കൊല്ലങ്കോട്: അക്ഷരങ്ങളുടെ ലോകത്ത് ആറുപതിറ്റാണ്ടിലധികം പിന്നിട്ട സാഹിത്യകാരന്‍ ഇയ്യങ്കോട് ശ്രീധരന് 80-ാം പിറന്നാളിന്റെ നിറവ്. കൊല്ലങ്കോടിനടുത്ത് വട്ടേക്കാട്ടെ വസതിയായ 'സാകല്യ'ത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഞായറാഴ്ച ഇയ്യങ്കോട് പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ദിനം അറിയാമായിരുന്ന ശിഷ്യരുള്‍പ്പെടെയുള്ളവര്‍ ആശംസകളുമായി എത്തി. അപ്പോഴും തന്റെ പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ടുള്ള പണിത്തിരക്കില്‍ തന്നെയായിരുന്നു ഇയ്യങ്കോട്.

ഭാര്യ കോമളവല്ലി, മൂത്തമകള്‍ കവിത, മരുമകന്‍ ശ്രീകുമാര്‍, പേരമക്കളായ ശ്രീകാന്ത്, ശ്രുതി, ശ്രീമയി, കോമളവല്ലിയുടെ സഹോദരപുത്രന്‍ ഡോ. വിവേക്, ഭാര്യ ഡോ. സൗമ്യ തുടങ്ങിയ കുടുംബാംഗങ്ങള്‍ പിറന്നാള്‍ ആഘോഷത്തിനെത്തി. ഇളയമകള്‍ സംഗീതയും കുടുംബവും കോഴിക്കോട്ടായിരുന്നതിനാല്‍ അച്ഛനെ രാവിലെ തന്നെ ഫോണില്‍ വിളിച്ച് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.

കണ്ണൂര്‍ ജില്ലയിലെ കല്യാശേരിയില്‍ 1941 ചിങ്ങമാസത്തിലെ അവിട്ടം നക്ഷത്രത്തിലാണ് ഇയ്യങ്കോടിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1959-ല്‍ കലാമണ്ഡലത്തില്‍നിന്ന് കഥകളി ചമയത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. 1961-ല്‍ കൊല്ലങ്കോട് രാജാസ് ഹൈസ്‌കൂളില്‍ അധ്യാപകനായി. ഇവിടെ സഹപ്രവര്‍ത്തകനായുണ്ടായിരുന്ന കവി പി. കുഞ്ഞിരാമന്‍ നായരുടെ സന്തത സഹചാരിയായി മാറുകയും എഴുത്തിന്റെ ലോകത്തേക്ക് കാലെടുത്തുവെക്കുകയും ചെയ്തു. എഴുത്തിന്റെ സപര്യയില്‍ നാളിതുവരെ പുറത്തുവന്നത് അറുപതിലധികം പുസ്തകങ്ങളാണ്.

1981-ല്‍ കവി പി. കുഞ്ഞിരാമന്‍ നായരുടെ സ്മരണാര്‍ഥം കൊല്ലങ്കോട് കേന്ദ്രമായി പി. സ്മാരക കലാകേന്ദ്രം സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. കഴിഞ്ഞ നാല്പതുവര്‍ഷമായി ഈ സ്മാരകത്തിന്റെ സെക്രട്ടറികൂടിയാണ് ഇയ്യങ്കോട്. 88-ല്‍ കലാമണ്ഡലം സെക്രട്ടറിയായിരുന്നപ്പോള്‍ 'കിങ്ലിയര്‍' പോലുള്ള ആട്ടക്കഥകള്‍ ചിട്ടപ്പെടുത്തി വിദേശരാജ്യങ്ങളില്‍ അവതരിപ്പിച്ചു. കേരള സാഹിത്യ അക്കാദമിയും കേരള കലാമണ്ഡലവും സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. കെ.പി. കേശവമേനോന്‍ പുരസ്‌കാരം, കളിയച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ഇയ്യങ്കോടിന് ലഭിച്ചിട്ടുണ്ട്.

Content Highlights: writer Iyyamcode Sreedharan 80th birthday