അജയ് പി മങ്ങാട്ടിന്റെ പുതിയ നോവല്‍ ദേഹം ഡോ. സ്വപ്ന സി. കോമ്പത്തിന്റെ വായനയില്‍.
Death is not the greatest loss in life.The greatest loss is what dies inside us while we live.
- Norman Cousins
സ്വന്തം മരണത്തെ ഭയപ്പെടാത്തവരുണ്ടാകുമോ? വളരെ അപൂര്‍വം പേര് മാത്രമേ ഭയപ്പെടാത്തവരായി ഉണ്ടാകൂ. മരണത്തെ ഭയപ്പെടാത്തവര്‍ക്ക് ഒരുപക്ഷേ വധിക്കാനും ഭയമുണ്ടാകില്ല' ഉന്മൂലനം ചെയ്യുക എന്നത് ഔദ്യോഗികമായ കര്ത്തവ്യമായിട്ടുള്ള ധാരാളം പേര് നമ്മുടെ ഇടയിലുണ്ട്. നമ്മുടെ നാട്ടിലെ നീതിയും നിയമവും നടപ്പിലാക്കേണ്ട ചുമതലയുള്ളവരാണവര്. തങ്ങള്‍ ഇല്ലാതാക്കിയവരെപ്പറ്റി തുടര്‍ ചിന്തകളോ ആ കര്‍ത്തവ്യത്തിന്റെ ഓര്‍മ്മകളോ മനസ്സില്‍ ഭാരമായി പേറേണ്ട ആവശ്യം പോലും അവര്‍ക്കില്ല.വ കാരണം അവര്‍ നിര്‍വഹിച്ചത് അവരുടെ ഉത്തരവാദിത്തം മാത്രമാണ് 'അത്തരം ഉദ്യോഗസ്ഥരുടെ ജീവിതത്തിലേക്ക്, അവരെ കീഴ്പ്പെടുത്തുന്ന ഓര്‍മ്മകളിലേക്ക് കടന്നുചെല്ലാനൊരു അവസരമാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച അജയ് പി മങ്ങാട്ടിന്റെ ദേഹം എന്ന നോവല്‍ '
എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് ആയ ഒരു ഓഫീസര്‍ തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പരിചയപ്പെട്ട ജമീല എന്ന സ്ത്രീയുടെ ഓര്‍മ്മകളിലൂടെ നിര്‍ബന്ധിതമായ ഒരു അവധിക്കാലത്തിനും അനിവാര്യമായ മരണത്തിനും കീഴ്പ്പെടുന്നതിന്റെ ചിത്രണമാണ് 'ദേഹം ' 'ഒരു ദിവസം സ്വന്തം വിധിയുടെ പൊരുള്‍ അന്വേഷിച്ചാല്‍ എന്ത് സംഭവിക്കും എന്ന വിചാരത്തില്‍ നിന്ന് ഇതിലെ ഫിക്ഷന്‍ സംഭവിച്ചു' എന്നാണ് ആമുഖത്തില്‍ എഴുത്തുകാരന് അവകാശപ്പെടുന്നത്. ജനനം മുതല്‍ മരണം വരെ മാത്രം ദൈര്‍ഘ്യമുള്ള 'ജീവിതത്തില്‍ ആത്യന്തികമായി മാറ്റമില്ലാതെ നില്ക്കുന്ന ഒന്നേയുള്ളൂ, അത് ദുഃഖം മാത്രമാണ് എന്നാണ് ഇതിലെ പല കഥാപാത്രങ്ങളും ഓര്‍മിപ്പിക്കുന്നത്. ദുഃഖം പല ജീവിതങ്ങളില്‍ പലതരത്തില്‍ വേഷങ്ങളണിയുന്നു എന്ന് മാത്രം എഴുത്തുകാരന് അത് മനുഷ്യന്റെ സഹജസ്വഭാവം എന്ന് വ്യക്തമാക്കുന്നുമുണ്ട്. 'ദുഃഖം ഉള്ളില്‍ നട്ടുവളര്‍ത്തുന്ന ഒരു ജീവിയാണ് മനുഷ്യനെന്ന കാര്യത്തില്‍ സംശയമില്ല' എന്നാണദ്ദേഹം ഒരു ദാര്‍ശനികനെ പോലെ ബോധ്യപ്പെടുത്തുന്നത്.
ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയില്‍ 'രണ്ടുപേരുടെ ഓര്‍മ്മകള്‍' കുടികൊള്ളുന്നത് വ്യത്യസ്തമായ അനുഭവമാണ്. അതൊരു ഉന്മാദകരമായ അനുഭവമായി കൂടെ കൊണ്ടുനടക്കുന്ന നായകന്. ഏകാകികളുടെ ജീവിതത്തെ അതിന്റെ എല്ലാ സ്വാഭാവികതകളോടെയും അനുഭവിപ്പിക്കാനാകുന്നു എന്നതാണ് ഈ നോവലിന്റെ ഏറ്റവും വലിയ സവിശേഷത. അത് ഭക്ഷണമോ, ലൈംഗികതയോ, വായനയോ, സൗഹൃദമോ, പ്രണയമോ, അവരനുഭവിക്കുന്ന ഏകാന്തതയോ എന്തുതന്നെയോ ആയിക്കൊള്ളട്ടെ വളരെ സ്വാഭാവികമായി അവരുടെ ജീവിതത്തിലേക്ക് നമ്മള് എത്തപ്പെടുന്നു. അരവി എന്ന നായകന്, സത്യവേല്‍, തുളസി, ഏകാന്ത ജീവിതം ആഘോഷമാക്കിയ തുളസിയുടെ അമ്മ, യാസീന്‍, അല്‍മ, ജമീല, ചാലി, ജമീലയുടെ കവിയായ ബാപ്പ തുടങ്ങി ഇതിലെ പ്രധാന കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമായ തുരുത്തുകളാണ്.
ഏറ്റവും കഠിനമായ യാഥാര്‍ത്ഥ്യത്തെ, അതിന്റെ ഭീകരതയോടെ അവതരിപ്പിക്കുന്ന എക്സ്പ്രഷനിസ്റ്റ് രചനാസങ്കേതമാണ് ഈ നോവലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നു തോന്നും. സത്യം പറഞ്ഞാല്‍ , ആ ഭീകരതയെ ലാവണ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു എന്നൊരു വ്യതിരിക്തത കൂടി ഈ രചനയ്ക്കുണ്ട്. രണ്ടു പുസ്തകങ്ങളായാണ് നോവല്‍ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം തന്നെ നോവലിനുള്ളില്‍ മറ്റൊരുനോവലും ധാരാളം കവിതകളുമുണ്ട്. നിറയെ വര്‍ണ്ണങ്ങളും ചിത്രങ്ങളും പാട്ടും നൃത്തവും അവയോട് കൂടിക്കുഴഞ്ഞ മരണവും ചേര്‍ന്ന ഒരു കൊളാഷ് നോവലിനോടൊപ്പം കിടപിടിക്കുന്ന ദാര്‍ശനികമായ ചിന്തകള്‍ ചേര്‍ത്തു വെച്ച ഉപസംഹാരവും ഏറെ മനോഹരം.
ഇരയും വേട്ടക്കാരനുമായി ജീവിതം കെട്ടിയാടപ്പെടുന്നവരുടെ നിസ്സഹായതയിലേക്കാണ് അവരുടെ ദേഹത്തിലേക്കും ആത്മാവിലേക്കുമാണ് 'ദേഹം' മിഴി തുറക്കുന്നത്.
Content Highlights: ajay p mangattu novel deham review by dr swapna c kombath
Published: 14 Aug 2024, 11:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented