അക്കിത്തം വാസുദേവൻ ഡി.ലിറ്റ് ഏറ്റുവാങ്ങിയപ്പോൾ.
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല അക്കിത്തത്തിന് ഓണററി ഡോക്ടറേറ്റ് പ്രഖ്യാപിച്ചതറിഞ്ഞപ്പോൾ ഒരു പുഞ്ചിരിയാണ് ആ മുഖത്ത് ആദ്യം വിടർന്നത്. ഡി.ലിറ്റ് ബിരുദം സ്വീകരിക്കാൻ കാത്തുനിൽക്കാതെ അദ്ദേഹം മടങ്ങി. അഛനുവേണ്ടി ഡി.ലിറ്റ് ഏറ്റുവാങ്ങി മകൻ അക്കിത്തം വാസുദേവൻ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ വായിക്കാം.
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല അച്ഛന് നൽകുന്ന ഈ ഡിലിറ്റ് ബിരുദം(സ്ഥാനം) അച്ഛന്റെ മക്കൾക്കെല്ലാവർക്കും വേണ്ടി ഞാൻ സസന്തോഷം ഏറ്റുവാങ്ങുന്നു. എന്നാൽ ഇത് അച്ഛന്റെ മരണശേഷം സ്വീകരിക്കേണ്ടി വന്നല്ലോ എന്ന ദു:ഖം കണ്ണുനിറയ്ക്കുകയും ചെയ്യുന്നു.
മലയാള സർവകലാശാലയുടെ ഈ ബിരുദ പ്രഖ്യാപനം വന്നപ്പോൾ അച്ഛന്റെ മുഖത്ത് ഒരു പുഞ്ചിരിയാണ് ഉണ്ടായത്. കാരണം അച്ഛൻ ഇത്രയൊന്നും പ്രതീക്ഷിച്ചിട്ടേ ഇല്ല എന്നതു തന്നെ. ഉദരരോഗം നിമിത്തം ഇന്റർമീഡിയറ്റിനപ്പുറം ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിഞ്ഞിട്ടില്ല. അറിവു നേടാൻ ഇപ്പോൾ ചെയ്തുവരുന്ന വായനയും എഴുത്തും തുടരുകയേ വേണ്ടൂ എന്ന മുണ്ടശ്ശേരി മാസ്റ്ററുടെ ഉപദേശമാണ് അച്ഛനെ നയിച്ചത്. ഒപ്പം നാലാപ്പാട്ട് നാരായണമേനോന്റെ ജീവിതവും ഉപോൽബലകമായി. അദ്ദേഹം സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം വായിച്ചും എഴുതിയും ഒരു ഡിക്ഷണറിയുടെ സഹായത്താൽ സ്വയം പഠിച്ചും വലുതായ ആളാണല്ലോ.
സ്കൂൾ വിദ്യാഭ്യാസത്തിനു മുമ്പുണ്ടായ വേദം,സംസ്കൃതം, ജ്യോതിഷം,സംഗീതം എന്നീ പഠനങ്ങളായിരുന്നു അച്ഛന്റെ അടിത്തറ.ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ നിർബന്ധത്തിനു വഴങ്ങിയാണ് മുത്തച്ഛൻ അച്ഛനെ സ്കൂളിൽ ചേർത്തിയത്. കോഴിക്കോട്ടും തൃശ്ശൂരുമായി ആകാശവാണിയിൽ ചിലവഴിച്ച ഇരുപത്തൊമ്പത് വർഷങ്ങൾ വിദ്യാഭ്യാസ തട്ടകമായിക്കാണണം. അച്ഛന്റെ ബിരുദമില്ലായ്മ അക്കാലത്ത് പല പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഈ ചിന്തകളെല്ലാമായിരിക്കാം അച്ഛൻ ആ പുഞ്ചിരിയിലൊതുക്കിയത്.

വി.ടി ഭട്ടതിരിപ്പാടും ഇടശ്ശേരി ഗോവിന്ദൻനായരുമായിരുന്നു തന്റെ സർവകലാശാലകൾ എന്ന് അച്ഛൻ പറയാറുണ്ടായിരുന്നു.അവർക്കൊന്നും ലഭിക്കാതെ പോയ ഈ ബിരുദം ഞാൻ അവർക്കുകൂടിയാണ് വാങ്ങുന്നത് എന്നും. വൈകിയാണെങ്കിലും തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല അച്ഛന് നൽകുന്ന ഈ മഹോന്നതബിരുദം എന്റെ എല്ലാ സഹോദരങ്ങൾക്കും കൂടിയായി സന്തോഷാദരപൂർവം ഞാൻ സ്വീകരിക്കുന്നു.
Content Highlights:Speech of Akkitham Vasudevan by receiving D.Lit on behalf of his father late poet Akkitham Achuthan namboothiri
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..