
മഹാഭാരതത്തിലെ വനപര്‍വ്വത്തില്‍ പ്രസ്താവിച്ചിട്ടുള്ള ഒരു കഥയുടെ സ്വതന്ത്രാഖ്യാനമാണ് അഖേദ എന്ന് സാമാന്യമായി പറയാം. മഹാഭാരത്തിലെ അനവധിയായ കഥകളെ എങ്ങനെ വായിക്കുന്നുവെന്നത് വളരെ പ്രധാനമാണ്. വ്യാവര്‍ത്തക സ്വഭാവമുള്ള (Distinctive) ഇതിഹാസകഥകളെ പരഗ്രഹീതമോ സര്‍വ്വാശ്ശേഷിതമോ (Inclusive) ആയ രീതിയില്‍ കാണാന്‍ ശ്രമിക്കുക എന്നതാണ് ആധുനികമായ കാലം ആവശ്യപ്പെടുന്നത്. അത്തരത്തിലുള്ളൊരു കാഴ്ചയാണ് ആഖ്യയികാരൂപത്തിലുള്ള അഖേദയില്‍ സംഭവിക്കുന്നത്.
നോവല്‍ ഏറ്റവും ആധുനികമായ സാഹിത്യരൂപമാണ്. പ്രമേയപരമായും ശില്‍പ്പപരമായും ആഖ്യാനപരമായുമുള്ള പരീക്ഷങ്ങള്‍ എല്ലാ ഭാഷയിലെയും നോവലുകളില്‍ നിരാം തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. അഖേദ ഊര്‍ജ്ജം സംഭരിച്ചിരിക്കുന്നത് നളോപാഖ്യാനത്തില്‍ നിന്നാകുമ്പോഴും ഇവിടെ കാഴ്ചകളെല്ലാം ദമയന്തിയുടെ കണ്ണിലൂടെയാണ്, ഒരു നിലയ്ക്ക് ദമയന്തിയുടെ ആത്മകഥാകഥനം. ഒരു പെണ്ണനുഭവിച്ച നോവും സംഘര്‍ഷവും പറയുകവഴി എല്ലാക്കാലത്തും എല്ലാ നാട്ടിലും സ്ത്രീകള്‍ നേരിടുന്ന ദുരന്തമുഖങ്ങളുടെ വിപുലാഖ്യാനമാണ് അഖേദ.
നളകഥയിലെ നിലപാടുതറയില്‍ നിന്നും വളരെ വിഭിന്നയാണ് അഖേദയിലെ ദമയന്തി. ഈ നോവലിലൂടെ കടന്നുപോകുന്ന ഓരോ നിമിഷത്തിലും ദമയന്തിയെന്ന സ്ത്രീയുടെ കരുത്തും ത്രാണിയും മേധാശക്തിയും പോരാട്ടവീര്യവും നമ്മള്‍ അനുഭവിച്ചറിയും, അവള്‍ എത്രമാത്രം അഖേദയാണെന്നും.പുരുഷകേന്ദ്രിതമായ സമൂഹമായിരുന്നു പ്രാക്തനകാലത്തിലേത്. ആ സമൂഹം നിര്‍മിച്ച കഥകളിലെ ഒരു നായികയായിരുന്നു ദമയന്തിയെന്നറിയണം. എന്നാല്‍ ജീവിതം ഒറ്റക്കാഴ്ചയല്ലല്ലോ. ആ നിലയ്ക്ക് തികച്ചും വേറിട്ട കാഴ്ചയാണ് പ്രിയദര്‍ശനന്‍ അഖേദയിലൂടെ നടത്തുന്നത്. ഇതിഹാസത്തെ പുനര്‍വായന നടത്തുമ്പോള്‍ ശാസ്ത്രസാങ്കേതിക പുരോഗതിയാര്‍ന്ന സമകാലം ആവശ്യപ്പെടുന്ന പുതുവായന, ത്യാജ്യഗ്രാഹ്യ വിവേചനാബുദ്ധിയോടെയുള്ള കഥാസമീപനം, പ്രണയം, സ്വയംവരം, ദാമ്പത്യം, ചൂതുകളി, രാജ്യനഷ്ടം, വനവാസം, വിരഹം എന്നീ അനുഭവസന്ദര്‍ഭങ്ങളെല്ലാം ദമയന്തിയുടെ ദര്‍ശനത്തിലൂടെ വിവരിക്കപ്പെടുന്നു.
കഥാന്ത്യത്തില്‍ നോവലിസ്റ്റ് സൃഷ്ടിച്ചിരിക്കുന്ന ട്വിസ്റ്റാണ് അഖേദയെ ദൃഢതയുള്ള നോവല്‍ ശില്പമാക്കുന്നത്. പരിണാമത്തെ തീര്‍ത്തും ഗുപ്തമാക്കി വച്ചു കൊണ്ടുള്ള ഒരു പരകോടി. അതിനെപ്പറ്റി യഥേഷ്ടം ചിന്തിക്കാനുള്ള സ്വാതന്ത്ര്യം വായനക്കാര്‍ക്ക് വിട്ടുകൊടുക്കുന്ന വിവേകപൂര്‍ണ്ണമായ പര്യവസാനം. കഥയില്‍ അനുവാചകനെ ഭാഗഭാക്കാക്കുന്ന ഈ രീതി ആധുനിക രചനാസങ്കേതവും ശില്പ്തന്ത്രവുമാണ്. ഭാരതീയ സാഹിത്യരചനാപാരമ്പര്യത്തിന്റെ കനപ്പെട്ട ഒന്നായ ധ്വനിവിശേഷം ഓരോ വായനക്കാരനും വ്യത്യസ്ത കാഴ്ച സമ്മാനിക്കുകയെന്നതാണല്ലോ. അഖേദയുടെ അവസാന പുറത്ത് അത് ഗംഭീരമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
ഇതിഹാസങ്ങളില്‍ മാനുഷരോടൊപ്പം അമാനുഷരും ദേവകളും ദൈവങ്ങളുമൊക്കെ കഥാപാത്രങ്ങളായി കടന്നു വരുന്നുണ്ട്. സമകാലത്ത് ശാസ്ത്രീയ യുക്തിബോധവുമായി ഒത്തുപോകുന്ന സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും ആകണമെന്നില്ല അവയൊന്നും. ഇതിഹാസങ്ങളെ പുതുതായി വായിക്കുമ്പോള്‍ അത്തരം സന്ദര്‍ഭങ്ങളെ പ്രതീക പ്രതിരൂപങ്ങളായി മനസ്സിലാക്കേണ്ടതുണ്ട്. എങ്കിലേ സര്‍ഗ്ഗപരമായ വിശ്വാസ്യത (Creative credibiltiy) ഉണ്ടാകൂ. പ്രിയദര്‍ശനന്‍ തന്റെ നോവലില്‍ അത് ബുദ്ധിപൂര്‍വ്വം പാലിച്ചിരിക്കുന്നു. ഇതിഹാസത്തിലെ ഈ കഥാസന്ദര്‍ഭത്തില്‍ പറയുന്ന ദേവന്മാരെയും ദുഷ്ടദേവന്മാരെയും അഖേദയില്‍ പരാമര്‍ശിക്കുന്നില്ല.
യുക്തിഭംഗമില്ലാത്ത ചിത്രീകരണത്തില്‍ കഥകളാല്‍ നിയന്ത്രിക്കപ്പെടുന്ന ജീവിതത്തില്‍ നിന്നു രക്ഷപ്പെട്ട് യഥാര്‍ത്ഥമായ ജീവിതത്തിലൂടെയാണ് ദമയന്തി ഓടുന്നത്. സങ്കല്‍പ്പനത്തിന്റെ ആധാരം മാത്രമായ ഭൗതീകാതീതശക്തികളായ ദേവഗണങ്ങളുടെ വരപരിരക്ഷകളുള്ള ഇതിഹാസ കഥാജീവിതത്തില്‍ നിന്നും യഥാര്‍ത്ഥ മനുഷ്യസ്ത്രീയായി മാറുന്ന ദമയന്തിയെയാണ് നോവലില്‍ നാം കാണുന്നത്. ആ കാഴ്ച ഒന്നാമധ്യായത്തിലെ ആദ്യഖണ്ഡം മുതല്‍ തന്നെ കൃത്യമായി വെളിവാകുന്നുണ്ട്. രാജസഭയ്ക്ക് മുന്നില്‍ വന്ന ആവലാതിക്ക് കേവലം പതിനാറു വയസ്സു മാത്രമുള്ള ദമയന്തി പറയുന്ന അഭിപ്രായം ഉത്തമ ഉദാഹരണമാണ്. ഇവിടം മുതല്‍ ആലോചനയും അവലോകനവും അഭിപ്രായവുമുള്ള പെണ്ണിനെയാണ് അഖേദയിലെ ദമയന്തിയില്‍ ദര്‍ശിക്കാന്‍ തുടങ്ങുന്നത്. സ്വയംവരത്തലേന്ന് ദമയന്തിയുടെ അന്തപുരത്തില്‍ കടന്നുവരുന്ന പ്രച്ഛന്ന വേഷധാരിയായ നളനോട് സുഖദാമ്പത്യത്തിന് ദമയന്തി നല്‍കുന്ന നിര്‍വ്വചനം എത്രമാത്രം ശക്തമാണ്. സ്വാതന്ത്ര്യബോധത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പെണ്‍പെരുമയുടെയും പ്രതീകമായി മാറുന്ന ദമയന്തിയുടെ കാഴ്ചയില്‍ അവസാനിക്കുന്നു അഖേദ. അതാകട്ടെ കണ്ണീരുറിയ കാടകങ്ങളില്‍ നിന്നും മരുപ്പറമ്പു മനസ്സിലേയ്ക്കുള്ള ഒരു പെണ്ണിന്റെ യാത്രയുടെ ഒടുക്കമാണ്.
ദമയന്തിയെന്ന പെണ്‍മനസ്സിന്റെ ചിന്തകളിലൂടെ മാത്രം സഞ്ചരിക്കുന്ന നോവല്‍, വളരെ സൂക്ഷ്മത പുലര്‍ത്തിയില്ലെങ്കില്‍ പാളിപ്പോയേക്കാവുന്ന രചനാസങ്കേതമാണിത്. ഇതിഹാസത്തില്‍ പ്രസ്താവ്യമായ എത്രയോ സംഭവങ്ങള്‍, വ്യക്തികള്‍, എല്ലാം ക്രമബദ്ധതയോടെ കൃത്യമായി അഖ്യാനം ചെയ്യാന്‍ പ്രിയദര്‍ശനന് സാധ്യമായിരിക്കുന്നുവെന്നത് അഭിനന്ദനാര്‍ഹമാണ്.വിഷ്വല്‍ റൈറ്റിങ് അഥവാ കാഴ്ചയെഴുത്തിന്റെ ആശ്ചര്യം വായനക്കാരന് പൂര്‍ണ്ണമായും അനുഭവവേദ്യമാകുന്ന വിധത്തിലാണ് നോവലിന്റെ രചനാസങ്കേതം. രാഷ്ട്രതന്ത്രജ്ഞത, ഭരണകര്‍ത്താവിന്റെ വിവേചനബുദ്ധി തുടങ്ങിയവയെക്കുറിച്ചുള്ള കൃത്യമായ വിചാരങ്ങള്‍ നോവല്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.
പയോഷ്ണി നദി, വഞ്ചുളകപ്പക്ഷി, ആരോമിയെന്ന കുതിര തുടങ്ങിയവ വ്യത്യസ്ത രീതികളില്‍ ജൈവാഖ്യാനങ്ങള്‍ ദമയന്തിയുടെ മനസ്സില്‍ നടത്തുന്നു. അഖേദയിലെ മറ്റൊരു പെണ്‍കരുത്തായ കേശിനി എന്ന സഖി വായനക്കാരെ വല്ലാതങ്ങ് ഇഷ്ടപ്പെടുത്തുന്ന കഥാപാത്രമാണ്. നോവലില്‍ പ്രയോഗിച്ചിരിക്കുന്ന ഭാഷ കാവ്യഭാഷയോടടുക്കുന്ന ശൈലീകൃതമായ ഗദ്യമാണ്, അതാകട്ടെ മനോഹരവുമാണ്. ഇതിഹാസപ്രമേയത്തിന്റെ നല്ല പാരായണാനുഭവം പകരുന്ന,അനേകതരം വായനയ്ക്ക് സാധ്യതയുള്ള പുതിയ ക്രാഫ്റ്റാണ് അഖേദ.
Content Highlights: akheda novel review
Published: 14 Feb 2025, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented