സന്തോഷ് ഏച്ചിക്കാനം | ഫോട്ടോ: അരുൺകുമാർ അരവിന്ദ്
തൃശൂര്‍: എഴുത്തുകാരന്‍ സി.വി.ശ്രീരാമന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ പതിമൂന്നാമത് അയനം സി.വി.ശ്രീരാമന്‍ കഥാപുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'കവണ' എന്ന പുസ്തകത്തിനാണ് പുരസ്കാരം. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വൈശാഖന്‍ ചെയര്‍മാനും ടി.ആര്‍.അജയന്‍, ഡോ.എന്‍.ആര്‍.ഗ്രാമപ്രകാശ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്.
മലയാള കഥാവായനക്കാര്‍ക്ക് നിത്യവിസ്മയസാന്നിദ്ധ്യമാണ് സന്തോഷ് ഏച്ചിക്കാനമെന്ന് ജൂറി അഭിപ്രായപ്പെട്ടു. മുന്‍ഗാമികളും സഹയാത്രികരും ഇല്ലാത്ത ഒരൊറ്റയടിപ്പാതയിലൂടെയാണ് ഈ എഴുത്തുകാരന്റെ ഏകാന്തസഞ്ചാരം. ധിഷണ കൊണ്ടും വൈകാരികത കൊണ്ടും വായിച്ചെടുക്കേണ്ട കവിതയുടെ ശില്‍പഘടനയുള്ള ആഖ്യാനങ്ങളാണ് ഏച്ചിക്കാനത്തിന്റെ കഥകള്‍.
ജനാധിപത്യത്തില്‍ അപ്രസക്തരാവുന്ന ജനവും, തുടരേ തുടരേ നടക്കുന്ന വംശഹത്യയും വര്‍ഗ്ഗീയ പ്രചരണങ്ങളും സാധാരണക്കാരനില്‍ ജനിപ്പിക്കുന്ന ഭയത്തെ ഈ കഥകള്‍ ആലേഖനം ചെയ്യുന്നു. അപരത്വത്തിന്റെ ആഘോഷങ്ങളായി ഉപഭോക്തൃ സമൂഹങ്ങള്‍ പരിണമിക്കുന്ന സമകാലികാവസ്ഥയുടെ പ്രതിഫലനങ്ങളായി അദ്ദേഹത്തിന്റെ കഥകള്‍ വായനക്കാരനു മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്നുവെന്നും ജൂറി വിലയിരുത്തി.
കാസര്‍കോട് സ്വദേശിയായ സന്തോഷ് മലയാളഭാഷയിലും സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. പത്മപ്രഭാ പുരസ്‌കാരം, അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കാരൂര്‍ ജന്മശതാബ്ദി അവാര്‍ഡ്, പ്രവാസി ബഷീര്‍ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, വി.പി. ശിവകുമാര്‍ കേളി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം, തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, കൊല്‍ക്കത്ത ഭാഷാ/സാഹിത്യപരിഷത്ത് അവാര്‍ഡ്, ഡല്‍ഹി കഥാ അവാര്‍ഡ്, ഏറ്റവും മികച്ച കഥയ്ക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് എന്നിങ്ങനെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
നവംബര്‍ റെയ്ന്‍, നിദ്ര, അന്നയും റസൂലും, ബാച്ചിലര്‍ പാര്‍ട്ടി, ഞാന്‍ സ്റ്റീവ് ലോപ്പസ്, ഇടുക്കി ഗോള്‍ഡ്, ചന്ദ്രേട്ടന്‍ എവിടെയാ, എബി, തട്ടാശ്ശേരി കൂട്ടം എന്നീ സിനിമകള്‍ക്കും നിരവധി ടെലിവിഷന്‍ സീരിയലുകള്‍ക്കും തിരക്കഥയെഴുതി. ഒറ്റവാതില്‍, കഥാപാത്രങ്ങളും പങ്കെടുത്തവരും, ഒരു ചിത്രകഥയിലെ നായാട്ടുകാര്‍, കൊമാല, നരനായും പറവയായും, പകല്‍സ്വപ്‌നത്തില്‍ വെയിലുകായാന്‍ വന്ന ഒരു നരി, ശ്വാസം, ബിരിയാണി എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍. ഭാര്യ: ജല്‍സ മേനോന്‍. മകന്‍: മഹാദേവന്‍.
Content Highlights: santhosh echikkanam ayanam cv sreeraman award mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..