മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച അജയ് പി മങ്ങാട്ടിന്റെ ദേഹം എന്ന നോവല്‍ ഒ. എസ്. പ്രിയദര്‍ശനന്റെ വായനയില്‍...
അനേകദേഹങ്ങളെ ഓര്‍ത്ത് ഒരു ദേഹം ഭ്രാന്തമായി അലയുന്ന കാഴ്ച. ഏര്‍പ്പെട്ട നിമിഷത്തില്‍ ഒരിക്കല്‍ പോലും തെല്ലും കുറ്റബോധമില്ലാതെ എടുത്ത പ്രവൃത്തി. ഒരു മനുഷ്യനെ വിടാതെ പിന്തുടരുന്ന ത്രസിപ്പിക്കുന്ന അന്തരീക്ഷം. അജയ് പി. മങ്ങാട്ടിന്റെ നോവല്‍ ഒരേ സമയം മനഃശാസ്ത്രവും തത്ത്വശാസ്ത്രവും അഭയത്തിനായുള്ള ഒരു മനുഷ്യന്റെ വിഹ്വലതകളും ശക്തമായ ഭാഷയില്‍ പറഞ്ഞുറപ്പിക്കുന്ന ആഖ്യായികയാണ്.
ഒരു പോലീസ് ഓഫീസര്‍ ഡ്യൂട്ടിയുടെ ഭാഗമായി ചെയ്തുകൂട്ടിയ ക്രൂരതകള്‍ ഏതോ ഒരു നിമിഷത്തില്‍ അയാളിലേയ്ക്ക് അതിശക്തമായി കടന്നുവന്നാക്രമിക്കുന്നു. പിന്നീട് നമ്മള്‍ കാണുന്നത് അരവിയെന്നെ പോലീസ് ഓഫീസറുടെ പാച്ചിലാണ്, അയാളില്‍ വന്നു നിറയുന്ന സ്മൃതികളുടെ ഇരമ്പമാണ്.
അയാളെ വേട്ടയാടുന്ന ഓര്‍മ്മകളില്‍ സിംഹഭാഗവും കൈയാളുന്നത് സ്ത്രീകളാണെന്നത് നോവലിന് വേറിട്ട മാനം നല്‍കുന്നു. ഗുണ്ടാനേതാവിന്റെ കാമുകി ജമീല, തുളസിയെന്ന അയാളുടെ തന്നെ പഴയ കാമുകി - ഇപ്പോള്‍ അവള്‍ ഒരു നോവലിസ്റ്റാണ്. കൂടാതെ, പോലീസ് പിന്‍തുടര്‍ന്നപ്പോള്‍ പുഴയില്‍ ചാടി മരിച്ച ഒരു ചെറുപ്പക്കാരന്‍, അവനെ അനുസ്മരിക്കും വിധം കഥാന്ത്യത്തില്‍ അരവിയുടെ മുന്നിലേയ്ക്ക് കടന്നു വരുന്ന, ഉമ്മയെയും ബാപ്പയെയും പോലീസിന്റെ കപട ഏറ്റുമുട്ടലില്‍ നഷ്ടപ്പെട്ട യാസീന്‍. അരവിയോട് ബന്ധപ്പെട്ട മനുഷ്യരൊക്കെയും വിളമ്പുന്നത് ചോരപൊടിയുന്ന ഓര്‍മ്മകളാണ്.
ജമീലയുടെ ബാപ്പ കവിതകള്‍ എഴുതിയിരുന്നു. അയാള്‍ അതൊരിടത്തും പ്രസിദ്ധീകരിച്ചില്ല. ആ കവിതകള്‍ അയാള്‍ സ്വന്തം ഭാര്യയ്ക്കും മകള്‍ക്കുമായി മാത്രം വായിച്ചു. അവയില്‍ നിറയെ സ്‌നേഹവും ജീവിതസന്ദേഹങ്ങളുമായിരുന്നു. ഒരുപക്ഷേ ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം തേടിയുള്ള ചൊല്ലുകളായിരുന്നു ആ വരികളില്‍ തുളുമ്പിയത്. നോവലില്‍ സജീവമായി ആ കവിതാശകലങ്ങള്‍ നിറയുന്നത് നോവല്‍ തേടുന്ന സത്യം ജീവിതത്തെക്കുറിച്ചുള്ളതായതിനാലാകാം.
ജീവിതമെന്നത് യാദൃച്ഛികതകളുടെ ത്രസിപ്പിക്കലാണെന്ന് ദേഹം നിരന്തരം കാട്ടിത്തരുന്നു. ലവലേശം മനഃസ്താപമോ പുനര്‍വിചിന്തനമോ ഇല്ലാതെ അനവരതം ചെയ്തുകൊണ്ടിരുന്ന നിഷ്ഠൂരതകള്‍, ഏതോ ഒരു നിമിഷത്തില്‍ തികച്ചും അപ്രതീക്ഷിതമായി ഒരാളിനെ വേട്ടയാടാന്‍ തുടങ്ങിയാല്‍! ആ വേട്ടയാടലിനെ പിന്‍പറ്റി നിരവധിയായ സംഘര്‍ഷങ്ങള്‍ അയാളിലേയ്ക്ക് വന്നുമറിയുമെന്നത് മറ്റൊരു കടുത്ത യാഥാര്‍ത്ഥ്യം തന്നെ. അതെ, ജീവിതം നമ്മള്‍ കരുതുംപോലെ എല്ലാക്കാലത്തും സമാന്തര രേഖയല്ല, ഏതു നിമിഷത്തിലും അതിന് ദിശാഭംഗമോ വിച്ഛേദനമോ സംഭവിക്കാം. നോവല്‍ പടര്‍ന്നുകയറുന്നത് ആ ഒരു ഭ്രംശത്തില്‍ നിന്നാണ്.
ദേഹം പറയുന്നത് വളരെ ചെറിയ ഒരു വര്‍ത്തമാന കാലത്തെപ്പറ്റിയാണ്. പക്ഷേ ആ വര്‍ത്തമാനകാലത്തെ ഭരിതമാക്കുന്നത് ഭൂതകാലത്തിന്റെ ഭാരമാണ്. നായകനായ, ഒരുപക്ഷേ ജീവിതത്തില്‍ ഏറ്റവും വില്ലനായ അരവി ചുമക്കുന്നത് ആ ഭൂതകാലത്തിന്റെ കനത്തെയാണ്. നിരന്തര പീഡനങ്ങള്‍ക്കൊടുവില്‍ മരണാസന്നയായ ഒരു യുവതി പറഞ്ഞ ഏറ്റവും ശക്തമായ വാക്യം 'അരവീ ഇനി ഞാന്‍ നീയാണ്' അരവിയുടെ പിന്നാലെ പാഞ്ഞുനടക്കുന്ന ഏറ്റവും മൂര്‍ച്ചയുള്ള ആയുധമാകുമ്പോഴും 'മരണത്തില്‍ ഒരാളും ഓര്‍മ്മകളെ കൊണ്ടുപോകുന്നില്ലല്ലോ. എങ്കില്‍ ആ ഓര്‍മ്മകള്‍ എവിടെയാണു പോകുക' എന്ന് ചിന്തിക്കുന്ന അയാള്‍ നേരിടുന്നത് മരണപ്പെട്ടയാള്‍ അയാളിലേയ്ക്ക് പടര്‍ത്തിവിട്ട ഓര്‍മ്മകളുടെ ഉഷ്ണം തന്നെയാണ്. തുടര്‍ന്ന് ആ ചൂടില്‍ അയാള്‍ വെന്തെരിയുന്ന കാഴ്ച ആഖ്യായികയുടെ ദേഹത്തെ വായനക്കാരനിലേയ്ക്ക് ബദ്ധമാക്കാന്‍ ഉതകുന്നു.
തുളസിയും ജമീലയും രണ്ട് കാലമാണ് - ഭൂതവും വര്‍ത്തമാനവും, അവര്‍ ഇരുവരും വിളമ്പുന്ന സ്മൃതിയും വൈരുദ്ധ്യമുള്ളതാണ്. തുളസിയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ കാമവും അഭിനിവേശവും മുന്നിട്ടു നില്‍ക്കുന്നു, സത്യസന്ധമായ ഒരു അടുപ്പം അപ്പോഴും അയാള്‍ അവളോട് കാട്ടിയില്ല എന്നത് അയാളുടെ സ്വത്വത്തിന്റെ വലിയ സവിശേഷതയാണ്. ജമീല വര്‍ത്തമാനകാലത്തിന്റെ പ്രതിനിധിയായി അയാളില്‍ സജീവമാകുമ്പോള്‍ കാമമോ അഭിനിവേശമോ അവളെക്കുറിച്ച് അയാള്‍ക്ക് ഒട്ടും തന്നെയില്ല. അവളെക്കുറിച്ചുള്ള സ്മൃതികള്‍ ചോരമണമുള്ള, മലീമസമായ, ജീവന്‍വാര്‍ന്നുപോകുന്ന നേരത്തെ ദുര്‍ബ്ബലമായ ഒച്ചയിലും കൂടിയാണ് അയാളെ നടത്തുന്നത്. ആ നിരാലംബമായ ചുറ്റുപാടിലും, കഴുത്തില്‍ ആഴ്ന്നിറങ്ങുന്ന കത്തിയുടെ സഞ്ചാരത്തിനൊപ്പം അവള്‍ പറഞ്ഞ വാക്കുകള്‍ക്കൊപ്പമാണ് അയാളുടെ വര്‍ത്തമാനം ഉഴറുന്നത്.
അവളുടെ അന്ത്യത്തെയും അരവിയുടെ അവസാനത്തെയും ചേര്‍ത്തുവായിക്കേണ്ടതുണ്ട് - സമാനതകളുടെ പ്രഹരം അവിടെ വായനക്കാരന്‍ തീര്‍ച്ചയായും അനുഭവിക്കും. 'അരവീ ഇനി ഞാന്‍ നീയാണ്'എന്ന ജമീലയുടെ അന്ത്യമൊഴി അതിന്റെ ഏറ്റവും ക്രൗര്യമുള്ള അര്‍ത്ഥം നേടുന്നത് വായനക്കാരന് ബോധ്യമാകുന്നത് ആഖ്യായികാന്ത്യത്തിലാണ്. ദേഹം എന്ന നോവലിനെ പ്രതികാര കഥയായി വായിച്ചാല്‍ പ്രതികാരം ചെയ്യുന്നത് ഇരകള്‍ നേരിട്ടല്ല. കാരണം ഇരകള്‍ മൃതിയടഞ്ഞവരാണ്, സ്മൃതിയാണ് പ്രതികാര കര്‍മ്മം നടത്തുന്നത്. ദേഹം എന്ന രചനയെ ഡിറ്റക്ടീവ് നോവലായി കരുതുന്നതും വായിക്കുന്നതും തികച്ചും ബാലിശമാണ്. ദേഹം ഒരു മനഃശാസ്ത്ര നോവലോ മനുഷ്യജീവിതത്തിന്റെ അപ്രതീക്ഷിത തിരിച്ചടികളുടെ യുക്തി തേടലോ ആയതിനാല്‍ത്തന്നെ ഈ ആഖ്യായിക തത്ത്വശാസ്ത്രത്തിന്റെ കണങ്ങളെ ഉള്ളില്‍ ഒളിപ്പിച്ചിരിക്കുന്നു. കര്‍മ്മത്തെയും ഫലത്തെയും തമ്മില്‍ ദൃഢതയോടെ ബന്ധിപ്പിക്കുന്ന ഒരു ചങ്ങല അദൃശ്യമായി നിലയുറപ്പിക്കുന്നത് വായനക്കാരന് ലഭിക്കുന്ന അധികാനുഭവം തന്നെയാണ്.
ഓര്‍മ്മ തലച്ചോറില്‍ മാത്രമല്ല ഒരു തണുത്ത വിരല്‍സ്പര്‍ശമായി പിന്‍കഴുത്തിലും ഇടയ്ക്കിടയ്ക്ക് അനുഭവപ്പെടുന്നത് കെട്ട സ്മൃതികള്‍ക്ക് ചൂടല്ല മറിച്ച് ഭയപ്പെടുത്തുന്ന ശീതമാണെന്ന വിളിച്ചു പറയലാണ്. അരവി ഭാഗഭാക്കായ എല്ലാ ഓപ്പറേഷനുകള്‍ക്കും തണുപ്പിന്റെ, മഞ്ഞിന്റെ അകമ്പടി ഉണ്ടായിരുന്നു. രാവിന്റെ മറയില്‍ മഞ്ഞിന്റെ സാന്നിധ്യത്തില്‍ അയാള്‍ ചെയ്തുകൂട്ടിയ ക്രിയകളുടെ ഓര്‍മ്മകള്‍ ഇന്ന് അയാളെ പിന്‍തുടരുന്നത് തണുത്ത ഒരു തലോടലാകുന്നതില്‍ അദ്ഭുതമില്ല. നോവലിന്റെ പ്രതിപാദ്യവിഷയത്ത ശക്തിയുക്തം അവതരിപ്പിക്കാന്‍ അജയ് പി. മങ്ങാട്ട് പ്രയോഗിച്ചിരിക്കുന്ന ഒട്ടും സങ്കീര്‍ണ്ണമല്ലാത്ത; എന്നാല്‍ മൂര്‍ച്ച ചോരാത്ത ചെറുവിവരണങ്ങള്‍ വായനയുടെ പ്രയാണത്തെ വൈവിധ്യവും ത്രസിപ്പിക്കുന്നതുമാക്കുന്നുണ്ട്.
ദേഹം നമ്മുടെ ആഖ്യായികാ ശില്പമാതൃകകളെ അനുധാവനം ചെയ്യുന്നില്ല, കഥയിലെ നായകന്റെയും വില്ലന്റെയും കുപ്പായം ഒരേസമയം ധരിക്കുന്നവന്‍ വ്യാപരിക്കുന്ന ചിന്തകളുടെ കൂട്ടപ്പൊരിച്ചിലിലൂടെ വളര്‍ന്നുകയറുന്ന നോവല്‍ പാശ്ചാത്യനോവല്‍ സങ്കല്പങ്ങളോട് ചേര്‍ച്ച കാണിക്കുന്നു. സൂസന്നയുടെ ഗ്രന്ഥപ്പുരയില്‍ അജയ് പി. മങ്ങാട്ട് സ്വീകരിച്ച രചനാതന്ത്രത്തിന്റെ വശ്യത മറ്റൊരു വിധത്തില്‍ ദേഹത്തിലും സംവേദനക്ഷമമായി നിലനിര്‍ത്തിയിരിക്കുന്നു.
Content Highlights: ajay p mangattu deham novel review os priyadarsanan mathrubhumi books
Published: 28 Aug 2024, 05:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented