കാക്കനാട്: ചുരുങ്ങിയ കാലംകൊണ്ട് അക്ഷരപ്രേമികളുടെ ഹൃദയത്തിൽ ഇടംപിടിച്ച കാക്കനാട് മാതൃഭൂമി ബുക്സ്റ്റോറിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം. സിവിൽലൈൻ ബൈപ്പാസ് റോഡിലുള്ള ബുക്സ്റ്റോറിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ എൻ.എസ്. മാധവനും നടൻ ഇന്ദ്രൻസും ചേർന്ന് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

To advertise here,

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മാതൃഭൂമി ബുക്‌സ് നൽകിയ സംഭാവനകളെ എൻ.എസ്. മാധവൻ അനുസ്മരിച്ചു. 'ഞങ്ങളൊക്കെ വളർന്നതു തന്നെ മാതൃഭൂമി പുസ്തകങ്ങൾ വായിച്ചുകൊണ്ടാണ്. കുട്ടികൃഷ്ണമാരാരുടെ കാളിദാസകൃതികളുടെ വ്യാഖ്യാനങ്ങളും സഞ്ജയന്റെ എട്ടു വോളിയം വരുന്ന ലേഖനങ്ങളും മലയാള ശൈലിയുമെല്ലാം മലയാള ഭാഷയ്ക്ക് നൽകിയ വലിയ കരുത്താണ്'- അദ്ദേഹം പറഞ്ഞു.

വായനയാണ് മനുഷ്യനെ വളർത്തുന്നതെന്ന് നടൻ ഇന്ദ്രൻസ് പറഞ്ഞു. 'സിനിമാ പരസ്യങ്ങൾ നോക്കിത്തുടങ്ങിയ ശീലം പിന്നീട് വലിയ പുസ്തകങ്ങളുടെ വായനയിലേക്ക് നയിച്ചു. ഇന്ന് ഇത്രയും പുസ്തകങ്ങളുടെ നടുവിൽ നിൽക്കാൻ കഴിയുന്നത് വലിയ അഭിമാനമാണ്. വായനയിലൂടെ മാത്രമേ ഇനി നമുക്ക് രക്ഷയുള്ളൂ എന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്- ഇന്ദ്രൻസ് പറഞ്ഞു.

തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്. സുജിത്ത്, സിനിമാതാരം മാലാ പാർവതി, എഴുത്തുകാരായ രഘുനാഥ് പാലേരി, പി.എഫ്. മാത്യൂസ്, വി.എം. ഗിരിജ, എൻ.ഇ. സുധീർ, മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, കൊച്ചി യൂണിറ്റ് മാനേജർ ഐശ്വര്യാ ദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മേയ് 10 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

വായനക്കാർക്കായി വൻ ഓഫർ
3+1 ഓഫർ: മേയ് 10 വരെ മൂന്ന് പുസ്തകങ്ങൾ വാങ്ങുമ്പോൾ ഒന്ന് സൗജന്യമായി ലഭിക്കും. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ ആകെ 10,000 രൂപയുടെ പുസ്തകങ്ങൾ വായനക്കാർക്ക് സമ്മാനമായും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 8138904214. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് ബുക്സ്റ്റോറിന്റെ പ്രവർത്തനം.