
കോഴിക്കോട്: വടക്കൻ മലബാറിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് കളരിപ്പയറ്റ്. ഇങ്ങോട്ട് കിട്ടിയാൽ തിരിച്ച് കൊടുക്കണമെന്നതാണ് അതിൻ്റെ അടിസ്ഥാന നയം. അതേ വീറോടെയും വാശിയോടെയും വടക്കൻ മലബാറുകാർ നെഞ്ചേറ്റിയ മറ്റൊരു പയറ്റുകൂടിയുണ്ട്, പണം പയറ്റ്. ഒരു ദിവസം പട്ടിണി കിടന്നാലും പണം തന്ന് സഹായിച്ചവർക്ക് അത് തിരച്ചു കൊടുക്കണമെന്ന കാർക്കശ്യമാണ് ആ പേര് വന്നതിന് പിന്നിൽ. ഇപ്പോഴിതാ പുസ്തകപ്പയറ്റിലൂടെ പുതിയൊരു ഉശിരൻ പയറ്റിന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ് മേപ്പയ്യൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ.
കഴിഞ്ഞ ദിവസം സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് പുസ്തക പയറ്റ് നടന്നത്. സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റും സ്‌കൂൾ ലൈബ്രറിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കോലായ വായനാവേദിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾക്ക് ഒഴിവ് സമയത്ത് ഒത്തുകൂടാൻ ഒരു തനതിട നിർമ്മാണവും സ്‌കൂൾ ലൈബ്രറി വിപുലീകരണവും ലക്ഷ്യമിട്ടാണ് 'പുസ്തക പയറ്റ് ' എന്ന പേരിൽ പരിപാടി ആവിഷ്ക്കരിച്ചതെന്ന് സ്കൂൾ സ്റ്റാഫ് സെക്രട്ടറി എ. സുഭാഷ് കുമാർ പറഞ്ഞു.
പണം പയറ്റിന്റെ ഗൃഹാതുര ഓർമ്മയിലും അതേ വീറോടെയും വാശിയോടെയും അറിവിനായി എല്ലാവരും ഒന്നുചേരണമെന്ന ആശയത്തിലുമാണ് 'പുസ്തക പയറ്റ് ' എന്ന പേര് തന്നെ ഇതിനായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. വരുന്നവർ തങ്ങളെ കൊണ്ടാവുംവിധം പുസ്തകങ്ങൾ സമ്മാനിക്കുക - അതാണ് പരിപാടിയിലൂടെ ഉദ്ദേശിച്ചത്. പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല, കത്തടിച്ചു. അധ്യാപകരും, എൻ.എസ്.എസ്. വളണ്ടിയർമാരും ചേർന്ന് ആളുകളെ ക്ഷണിച്ചു. ചായയും പലഹാരവും ഒരുക്കി.
പുസ്തകങ്ങളുമായി എത്തിയവർ ചായയും പലഹാരവും കഴിച്ച് സൗഹൃദം ഊട്ടി ഉറപ്പിച്ചാണ് മടങ്ങിയത്. ചിലർ പുസ്തകങ്ങൾ വാങ്ങാനുള്ള പണമാണ് നൽകിയത്. പണം പയറ്റ് നടത്തിയിരുന്ന പഴയ ഇടങ്ങളുടെ ഗൃഹാതുര സ്മരണയിൽ സ്‌കൂൾഗേറ്റ് മുതൽ ഓഡിറ്റോറിയം വരെ ഈന്തോലപ്പട്ട കൊണ്ട് അലങ്കരിച്ച് പുസ്തകപ്പയറ്റിന്റെ ബോർഡുകളും സ്ഥാപിച്ചിരുന്നു കുട്ടികൾ. 350-ഓളം പുസ്തകങ്ങളാണ് പയറ്റിലൂടെ സ്കൂളിന് ലഭിച്ചത്.
എന്താണ് പണം പയറ്റ്?
നാട്ടിൻപുറങ്ങളിൽ ഒരു കാലത്ത് സജീവമായിരുന്ന ഒരു പരസ്പര സഹായ കൂട്ടായ്മയുടെ ശ്രദ്ധേയ മാതൃകയായിരുന്നു പണം പയറ്റ്. കല്ല്യാണത്തിന്, സ്ഥലം വാങ്ങാൻ, വീട് വെയ്ക്കാൻ, എന്തിന് പെട്ടെന്നൊരു ആശുപത്രി കേസ് വന്നാൽ പോലും പണം പയറ്റ് വെയ്ക്കും. ചെറിയ ചായ സത്കാരവും മറ്റുമുണ്ടാവും. ക്ഷണിക്കപ്പെട്ടവർ അവിടെയെത്തി പണം നൽകും. എന്തു വന്നാലും പയറ്റുവെച്ചയാൾ നമുക്ക് തന്ന പണം തിരിച്ച് നൽകണമെന്നത് ഒരു മൂല്യബോധത്തിൻ്റെ പ്രശ്നമായാണ് അന്ന് കരുതിയിരുന്നതെന്ന് സുഭാഷ് കുമാർ പറയുന്നു.
നമ്മുടെ വീട്ടിലൊരു മരണം നടന്നാലും കൊടുക്കാനുള്ള പണം പയറ്റ് നടക്കുന്നിടത്ത് എത്തിയിരിക്കണമെന്നാണ് അക്കാലത്തൊക്കെ പറഞ്ഞു കേട്ടിരുന്നത്. നൂറാണ് തന്നതെങ്കിൽ കുറച്ച് കൂട്ടിയാണ് തിരിച്ച് കൊടുക്കുക. ഇനി അതിന് പറ്റിയില്ലെങ്കിൽ നൂറ് രൂപ തന്നെ തിരിച്ച് നൽകി പയറ്റ് മുറിക്കണം. അതാണ് രീതി. രണ്ട് വർഷം കൂടുമ്പോൾ ഒരാൾക്ക് പയറ്റ് നടത്താമെന്നതായി അന്നത്തെ നാട്ടുനടപ്പ്. പിന്നീട് വിവിധ ഘടകങ്ങളുടെ സ്വാധീനത്തിൽ 2000 കഴിഞ്ഞപ്പോഴേക്കും പണം പയറ്റ് പതുക്കെ ' നാടുനീങ്ങി'. എന്നാൽ 2010-ന് ശേഷം വാട്സാപ്പ് കൂട്ടായ്മകളിലൂടെ പണം പയറ്റ് പുതിയ രൂപത്തിൽ ഇപ്പോഴും സജീവമാണ്.
Content Highlights: Meppayyur GVHSS innovates with `Book Payatt
Published: 28 Nov 2024, 04:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented