
ജി.ആര്‍ ഇന്ദുഗോപന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോവലായ 'സ്‌കാവഞ്ചര്‍' അഞ്ജയ് ദാസ്. എന്‍.ടിയുടെ വായനയില്‍.
അടിമത്ത സമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ? ഇല്ല എന്നായിരിക്കും ഭൂരിഭാഗമാളുകളും ആദ്യം നല്‍കുന്ന ഉത്തരം. എന്നാല്‍ ഈ രീതി പല രൂപത്തിലും ഭാവത്തിലും ഇന്നും നമുക്കിടയിലുണ്ട്. പലപ്പോഴും നാമത് ഒറ്റനോട്ടത്തില്‍ കാണുന്നില്ല എന്നേയുള്ളൂ. ജി.ആര്‍ ഇന്ദുഗോപന്‍ രചിച്ച് 'സ്‌കാവഞ്ചര്‍' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എന്ന നോവല്‍ പറയുന്നത് അത്തരത്തിലൊരു അടിമയെക്കുറിച്ചാണ്.
'സ്‌കാവഞ്ചര്‍' എന്നാല്‍ ഒരു തസ്തികയാണ്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്.ഐ പ്രാണകുമാര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുന്നു. എല്ലാ സാഹചര്യത്തെളിവുകളും നീളുന്നത് മൃഗശാലയിലെ സ്‌കാവഞ്ചറായ പച്ചൈയിലേക്ക്. ഈ കേസിന്റെ ഊരാക്കുരുക്കുകളഴിക്കാന്‍ അച്യുത് എന്ന അന്വേഷണോദ്യോഗസ്ഥന്‍ എത്തുന്നതോടെ നോവല്‍ പിന്നീട് മറ്റൊരു തലത്തിലേക്ക് മാറ്റപ്പെടുന്നു.
ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന ഉദ്വേഗജനകമായ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍. സ്‌കാവഞ്ചറിനെ ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. പക്ഷേ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ത്രില്ലര്‍ എന്ന ചട്ടക്കൂടിനകത്ത് ഒതുക്കിനിര്‍ത്താനാവാത്ത അനുഭവമാക്കി സ്‌കാവഞ്ചറിനെ മാറ്റുന്നത്. പേരില്‍ നിന്ന് തന്നെ തുടങ്ങാം. മൃഗശാലയിലെ മുതലകളടങ്ങുന്ന ജീവികളുടെ മലം കോരുന്നയാളാണ് സ്‌കാവഞ്ചര്‍. എല്ലാത്തരം ജീവിവര്‍ഗങ്ങളുമായും അയാള്‍ക്ക് ഇടപെടേണ്ടിവരുന്നു.
ഇങ്ങനെയൊരു പേര് തന്നെ പുറംലോകത്തിന് അജ്ഞാതമാണ്. മൃഗശാലയില്‍ ഇങ്ങനെയൊരു തസ്തികയുണ്ടെന്ന കാര്യവും അറിയാവുന്നവര്‍ വിരളമായിരിക്കും. നോവലില്‍ ഒരിടത്ത് നായകനായ പച്ചൈ സര്‍ക്കാരിന് ഒരു കത്തെഴുതുന്നുണ്ട്. ഈ തസ്തികയുടെ പേരെങ്കിലും ഒന്ന് മാറ്റണമെന്ന അപേക്ഷയാണ് ഉള്ളടക്കം. കാരണം എന്താണ് ജോലി എന്ന് ചോദിച്ചാല്‍ മറുപടി പറയണം. മറുപടി കേള്‍ക്കുന്നയാള്‍ ആ ജോലി വെച്ച് അയാളുടെ അടിവേര് വരെ തോണ്ടിയെടുക്കും. ആട്ടിയകറ്റും.
പ്രാണകുമാര്‍ കൊലപാതകം ഒരുവഴിക്ക് നീങ്ങുന്നുണ്ടെങ്കിലും എല്ലാ രംഗങ്ങളിലും പച്ചൈ നിറഞ്ഞുനില്‍ക്കുന്നുണ്ട്. വേര്‍തിരിച്ച് നിര്‍ത്തപ്പെടുന്നവനാണെങ്കിലും പോലീസുകാരുമായും മൃഗഡോക്ടറുമായുള്ള സഹവാസംകൊണ്ട് പലകാര്യങ്ങളും പഠിക്കുന്നുണ്ട് പച്ചൈ. ഒരു കേസില്‍പ്പെട്ട് ശിക്ഷയെന്നോണമാണ് മ്യൂസിയത്തിലെ സ്‌കാവഞ്ചര്‍ ജോലി ചെയ്യാന്‍ പച്ചൈ നിര്‍ബന്ധിതനാവുന്നത്. അതവന്റെ ഗതികേടാണ്. തന്നെ കുടുക്കാനുള്ള തുറുപ്പുചീട്ട് പ്രാണകുമാറിന്റെ കയ്യിലുണ്ടെന്ന് പച്ചൈക്ക് അറിയാം. അതിനാല്‍ അവര്‍ പറയുന്ന ജോലി ചെയ്യാതിരിക്കാന്‍ അയാള്‍ക്ക് പറ്റുമായിരുന്നില്ല.

പക്ഷേ കഠിനമായ സ്‌കാവഞ്ചര്‍ ജോലിക്കിടയിലും മൃഗങ്ങളുടെ സ്വഭാവം പഠിക്കാന്‍ പച്ചൈ ശ്രമിക്കുന്നു. വലിയ ആഗ്രഹങ്ങളൊന്നുമുള്ള മനുഷ്യനല്ല പച്ചൈ. ഇഷ്ടമുള്ള പെണ്ണിനൊപ്പം ജീവിക്കാനാണ് അവന്‍ മലത്തിന്റെ ദുര്‍ഗന്ധത്തിനിടയിലും സ്വപ്നം കാണുന്നത്. പിന്നെ നല്ല ഒരു കിടക്കയില്‍ കിടക്കണം. അച്യുതിന്റെ അന്വേഷണത്തിനൊപ്പം അല്ലെങ്കില്‍ അതിന് മുകളിലായാണ് സ്‌കാവഞ്ചര്‍ എന്താണെന്നും ആരാണെന്നും നോവലിസ്റ്റ് പ്രതിഷ്ഠിക്കുന്നത്.
വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെയാണ് നോവലിന്റെ ഒഴുക്ക്. ഇന്ദുഗോപന്റെ മുന്‍സൃഷ്ടിയായ 'വിലായത്ത് ബുദ്ധ'യില്‍ നിന്നും പ്രമേയപരമായും അവതരണപരമായും വ്യത്യസ്തത പുലര്‍ത്തുന്നുണ്ട് സ്‌കാവഞ്ചര്‍. ജയമോഹന്റെ നൂറ് സിംഹാസനങ്ങളിലെ ഐ.എ.എസ് ഉദ്യോഗസ്ഥനും പച്ചൈയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. രണ്ടുപേരും വരുന്നത് ഒരേ പശ്ചാത്തലത്തിലുള്ളവരാണ്. നൂറ് സിംഹാസനങ്ങളിലെ നായകനെപ്പോലെ എല്ലാംകൊണ്ടും അകറ്റിനിര്‍ത്തപ്പെടുന്നുണ്ട് പച്ചൈയും. കണ്ടുമുട്ടുന്നവരെല്ലാം പുച്ഛത്തോടെയും അല്പം അറപ്പോടെയും നോക്കുന്ന അവസ്ഥ. പക്ഷേ പ്രതിസന്ധികളെ പച്ചൈ തരണം ചെയ്യുന്നത് അവന്റേതായ രീതിയിലൂടെയാണ്. അതിന് അവനെ സഹായിക്കുന്നത് കാര്യങ്ങള്‍ പഠിക്കാനുള്ള മിടുക്കും.
താഴേക്കിടയില്‍ നിന്ന് വന്ന് ഐ.എ.എസ് കരസ്ഥമാക്കിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നുപോലും അകറ്റിനിര്‍ത്തപ്പെടുന്ന ഉദ്യോഗസ്ഥന്റെ ദുരവസ്ഥ നേരിട്ട് പറയുകയാണ് 'നൂറ് സിംഹാസനങ്ങളി'ല്‍ ജയമോഹന്‍ ചെയ്തത്. എന്നാല്‍ പച്ചൈ എന്ന സ്‌കാവഞ്ചറുടെ കഥയില്‍ ഉദ്വേഗം നിറയ്ക്കുക വഴി ആസ്വാദനത്തിന്റെ പുതുഭാവത്തിലേക്ക് വായനക്കാരെ നയിക്കുകയാണ് ഇന്ദുഗോപന്‍ ചെയ്തിരിക്കുന്നത്. ഭാവിയില്‍ പച്ചൈയുടെ കഥ വെള്ളിത്തിരയില്‍ കണ്ടാലും അത്ഭുതപ്പെടാനില്ല.
Content Highlights: anjay das n t reviews the novel scavenger written by g r indugopan published by mathrubhumi books
Published: 07 Mar 2022, 02:35 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented