ജമീലയെയുംകൊണ്ടു ഞാനും സത്യവേലും പോയത് എല്‍ത്തുരുത്ത് എന്ന സ്ഥലത്തേക്കാണ്. നഗരത്തില്‍നിന്നു 50-60 കിലോമീറ്റര്‍ അകലെ സംസ്ഥാന അതിര്‍ത്തിയോടു ചേര്‍ന്ന് വനമേഖലയിലെ തടാകത്തിനു നടുവിലായിരുന്നു എല്‍ത്തുരുത്ത്. അവിടെ പോലീസ് ചോദ്യംചെയ്യല്‍ കേന്ദ്രമായി ഉപയോഗിക്കുന്ന ഒരു കെട്ടിടമുണ്ട്. പൊതുജനത്തിനു പ്രവേശനമില്ലാത്ത ആ തുരുത്തിലെ ഈ കെട്ടിടം തടവുകാരില്ലാത്ത സമയം പോലീസ് ഉദ്യോഗസ്ഥരുടെ വിശ്രമകേന്ദ്രവുമാണ്. അവിടെ ജമീലയെ തടവില്‍ വെക്കാനായിരുന്നു ആദ്യനിര്‍ദ്ദേശം. അവളെ എന്തു ചെയ്യണമെന്ന് പിന്നാലെ അറിയിക്കും. 

To advertise here,

പുലര്‍ച്ചെ നാലു മണിയോടെ ഞങ്ങളുടെ വാഹനം തടാകതീരത്തെത്തി.

ഒരു പോലീസ് ഔട്ട്‌പോസ്റ്റ് അതിനു മുമ്പേ ഞങ്ങള്‍ കടന്നുപോന്നു. വിജനമായ ബോട്ടുജെട്ടിയില്‍ ഞങ്ങള്‍ക്കു പോകാനുള്ള ബോട്ടു സജ്ജമായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്തു നല്ല പരിചയമുള്ള സത്യവേല്‍ കൂടെയുള്ളതിനാല്‍ ഞാന്‍ സ്വസ്ഥനായിരുന്നു. ബോധരഹിതയായ ജമീലയെ ബോട്ടില്‍ കയറ്റാന്‍ നേരം അവളുടെ തടിച്ച ശരീരത്തിന്റെ മാര്‍ദ്ദവവും ഭാരവും ഞാന്‍ അറിഞ്ഞു. രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും അവള്‍ എന്തിനാണ് വാശിയോടെ ചാലിക്കൊപ്പം നിന്നതെന്ന് എനിക്കു മനസ്സിലായില്ല. സത്യവേല്‍ അതിനു പറഞ്ഞ ന്യായം, ഇതാണ്: 'ചില നേരം മനുഷ്യര്‍ക്കു പ്രേമമാണ് ഏറ്റവും വലിയ സമ്പാദ്യം. അതിനുവേണ്ടി ജീവന്‍ കളഞ്ഞാലും കുഴപ്പമില്ലെന്നു വിചാരിക്കും.'

ഞങ്ങള്‍ വന്ന വാഹനം തൊട്ടടുത്ത ഷെഡ്ഡില്‍ കയറ്റിയിട്ടു സത്യവേല്‍ അതിന്റെ വാതിലടച്ചുപൂട്ടി. അവിടെ ഞങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങളടങ്ങിയ രണ്ടു ബാഗുകള്‍ വെച്ചിട്ടുണ്ടായിരുന്നു. അതും അയാള്‍ എടുത്തു ബോട്ടില്‍ വെച്ചു. ജെട്ടിയില്‍ മങ്ങിയ പ്രകാശമുണ്ടായിരുന്നു. അവിടെനിന്നു നോക്കുമ്പോള്‍ തുരുത്തിന്റെ നിഴല്‍ രാത്രിയാകാശത്തിനെതിരേ കാണാം. ബോട്ടില്‍ കയറ്റിയപ്പോള്‍ അവള്‍ ഞരങ്ങുന്നുണ്ടായിരുന്നു. സത്യവേല്‍ ഞങ്ങളുടെ രണ്ടു ബാഗുകള്‍ക്കൊപ്പം അവളുടെ ബാഗും ഹാന്‍ഡ്ബാഗും കൂടി എടുത്തുവെച്ചശേഷം ബോട്ട് സ്റ്റാര്‍ട്ട് ചെയ്തു. രാത്രിയുടെ നിശ്ശബ്ദതയില്‍ അതൊരു ഭയങ്കര ശബ്ദമായി ഉയര്‍ന്നു. ചാരിക്കിടക്കുന്ന ജമീലയെ നോക്കിയിട്ട് നീ അടുത്തിരിക്കൂ എന്നു പറഞ്ഞിട്ടാണു സത്യവേല്‍ ബോട്ട് ഓടിക്കാന്‍ പോയത്. മയക്കം വിട്ടുണര്‍ന്ന് അവള്‍ വെള്ളത്തിലേക്കെങ്ങാനും ചാടിയാല്‍ ഇരട്ടിപ്പണിയാകുമെന്ന് അയാള്‍ ഓര്‍മ്മിപ്പിച്ചു. അവള്‍ മുന്നോട്ടു വീഴാതിരിക്കാന്‍ ഞാന്‍ പിന്നിലൂടെ ചുമലില്‍ പിടിച്ചിരുന്നു. ദീര്‍ഘദീര്‍ഘമായ ശ്വാസോച്ഛ്വാസം ഞാന്‍ അറിഞ്ഞു. അവള്‍ ഉണരുമെങ്കില്‍ അവളെ വീണ്ടും മയക്കിക്കിടത്തേണ്ടിവരും.

ബോട്ടിലെ വിളക്കുകള്‍ അണച്ചാണു ഞങ്ങള്‍ തുരുത്തിലേക്കു പോയത്. സത്യവേല്‍ നേരത്തേയും ഈ കേന്ദ്രത്തില്‍ പോയിട്ടുണ്ട്. അതുകൊണ്ടാവണം അയാളെത്തന്നെ ഇതേല്‍പ്പിച്ചത്. ബോട്ട് കരയ്ക്കടുത്തതും അവളെ ഇനിയും ചുമക്കണമല്ലോയെന്നു ഞാനോര്‍ത്തു.

അവള്‍ ഞരങ്ങാന്‍ തുടങ്ങി. ഞാന്‍ വിളക്കു തെളിച്ച് അവളെ നോക്കി. ഉറക്കുമരുന്നിന്റെ കെട്ടുവിട്ട് അവള്‍ ഉണരാന്‍ പോകുന്നു. അവളുടെ നഗ്നമായ പാദങ്ങള്‍ ഇളകുന്നുണ്ട്. കൈവിരലുകള്‍ വിറയ്ക്കുകയും ചെയ്യുന്നു. മയക്കത്തില്‍ അവള്‍ എന്തോ പറയുന്നു. വിടര്‍ന്ന നെറ്റി, നീണ്ട മൂക്ക്, കരുവാളിച്ച കവിള്‍ത്തടം, നേര്‍ത്തുവിളറിയ ചുണ്ടുകള്‍, മുത്തുമാല പറ്റിക്കിടക്കുന്ന കഴുത്ത്. കാതിലെ ചെറുകമ്മലിലെ മുത്ത് രാത്രിവെളിച്ചത്തില്‍ മിന്നി. സത്യവേല്‍ ബോട്ടടുപ്പിച്ചശേഷം അവിടേക്കു വന്നു. അയാളുടെ കൈകളിലും ചുമലിലും ബാഗുകളുണ്ടായിരുന്നു. അവളെ നീ തോളിലെടുക്കുമോ? അയാള്‍ ചോദിച്ചു. ഞാന്‍ അവളെ വാരിയെടുത്തു. പുലരിയോടടുക്കുന്ന ആ ദിവസത്തിന്റെ ഉറക്കമില്ലായ്മയില്‍ ആ ഉടല്‍ ദേഹത്തേക്കു പറ്റിക്കിടന്നു. ഇരുട്ടിലൂടെ തപ്പിത്തടഞ്ഞ് പതിനഞ്ചു മിനിറ്റിനകം ഞങ്ങള്‍ അവിടെയെത്തി. അവിടെ ഞങ്ങള്‍ക്ക് ആവശ്യമായ എല്ലാം സജ്ജമായിരുന്നു. ഒരു മുറിയിലെത്തിച്ചു കട്ടിലിലേക്കു കിടത്തിയതും അവള്‍ കണ്ണു തുറന്നു. മുറിയിലെ അരണ്ട പ്രകാശത്തില്‍ അവള്‍ ഞങ്ങളെ മാറിമാറിനോക്കി. കുടിക്കാന്‍ വേണമെന്ന് അവള്‍ ആംഗ്യം കാണിച്ചു. ഞാന്‍ കുപ്പിവെള്ളം കൊടുത്തു. അല്‍പ്പം കഴിഞ്ഞതും അവള്‍ 'ചാലിയെവിടെ?' എന്നു ചോദിച്ചു കരയാന്‍ തുടങ്ങി. സത്യവേല്‍ അവളുടെ മുഖത്തടിച്ചു. അതോടെ അവള്‍ക്കു ബോധം പോയി. അവളെ കട്ടിലില്‍ കെട്ടിയിടുന്നതാണു നല്ലത്, ഞാന്‍ പറഞ്ഞു. അടുത്ത മുറിയില്‍നിന്ന് പ്ലാസ്റ്റിക് ചരടുകള്‍ എടുത്തുകൊണ്ടുവന്ന് സത്യവേല്‍ അവളെ കെട്ടിയിട്ടു. ഞാന്‍ മുറി പുറത്തുനിന്നു പൂട്ടി താക്കോല്‍ അയാളെ ഏല്‍പ്പിച്ചു. ഉറക്കക്ഷീണംമൂലം അടുത്ത മുറിയില്‍ ഞാനുറങ്ങാന്‍ പോയി.

സത്യവേല്‍ എന്നെ വിളിച്ചുണര്‍ത്തുമ്പോള്‍ രാവിലെ എട്ടു മണിയായിരുന്നു. കട്ടന്‍ചായ മേശപ്പുറത്തു വെച്ചിട്ട് അയാള്‍ എന്റെ കട്ടിലിലിരുന്നു. 'അവള്‍ക്കു ബോധം വീണിട്ടുണ്ട്,' സത്യവേല്‍ പറഞ്ഞു. ശ്രദ്ധിച്ചപ്പോള്‍ ഇടവിട്ടു ദുര്‍ബ്ബലമായ ഞരക്കം കേള്‍ക്കാം. 'രാവിലെ എണീറ്റു ബഹളംവെച്ചു. ഞാന്‍ ഒന്നു പെരുമാറിയിട്ടുണ്ട്,' അയാള്‍ പറഞ്ഞു. ഞാന്‍ അയാളെ തുറിച്ചുനോക്കി. എനിക്കു ക്ഷീണം മാറുന്നില്ല. 'നീ വേഗം റെഡിയാകൂ. ആദ്യം കടവിലിറങ്ങിയൊന്നു മുങ്ങിയിട്ടു വാ' എന്നു പറഞ്ഞു സത്യവേല്‍ മുറി വിട്ടു പോയിട്ടും ഞാന്‍ കുറച്ചു നേരം കട്ടിലില്‍ത്തന്നെ ഇരുന്നു. ആ പെണ്ണിന്റെ നേര്‍ത്ത ശബ്ദം പിന്നെയും കേട്ടു, അവള്‍ തന്നോടുതന്നെ സംസാരിക്കുകയാണെന്നു തോന്നി. ഇതു വല്ലാത്ത പണിയായിപ്പോയി. ഇതിനു മുമ്പ് ഇങ്ങനെ ഒരു സാഹചര്യമുണ്ടായിട്ടില്ല.

പിന്‍വശത്തെ വാതില്‍ ഒഴിഞ്ഞ ഒരു ഷെഡ്ഡിലേക്കാണ് ഇറങ്ങുന്നത്. അവിടെ ആള്‍പ്പൊക്കത്തില്‍ കാടു വളര്‍ന്നിരിക്കുന്നു. അതിനിടയിലൂടെ തടാകത്തിലെ കടവിലേക്കു കല്ലുപാകിയ ഒറ്റയടിപ്പാത കാണുന്നു. തിങ്ങിയ പുല്ലുകള്‍ ഒരു വടികൊണ്ടു വകഞ്ഞുമാറ്റി ഞാന്‍ നടക്കുന്നു. കിളികളുടെ ഒച്ചകള്‍ ഉയരുന്നുണ്ട്. പുലരിയുടെ കുളിര് അറിയാം. വെള്ളത്തില്‍ മുങ്ങിയുയര്‍ന്ന് നോക്കുമ്പോള്‍ തുരുത്തിന്റെ വക്കില്‍ പനകളുടെ ഇരുണ്ട ദൃശ്യം. സൂര്യപ്രഭ പടര്‍ന്ന ആകാശത്തു തിളങ്ങുന്ന മേഘത്തുണ്ടുകളിലേക്കു നോക്കി അങ്ങനെ കുറച്ചു നേരം വെള്ളത്തില്‍ നില്‍ക്കുന്നു. അപ്പോള്‍ പിന്‍കഴുത്തില്‍ ആരോ കൈ വെച്ചതുപോലെ തോന്നുന്നു. ബലമായി പിടിക്കുകയല്ല, മൃദ്യുവായി, തടവുന്നതുപോലെ. ഞെട്ടിത്തിരിഞ്ഞുനോക്കുമ്പോള്‍ ഒന്നുമില്ല. ആരുമില്ല. ആളൊപ്പം വളര്‍ന്ന പുല്ലുകള്‍ക്കിടയില്‍നിന്ന് തടാകത്തിലേക്കു ചാഞ്ഞ കുറ്റിച്ചെടികളുടെ അറ്റത്ത് ഒരു കൊറ്റി ഇരിപ്പുണ്ട്. വെള്ളത്തിനു കുറുകേ നോക്കിയാല്‍ തുരുത്തിന് അതിരില്‍ വളര്‍ന്നുപൊങ്ങിയ പനമരങ്ങളും. തിളങ്ങുന്ന മേഘപടലങ്ങള്‍ വരുന്നു. ചക്രവാളത്തിലേക്കു ചായുന്നു. അവിടെ കൂടിപ്പിണയുന്നു.

ഞാന്‍ അസ്വസ്ഥനാകുന്നു. പിന്‍കഴുത്തില്‍ വീണ്ടും കോരിത്തരിപ്പോ ഞെട്ടലോ പടര്‍ത്താന്‍ ആ കൈവിരലുകള്‍ ഒരിഞ്ച് അകലത്തു വിറകൊള്ളുന്നതായി തോന്നുന്നു. ആ തോന്നലിന്റെ നടുക്കത്തില്‍ ചുമലുകള്‍ കുടഞ്ഞ് ഞാന്‍ കരയിലേക്കു കയറി. പുല്ലുകള്‍ക്കിടയിലൂടെ വേഗം തിരിച്ചുനടന്നു.
മുന്‍വശം കര്‍ട്ടനിട്ടു മറച്ച തിണ്ണയിലെ പഴയ ഒരു തടിക്കസേരയില്‍ കൈത്തോക്കുമായി സത്യവേല്‍ ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടതും അയാളുടെ കണ്ണുകള്‍ വികസിച്ചു. ആ പെണ്ണിനെ അടച്ചിട്ട മുറിയുടെ വാതില്‍ ഞാന്‍ തുറക്കാന്‍ പോയതും അയാള്‍ അരുതെന്ന് ആംഗ്യം കാട്ടി. ഞാന്‍ അയാളുടെ അടുത്തേക്കു ചെന്നു. എന്താണു പ്രശ്‌നം എന്നു ചോദിച്ചു. അയാള്‍ കുപ്പിവെള്ളം എടുത്തു കുടിച്ചു. ഞാന്‍ കുറച്ചുകൂടി ചായ ഉണ്ടാക്കിയിട്ടുണ്ട്. മുട്ട പുഴുങ്ങിയതും ബ്രെഡ്ഡും ഉണ്ട്. കുറച്ചു നേന്ത്രപ്പഴവും. ആ പെണ്ണിനും എന്തെങ്കിലും കൊടുക്കണം. പക്ഷേ, ഒരു പ്രശ്‌നം, സത്യവേല്‍ ഒന്നു നിര്‍ത്തി എന്റെ നേരേ നോക്കി.

ഞാനുറങ്ങിയ സമയം അയാളും ഉറങ്ങുകയായിരുന്നില്ല എന്ന് എനിക്കു മനസ്സിലായി.

ആ മുറിയിലെ കട്ടിലില്‍ അവളെ ബന്ധിച്ചശേഷം ഞാന്‍ അടുത്ത മുറിയില്‍ കയറിയതേ ഓര്‍മ്മയുള്ളൂ. വേഗം ഉറങ്ങിപ്പോയി. പക്ഷേ, സത്യവേലിന് ഉറങ്ങാനായില്ല. എന്താണ് സംഭവിച്ചതെന്ന് അയാള്‍ പറയാന്‍ തുടങ്ങി: 'എനിക്ക് ഉറക്കം വന്നില്ല. ഞാന്‍ മൂന്നോ നാലോ പെഗ് കഴിച്ചു. തലയ്ക്കു പെരുപ്പായപ്പോള്‍ ഞാന്‍ അവളുടെ മുറിയില്‍ പോയി. പാതിമയക്കത്തില്‍ ആ പെണ്ണു പുലമ്പുകയും ഇടയ്ക്കിടെ തേങ്ങുകയും ചെയ്യുന്നു. ഞാന്‍ തിരിച്ചു നിന്റെ മുറിയില്‍ വന്നു. ആ മുറി നിറയെ കൊതുകുകളായിരുന്നു. ഈ കൊതുകുകള്‍ക്കിടയില്‍ നീ എങ്ങനെയുറങ്ങുന്നു എന്നു ഞാന്‍ അദ്ഭുതപ്പെട്ടു. ബാഗില്‍നിന്ന് ഞാന്‍ കൊതുകുതിരിയെടുത്തു കട്ടിലിനു താഴെ കത്തിച്ചുവെച്ചു. മുറിയിലാകെ കടുമണം നിറഞ്ഞു. ഞാന്‍ ബ്രാണ്ടിക്കുപ്പിയെടുത്തു വാതില്‍ ചാരി പുറത്തേക്കിറങ്ങി.

ഇരുട്ടിന്റെ പല പാളികള്‍ നീണ്ടുപോകുന്ന ഒരു തുറസ്സ് ആ വീടിന്റെ മുന്‍വശത്തു വളര്‍ന്ന കുറ്റിക്കാടുകള്‍ക്കപ്പുറത്തുണ്ട്. അവിടെ അങ്ങിങ്ങായി ചില കുറ്റിമരങ്ങളും മണ്ട പോയ കുറേ തെങ്ങുകളും. ഇരുണ്ട തടാകത്തിനു മീതേ ചക്രവാളത്തിലെ കനം കുറഞ്ഞ ഇരുട്ടിന്റെ ഇളക്കം കാണാം. ബ്രാണ്ടി വീണ്ടും ഉള്ളില്‍ പടര്‍ന്നതും കൊതുകുകളുടെ മൂളക്കം കേള്‍ക്കാതായി. പകരം ആ പെണ്ണിന്റെ ഇടയ്ക്കിടെയുള്ള ഞരക്കം മാത്രം കാതിലേക്ക്, ഉടലിലേക്ക്, ഞരമ്പുകളിലേക്ക് പ്രസരിക്കാന്‍ തുടങ്ങി.

വീണ്ടും ആ മുറിയില്‍ ചെല്ലുമ്പോള്‍ അവളുടെ ഞരക്കം നേര്‍ത്ത് ഇല്ലാതായിരുന്നു. ഞാന്‍ അവളുടെ കവിളില്‍ വിരലമര്‍ത്തി. അവള്‍ മയക്കത്തിലേക്കു പോയിരുന്നു. അവളെ കട്ടിലിനോടു ചേര്‍ത്തുകെട്ടിയ പ്ലാസ്റ്റിക് ചരട് അഴിച്ചു. എന്നിട്ട് അവളെ കൈകളില്‍ വാരിയെടുത്തു പുറത്തേക്കു കൊണ്ടുപോയി. തുരുത്തിലെ ഇരുട്ടിന്റെ കനം എന്നെ ഹരം കൊള്ളിച്ചു. ആ ഇരുട്ടിലേക്ക്, അതിന്റെ തണുപ്പിലേക്ക്, ഈര്‍പ്പത്തിലേക്ക് ആഞ്ഞുകുതിക്കാനായിരുന്നു വെമ്പല്‍.

എന്റെ അരവീ, ആ ഇരുട്ടില്‍ പോകാവുന്നത്ര ദൂരേക്കു ഞാന്‍ അവളെയും ചുമന്നുകൊണ്ടുപോയി. ഒരു തുറസ്സില്‍ മുട്ടൊപ്പം വളര്‍ന്ന പുല്ലുകള്‍ക്കും കളകള്‍ക്കുമിടയില്‍ അവളെ ഇരുകൈകളില്‍ താങ്ങി ഞാന്‍ നിന്നു. ആകാശത്ത് പ്രകാശം ചോര്‍ന്നുപോയ മുറിച്ചന്ദ്രിക പാതിയിരുണ്ട മേഘപടലങ്ങളുടെ നടുവില്‍ കണ്ടു. പുല്ലുകള്‍ക്കു മീതേ അവള്‍ അമര്‍ന്നു. മുഷിഞ്ഞ ഉടുപ്പുകള്‍ കീറിപ്പറിയുമ്പോള്‍, കൈകളും കാലുകളും ചെറുത്തു. തൊണ്ടയില്‍ കുരുങ്ങിയ വലിയ കരച്ചിലുകളുടെ തേങ്ങല്‍ മാത്രം ഉയര്‍ന്നു. ഒരു കാറ്റ്, പുലരിക്കു മുമ്പേയുള്ള നാഴികകളില്‍ വീശുന്ന തണുപ്പുള്ള കാറ്റ് ഉയരാന്‍ തുടങ്ങി. കളകളുടെയും മണ്ണിന്റെയും വെള്ളത്തിന്റെയും ഗന്ധങ്ങളിലൂടെ ആ കാറ്റ് അവളുടെ ഉടലിലെ ചോരയും വിയര്‍പ്പുമായി കൂടിക്കലര്‍ന്ന് എന്റെ സിരകളിലേക്കും കടന്നുപോയി. കിതച്ചും കുരച്ചും ഞാന്‍ പലവട്ടം അടങ്ങവേ പുലരിയുടെ അലകള്‍ ആകാശത്തു തെളിഞ്ഞുതുടങ്ങി. തടാകത്തിലൂടെ വിളക്കു വെച്ച വഞ്ചികള്‍ കടന്നുപോയി. കീറിപ്പറിഞ്ഞ അവളുടെ ഉടുപ്പുകളില്‍ ചുറ്റി അവളെ ഞാന്‍ കുറച്ചു ദൂരം കൈകളില്‍ ഉയര്‍ത്തി തിരികെ നടന്നു. ഇടയ്ക്ക് അവള്‍ കൈയില്‍നിന്നൂര്‍ന്നുപോയി. മുള്‍ച്ചെടികള്‍ക്കിടയിലൂടെ അവളെ ഞാന്‍ വലിച്ചിഴച്ചാണു തിരിച്ചെത്തിച്ചത്. ഇപ്പോഴത്തെ പ്രശ്‌നമെന്തെന്നുവെച്ചാല്‍,' സത്യവേല്‍ എഴുന്നേറ്റ് എന്റെ അടുത്തേക്കു വന്നു, 'അവളാകെ തൂറിമെഴുകിയിരിക്കുകയാണ്. ആ മുറിയിലേക്കു കയറാന്‍ വയ്യ. മോഹന്‍ദാസ് സര്‍ വരുംമുമ്പേ എല്ലാമൊന്നു വൃത്തിയാക്കണം. അരവീ, നീ ഒരു കൈ സഹായിക്കണം. ഞാന്‍ വെള്ളം കോരിക്കൊണ്ടുവരാം.' അയാള്‍ തിണ്ണയിലിരുന്ന രണ്ടു വലിയ ബക്കറ്റുമായി പിന്‍വാതില്‍ തുറന്ന് പുറത്തേക്കു പോയി.

ഞാന്‍ ഭിത്തിയില്‍ ചാരിനിന്നു ആ മുറിയുടെ അടഞ്ഞ വാതിലിലേക്കു നോക്കി.