരെ കണ്ടു... എനിക്കു കൊല്ലേണ്ടി വന്നില്ല. അതിനുമെത്രയോ മുമ്പേ അവര്‍ മരണപ്പെട്ടിരുന്നു... 'അമ്മയെ തേടിനടന്ന ദിനകരന്‍ പറയുന്നു.
ജീവിതത്തിന് റീടെയ്ക്കുകളില്ലെന്ന് ഓര്‍മ്മപ്പെടുത്തുന്ന രുദ്രാദേവിയും കാട്ടികളയപ്പെട്ടവന്റെ നിരാലംബത്വമുറഞ്ഞ് ദാര്‍ശനിക പരിവേഷം കൊള്ളുന്ന ദിനകരനും നോവലിന്റെ സംവേദനക്ഷമതയ്ക്ക് ആക്കം കൂട്ടുന്ന സംഭവങ്ങളുടെ കാര്യകര്‍ത്താക്കളാണ്.
ജീവിതം തേടലാകുന്നവന്റെ കണ്ടെത്തലുകള്‍, ചെയ്തികള്‍ എന്നിവ നോവലില്‍ ചേര്‍ക്കുന്ന മാസ്മരികത - പച്ചമനുഷ്യന്റെ നെറിവ് - ഇവ ആസ്വാദനത്തില്‍ രസം ചേര്‍ക്കുന്നു.
ദേവദാസ് - കാമുകനു ചേരുന്ന കാല്പനിക നാമം. എന്നാല്‍ കാമുകനായിരുന്നുവോ? അതോ പകരക്കാരനോ? സത്യം വായനക്കാരറിഞ്ഞിട്ടും കഥാപാത്രമറിയാത്തതിലുള്ള വിമ്മിട്ടം ദേവദാസിനോടുള്ള സ്‌നേഹാധിക്യമായ് ഭവിക്കും, സാം ജോണിനോടൊപ്പം ഓരോ വായനക്കാരനും. മനുഷ്യനുള്ളിലെ ഉറങ്ങി കിടക്കുന്ന പ്രാകൃതരൂപങ്ങള്‍ പ്രകാശിതമാക്കാന്‍ എഴുത്തിനെ തിരഞ്ഞെടുത്തവന്‍. സത്യം - ശിവം - സുന്ദരം എന്നു വിശേഷിപ്പിക്കപ്പെടുന്ന നായകത്രയത്തിലെ സുന്ദരസങ്കല്പം. നായികയെ അറിഞ്ഞവന്‍. അല്ല, നായികയാല്‍ അറിയപ്പെട്ടവന്‍. കഥയുടെ രഹസ്യക്കുമിളകളെ പൊട്ടിച്ചു വിസ്തരിക്കാന്‍ നോവലിസ്റ്റിനെ സഹായിക്കുന്ന അകത്തെഴുത്തുകാരന്‍. സാത്താന്റെയും ദൈവത്തിന്റെയും പോരാളികളായി പിന്നെയും കഥാപാത്രങ്ങള്‍. അര്‍ത്ഥകാമങ്ങളുടെ പത്മവ്യൂഹത്തില്‍ പെടുന്നവരും പെടുത്തുന്നവരും.
'ഹര്‍ഷയുടെ കൈയില്‍ നിന്ന് ഐഫോണ്‍ ഊര്‍ന്നു താഴെ വീണു. അതെടുക്കാനായി ഹര്‍ഷകുനിഞ്ഞതും വെടി പൊട്ടി. അമ്പരപ്പോടെ തലയുയര്‍ത്തുമ്പോള്‍ കാണുന്നത് ഒരു പക്ഷിയെപ്പോലെ പിടഞ്ഞു വീഴുന്ന പ്രിയംവദയെ.'
തിര നിറയ്ക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പൊട്ടിയതാണെന്ന് അലമുറയിടുന്ന ഗണ്‍മാന്‍.
സാംജോണ്‍ ഓര്‍മിപ്പിക്കുന്നു. ഒരു തിരയൊഴിക്കലും അബദ്ധമല്ല. യാദൃച്ഛികമല്ല. അതിനൊരു കറുത്ത ഭൂതമുണ്ടാകും. ഭാവിയിലെ തുടര്‍ച്ചയെ തടുക്കാന്‍ സാം ജോണിന് കഴിഞ്ഞുവോ? നെറിവും ദര്‍ശനവും കൈമുതലായ ദിനകരന് ഉറ്റമിത്രത്തെ സഹായിക്കാന്‍ കഴിഞ്ഞോ? ദേവദാസിലെ കാല്പനികന്‍ യാഥാര്‍ത്ഥ്യങ്ങളുടെ മുന്നില്‍ ചിതറിത്തെറിച്ചുവോ? സൗഹൃദത്തിന്റെ കരുത്ത് പരഭാഗശോഭയായ് പതിക്കുന്ന മനോഹര രചന. തേന്‍ ചേര്‍ത്ത് അകത്താക്കുന്ന കയ്പുള്ള കഷായം പോലെ നോവല്‍ രസത്തിനകത്ത് ബാങ്കിങ് മേഖലയില്‍ നാം ജാഗരൂകരാകേണ്ട ഇടങ്ങളെ തൊട്ടുകാട്ടി കടന്നുപോകുന്നു. പാരായണക്ഷമത ഈ എഴുത്തുകാരിയുടെ കൈമുതലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു.
Content Highlights: arthakama novel by lissy reviews nk sheela
Published: 23 Sept 2024, 08:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented