വളരെ സന്തോഷത്തോടെയും അല്‍പം ദുഃഖത്തോടെയുമാണ് ഈ പുസ്തകം പ്രകാശനം ചെയ്യുന്നതെന്ന് എം.ടി വാസുദേവന്‍ നായരുടെ ജീവചരിത്രം പ്രകാശനം ചെയ്ത എം.മുകുന്ദന്‍. പലതവണ തുഞ്ചന്‍ പറമ്പില്‍ വന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് എം.ടിയില്ലാത്ത തുഞ്ചന്‍ പറമ്പില്‍ വരുന്നതെന്നും ആ വിയോഗം ഓര്‍ക്കുമ്പോള്‍ തന്റെ കാലുകള്‍ ഇടറുന്നുവെന്നും മുകുന്ദന്‍ പറഞ്ഞു. എം.ടിയുടെ തണലില്‍ വളര്‍ന്ന ഒരെഴുത്തുകാരനാണ് ഞാന്‍. എല്ലാം തന്നെ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്ന് എം.ടി പറയാറുണ്ടായിരുന്നു. ഈ ജീവചരിത്ര പ്രകാശനവും അതായിരിക്കാം - അദ്ദേഹം പറഞ്ഞു. എം.ടിയുടെ 92-ാം ജന്മദിനത്തില്‍ തുഞ്ചന്‍പറമ്പില്‍ വെച്ച് എം.മുകുന്ദന്‍ ആര്‍ രാജശ്രീയ്ക്കു നല്‍കിയാണ് ഡോ. കെ. ശ്രീകുമാര്‍ രചിച്ച ജീവചരിത്രം പ്രകാശനം ചെയ്തത്. 

To advertise here,

'ആറു പതിറ്റാണ്ടുകള്‍ക്കു മുമ്പ് അദ്ദേഹം എന്നെ ചേര്‍ത്തുപിടിച്ചു. അദ്ദേഹത്തോട് സംസാരിക്കാന്‍ ഭയന്നു നിന്ന വേളയിലായിരുന്നു അത്. പിന്നീട് ഒരിക്കല്‍ക്കൂടി അദ്ദേഹം ചേര്‍ത്തുപിടിച്ചത് എനിക്ക് മാതൃഭൂമി പുരസ്‌കാരം ലഭിച്ച വേളയിലായിരുന്നു. നിശബ്ദമായിരുന്നു ഞങ്ങള്‍ തമ്മിലുള്ള സംഭാഷണം. ഒരിക്കല്‍ക്കൂടി എം.ടി എന്നെ ചേര്‍ത്തുപിടിക്കുന്നതുപോലെ തോന്നിയത് ഈ ജീവചരിത്രം തൊട്ടപ്പോഴാണ്. സങ്കീര്‍ണതകളും വൈരുദ്ധ്യങ്ങളും എല്ലാ വലിയ എഴുത്തുകാരിലുമുണ്ട്. അത് എം.ടിയിലുമുണ്ട്. അതു കണ്ടെത്താനുള്ള ശ്രമമാണ് ഈ ജീവചരിത്രം. എം.ടിയെക്കുറിച്ചുള്ള ഒരു പാട് പുസ്തകങ്ങള്‍ ഇപ്പോള്‍ ഉണ്ട്. അതൊരു പ്രവണതയാണ്. പലയിടങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ കോര്‍ത്തതാണ് അത്. ആയിരത്തോളം പേജുള്ള ഈ പുസ്തകം എനിക്ക് കൊണ്ടുനടക്കാനാവില്ല അത് എം.ടിയുടെ കനമാണ്.

നമ്മള്‍ വിചാരിക്കാത്ത ദിശയിലേക്ക് ആകസ്മികമായി നടക്കുന്നയാളാണ് എം.ടി. നമ്മള്‍ കരുതുന്നതുപോലെയല്ല എം.ടി. ഏകാകിയായിരിക്കാം, മൗനിയായിരിക്കാം പക്ഷെ തികഞ്ഞ സാമൂഹിക ബോധം ഉണ്ടായിരുന്നു. അവസാന നാളുകളില്‍ പങ്കെടുത്ത പരിപാടിയില്‍ രാഷ്ട്രീയ അവസ്ഥയെ പെട്ടെന്നാണ് വിമര്‍ശിച്ചത്. നമ്മള്‍ എഴുത്തുകാര്‍ എപ്പോഴും അകലം സൂക്ഷിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. ആ ഉപദേശം എനിക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഉറക്കെ സംസാരിക്കുന്നയാളാണ്. മൗനമായിരുന്നു അദ്ദേഹം പാലിച്ച അകലത്തിന്റെ മാനദണ്ഡം.ആരും കേട്ടിട്ടില്ലാത്ത, വായിച്ചിട്ടില്ലാത്ത വലിയൊരു വായനാ ലോകം തന്നെയായിരുന്നു എം.ടി '- എം മുകുന്ദന്‍ പറഞ്ഞു.

ഒന്നു തൊഴുതിട്ടാണ് എം.ടിയുടെ ജീവചരിത്രം ഏറ്റുവാങ്ങുന്നതെന്ന് പുസ്തകം ഏറ്റുവാങ്ങിയ ആര്‍ രാജശ്രീ പറഞ്ഞു. ഒരു എഴുത്തുകാരന്‍ വായിക്കപ്പെടേണ്ട രീതി മുന്‍കൂട്ടി പ്രവച്ചിക്കാവുന്നതല്ല എന്നാല്‍ എം.ടിയുടെ രചനാലോകം വായിച്ചു തുടങ്ങുന്നവര്‍ക്കും വായനയുള്ളവര്‍ക്കും ഒരുപോലെ പ്രിയതരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. 'എം.ടിയുടെ കഥാപാത്രങ്ങളുടെ മാനസിക ലോകം എന്താണെന്നുള്ളതും ഏതു കാലഘട്ടത്തിലാണ് അത് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്നും പ്രധാനമാണ്. കാല്‍പനികതയില്‍ കൂടുതല്‍ അഭിരമിക്കുന്നവരാണ് മലയാളി എന്നതിനാല്‍ത്തന്നെ മലയാളി സമൂഹത്തിലെ ആണ്‍ സൈക്കിനെ തന്റെ എഴുത്തുകളില്‍ എം.ടി ചിത്രീകരിച്ചിട്ടുണ്ട്. മാധവിക്കുട്ടി പെണ്ണത്തത്തെ എഴുത്തുകളില്‍ നിയന്ത്രിച്ചതുപോലെ എം.ടി ആണ്‍ ബോധത്തെ എഴുത്തില്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചു. ഗദ്യത്തില്‍ കവിതയെഴുതാം എന്നതാണ് എം.ടിയുടെ രചനയുടെ കാവ്യഭാഷ. വിഷം തീണ്ടാതിരിക്കാന്‍ നിലത്തു നോക്കി നടക്കാന്‍ നമ്മെ ഓര്‍മിപ്പിച്ച ആ മഹാ പ്രതിഭയുടെ ഓര്‍മയ്ക്കു മുന്നില്‍ ജീവചരിത്രം ഏറ്റുവാങ്ങുന്നു. '- ആര്‍. രാജശ്രീ പറഞ്ഞു.

എം.ടിയില്ലാത്ത ഒരു പിറന്നാള്‍ ആണ് ആചരിക്കുന്നതെന്നും എം.ടി സ്വന്തമായിട്ട് ആത്മകഥ എഴുതില്ല എന്നു തീരുമാനിച്ചയാളാണെന്നും  സത്യസന്ധതയോടുകൂടി ജീവിതം എഴുതാന്‍ കഴിയില്ല എന്നദ്ദേഹം പറയുകയുണ്ടായെന്നും ചടങ്ങിന് ആമുഖഭാഷണം നിര്‍വഹിച്ച പൊന്നാനി എം.എല്‍ എ. പി നന്ദകുമാര്‍ പറഞ്ഞു. എം.ടിയുടെ ജീവചരിത്രം മലയാളത്തിന് അനിവാര്യമായ സാഹചര്യത്തില്‍ കെ. ശ്രീകുമാര്‍ ഒന്നര വര്‍ഷക്കാലം നിരന്തരം എം.ടി യുമായി സംവദിച്ചാണ് ഈ മഹദ്ഗ്രന്ഥം പൂര്‍ത്തിയാക്കിയിരിക്കുന്നത്. മാതൃഭൂമി തന്നെ ജീവചരിത്രം പ്രസിദ്ധീകരിക്കാന്‍ മുന്‍കൈയെടുത്തതും അദ്ദേഹത്തോടുള്ള ആദരമാണ്. തുഞ്ചന്‍ പറമ്പ് ഇന്നു കാണുന്ന നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ എം.ടി നിര്‍വഹിച്ച അധ്വാനം എടുത്തു പറയേണ്ടതാണ്. താന്‍ ഒരു പരിപാടിക്കു പോയി പ്രസംഗിക്കണമെങ്കില്‍ തുഞ്ചന്‍ പറമ്പിലേക്ക് നിശ്ചിത സംഭാവന നല്‍കണമെന്ന ഉപാധിവെച്ചിരുന്നു അദ്ദേഹം. ജ്ഞാനപീഠം ലഭിച്ചപ്പോള്‍ ആ തുക മുഴുവന്‍ തുഞ്ചന്‍ പറമ്പിലാണ് അദ്ദേഹം ചെലവഴിച്ചത്. ഈ ജീവചരിത്രം ആണ് അദ്ദേഹത്തിനുള്ള സ്മാരകം - പി. നന്ദകുമാര്‍ പറഞ്ഞു.

മാതൃഭൂമിയുടെ ഉത്തരവാദിത്തമായിരുന്നു എം.ടിയുടെ ജീവചരിത്രം മലയാളത്തിന് സമര്‍പ്പിക്കുകയെന്നതെന്ന് ചടങ്ങിന് അധ്യക്ഷം വഹിച്ചു കൊണ്ട് മാതൃഭൂമി പത്രാധിപര്‍ മനോജ് കെ ദാസ് പറഞ്ഞു. 'എം.ടി നമ്മളെ അറിയിച്ച കേരളത്തെ ഒരു പുതിയ മാനത്തിലൂടെ ഈ ഗ്രന്ഥത്തില്‍ നമുക്ക് കാണാനാവും. നമ്മുടെ വായനാസമൂഹത്തിന് മുതല്‍ക്കൂട്ടാവും എം.ടിയുടെ ജീവചരിത്രം. കേരളത്തിലെ വളരുന്ന വായനാ സമൂഹം കൂടുതല്‍ അടുത്തറിയേണ്ടതായ, നമ്മള്‍ അറിയാത്ത ബഹുമുഖ പ്രതിഭയായ എം.ടിയെയാണ് ഈ ജീവചരിത്രത്തില്‍ നമുക്ക് കാണാനാവുക. ഇനിയും നമ്മള്‍ അറിഞ്ഞിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത എം.ടിയുടെ മേഖലകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. വായന എന്നത് എം.ടി എത്ര സ്‌നേഹിച്ചോ അത്രയും നമ്മള്‍ എം.ടിയെ സ്‌നേഹിക്കുക എന്ന സന്ദേശമാണ് മാതൃഭൂമി ഈ ജീവചരിത്രത്തിലൂടെ നല്‍കുന്നത് '- മനോജ് കെ ദാസ് പറഞ്ഞു.

മലയാളിയുടെ ദൈനംദിന ആലോചനകളില്‍ പരിചിതമായ വ്യക്തിത്വമാണ് എം.ടിയെന്ന്  അനുസ്മരണ ഭാഷണത്തില്‍ ഡോ. സുനില്‍ പി ഇളയിടം പറഞ്ഞു. ഒരു കാലഘട്ടത്തിന്റെ അനുഭവഘടനയെ നിര്‍മിച്ചവര്‍ എന്ന്  വളരെ കുറച്ച് എഴുത്തുകാരെക്കുറിച്ച് മാത്രമേ നമുക്കു പറയാന്‍ കഴിയുകയുള്ളൂവെന്നും കേരളം മറ്റൊരു നവോത്ഥാനത്തിന്റെ മാനവിക പ്രകാശം പ്രസരിപ്പിക്കുന്ന കാലത്താണ് എം.ടി എഴുത്തിലേക്ക് പ്രവേശിക്കുന്നതെന്നും ഇളയിടം അനുസ്മരിച്ചു.  'നാലുകെട്ട്, അസുരവിത്ത്, കാലം എന്നീ കൃതികള്‍ക്ക് ഭാവുകത്വ പരിണാമചരിത്രത്തില്‍ പ്രധാന പങ്കുണ്ട്. കാലത്തില്‍ സേതൂന്ന് സേതുവിനോട് മാത്രമേ ഇഷ്ടമുണ്ടായിരുന്നുള്ളൂ എന്ന് സുമിത്ര പറയുന്നുണ്ട് വാസ്തവത്തില്‍ സേതു വിന് സേതുവിനോടും ഇഷ്ടമുണ്ടായിരുന്നില്ല. ഖസാക്കിലെ രവി ഖസാക്കില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ സേതു എല്ലാ പഞ്ചായത്തിലും ഉണ്ടായിരുന്നു. അത് കാലഘട്ടത്തിന്റെ പരിണാമമായിരുന്നു. അനുഭൂതിയുടെ സൂഷ്മ ശരീരത്തിലാണ് എം.ടി എന്റെ ഭാവുകത്വ പരിണാമം രേഖപ്പെടുത്തിയത്. മനുഷ്യാവസ്ഥയുടെ അന്യത്വത്തെക്കുറിച്ചുള്ള ആലോചനകളായിരുന്നു എം.ടി യുടെ രചനാ ജീവിതം. പ്രമേയപരമായി മാത്രം വായിച്ചു പോകാതെ അനുഭൂതിയുടെ സൂഷ്മാനുഭവം ആവശ്യപ്പെടുന്ന രചനകളാണ് അദ്ദേഹം നമുക്കു തന്നത്. കഥാകൃത്ത്, നോവലിസ്റ്റ്, സാഹിത്യ ലേഖകന്‍ എന്നീ നിലകളില്‍ നിരന്തരം ആലോചനകള്‍ നടത്തിക്കൊണ്ടേയിരുന്നു അദ്ദേഹം. മലയാള ചലച്ചിത്ര ഭാവുകത്വം വലിയ തോതില്‍ പരിണമിക്കുന്നതിലും എം.ടിയുടെ സ്പര്‍ശമുണ്ട്. നിര്‍മാല്യം പോലുള്ള സിനിമകള്‍ ഉദാഹരണം. അദ്ദേഹം സംവിധാനം ചെയ്ത സിനിമകളില്‍ സമീപിച്ച രീതിയല്ല, അദ്ദേഹം രചിച്ച തിരക്കഥകളില്‍ കാണാന്‍ കഴിയുന്നത്. തിരക്കഥകളില്‍ സാഹിതീയ ഭാവുകത്വം പ്രകടമാണ്. സാഹിത്യത്തിന്റെ കേവലമായ ദൃശ്യവത്ക്കരണമാണ് സിനിമ എന്ന കാഴ്ചപ്പാടിനെ അദ്ദേഹം ഭിന്നമായി സമീപിക്കുകയാണ് ചെയ്തത്. പത്രാധിപരരായ എം.ടി പിന്തുണച്ചത് പ്രത്യക്ഷത്തിലുണ്ടായിരുന്ന സാഹിത്യാഭിരുചികളെ മാത്രമല്ല. ആധുനികതയുടെ സങ്കീര്‍ണതകളെ, സാഹിത്യത്തിലെ വഴിതെറ്റലുകള്‍ എന്നു വിശേഷിക്കപ്പെട്ടവയെ എല്ലാം എം.ടിയുടെ പത്രാധിപത്യം കണ്ടെടുത്തു പ്രകാശിപ്പിച്ചു. താന്‍ പിന്‍പറ്റുന്ന സാഹിത്യ ഭാവുകത്വം കൊണ്ട് മാത്രം പുലരേണ്ടുന്ന ഒന്നല്ല മലയാള സാഹിത്യം എന്നദ്ദേഹം ഉള്‍ക്കൊണ്ടു. അദ്ദേഹത്തിന്റെ സാമൂഹികമായ ഇടപെടലുകള്‍ക്ക് ദൃഷ്ടാന്തമാണ്. തുഞ്ചന്‍പറമ്പിനെ മഹത്തായ സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. സൂഷ്മ സ്വഭാവമുള്ള ആശയാവതരണമാക്കി മാറ്റി അദ്ദേഹം തന്റെ പ്രഭാഷണങ്ങള്‍. മുത്തങ്ങവെടിവെപ്പ് സമരത്തില്‍ അദ്ദേഹം നിര്‍ണായകമായ ഇടപെടല്‍ നടത്തി. നോട്ടു നിരോധനത്തിലും. മതനിരപേക്ഷതയെ നിലനിര്‍ത്തുന്നതില്‍ അദ്ദഹം വഹിച്ച വലിയ സംഭാവനകളില്‍ ഒന്നായി തല ഉയര്‍ത്തി നില്‍ക്കുന്ന ഒന്നാണ് ഈ തുഞ്ചന്‍ സ്മാരകകേന്ദ്രം .എപ്പോഴും അദ്ദേഹം സംസാരിച്ചില്ല. പക്ഷേ സംസാരിച്ച ഇടങ്ങളെല്ലാം നിര്‍ണായകമായിരുന്നു. '-ഇളയിടം പറഞ്ഞു.

അളവറ്റ ആശ്വാസമാണ് ഈ നിമിഷം തനിക്കു സമ്മാനിക്കുന്നതെന്ന് മറുമൊഴിയില്‍ കെ. ശ്രീകുമാര്‍ പറഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍ ആഗ്രഹിച്ചിരുന്നില്ല ഈ ഗ്രന്ഥരചനയെന്നും അവിചാരിതമായി തന്നില്‍ വന്നുചേര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംഭവ ബഹുലമായ ആ ജീവിതം തനിക്ക് മുന്നില്‍ അദ്ദേഹം തുറന്നിട്ടത് ഏറെ നാളത്തെ ശ്രമഫലമായാണെന്നും അദ്ദേഹം പറഞ്ഞു. 'അമിതമായ മിതഭാഷി എന്ന് ഡോ. സുകുമാര്‍ അഴിക്കോട് വിശേഷിപ്പിച്ച എം.ടി തനിക്ക് മിതമായ അമിത ഭാഷിയായിരുന്നു. വ്യക്തിപരമായ ചില സന്ദര്‍ഭങ്ങള്‍ വേണ്ടെന്നു പറഞ്ഞു. കോഴിക്കോട്ടെ ഒരു കൊച്ചു വാടകമുറി എം.ടിയുടെ ജീവചരിത്രകൃതിയായി മാറുകയായിരുന്നു. ഞാന്‍ സാറിന് കൊടുത്ത വാക്കാണ് ഈ ജീവചരിത്രം. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ അത് പ്രകാശിതമായി. ഏറെ ആഘോഷിക്കപ്പെട്ടവരുടെ ജീവചരിത്ര രചന എത്ര ക്ലേശകരമാണെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. '- കെ.ശ്രീകുമാര്‍ പറഞ്ഞു.

എം.ടി രവീന്ദ്രന്‍ കൂടല്ലൂര്‍, എന്‍.പി വിജയകൃഷ്ണന്‍,  കെ.സി നാരായണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഡോ.ബിന്ദു ആമാട്ട് നിയന്ത്രിച്ച ചടങ്ങില്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് സൂപ്പര്‍വൈസര്‍ ടി.പി സുബ്രഹ്‌മണ്യന്‍ സ്വാഗതം പറഞ്ഞു.ഡോ. കെ ശ്രീകുമാര്‍ മറുമൊഴിയും മാതൃഭൂമി ബുക്‌സ് സീനിയര്‍ മാനേജര്‍ കെ. നൗഷാദ് നന്ദിയും പറഞ്ഞു.